ഇക്കഴിഞ്ഞ ആഗസ്റ്റ് 7ന് നടത്തിയ പത്രസമ്മേളനത്തിലൂടെ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യത്തിന്റെ ജനാധിപത്യ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മുടെ രാജ്യത്ത്, അതിന്റെ കാതലായ തെരഞ്ഞെടുപ്പ് പ്രക്രിയ എത്രമാത്രം നീതിപൂർവ്വമാണെന്നും അതിന് എന്തുമാത്രം വിശ്വാസ്യതയുണ്ടെന്നും ഉള്ള ചോദ്യങ്ങളുയർത്തുന്നതാണ് പ്രതിപക്ഷ നേതാവ് നടത്തിയ വെളിപ്പെടുത്തലുകൾ.
പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനത്തിൽ, കർണാടകയിലെ മഹാദേവപുര നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ കണ്ടെത്തിയ ക്രമക്കേടുകളാ യിരുന്നു അവതരിപ്പിച്ചത്. ബാംഗ്ലൂർ നഗരത്തിൽ ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവർ, വിശേഷിച്ചും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുളളവർ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. ഇവിടെ വോട്ടർപട്ടികയിൽ 1.04 ലക്ഷത്തിലധികം വോട്ടുകളുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് രാഹുൽ ഉന്നയിച്ചത്. ഇതിൽ ഇരട്ടവോട്ടുള്ള 11,965 പേർ, വ്യാജമോ നിലവിലില്ലാത്തതോ ആയ മേൽവിലാസത്തോടുകൂടി 40,009 പേർ, ഫോം 6 ഉപയോഗിച്ചുള്ളതിൽ സംശയമുണർത്തുന്ന 33,692 പേർ തുടങ്ങി, ചുരുക്കം ചില വിലാസങ്ങൾ ഉപയോഗിച്ച് വൻതോതിൽ ആളുകൾ പട്ടികയിൽ ഇടം നേടിയതടക്കമുള്ള ക്രമക്കേടുകളാണ് അദ്ദേഹം ഉദാഹരണസഹിതം പുറത്തുവിട്ടത്. കർണാടകയ്ക്ക് പുറത്തുനിന്നുള്ള ഐപി വിലാസങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടതാണ് ഇതിൽ വലിയൊരു പങ്ക് ആളുകൾ എന്നും വരുന്നത് വളരെ ആസൂത്രിതമായൊരു ക്രമക്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതോടൊപ്പം, പ്രതിപക്ഷപാർട്ടികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും വോട്ടർ പട്ടികയുടെ മെഷീൻ റീഡബിൾ ഫോർമാറ്റ് അഥവാ കമ്പ്യൂട്ടർ സഹായത്തോടെ വായിക്കാനും വിശകലനം ചെയ്യാനും സഹായകമായ രീതിയിലുള്ള വോട്ടർ പട്ടികയുടെ പകർപ്പ്, കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ്ങ് ബൂത്തിന്റെ സിസിടിവി റെക്കോർഡിങ്ങുകൾ സൂക്ഷിച്ചുവെക്കുന്ന സമയപരിധിയും കമ്മീഷൻ ഏകപക്ഷീയമായി വെട്ടിക്കുറച്ചുവെന്ന് ആരോപിച്ചുകൊണ്ട്, ‘വോട്ട് ചോരി’, അഥവാ വോട്ട് കവർച്ച എന്ന പദ്ധതിയിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സംവിധാനവും ഭാഗഭാക്കാവുന്നു എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു പ്രതിപക്ഷനേതാവ്.
