സംഘപരിവാറും സ്വാതന്ത്ര്യസമരവും

Share

ദേശീയ രാഷ്ട്രീയത്തിൽ ആര്‍എസ്എസിനും ബിജെപിയ്ക്കും മുൻകൈ ലഭിച്ചു തുടങ്ങിയ നാൾ മുതൽ ഈ രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ , വിശേഷിച്ച് മുസ്ലീങ്ങളുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ആക്രമണോൽസുകമായ പരാമർശങ്ങളും നടപടികളും സംഘപരിവാർ ശക്തികളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൗരത്വ നിയമം ഭേദഗതി നടപ്പാക്കിയ നാളുകളിൽ അത് വളരെ ഉച്ചസ്ഥായിയിലായി. നിരന്തരമായ പ്രചാരണത്തിലൂടെ അതിലൊരു നിജസ്ഥിതിയുണ്ടെന്ന തോന്നൽ സ്ഥാപിച്ചെടുക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, രാജ്യ സ്നേഹത്തിന്റെ പേരിൽ എല്ലാവരേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന സംഘ പരിവാർ നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വഹിച്ച പങ്കെന്താണ് ? സാധാരണക്കാർക്കിടയിൽ ഇനിയും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ വിഷയത്തെക്കുറിച്ച് പരിശോധിക്കുന്ന ലേഖനത്തിന്റെ ആദ്യഭാഗം.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ക്വിറ്റ് ഇന്ത്യാസമരത്തിന്റെ 80-ാം വാർഷികവും ആഘോഷിക്കുന്ന വർഷമാണിത്. മഹത്തായ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് ആഗസ്റ്റ് മാസം കടന്നുപോയത്. കഴിഞ്ഞ മുക്കാൽനൂറ്റാണ്ടിൽനിന്ന് ഭിന്നമായി ‘ഹർ ഘർ തിരംഗ് ‘ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് എല്ലാ വീടുകളിലും മൂന്നുദിവസങ്ങളിൽ തുടർച്ചയായി ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്യുകയുണ്ടായി. ‘ആസാദി കാ അമൃത മഹോത്സവ് ‘ എന്ന് പേരിട്ടുകൊണ്ട് കേന്ദ്രബിജെപി സർക്കാർ 75-ാം വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. ഈ ആഘോഷവേളകളിൽപ്പോലും പതിവുപോലെ വിഭാഗീയതയും വർഗീയതയും വളർത്തുന്നതിനുള്ള നടപടികളും വീഴ്ചകൂടാതെ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രതകാട്ടി എന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് 14, വിഭജനത്തിന്റെയും കലാപത്തിന്റെയും സ്മരണാദിനമായി ആചരിക്കണമെന്ന് സംസ്ഥാനങ്ങളോട്, വിശേഷിച്ച് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിക്കുകയുണ്ടായി. യൂണിവേഴ്സിറ്റികളും കോളജുകളും ഈ വിഷയത്തിൽ ഡിജിറ്റൽ എക്സിബിഷനുകൾ നടത്തണമെന്നും നിർദ്ദേശിച്ചു. പാകിസ്ഥാൻ വാദം ഉന്നയിച്ചുകൊണ്ട് ഈ രാജ്യത്തെ വിഭജിച്ചതിന് മുസ്ലീങ്ങളാണ് ഉത്തരവാദികളെന്നും ജവഹർലാൽ നെഹ്റുവിന്റെ അധികാരമോഹംമൂലം വിഭജനത്തിന് കോൺഗ്രസ് കൂട്ടുനിന്നുവെന്നും സംഘപരിവാർ ശക്തികൾ കാലങ്ങളായി നടത്തിവരുന്ന പ്രചാരണം ശക്തിപ്പെടുത്താനും മതവൈരം വളർത്താനുമാണ് ഈ നീക്കം എന്നുവ്യക്തം.


ആരാണ് ഇന്ത്യൻ മണ്ണിൽ ആദ്യമായി ദ്വിരാഷ്ട്രവാദം ഉന്നയിച്ചത്? ആരൊക്കെയാണ് അതിന് കൂട്ടുനിന്നത്? എന്താണ് രാജ്യസ്നേഹം? ആരാണ് യഥാർത്ഥ രാജ്യസ്നേഹി? ഈ നാടിന്റെ വിമോചനത്തിനുവേണ്ടി ആത്മസമർപ്പണം നടത്തിയത് ആരൊക്കെയാണ്? ആരാണ് രാജ്യത്തെ വഞ്ചിച്ചതും ബ്രിട്ടീഷുകാർക്ക് പാദസേവ നടത്തിയതും ഒറ്റുകൊടുത്തതും? സാധാരണ നിലയിൽ വളരെ ലളിതമായി ഉത്തരം കണ്ടെത്താൻ കഴിയുന്ന ഈ വിഷയങ്ങൾ ഇന്ന് വലിയ വിവാദ വിഷയങ്ങളാണ്. നാടിനെയാകെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് സംഘപരിവാർ ഒരു ബദൽ ദേശീയ ചരിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ശരിതെറ്റുകളെ സംബന്ധിച്ച്, നിലവിലുള്ളതിൽനിന്ന് വ്യത്യസ്തവും വിചിത്രവുമായ ധാരണകൾ ഗീബൽസിയൻ മാതൃകയിൽ പ്രചരിപ്പിച്ചുകൊണ്ട്, ആശയക്കുഴപ്പങ്ങൾ ശക്തമാക്കുന്നതിൽ സംഘപരിവാർ കുറച്ചൊക്കെ വിജയിക്കുന്നുമുണ്ട്.
2013ൽ ഇന്ത്യൻ പാർലമെന്റിലെ സെൻട്രൽ ഹാളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് എതിർഭാഗത്ത് തത്തുല്യമായ പ്രാധാന്യത്തോടെ ഒരു ചിത്രം സ്ഥാപിക്കപ്പെടുകയുണ്ടായി. വിനായക ദാമോദർ സവർക്കറുടെ ചിത്രമായിരുന്നു അത്. ആരാണ് വി.ഡി.സവർക്കർ? ഇന്ത്യയുടെ ബദൽ രാഷ്ട്രപിതാവായി സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന ഇദ്ദേഹം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ വഹിച്ച പങ്കെന്താണ്? മുമ്പ് സൂചിപ്പിച്ച ചോദ്യങ്ങളും ഈ ചോദ്യത്തിന്റെ ഉത്തരവുമായി വലിയ ബന്ധമുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ, ഈ ചോദ്യങ്ങൾക്ക് ഉത്തരം കൃത്യമായും സമഗ്രമായും മനസ്സിലാക്കേണ്ടത് ഇനിയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.