എന്നാൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ വൈകാരികമായ പ്രകടനമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും രാജ്യം കണ്ടത്. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പതിവ് പത്രസമ്മേളനത്തിന്റെ തനിപ്പകർപ്പായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ പത്രസമ്മേളനം. ഒരന്വേഷണംപോലും പ്രഖ്യാപിക്കാതെ, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അസംബന്ധമെന്നും പറഞ്ഞ് തള്ളിക്കളയുകയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. സാങ്കേതികമായ കാര്യങ്ങളിൽ ഊന്നിയാണ് കമ്മീഷൻ സ്വയം ന്യായീകരിച്ചത്. വോട്ടർ പട്ടികയെയും തെരഞ്ഞെടുപ്പ് കൃത്രിമങ്ങളേയും പറ്റി പരാതികൾ കോൺഗ്രസിനുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് യഥാസമയത്ത് നിയമം അനുശാസിക്കുന്ന നടപടികളിലൂടെ പരാതിപ്പെട്ടില്ല എന്ന് കമ്മീഷൻ ചോദിക്കുന്നു. കൂടാതെ, കൈയിലുള്ള തെളിവുകൾ സഹിതം സത്യവാങ്മൂലം കമ്മീഷനു സമർപ്പിക്കുകയോ അല്ലെങ്കിൽ പരസ്യമായി മാപ്പുപറയുകയോ വേണമെന്ന് പ്രതിപക്ഷനേതാവിനെ കമ്മീഷൻ താക്കീതു ചെയ്തു. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തുക മാത്രമാണ് കമ്മീഷൻ ചെയ്യുന്നത്. തെരഞ്ഞെടുപ്പു് നടപടികളിൽ സുതാര്യത ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാവരെയും തുല്യരായി പരിഗണിക്കാനുമുള്ള ചുമതല കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് മാത്രമല്ല, രാജ്യത്തെ ഒട്ടനവധി മാധ്യമങ്ങളും ഓർമ്മിപ്പിച്ചു.
നരേന്ദ്രമോദി സർക്കാർ അകാരണമായി വൈകിപ്പിക്കുന്നതുമൂലം സെൻസസ് നടന്നിട്ടില്ലെങ്കിലും 145 കോടിയോളം വരുന്ന ജനസംഖ്യ അധിവസിക്കുന്നു എന്നു വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത്, ജനസംഖ്യയുടെ ഈ വലുപ്പം കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ സങ്കീർണമാകുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം സ്വയം വിശേഷിപ്പിക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്. എന്നാൽ അതേ സമയം തന്നെ, നമ്മുടെ രാജ്യത്തെ എല്ലാ പൗരർക്കും ഒരേ പോലെ ലഭ്യമായ ഒരേയൊരു ജനാധിപത്യ അവകാശമാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജനപ്രതിനിധികളെയും അതിലൂടെ ഭരണാധികാരികളെയും നിശ്ചയിക്കുവാനുള്ളത് എന്നു പറയാം. അതുകൊണ്ടു തന്നെ ഈ അവകാശത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കേണ്ടത്, നിലവിലെ വ്യവസ്ഥയിൽ ഇവിടത്തെ ഏറ്റവും സാധാരണക്കാരായുള്ളവരുടെ മാത്രം ആവശ്യകതയായി മാറുന്നു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടമാവുകയെന്നാൽ നിലനിൽക്കുന്ന വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടമാവുക എന്നാണർത്ഥം. മുതലാളിത്തവ്യവസ്ഥയുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നതിന്റെ പ്രതിഫലനമാണ്, സാധാരണ ജനങ്ങളുടെ സ്വതന്ത്രമായ പ്രതികരണത്തെയും ജനാധിപത്യ അവകാശങ്ങളെയും ഭയപ്പെടുക എന്നത്. ലോകചരിത്രം പരിശോധിച്ചാൽ, മുതലാളിത്തസ്ഥാ പനത്തിനു ശേഷം തെരഞ്ഞടുപ്പുകള്‍ അട്ടിമറിച്ചും, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പഴുതുകൾ മുതലെടുത്തുകൊണ്ടുമാണ് ഏകാധിപതികൾ അധികാരം പിടിച്ചെടുത്തിട്ടുള്ളത് എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്കു കാണാനാകും. അതു കൊണ്ടു തന്നെ, ജനാധിപത്യമെന്ന് അവകാശപ്പെടണമെങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും സുതാര്യതയും തുല്യതയും സ്വാതന്ത്ര്യവും വിശ്വാസ്യതയും ഉറപ്പാക്കണം. ഈ തത്വം മുൻനിർത്തിയാകണം, ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തെപ്പറ്റിയാകട്ടെ, 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ പ്പറ്റിയാകട്ടെ, മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയാകട്ടെ, ബീഹാറിലെ പ്രത്യേക വോട്ടർ പട്ടിക പരിശോധനയാകട്ടെ, ഇപ്പോൾ പ്രതിപക്ഷ നേതാവ് നടത്തിയ വെളിപ്പെടുത്തലുകളെ പ്പറ്റിയാകട്ടെ നാം നോക്കിക്കാണാൻ. അപ്പോൾ, സംശയത്തിന്റെ സാധ്യത ഒരു ശതമാനമാണെങ്കിൽക്കൂടി, അത് ആര് ഉന്നയിച്ചു, എന്തിന് ഉന്നയിച്ചു എന്നതു പരിഗണിക്കാതെ പരിഹരിക്കേണ്ടതുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഭരണഘടനാപരമായി അതിനു ചുമതലപ്പെട്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്വേഷണം നടത്താതെ വെറും സാങ്കേതികത്വം പറഞ്ഞു ന്യായീകരണം നടത്തുമ്പോൾ കമ്മീഷന്റെ മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ, കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെയാണ് അത് സംശയത്തിലാക്കുന്നത്.
തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംശയനിഴലിൽ
ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ തെരഞ്ഞെടുപ്പുകൾ നടത്തുകയും ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നതം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് നിരന്തരം ചോദ്യമുയരുന്നു. തുടക്കത്തിൽ അത് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ കുറിച്ചായിരുന്നുവെങ്കിൽ, പിന്നീട് ഇലക്ടറൽ ബോണ്ട്, തെരഞ്ഞെടുപ്പ് സമയങ്ങളിൽ ബിജെപിക്ക് ഒളിഞ്ഞും തെളിഞ്ഞും കിട്ടുന്ന ആനുകൂല്യങ്ങൾ എന്നിവയിലേക്ക് നീണ്ടു. തുടർന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുമ്പില്ലാത്തവിധം വൈകിയ അന്തിമ പോളിങ്ങ് ശതമാനവും, അതിൽ പല മണ്ഡലങ്ങളിലും ദൃശ്യമായ അന്തിമമണിക്കൂറിലെ കുതിച്ചുചാട്ടവും അന്നേ സംശയമുണർത്തിയിരുന്നു. അന്ന് ഉപയോഗിച്ച വോട്ടർപട്ടികയിൽ രാജ്യത്തെ ചില മണ്ഡലങ്ങളിലെങ്കിലും ക്രമക്കേടുകളുണ്ടായിരുന്നുവെന്നും അത് ബിജെപിക്ക് അനുകൂലമായി കൃത്രിമമായി ഫലം സൃഷ്ടിക്കുന്ന തിൽ സഹായിച്ചുവെന്നുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവിരങ്ങൾ വെളിപ്പെടുത്തുന്നത്.
ബിജെപി വിജയിച്ച തൃശൂർ ലോക്‌സഭാ മണ്ഡലത്തിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായി എന്ന ആരോപണം എതിർസ്ഥാനാർത്ഥിയായിരുന്ന വി.എസ്.സുനിൽകുമാറും മറ്റ് പ്രതിപക്ഷ കക്ഷികളും ഇപ്പോൾ തെളിവുകൾ സഹിതം ഉയർത്തുന്നു. ഇവിടെ ഒരു വീട്ടിലെ വിലാസത്തിൽ തങ്ങൾക്കറിയാത്ത 9 പേർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന വീട്ടുകാരുടെ വെളിപ്പെടുത്തൽ വന്നിരുന്നു. 2019ലെ തെരഞ്ഞെടുപ്പിനും 2024നും ഇടയിൽ 1.46 ലക്ഷത്തോളം പേരാണത്രേ തൃശൂരിൽ പുതുതായി വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. മേൽവിലാസത്തിനുള്ള തെളിവായി ആ വിലാസത്തിൽ വന്ന പോസ്റ്റ്കാർഡുപോലും സ്വീകരിക്കപ്പെട്ടു എന്നാണ് ആരോപണം. ഇവിടെ ജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74000ൽ പരം വോട്ടായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും സഹായികളുമൊക്കെ തൃശൂരിലെ വോട്ടർപട്ടികയിലേക്ക് തെരഞ്ഞെടുപ്പിനു മുമ്പു മാറിയത്രേ. കൂടാതെ വ്യാപകമായി ബിജെപി അനുകൂല വോട്ടുകൾ മറ്റ് മണ്ഡലങ്ങളിൽ നിന്നും തൃശൂരിലേക്ക് മാറ്റിയ ആസൂത്രിത നീക്കവുമുണ്ടായത്രേ. തെരഞ്ഞെടുപ്പിൽ ജയിക്കാനായി വേണമെങ്കിൽ കശ്മീരിൽ നിന്നു പോലും വോട്ടുചേർക്കുമെന്നായിരുന്നു ഈ വിഷയത്തിൽ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നടത്തിയ പ്രതികരണം. ഇങ്ങനെ തങ്ങൾക്കനുകൂലമായ വോട്ടർമാരെ, സാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് മാറ്റുന്ന തന്ത്രം തെരഞ്ഞെടുപ്പിൽ പല പാർട്ടികളും പ്രയോഗിക്കാറുണ്ട്. എന്നാൽ ഈ ആരോപിക്കപ്പെടുന്നതുപോലെ വളഞ്ഞ വഴികളിലൂടെ ഇത്രയും വ്യാപകമായും ആസൂത്രിതമായും