സ്വതന്ത്രതിരുവിതാംകൂർ വാദത്തെ പിന്തുണച്ച് ദേശീയ ഐക്യത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ച സവർക്കർ


സുദീർഘമായ സ്വാതന്ത്ര്യസമരത്തിന്റെ പരിസമാപ്തിയിലേയ്ക്ക് രാജ്യം എത്തിക്കൊണ്ടിരുന്ന 1947ന്റെ പ്രാരംഭത്തിൽ ഇന്ത്യയിലെ ദേശീയ നേതാക്കളെല്ലാവരും വിശാലമായ ഈ ഉപഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങളെയും വിവിധ ജനവിഭാഗങ്ങളെയും സ്വതന്ത്രഭാരതം എന്ന ഒറ്റക്കുടക്കീഴിൽ ഒരുമിപ്പിക്കാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ അല്ലാതിരുന്ന, ബ്രിട്ടീഷ് മേധാവിത്വം അംഗീകരിച്ച് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രനിലപാട് എടുക്കാനുള്ള അവകാശം അന്നുണ്ടായിരുന്നു. അതിനാൽ പല നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്രരാജ്യമായി നിലനിൽക്കാൻ ആഗ്രഹിച്ചു. ദേശീയ നേതാക്കളെ സംബന്ധിച്ചിടത്തോളം, ഇന്ത്യയെന്ന ഒരു ഏകോപിത രാജ്യം സ്ഥാപിച്ചെടുക്കുവാൻ ഏറെ ബുദ്ധിമുട്ട് നേരിട്ട ഒരു കടമ്പ ആയിരുന്നു അത്.
ഇന്ത്യൻ യൂണിയനിൽ ചേരാൻ തയാറാകാതെ, സ്വതന്ത്രമായി നിലനിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച നാട്ടുരാജ്യങ്ങളായിരുന്നു തിരുവിതാംകൂർ, ജോധ്പൂർ, ഭോപ്പാൽ, ഹൈദരാബാദ്, ജുനഗഡ്, ജമ്മുകാശ്മീർ എന്നിവ. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ, തിരുവിതാംകൂറിലെ ധാതുക്കൾ ഖനനം െചയ്യാൻ ബ്രിട്ടീഷ് കമ്പനിക്ക് അധികാരം കൊടുത്തുകൊണ്ട് ബ്രിട്ടനുമായി കരാർ ഉണ്ടാക്കി. തിരുവിതാംകൂർ സ്വതന്ത്രമായി നിലകൊള്ളുമെന്നും ഇന്ത്യൻ യൂണിയനിൽ േചരില്ല എന്നും പ്രഖ്യാപിച്ചു. ഇത് ജനങ്ങളിലും ദേശീയ നേതാക്കളിലും വലിയ പ്രതിഷേധമുണ്ടാക്കി. 1948 ജൂൺ 18ന് സി.പി. രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ദേശീയ നേതൃത്വം ഗൗരവപൂർവ്വം ചിന്തിക്കുന്ന അക്കാലത്ത് ദിവാന് മഹാരാഷ്ട്രയിൽനിന്ന് ഒരു ടെലിഗ്രാം സന്ദേശം ലഭിച്ചു.
“ഹൈദരാബാദിലെ മുസ്ലീം ഭരണാധികാരിയായ നൈസാം തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് മുസ്ലീം രാജ്യങ്ങളും അങ്ങനെതന്നെ ചെയ്യാനാണ് സാധ്യത. സ്വന്തം സ്വാതന്ത്ര്യത്തിൽ ഉറച്ചു നിൽക്കാൻ ധൈര്യമുള്ള ഹിന്ദു നാട്ടുരാജ്യങ്ങൾക്കും ഈ അവകാശമുണ്ട്. ഹിന്ദു നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ ദീർഘവീക്ഷണത്തോടെയും ധീരതയോടെയും കൈക്കൊണ്ടിട്ടുള്ള നിലാപാടിനെയും ആ നിലപാടിൽ ദൃഢനിശ്ചയം പ്രദർശിപ്പിക്കുന്ന മഹാരാജാവിനെയും ഞങ്ങൾ പിന്തുണയ്ക്കുന്നു.”
അഖണ്ഡഭാരതത്തിനുവേണ്ടി അവിരാമം വാചാടോപം നടത്തിയിരുന്ന അഖില ഭാരത ഹിന്ദുമഹാസഭയുടെ പ്രസിഡന്റും ആർഎസ്എസിന്റെ ആദർശപുരുഷനും സൈദ്ധാന്തികനുമായ വി.ഡി.സവർക്കറാണ് ആ ടെലിഗ്രാം സന്ദേശം അയച്ചത്.
സ്വതന്ത്രമായി നിൽക്കാനുള്ള മുസ്ലീം ഭരണാധികാരികളുടെ തീരുമാനത്തെ എതിർക്കുകയല്ല അദ്ദേഹം എന്നത് ശ്രദ്ധേയമാണ്. ഹൈദരാബാദിലെ നൈസാമിനെപ്പോലെയുള്ള മുസ്ലീം ഭരണാധികാരികൾ സ്വീകരിച്ച രാജ്യദ്രോഹത്തെ പിന്തുണച്ചുകൊണ്ടുപോലും കോൺഗ്രസിന്റെ നേതൃത്വത്തിലേയ്ക്കും ജനാധിപത്യത്തിലേയ്ക്കും നാട് എത്തിച്ചേരുന്നതിനെ തടയാനുള്ള വ്യഗ്രതയാണ് അദ്ദേഹം പ്രദർശിപ്പിച്ചത്.
“പണ്ഡിറ്റ് നെഹ്രുവും സര്‍ദാര്‍ പട്ടേലും ഒരു ഐക്യഭാരതം കെട്ടിപ്പടുക്കാന്‍ യത്‌നിക്കുമ്പോള്‍ സവര്‍ക്കര്‍, സ്വതന്ത്രമായി നിലകൊള്ളാന്‍ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും തന്റെ പിന്തുണ നല്‍കുകയായിരുന്നു. തിരുവിതാംകൂര്‍-കൊച്ചി രാജാവ് പ്രസിഡണ്ട് റൂസ്‌വെല്‍റ്റിനു ഇപ്രകാരമെഴുതി. ‘മാനവരാശിയുടെ ഭാവിയില്‍ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ അവശ്യമായ ഇന്ധനമാണ് തോറിയം. എന്റെ സംസ്ഥാനത്താകട്ടെ തോറിയത്തിന്റെ വലിയ നിക്ഷേപമുണ്ട്. ഒരു സ്വതന്ത്ര രാജ്യത്തിന്റെ പദവി എനിക്ക് നല്‍കാന്‍ താങ്കള്‍ ചര്‍ച്ചിലിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധം തോറിയത്തിന്റെ വിതരണം ക്രമീകരിക്കുന്നതിനായി താങ്കളുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതില്‍ എനിക്ക് വൈമുഖ്യമില്ല’ കൊടിയ അന്യായമായ ഈ കത്തിനുശേഷം ബുദ്ധിഭ്രമം ബാധിച്ച രാജാവ് സ്വതന്ത്ര രാജ്യമായി നിലകൊള്ളാനുള്ള തന്റെ ഇഛ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. സവര്‍ക്കര്‍, തന്റെ പിന്തുണ അദ്ദേഹത്തിനു പ്രഖ്യാപിച്ചു. ഈ കഥ മദന്‍ പട്ടേല്‍ എഴുതിയ ‘അകഥിത് സവര്‍ക്കര്‍’ എന്ന മറാത്തി കൃതിയില്‍ കാണാമെന്ന് ദത്താത്രേയ ധബോല്‍ക്കര്‍ എഴുതുന്നു.” (നാഷനല്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍, 4-06-2022)
ഭരണഘടനാവിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷനും എഴുത്തുകാരനുമായ എ.ജി.നൂറാണി പറയുന്നു, “ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനെ ഇന്‍ഡ്യയില്‍ നിന്ന് സ്വതന്ത്രമായ രാജ്യമായി പ്രഖ്യാപിച്ചു. ഈ വഞ്ചന അവിടംകൊണ്ടും അവസാനിച്ചില്ല. ധീരമായി അദ്ദേഹം ഉടന്‍തന്നെ ജിന്നയുടെ പാക്കിസ്ഥാനിലേക്കുള്ള തിരുവിതാംകൂറിന്റെ അംബാസിഡറെ നിയമിച്ചു. അങ്ങിനെ ഇന്‍ഡ്യയുടെ ചിരസ്ഥായിയായ ശത്രുവിന് ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ യോഗ്യതാപത്രം ഉറപ്പിച്ചുനല്‍കി. ഈ വിശ്വാസവഞ്ചനയുടെ പേരില്‍ ആകമാന ഇന്‍ഡ്യയില്‍ “വീര”സവര്‍ക്കറല്ലാതെ അയ്യരെ അഭിനന്ദിക്കാന്‍ ആരുമുണ്ടായില്ല.” (ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍, 23 സെപ്റ്റംബര്‍ 2019)