കൃത്രിമമായും വോട്ടർ പട്ടികയിൽ മാറ്റം വരുത്തുന്നതും ജയം ഉറപ്പാക്കുന്നതും നേരത്തേ നടന്നിട്ടില്ലാത്ത കാര്യമാണ്. മാത്രവുമല്ല, തെരഞ്ഞെടുപ്പ് ദിവസം ഉച്ചയ്ക്ക് 3 മണിവരെ തൃശൂരിൽ പോളിങ്ങ് ശതമാനം 53.69 ശതമാനമായിരുന്നെങ്കിൽ അന്തിമമായി അത് 72.90 ശതമാനമായി അത് കുത്തനെ ഉയർന്നു. ഇതും സംശയമുണർത്തുന്നതാണ്. പക്ഷേ, തൃശൂരുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും കൃത്യമായ മറുപടി നൽകുന്നതിനോ അന്വേഷണം നടത്തുന്നതിനോ പകരം നിഷേധാത്മകമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
തുടർന്നുവന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഈ പ്രതിഭാസം കൂടുതൽ ദൃശ്യമായി. അന്ന് പല മണ്ഡലങ്ങളിലും അഞ്ചു മണിക്കുശേഷം പോളിങ്ങിൽ സംശയകരമായ വർദ്ധനയുണ്ടായി. വൈകുന്നേരം 5 മണിക്ക് 58.22% പോളിങ്ങ് രേഖപ്പെടുത്തിയ സ്ഥാനത്ത് അന്തിമ ശതമാനം 66.05 ആയി ഉയർന്നു. അതായത് 7.8 ശതമാനത്തിന്റെ വർദ്ധന. ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ, അത് വോട്ടർമാരുടെ അത്യുത്സാഹമായിരുന്നുവെന്ന് പറഞ്ഞ് ലാഘവത്തോടെ തള്ളിക്കളയാനാണ് കമ്മീഷൻ ശ്രമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 നിയോജകമണ്ഡലങ്ങളിൽ 30ലും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയാണ് വിജയിച്ചത്. അതായത്, 288 നിയമസഭ മണ്ഡലങ്ങളിൽ 150 ഇടങ്ങളിൽ അവർക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നു. പക്ഷേ, ഏതാനും മാസം കഴിഞ്ഞു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് കിട്ടിയതാകട്ടെ 50-ൽ താഴെ സീറ്റുകൾ മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് കിട്ടിയ വോട്ടുകളിൽ മാറ്റമുണ്ടായിട്ടില്ല, പക്ഷേ, രണ്ട് തെരഞ്ഞെടുപ്പുകൾക്കുമിടയിൽ 40 ലക്ഷത്തിലധികം പേരെ പുതുതായി വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നുവെന്നും, അതെല്ലാം ബിജെപി പാളയത്തിലേക്കുള്ള വോട്ടായി മാറിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ഉണ്ടായിരുന്നെന്നും അവർ വാദിക്കുന്നു. പോളിങ്ങ് ശതമാനത്തിൽ 5 മണിക്കുശേഷമുണ്ടായ വർധനയിൽ തൃപ്തികരമായ മറുപടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുണ്ടായില്ലെന്നു മാത്രമല്ല, ബന്ധപ്പെട്ട സിസിടിവി ഫുട്ടേജുകൾ കൈമാറാനും വിസമ്മതിച്ചു. സിസിടിവി തെളിവ് നേരത്തേ ഒരു വർഷം കാലാവധിയുണ്ടായിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി തിരുത്തി അത് 45 ദിവസത്തിലധികം സൂക്ഷിക്കേണ്ടതില്ല എന്നാക്കി മാറ്റി. ഇത് തെളിവ് നശിപ്പിക്കുന്നതിനു തുല്യമാണെന്ന് പറയേണ്ടിവരുന്നു. ഫലം വന്നതിൽ അനവധി സീറ്റുകളിൽ നേരിയ ഭൂരി പക്ഷത്തിനായിരുന്നു ജയവും എന്നു വരുമ്പോൾ, ഈ ഘടകങ്ങളെല്ലാം ബിജെപി നേടിയ വിജയത്തേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സംശയനിഴലിൽ നിർത്തുന്നു.
ഇത്തരം ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴാണ് ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപിടിച്ച് തീവ്ര വോട്ടർപട്ടിക പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിട്ടിറങ്ങിയത്. 65 ലക്ഷത്തിലധികം പേരെയാണ് ഇങ്ങനെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചത്. ആധാറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ തിരിച്ചറിയൽ കാർഡുംപോലും തിരിച്ചറിയൽ രേഖകളായി സ്വീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് ഈ വെട്ടിനിരത്തൽ കമ്മീഷൻ നിർവഹിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് നടക്കുന്നു. സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരുത്തൽ വരുത്താൻ തയ്യാറാകാതെ കമ്മീഷൻ മുന്നോട്ടുപോയപ്പോൾ, ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കണമെന്ന് കോടതിക്ക് കർശനനിലപാട് എടുക്കേണ്ടിവന്നു. കോടതിയിൽനിന്നും പ്രതിപക്ഷ പാർട്ടികളിൽനിന്നും, വിവിധ ജനവിഭാഗങ്ങളിൽനിന്നും നിശിതമായ എതിർപ്പുയർന്നിട്ടും ബീഹാറിൽ നടത്തിയ രീതിയിൽ തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിക്കാനും അതിനുള്ള നടപടി ആരംഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നത് ആരുടെ താത്പര്യാർത്ഥമാണ്? അത് എന്ത് വിശ്വാസ്യതയാണ് കമ്മീഷന് നൽകുന്നത്?
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനങ്ങളിൽ നിഷ്പക്ഷത ഉറപ്പാക്കാൻ സുപ്രീംകോടതി നടത്തിയ ഇടപെടലിനെപ്പോലും അട്ടിമറിച്ച് നിയമനിർമ്മാണം നടത്തിയതും, അതിലൂടെ ഏകപക്ഷീയമായി സർക്കാരിനു വിധേയരായ കമ്മീഷണർമാരെ നിയമിച്ചതും ജനാധിപത്യവിശ്വാസികളിൽ സംശയമുണർത്തിയ നടപടിയാണ്.
മുട്ടിലിഴയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇവിടെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പു കമ്മീഷനെക്കൂടി പരിശോധിക്കേണ്ടതിന്റെ ആവശ്യകത. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ വേണ്ടിയാണ് എക്സിക്യൂട്ടീവിന്റെ ഭാഗമല്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷൻ ഭരണഘടനയിൽ വിഭാവനം ചെയ്തിരുന്നത്. സർക്കാരുകളെ വെല്ലുവിളിച്ചു കൊണ്ടുപോലും പ്രവർത്തിച്ച ടി.എൻ.ശേഷനെപ്പോലെയുള്ള മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാർ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷൻ എത്രത്തോളം സ്വതന്ത്രമാണ്? ബിജെപിയുടെ ‘ഇലക്ഷൻ മോർച്ച’ എന്നാണ് ഇപ്പോഴത്തെ കമ്മീഷൻ പ്രവർത്തനത്തെ സാമ്പത്തിക വിദഗ്ദനും പ്രഭാഷകനും ഡോ.പറക്കാല പ്രഭാകർ പരിഹസിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി 2023 മാർച്ചിൽ സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച് ചീഫ് ജസ്റ്റിസ് കൂടി അംഗമായ കമ്മിറ്റിയായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷണർമാരെ തെരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇത് മറികടന്നുകൊണ്ട് അന്നത്തെ നരേന്ദ്രമോദി സർക്കാർ 2023ൽ പുതിയ നിയമം കൊണ്ടുവന്നു. ഈ നിയമത്തിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിയോഗിക്കുന്ന ഒരു മന്ത്രി അംഗമായ കമ്മിറ്റിയാകണം കമ്മീഷണർമാരെ തെരഞ്ഞെടുക്കേണ്ടത് എന്നായി. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമാണ് മറ്റ് രണ്ട് അംഗങ്ങൾ. അതായത്, പൂർണമായും സർക്കാരിന്റെ താത്പര്യമനുസരിച്ച് മാത്രമാവും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുക എന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോൾ തന്നെ പുതിയ നിയമ നിർമ്മാണത്തിന്റെ ബലത്തിൽ തെരഞ്ഞെടുക്കപ്പെട്ടയാളാണ് നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ.