ഇതേ സമയം സ്വതന്ത്ര രാജ്യമാകാന്‍ നിശ്ചയിച്ച കാശ്മീരിലും ഇവർ ഇതേ വിഭാഗീയ നിലപാട് സ്വീകരിച്ചു. “വി.ഡി. സവർക്കറും എം.എസ്.ഗോൾവാൾക്കറും കാശ്മീർ രാജാവായ രാജാ ഹരിസിംഗിന്റെ അതിഥികളായി അവിടെ എത്തിയിരുന്നു. അവർ രാജാ ഹരിസിംഗിനെ, കാശ്മീർ ഇന്ത്യയിൽ ലയിക്കുന്നതിനെതിരെ ഉപദേശിച്ചിരുന്നുവെന്നും നേപ്പാളിൽനിന്നുള്ള ഒരു ദളം സൈനികരെ വിന്യസിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാനശിലകൾ ഉറപ്പിക്കണമെന്നും കാശ്മീർ പ്രജാപരിഷത്തിന്റെയും ആർഎസ്എസിന്റെയും പിൽക്കാല ജനസംഘത്തിന്റെയും നേതാവായിരുന്ന ബൽരാജ് മഥോക്ക് പറയുന്നു. ‘ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നത് കാശ്മീർ ഒരു സ്വതന്ത്ര ഹിന്ദുരാഷ്ട്രമായി നിലനിൽക്കണമെന്നായിരുന്നു.'(ലേഖനം, നാഷണൽ ഹെറാൾഡ് ഓൺലൈൻ, ജൂൺ 4, 2022, ദത്താത്രേയ ധബോൽക്കർ)
‘ഹർ ഘർ തിരംഗ്’, ‘ആസാദി കാ അമൃതമഹോത്സവ് ‘ എന്നൊക്കെപ്പറഞ്ഞ് ഉൾപ്പുളകമണിഞ്ഞുകൊണ്ട് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന നേതാക്കൾ ബദൽ രാഷ്ട്രപിതാവായി അവതരിപ്പിക്കുന്ന സവർക്കർ നിർണായക ഘട്ടത്തിൽ ഈ രാഷ്ട്രത്തോട് ചെയ്ത കൊടുംവഞ്ചനയെ യഥാർത്ഥ രാജ്യസ്നേഹികൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? എന്തായിരിക്കാം അദ്ദേഹത്തിന്റെ അന്നത്തെ താൽപര്യം? ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന് നിഷ്ക്കർഷിക്കുകയും അല്ലാത്തവരെ ജയിലിലടയ്ക്കുകയും ചെയ്യുന്നിടത്തോളവും വളർന്ന രാജ്യസ്നേഹമൂർത്തികൾ കൊണ്ടാടുന്ന ഈ ‘രാജ്യസ്നേഹി’യുടെ യഥാർത്ഥ പ്രവർത്തനങ്ങളെക്കുറിച്ച് അവർ ലോകത്തോട് ചർച്ച ചെയ്യാറുണ്ടോ?


വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ


ഈ വിശാല രാജ്യത്തിന്റെ മണ്ണും ഭൂപ്രകൃതിയും ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നതുപോലെ ജീവിതരീതികളും ആവാസവ്യവസ്ഥകളും വ്യത്യസ്തമാണ്. സ്വാഭാവികമായും അനവധി ഭാഷകളും ഭാഷാഭേദങ്ങളും ഒട്ടേറെ മതങ്ങളും ഉപമതങ്ങളും ജാതികളും ഉപജാതികളും വ്യത്യസ്തമായ ആചാരങ്ങളും വേറിട്ട ചരിത്രങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരുന്ന ജനതകൾ! മനുഷ്യർക്കിടയിൽത്തന്നെ വ്യത്യസ്ത വംശങ്ങളും നിറഭേദങ്ങളും, വ്യത്യസ്ത ഭക്ഷണരീതികളും വസ്ത്രധാരണരീതികളും. ഒരു സമൂഹത്തിന്റെ ഉള്ളിൽത്തന്നെ ജാതിയുടെയും ഉപജാതിയുടെയും പേരിലുള്ള വ്യത്യസ്ത ആചാരങ്ങളും ആഹാരരീതികളും ഭാഷകളും ഉപഭാഷകളും. ഇങ്ങനെയുള്ള ജനവിഭാഗങ്ങൾ നിറഞ്ഞ നൂറുകണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു ഇന്ത്യ. എല്ലാവരെയും ഒരുമിപ്പിക്കുന്ന സ്വാഭാവിക ഘടകങ്ങൾ തീരെയില്ലാതിരുന്ന ഈ സമൂഹത്തിൽ ഏകോപനത്തിന്റെ ഭൗതിക സാഹചര്യമൊരുക്കിയത് കേന്ദ്രീകൃത ബ്രിട്ടീഷ് ഭരണവും, ബ്രിട്ടീഷ് മൂലധനത്തിന്റെയും വളർന്നുവന്നുകൊണ്ടിരുന്ന ഇന്ത്യൻ മൂലധനത്തിന്റെയും താല്പര്യാർത്ഥം രൂപപ്പെട്ടുവന്ന ദേശീയ കമ്പോളവും ബ്രിട്ടീഷ് ഭരണത്തിനെതിരെ വളർന്നുവന്ന ദേശീയ പ്രസ്ഥാനവുമാണ്. ഒട്ടനേകം വൈവിധ്യങ്ങൾക്കുനടുവിലും ഒരു ദേശരാഷ്ട്രമെന്ന സ്വത്വം കൈവരിക്കാനും ഒരു രാഷ്ട്രമനസ്സ് രൂപപ്പെടുത്താനും ഐക്യപ്പെടാനും ഇവിടുത്തെ ജനങ്ങളെ പ്രാപ്തമാക്കിയ ചരിത്രപരമായ പ്രക്രിയായിരുന്നു സ്വാതന്ത്ര്യസമരം.
നമ്മുടെ രാജ്യത്ത് മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും അംബേദ്കറും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെല്ലാവരും ഈ ഉപഭൂഖണ്ഡത്തിലെ ജനതയെ ആകെ ഒന്നായി കാണുന്ന ദേശീയതാ സങ്കൽപ്പമാണ് ഉയർത്തിപ്പിടിച്ചത്. അതിൽനിന്നും വ്യത്യസ്തമായ സങ്കൽപ്പമാണ് രാഷ്ട്രതാൽപര്യമെന്ന പേരിൽ സംഘപരിവാർ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുളളളത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യത്തുനടന്ന ദേശീയ പ്രക്ഷോഭണത്തെ അവർ സ്വാതന്ത്ര്യസമരമായി പരഗണിച്ചിട്ടേയില്ല.


സവര്‍ക്കര്‍ പറയുന്നു, “ഈ ഭൂമിയിൽ ഇന്ത്യ എന്നുപേരുള്ള ചെറിയ ഇടത്തിന്റെ സ്വാതന്ത്ര്യമല്ല ഹിന്ദുക്കളുടെ സ്വരാജ്. ഹിന്ദുത്വം സംരക്ഷിക്കപ്പെടുന്നതാണ് ഹിന്ദുസ്ഥാനത്തിന്റെ സ്വാതന്ത്ര്യം. ഹിന്ദുക്കളുടെ മതപരവും വംശീയവും സാംസ്കാരികവുമായ സ്വത്വമാണ് ഹിന്ദുത്വം. ആ സ്വത്വം എവിടെയാണോ ദൃഢമായിരിക്കു ന്നത് അവിടെയാണ് ഹിന്ദുക്കളുടെ സ്വരാജ്. അവിടെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലോ വെളിയിലോ ഉള്ള അഹിന്ദുക്കളുടെ അമിതഭാരം ഉണ്ടാവുകയില്ല.” (പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി.നൂറാണി, ‘സവർക്കറും ഹിന്ദുത്വവും’ എന്ന കൃതിയിൽ വി.ഡി.സവർക്കറെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്.)
ഭാരതവർഷം എന്ന് അവർ വിളിക്കുന്ന ഈ വിശാല ഭൂമേഖലയെ ഹിന്ദുക്കളുടെ പുണ്യഭൂമിയെന്നും പിതൃഭൂമിയെന്നും സംഘപരിവാർ കൃതികളിൽ സുലഭമായി പ്രകീർത്തിക്കുന്നുണ്ട്. രാഷ്ട്രമെന്നാല്‍ നൂറ്റാണ്ടുകളായി, ഈ മണ്ണുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന ജനങ്ങളെന്നു മനസ്സിലാക്കുന്നതിന് പകരം, ചില മതങ്ങളെ അടിസ്ഥാനമാക്കിയും ചില മതങ്ങളെ ഒഴിവാക്കിയും കൽപിതമായി നിർമ്മിച്ചെടുക്കുന്ന ഒരു നിർവചനത്തിന്റെ ഘടനയിലേയ്ക്ക് ഒതുക്കുവാൻ അവർ ശ്രമിക്കുന്നു. ഈ ദേശീയ ജനതയെ പരസ്പരം ഇടകലരാനാകാത്തത്ര വൈരുദ്ധ്യമുള്ള, അഭിപ്രായവ്യത്യാസം അടിവേരുകളോളം എത്തിനിൽക്കുന്ന മതങ്ങളായി അവർ വിഭാവനം ചെയ്യുന്നു. രാഷ്ട്രമെന്നത് ഒരു മതവുമായി മാത്രം ബന്ധപ്പെട്ടുനിൽക്കുന്ന ഒരു സങ്കൽപ്പമായി അവർ ശാഠ്യത്തോടെ വ്യാഖ്യാനിക്കുന്നു. മുഖ്യമായും ഒരു മതത്തെ അടിസ്ഥാനമാക്കി മാത്രം രാഷ്ട്രം നിർവ്വചിക്കപ്പെടുമ്പോൾ ഇതരമതങ്ങളെയെല്ലാം രാഷ്ട്രഗാത്രത്തിന് അന്യവും ദ്രോഹകരവുമായ ഘടകങ്ങളായി അവതരിപ്പിക്കാൻ കഴിയുന്നു. സ്വാഭാവികമായും ദേശസ്നേഹവും ദേശഭക്തിയും അന്യമതവിദ്വേഷത്തിലൂന്നിയ വിഭാഗീയവികാരങ്ങളാകുന്നു. വിദേശഭരണത്തിൽനിന്നുള്ള വിമോചനസമരമല്ല സ്വാതന്ത്ര്യസമരമെന്നും രാഷ്ട്രഗാത്രത്തെ ഗ്രസിച്ചിരിക്കുന്ന മതങ്ങൾക്കെതിരായ സമരമാണ് സ്വാതന്ത്ര്യസമരമെന്നും വിശ്വസിക്കാൻ കഴിയുന്നു.
താരതമ്യേന ഏകാത്മകമായ ഒരു ദേശീയ രാഷ്ട്രത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന ഈ വിഭാഗീയ ധാരണ പ്രചരിപ്പിച്ചുകൊണ്ട് യഥാർത്ഥ രാജ്യതാൽപര്യത്തെ വിഷംവച്ച് തകർക്കുന്ന ശ്രമത്തെ ദേശഭക്തിയായി ചിത്രീകരിക്കുകയാണ് അവര്‍. മുസ്ലീംവിരുദ്ധതയിലേയ്ക്ക് കേന്ദ്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രം രൂപീകരിച്ചെടുക്കുക എന്ന മുൻകൂർ ലക്ഷ്യം മുൻനിർത്തി, അതിന് ഉപോത്ബലകമായ ആശയങ്ങൾ സമാഹരിക്കുകയോ നിർമ്മിച്ചെടുക്കുകയോ ആണ് സവർക്കർ െചയ്തത്. രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് പര്യാപ്തമായവിധം ദേശീയതയെ സംബന്ധിച്ചും ദേശസ്നേഹത്തെ സംബന്ധിച്ചും അതിസങ്കുചിതവും വിദ്വേഷാത്മകവുമായ ഒരു സവിശേഷ ധാരണ ആവിഷ്ക്കരിച്ചുകൊണ്ട് ജനാധിപത്യത്തിൽനിന്നും പാടേ ഭിന്നമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം നിർമ്മിച്ച് ഇന്ത്യയിലെ ഫാസിസ്റ്റുകൾക്ക് ചുവടുറപ്പിക്കാൻ കഴിയുന്ന ഒരു വ്യാജ സൈദ്ധാന്തിക അടിത്തറ ഒരുക്കിയ വ്യക്തി എന്ന നിലയിലാണ് സവർക്കർ ‘ആരാധ്യപുരുഷനാ’കുന്നത്.

ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ ആശയസംഹിത മാത്രമാണ്. മതദർശനങ്ങളോ മതദർശനങ്ങളുടെ വ്യാഖ്യാനങ്ങളോ ഒന്നും അതിൽ ഇല്ല. ഹിന്ദു എന്ന പേരുമായുള്ള സാമ്യംമൂലം പലരും അതിനെ മതവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിക്കുന്നു. ഹിന്ദു എന്ന പേരും ഹിന്ദുമതത്തിലുള്ള ജനങ്ങളുടെ വിശ്വാസവും ദുരുപയോഗം ചെയ്യുകയാണ് ഹിന്ദുത്വ. സ്വാമി വിവേകാനന്ദനോ ശ്രീരാമകൃഷ്ണ പരമഹംസരോ അതുപോലുള്ള ആചാര്യന്മാരോ ഈ പദം ഉപയോഗിച്ചിട്ടില്ല. അവര്‍ വിശദീകരിച്ചതും വ്യാഖ്യാനിച്ചതും ഹിന്ദു മതത്തെയും അതിന്റെ ദര്‍ശനങ്ങളെയും ഹൈന്ദവ ജീവിതക്രമത്തെയുമാണ്. ഹിന്ദുമതവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത് എന്ന് സവർക്കർതന്നെ പറഞ്ഞിട്ടുമുണ്ട്. ഹിന്ദുത്വത്തിന്റെ ഘടകങ്ങളിൽ ഒന്നുമാത്രമാണത്രേ ഹിന്ദുയിസം. ഹിന്ദുമതം ഭക്തിയും ആരാധനയും ആത്മസാക്ഷാത്ക്കാരത്തിന്റെ മാർഗ്ഗങ്ങളും പറയുന്നു; ഹിന്ദുത്വം ഏറ്റവും നികൃഷ്ടമായ വർഗീയ വിദ്വേഷം പ്രസരിപ്പിക്കുന്നു! അത് രാജ്യത്തിനുമേലുള്ള അധികാരം ആർക്ക് എന്ന വിഷയം മാത്രമാണ് ചർച്ച ചെയ്യുന്നത്.
‘ഹിന്ദുത്വത്തിന്റെ അടിസ്ഥാനങ്ങൾ'(Essentials of Hindutua) എന്ന സവർക്കറുടെ കൃതിയിൽ പറയുന്നു, “ഹിന്ദുത്വ എന്നത് കേവലം ഒരു പദമല്ല; ചരിത്രമാണ്. നമ്മുടെ ജനതയുടെ ആത്മീയവും മതപരവുമായ ചരിത്രം മാത്രമല്ല അത്. അതിന്റെ സജാതീയ പദമായ ‘ഹിന്ദുയിസം’ എന്ന സംജ്ഞയുമായി തെറ്റിദ്ധരിക്കുകമൂലം ഹിന്ദുത്വ എന്നത് പലപ്പോഴും തെറ്റായി മനസ്സിലാക്കപ്പെടാറുണ്ട്. എന്നാൽ ഹിന്ദുത്വ എന്നത് ഒരു സമ്പൂർണ ചരിത്രമാണ്.”(പേജ് 3)
ഹിന്ദുത്വ എന്ന പദം കണ്ടെത്തിയതും ആദ്യമായി ഉപയോഗിച്ചതും സവർക്കറാണ്. ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാനങ്ങൾ’ എന്ന കൃതിയുടെ രണ്ടാം പതിപ്പിന്റെ മുഖവുരയിൽ ഗ്രന്ഥകർത്താവായ വി.ഡി.സവർക്കറെപ്പറ്റി പ്രസാധകനായ എസ്.എസ്.സവർക്കർ പറയുന്നു, “ഹിന്ദു, ഹിന്ദുയിസം എന്നീ വാക്കുകളുടെ ആശയത്തിലടങ്ങിയിരിക്കുന്ന മതഭാവം കൂടാതെ, ഹിന്ദു ജനതയെ ഒന്നാകെ വ്യതിരിക്തമാക്കി കാണിക്കുന്ന സാംസ്കാരികവും ചരിത്രപരവും അതിലുപരി മതപരവും ദേശീയവുമായ അംശങ്ങളുടെ സമഗ്രതയെ ആവിഷ്കരിക്കാനായി സവര്‍ക്കര്‍ക്ക് ‘ഹിന്ദുത്വ (Hindutuva)’, ‘ഹിന്ദുനെസ്സ് (Hinduness)’, ‘ഹിന്ദുഡം(Hindudom)’ തുടങ്ങയ പ്രയോഗങ്ങള്‍ സൃഷ്ടിക്കേണ്ടിവന്നു. ഹിന്ദുനെസ്സിന്റെ നിര്‍വചനമാണിത്. അത് അനിവാര്യമായും അതിന്റെ വീക്ഷണത്തില്‍ ദേശീയവും ഹിന്ദു ജനതയെ ഹിന്ദുരാഷ്ട്രമെന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നതുമാണ്.” (Essentials of Hindutua, മുഖവുര പേജ്, 4)