തൊട്ടുമുന്നേ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന രാജീവ്കുമാറും മോദിസർക്കാരിന്റെ ഏറെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു, നിഷ്പക്ഷനായിരുന്നില്ല എന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിരന്തരം കേട്ടയാളായിരുന്നു. അദ്ദേഹത്തിന്റെ കീഴിലായിരുന്നു പൊതുതെരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും നടത്തിയത്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ അന്ന് അദ്ദേഹത്തിന്റെ കമ്മീഷൻ എടുത്ത നിലപാടുകൾ തന്നെ സംശയാസ്പദമായിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ തീരുമാനിച്ചതു തന്നെ ബിജെപിയെ സഹായിക്കുന്ന വിധത്തിലാണെന്ന ആരോപണമുയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരന്തരം നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ക്കെതിരെ ചെറുവിരലനക്കാൻ ധൈര്യം കാട്ടാത്ത കമ്മീഷൻ പലപ്പോഴും പ്രതിപക്ഷനേതാക്കൾക്കെതിരെ താക്കീതും പ്രചരണനിരോധനവും ഉയർത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ അന്തിമ പോളിങ്ങ് ശതമാനം പുറത്തുവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനുണ്ടായ അസാധാരണമായ താമസം ചോദ്യങ്ങളുയർത്തിയതാണ്. വിശേഷിച്ചും രണ്ടാം ഘട്ടത്തിലെ പോളിങ്ങ് ശതമാനം. ആ ഘട്ടത്തിലെ മണ്ഡലം തിരിച്ചുള്ള അന്തിമ പോളിങ്ങ് ശതമാനം ഇനിയും ലഭ്യമല്ലെന്ന് പറക്കാല പ്രഭാകർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ മിക്കവാറും സംസ്ഥാനങ്ങളിലും എല്ലാ സീറ്റുകളിലും ബിജെപിയാണ് ജയിച്ചതെന്ന അസ്വാഭാവികതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വളരെ വൈകിയാണ് പല സംസ്ഥാനങ്ങളിലെയും അന്തിമ പോളിങ്ങ് ശതമാനം കമ്മീഷൻ പുറത്തുവിട്ടത്. ഇങ്ങനെയുള്ള പല സംസ്ഥാനങ്ങളിലും അന്തിമ ശതമാനത്തിൽ സാധാരണയിൽക്കവിഞ്ഞ വർദ്ധന കാണുകയും അത്തരം ഇടങ്ങളിലെല്ലാം ബിജെപിക്ക് അനുകൂലമായി ഫലം വരികയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. അതായത്, ഭരണകക്ഷിയായ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യത, ഡാറ്റ മുന്നിൽവെച്ച് പറയുന്നത് പ്രതിപക്ഷം മാത്രമല്ല. നിഷ്പക്ഷമായി, വസ്തുതകള്‍ പരിശോധിക്കുന്ന ആർക്കും സംശയമുണർത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി കണ്ടുവരുന്നത്. ഇവിടെ കൃത്യമായി മറുപടി നൽകാനില്ലാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന് ആരോപണമുയരുമ്പോൾ, നടപടികളിൽ കൂടുതൽ സുതാര്യത കൊണ്ടുവരികയും, ആരോപണങ്ങളിൽ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയുമായിരുന്നു നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പു് കമ്മീഷൻ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്യുന്നില്ലെന്നു മാത്രമല്ല, നേർവിപരീതമായ നടപടികളും ഭീഷണികളും ഈ ഭരണഘടനാ സ്ഥാപനത്തിൽ നിന്നുണ്ടാകുമ്പോൾ എന്ത് വിശ്വാസ്യതയാണ് ഇനി ഈ രാജ്യത്തെ തെരഞ്ഞെടുപ്പുകൾക്ക് ബാക്കിയുണ്ടാവുക?