രാഷ്ട്രം(Nation) എന്നാൽ വിച്ഛേദിക്കാനാകാത്ത വിധം മതവുമായി ബന്ധപ്പെട്ട് നിൽക്കുന്നതും മാറ്റമില്ലാത്തതും ചിരപുരാതനവുമായ ഒരു ആശയത്തെ മുൻനിർത്തി ജീവിത വ്യവഹാരങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു സമൂഹം എന്ന നിലയിലാണ് സവർക്കർ വിഭാവനം ചെയ്യുന്നത്. അവർക്ക് പിതൃഭൂമിയോട് സവർക്കർ നിശ്ചയിക്കുംപ്രകാരമുള്ള ഭക്തിയും ആദരവും ഉണ്ടാകണം. പുണ്യഭൂമിയായി കരുതിയുള്ള ആരാധനവേണം. ഈ പറയുന്നതൊന്നും മുസ്ലീങ്ങൾക്കുണ്ടാകുക സാധ്യമല്ല എന്ന മുന്‍കൂര്‍ ‘ബോധ്യ’വും അദ്ദേഹത്തിനുണ്ട്.


മുസ്ലീം വിരുദ്ധ ധ്രുവീകരണം ലക്ഷ്യം


രാജ്യാതിർത്തിപരമല്ല ദേശീയത എന്ന് സമർത്ഥിക്കുവാനും മുസ്ലീങ്ങൾ ഒഴികെയുള്ളവരെ വൈകാരികമായി കോർത്തിണക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള സൈദ്ധാന്തിക അഭ്യാസങ്ങളാണ് ഹിന്ദുത്വയിൽ ഉള്ളത്. ജനങ്ങളെ ഏകോപിപ്പിക്കുന്ന പൊതുവായ സാമ്പത്തിക ജീവിതമോ, ജീവിതം അഭിമുഖീകരിക്കുന്ന പൊതുവായ താൽപര്യങ്ങളോ, ആധുനിക ജീവിതത്തിലെ പ്രശ്നങ്ങളോ അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിലെങ്ങുമില്ല. മനുഷ്യത്വത്തെ മുൻനിർത്തിയുള്ള ജനാധിപത്യ പ്രബുദ്ധതയും ഉയർന്ന ജീവിത വീക്ഷണവും ആധുനിക വിജ്ഞാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മൂല്യങ്ങളും മാനവവാദ ദർശനങ്ങളും ഒന്നും മനുഷ്യനെ ഏകോപിപ്പിക്കുവാൻ സാധ്യതയുള്ള ഘടകങ്ങളായി അദ്ദേഹം കരുതുന്നതേയില്ല. പാരമ്പര്യത്തെയും പിതൃഭൂമിയെയും ചൊല്ലിയുള്ള അൽപത്വം നിറഞ്ഞ വീമ്പു പറച്ചിലും അന്ധതയും അന്യമത വിദ്വേഷവും അസഹിഷ്ണുതയും മുറ്റിനിൽക്കുന്ന പ്രതിപാദനങ്ങളു മാണ് ഈ കൃതിയിൽ ഉടനീളം ഉള്ളത്.
ഹിന്ദുത്വ, പേജ് 84ല്‍ പറയുന്നു, “ഒരു അമേരിക്കക്കാരന് ഇന്ത്യൻ പൗരത്വം ലഭിച്ചേക്കും. ഭാരതീയനായി നാം അയാളെ പരിഗണിച്ചു എന്നും വരാം. നമ്മുടെ രാജ്യത്ത് വരുന്നതിനോടൊപ്പം അയാൾ നമ്മുടെ ചരിത്രവും സംസ്കാരവും സ്വീകരിക്കണം. നമ്മുടെ രാജ്യത്തെ അയാൾ സ്നേഹിച്ചാൽ പോരാ, അതിനെ ആരാധിക്കുകയും വേണം. എന്നാൽ മാത്രമേ അയാൾ ഹിന്ദു ആകൂ. ഹിന്ദുത്വത്തിന് അർഹനാകാനുള്ള ആദ്യത്തെ യോഗ്യത, അയാൾ സ്വയമോ, പിതാമഹൻവഴിയോ, ഹിന്ദുസ്ഥാനത്തിലെ പൗരത്വം നേടുക എന്നതാണ്. ഭൂമിശാസ്ത്രപര മായ യോഗ്യതയ്ക്കപ്പുറം മറ്റുചിലതും ആവശ്യമുണ്ട്. ഇന്ത്യൻ പൗരന്മാർ ആയതുകൊണ്ട് എല്ലാവരും ഹിന്ദുക്കളാകില്ല. പൊതുമാതൃദേശത്തിന്റെ ബന്ധം മാത്രംപോരാ. പൊതുരക്തത്തിന്റെ ബന്ധംകൂടി വേണം.”
പേജ് 91, 92ൽ “നമ്മുടെ പൊതുവായ പിതൃഭൂമിയോടുള്ള സ്നേഹത്തിന്റെ കെട്ടുപാടുകള്‍കൊണ്ടും നമ്മുടെ ഹൃദയങ്ങളെ തുടിപ്പിക്കുകയും വികാരങ്ങളെ ഊഷ്മളമാക്കുകയും ചെയ്തുകൊണ്ട് നമ്മുടെ സിരകളിലൂടെ ഒഴുകുന്ന ഒരേ രക്തംകൊണ്ടും മാത്രമല്ല, നമ്മുടെ മഹത്തായ സംസ്കാരത്തിന് നാം അര്‍പ്പിക്കുന്ന പൊതുവായ പ്രണാമത്തിന്റെ ബന്ധനംകൊണ്ടുകൂടിയാണ് നമ്മള്‍ ഹിന്ദുക്കള്‍ ഒന്നായി നിലകൊള്ളുന്നത്. ഈ സംസ്കാകാരമാകട്ടെ സംസ്കൃതമെന്ന ഭാഷയെ ധ്വനിപ്പിക്കുന്ന സംസ്കൃതി എന്ന പദംകൊണ്ടല്ലാതെ സൂചിപ്പിക്കാന്‍ കഴിയില്ല. നമ്മുടെ വംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠവും കാത്തുസൂക്ഷിക്കേണ്ടതുമായ സംസ്കാരത്തിന്റെ ആവിഷ്കാരത്തിനും പരിപാലനത്തിനുമുള്ള തിരഞ്ഞെടുക്കപ്പെട്ട മാര്‍ഗമാണ് ഈ സംസ്കൃത ഭാഷ.”
“എന്നാൽ, വസ്തുതകളെ യഥാതഥമായി കണ്ടെത്താൻ ശ്രമിക്കുന്ന നമുക്ക് ഈ മുഹമ്മദീയരെ ഹിന്ദുക്കളായി ഗണിക്കാൻ കഴിയുമോ? കാശ്മീരിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും മുഹമ്മദീയരും തെക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികളും തങ്ങളുടെ ജാതിക്കുള്ളിൽനിന്ന് വിവാഹം സാധ്യമാകുന്ന അളവോളം പൊതുവിൽ നമ്മുടെ ജാതി നിയമങ്ങൾ പാലിക്കുന്നുണ്ട്. അങ്ങനെ അവരിലെ ഹിന്ദുരക്തം വൈദേശിക ദുഷിപ്പുകൾ അധികം ബാധിക്കാതെ ഇരിക്കുന്നുണ്ടെങ്കിലും അവരെ ഹിന്ദുക്കൾ എന്ന് വിളിക്കാൻ പറ്റില്ല.” (Essentials of Hindutua, പേജ് 91)
രക്തബന്ധങ്ങളെച്ചൊല്ലിയുള്ള ശാഠ്യങ്ങളും മറ്റും ഗോത്രസമൂഹങ്ങളിൽനിന്ന് ഉണ്ടായതാണെന്നതും, ചിന്തയാണ് മനുഷ്യന്റെ മഹത്വവും പ്രാധാന്യവും നിർണയിക്കുന്നത് എന്നും മറ്റുമുള്ള ആധുനിക വീക്ഷണങ്ങൾ ഇക്കൂട്ടർക്ക് അറിയില്ല. മാനവസമൂഹം സൃഷ്ടിച്ച ഉത്കൃഷ്ട ബന്ധങ്ങളൊന്നുംതന്നെ രക്തബന്ധങ്ങളായിരുന്നില്ല ; മറിച്ച് കർമ്മബന്ധങ്ങളായിരുന്നു എന്നത് ഹിന്ദുത്വവാദികളുടെ അറിവിലില്ല. മതംമാറിയിട്ടും മനസ്സുമാറാതെ യാഥാസ്ഥിതികത്വവും ഹീനമായ ജാതിബോധവും കൊണ്ടുനടക്കുന്നവരെ, അതിന്റെപേരിൽ ശ്ലാഘിക്കുവാൻപോലും തയ്യാറാകുന്ന സവർക്കർ മാനസികമായി എത്രമാത്രം പിന്നാക്കം നിൽക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മനുഷ്യത്വം എന്ന വിശാല വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അടിയുറച്ച മാനവിക സ്വത്വബോധം ഒരുവനിൽ സ്വാംശീകരിക്കപ്പെടുമ്പോഴാണ് അയാൾ ജനാധിപത്യപ്രബുദ്ധത നേടുന്നത്. പക്ഷെ, ഗോത്രകാലഘട്ടത്തിലെ മനുഷ്യന്റെ ധാര്‍മ്മിക-നീതിബോധങ്ങളും സ്വത്വബോധവുവമാണ് ഈ കൃതിയിലൂടെ സവർക്കർ അതിഭാവുകത്വത്തോടെ കൊണ്ടാടുന്നത്.
പിതൃഭൂമി, പുണ്യഭൂമി എന്നൊക്കെയുളള പദങ്ങളോടുചേര്‍ത്ത് തീവ്രവൈകാരിക പദപ്രയോഗങ്ങളും ഇതര ആശയങ്ങളോടുള്ള അസഹിഷ്ണുത തുളുമ്പി നിൽക്കുന്ന രചനാരീതിയും മനോരോഗതുല്യമായ അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഈ അതിവൈകാരിക ഭാവപ്രകടനങ്ങൾക്ക് നിദാനമായി പറയുന്നതൊന്നും ചരിത്രപരമോ ശാസ്ത്രീയമോ ആയ വസ്തുതകൾ അല്ല. മറിച്ച് പുണ്യഭൂമിയെക്കുറിച്ചും മണ്ണിന്റെ മഹത്വത്തെക്കുറിച്ചുമൊക്കെ പറയുന്നതെല്ലാം പുരാണ കഥകളെ ആധികാരികമായി അവതരിപ്പിച്ചുകൊണ്ടാണ് എന്നതാണ് വിചിത്രം!
ഗോത്രകാലത്ത്, ഓരോ ഗോത്രങ്ങളിലെയും അംഗങ്ങളായിരിക്കുന്നവരുടെ ചിന്തകളും വികാരങ്ങളും ഗോത്രതാൽപര്യത്തിന്റെ പരിധിയാൽ നിർണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. ഗോത്രാചാരങ്ങളും വിശ്വാസങ്ങളും അവയെ മുൻനിർത്തിയുള്ള വികാരങ്ങളുമായിരുന്നു പരമപ്രധാനം. വേദങ്ങളും പുരാണങ്ങളും അവതരിപ്പിക്കുന്ന ആശയങ്ങളും മൂല്യങ്ങളും ഗോത്രസംസ്കൃതിയുടേതാണ് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. അന്നൊന്നും ദേശീയത എന്ന ആശയം ഉണ്ടായിരുന്നില്ല. ഗോത്രകാലഘട്ടത്തിൽനിന്നും പുരോഗമിച്ച് ജന്മി-നാടുവാഴി വ്യവസ്ഥയിൽ എത്തുമ്പോൾ രാജഭക്തിയായിരുന്നു പരമമായ വികാരവും ആദർശവും. അന്ന് രാജദ്രോഹം ഏറ്റവും വലിയ തിന്മയായി കണക്കാക്കപ്പെട്ടു. മതം, ദൈവം ഇവ സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് ആയിരുന്നു. ദൈവദത്തമായ രാജാധികാരം ചോദ്യംചെയ്യാനാകാത്തതും പുരോഹിതന്മാരുടെയും മതഗ്രന്ഥങ്ങളുടെയും ആധികാരികത അപ്രമാദിത്വമുള്ളതും പ്രജകളുടെ സാമൂഹ്യപദവികൾ ജന്മസിദ്ധമായി നിർണയിക്കപ്പെടുന്നതും ആയിരുന്നു. അവിടെയൊന്നും ഈ ദേശീയതാ പ്രശ്നമേ ഉണ്ടായിരുന്നില്ല. ചെറിയ ചെറിയ നാട്ടുരാജ്യങ്ങൾക്കുള്ളിൽ പരിമിതമായ ജീവിതവ്യവഹാരങ്ങളിൽ മുഴുകി ജീവിച്ചിരുന്ന അന്നത്തെ മനുഷ്യനുമുന്നിൽ ‘അഖണ്ഡഭാരതം’, ‘ഭാരതവർഷം’ എന്നുംമറ്റും പറഞ്ഞാൽ അവര്‍ക്ക് വിചിത്രമായി തോന്നുമായിരുന്നു.