ഇനി പ്രതിപക്ഷമാകട്ടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ചൂണ്ടിക്കാട്ടുന്നതു പോലെ, വോട്ടർപട്ടികയിലെയും തെരഞ്ഞെടുപ്പിലെയും ക്രമക്കേടുകൾ കൃത്യസമയത്ത് ഉന്നയിച്ചിട്ടില്ല. താഴേത്തലങ്ങളിൽ, അതായത് ബൂത്തുതലത്തിൽ ഇത്തരം കൃത്രിമങ്ങൾ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള ആളും അർത്ഥവും ഇന്ന് ബിജെപിക്കുള്ളതു പോലെ പ്രതിപക്ഷ കക്ഷികൾക്ക് പലയിടത്തും ഇല്ല എന്നതും വാസ്തവമാണ്. അങ്ങനെ പ്രതിപക്ഷം ദുർബലമായ ഇടങ്ങളിലാണ് ക്രമക്കേടുകൾ കൂടുതലായി നടക്കുന്നതും. കൂടാതെ, എവിടെയെങ്കിലും അധികാരം കിട്ടിയാൽ അവിടെ അവർ നിശ്ശബ്ദരാകുന്നു. അധികാരം നഷ്ടപ്പെടുമ്പോൾ മാത്രം ശബ്ദമുയർത്തുന്നു. അല്ലാതെ ഇത്തരം ക്രമക്കേടുകൾക്കെതിരെ സന്ധിയില്ലാത്ത ജനകീയ സമരം നടത്തി തെരഞ്ഞെടുപ്പിൽ സുതാര്യതയും സത്യസന്ധതയും തുല്യതയും കൊണ്ടുവരാനുള്ള പോരാട്ടത്തിന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തയ്യാറുണ്ടോ?
നടപ്പാവുന്ന രൂപരേഖ എന്തിനുവേണ്ടി?
തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇത്രയധികം ആരോപണങ്ങളുയരുമ്പോഴും സുതാര്യത ഉറപ്പാക്കാനോ സ്വതന്ത്രമായ അന്വേഷണം നടത്തി സംശയങ്ങൾ ദൂരീകരിക്കാനോ ഉള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമാക്കും എന്ന വെല്ലുവിളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അപ്പോൾ, യാദൃച്ഛികമായി സംഭവിക്കുന്ന പോരായ്മകളോ വീഴ്ച്ചകളോ ഒറ്റപ്പെട്ട സംഭവങ്ങളോ അല്ല തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നരേന്ദ്രമോദി സർക്കാർ സ്വപ്നപദ്ധതിയായി മുന്നോട്ടുവെക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതിനെ ഇതിനോട് ചേർത്തുവായിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പും എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു നേർക്കുള്ള കടുത്ത വെല്ലുവിളിയാണ് ഇതുയർത്തുക. നിലവിലെ സാഹചര്യത്തിൽ ഇത്രയേറെ ക്രമക്കേടുകൾ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ടാവുകയും അതെല്ലാം ബിജെപിക്ക് അനുകൂലമായി പരിണമിക്കുകയും ചെയ്യുമ്പോൾ എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം? ഇപ്പോൾ പുറത്തുവന്ന വിവരങ്ങളനുസരിച്ച് വിശകലനം ചെയ്യുമ്പോൾ, നമ്മൾ കാണുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. രാജ്യവ്യാപകമായ കൃത്രിമമെന്നതിനെക്കാൾ തെരഞ്ഞെടുത്ത ഏതാനും മണ്ഡലങ്ങളിലോ പ്രദേശങ്ങളിലോ മാത്രമായി നടത്തിയ പരീക്ഷണമായി വേണം 2024 ലോക്സഭ തെരഞ്ഞെടുപ്പിലെ കാര്യങ്ങളെ കാണാൻ. അത് വിജയം കണ്ടപ്പോൾ മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ വ്യാപകമാക്കി. കൂടുതൽ വ്യക്തമായി ഇത് നടപ്പാക്കാനുള്ള രൂപരേഖയുടെ ഭാഗമായി ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തെ കാണാം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെ രാജ്യവ്യാപകമാക്കാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായും കാണാം. അതായത്, 2029ലെത്തുമ്പോഴേക്കും, രാജ്യത്തെ വോട്ടവകാശമടക്കം നിയന്ത്രിച്ച് തെരഞ്ഞെടുപ്പിനെ സമർത്ഥമായി അട്ടിമറിക്കാനും, ഉദ്ദേശിക്കുന്ന സർക്കാരുകളെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലേറ്റാനുമുള്ള സംവിധാനമൊരുക്കുക എന്നതിന്റെ രൂപരേഖയാണ് അണിയറയിലൊരുങ്ങിയത് എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ അധികാരത്തിലേറുന്നവർ, ജനഹിതത്തെ തെല്ലും മാനിക്കാത്ത ഏകാധിപതികളായിരിക്കും എന്ന് എടുത്തുപറയേണ്ടതില്ല.
നിലവിൽ ഇതിന്റെ ഗുണഭോക്താക്കൾ അധികാരത്തിലിരിക്കുന്ന ബിജെപിയാണ് എന്നതിൽ സംശയമില്ല. എന്നാൽ ഇത് ബിജെപിയുടെ മാത്രം പദ്ധതിയാണോ? അല്ല, ഇതിനു പിന്നിൽ വ്യക്തമായ വർഗതാത്പര്യമുണ്ടെന്നതാണ് നമ്മൾ തിരിച്ചറിയേണ്ടത്. ജനാധിപത്യത്തെയും ജനാഭിപ്രായത്തെയും അട്ടിമറിക്കേണ്ടത് ഇന്നത്തെ കുത്തകമുതലാളിത്തത്തിന്റെ ആവശ്യകതയാണ്. മുതലാളിത്തം നേരിടുന്ന അപരിഹാര്യമായ പ്രതിസന്ധി അത്രമേൽ രൂക്ഷമാകുന്നു. ജനത്തെ ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വ്യാമോഹിപ്പിച്ചും ആയുസ് കൂട്ടേണ്ടത് ഈ മരണാസന്നമായ മുതലാളിത്തത്തിന്റെ ആവശ്യകതയാണ്. ഇതിനായി തങ്ങളുടെ കൂടുതൽ വിശ്വസ്ത സേവകരായി ഭരണകൂടത്തെ മാറ്റിയെടുക്കാനാണ് അവർ താത്പര്യപ്പെടുന്നത്. തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ ഏറ്റവും വിശ്വസ്തർ ജനഹിതത്തോടെയാണ് ഭരണത്തിലേറിയതെന്ന് ജനത്തെ വിശ്വസിപ്പിക്കാൻ സാദ്ധ്യമായ വഴികളാണ് അവർ തേടുന്നത്. പക്ഷേ അതേസമയം തന്നെ, ഇത്തരം നടപടികൾ യഥാർത്ഥ ജനഹിതത്തിനു വിരുദ്ധമാണെന്ന് കൂടുതലായി ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങുമ്പോൾ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ അവർക്ക് വിശ്വാസം നഷ്ടപ്പെടും. അതിന്റെ അനന്തരഫലം ഇന്ന് നമ്മുടെ അയൽരാജ്യങ്ങളിൽത്തന്നെ നാം കാണുകയാണ്. വിശ്വാസം നഷ്ടപ്പെടുന്ന ജനത തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടാകും. ഭരണത്തിലിരിക്കുന്നവർ കലാപം ഭയന്ന് ഓടി രക്ഷപെട്ടേക്കാം. പക്ഷേ, ജനങ്ങളുടെ അവസ്ഥയിലോ, ജീവിത പ്രതിസന്ധിയിലോ, ചൂഷണഭരണകൂടത്തിൽ മാറ്റമുണ്ടാകില്ല.
ശരിയായ വിപ്ലവനേതൃത്വത്തിനു കീഴിൽ, പ്രതിസന്ധിയുടെ യഥാർത്ഥ കാരണമായ മുതലാളിത്ത വ്യവസ്ഥയെ തന്നെ തിരിച്ചറിയാനും തകർത്തെറിയാനുമുള്ള രാഷ്ട്രീയബോധം കൈവരിച്ച് രാജ്യത്തെ തൊഴിലാളികളും അധ്വാനിക്കുന്നവരുമായ എല്ലാ ജനങ്ങളും അണിനിരന്നെങ്കിൽ മാത്രമേ, ആത്യന്തികമായി മാറ്റമുണ്ടാകൂ. അതിന് ജനത പാകപ്പെടുന്നതുവരേയ്ക്കും, ഇത്തരം തെരഞ്ഞെടുപ്പ് അട്ടിമറികളെ ചെറുത്ത്, അവശേഷിക്കുന്ന ജനാധിപത്യ അവകാശങ്ങളെ നിലനിർത്താൻ നാം വിട്ടുവീഴ്ച്ചയില്ലാതെ പൊരുതേണ്ടിയിരിക്കുന്നു.