ജന്മിത്തത്തിനെതിരെ വളർന്നുവന്ന മുന്നേറ്റങ്ങളിലൂടെയാണ് ദേശീയത എന്ന സങ്കല്‍പം രൂപപ്പെട്ടത്


മുതലാളിത്തത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് ജന്മിത്തത്തിനെതിരെ വളർന്നുവന്ന ബഹുജനമുന്നേറ്റങ്ങളാണ് ആധുനികകാലത്തെ ദേശീയ ജനവിഭാഗങ്ങളെയെല്ലാം സൃഷ്ടിച്ചത്. ഫ്രാന്‍സ്, ബ്രിട്ടണ്‍, ജർമ്മനി, ഇറ്റാലി എന്നിങ്ങനെയുള്ള ആധുനിക രാഷ്ട്രങ്ങളെല്ലാം അതിന് ഉദാഹരണങ്ങളാണ്. ആകെ 38,000 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന പഴയ കേരളം, പതിനെട്ടാം നൂറ്റാണ്ടിൽ അമ്പത്തിയേഴ് നാട്ടുരാജ്യങ്ങളായിരുന്നു എന്ന് ഓർക്കണം! സാമ്പത്തിക വിനിമയം എത്രമാത്രം പരിമിതമായിരുന്നുവോ അത്രമാത്രം പരിമിതമായിരുന്നു രാജ്യവിസ്തൃതികളും. ഇന്ത്യയിൽ ആകെ നോക്കിയാൽ അങ്ങനെയുള്ള ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളും അവയുടെ പരിമിതമായ പരിധികളിൽ അഭിരമിച്ചിരുന്ന മനുഷ്യരുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മുന്ന് താരതമ്യേന വലിയ നാട്ടുരാജ്യങ്ങളായി ഏകോപിപ്പിക്കപ്പെട്ടപ്പോൾ, ആ ദേശപരിധിക്ക് അനുസരിച്ച് കമ്പോളവും മനുഷ്യമനസ്സും വികസിച്ചുവന്നു. അഥവാ കമ്പോളത്തിന്റെ വിപുലീകരണത്തിനനുസരിച്ച് ദേശപരിധി വിസ്തൃതമായി.


ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഭൂമേഖലകളാകെ ഒരു ഭരണക്രമത്തിൻ കീഴിൽ വന്നതും റെയിൽവേ അടക്കമുള്ള ഗതാഗത മാര്‍ഗ്ഗങ്ങളും വാർത്താവിനിയമ സംവിധാനങ്ങളും വിപുലപ്പെട്ടതും ദേശീയ കമ്പോളം രൂപപ്പെട്ടതും മനുഷ്യവ്യവഹാരങ്ങളും ചിന്താമണ്ഡലവും വികസിച്ചുവരുന്നതിന് കാരണമായി. പുതിയ ആവശ്യകതകൾക്കനുസരിച്ച് ദേശസങ്കൽപ്പങ്ങൾമാറി. സമൂഹത്തിലെ ഉപരിവിഭാഗങ്ങൾക്കിടയിൽ ഒരു ദേശീയ ബോധം വികസിച്ചുവന്നു. മതം, ജാതി, ഭാഷ, വംശം, ദേശം ഇവയ്ക്കപ്പുറത്തേയ്ക്കുള്ള വിശാലബോധം മനുഷ്യമനസ്സുകളെ ഉണർത്തി. ഫ്യൂഡൽ മൂല്യ സങ്കൽപ്പങ്ങളിൽനിന്നും പ്രാദേശിക സങ്കുചിതത്വങ്ങളിൽനിന്നും മുക്തമായി, മാനവികത എന്ന ചരടിൽ മനുഷ്യമനസ്സുകൾ കോർത്തിണക്കപ്പെടുംവിധം നവോത്ഥാന ആശയങ്ങളും ജനാധിപത്യ ആദർശങ്ങളും സമൂഹത്തെ പ്രബുദ്ധമാക്കി. ചരിത്രപരമായ ദൗത്യങ്ങൾ നിർവഹിച്ച്, കാലഹരണപ്പെട്ട് പ്രതിലോമകരമായി മാറിയ ജന്മിത്തവ്യവസ്ഥയുടെ ആധാരമായിരുന്ന മതങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുകയും സമൂഹത്തിനുമേലുള്ള സ്വാധീനം കുറഞ്ഞുവരികയും ചെയ്തു. അങ്ങനെ ജനാധിപത്യം പുഷ്കലമായിവരുന്ന ഘട്ടത്തിൽ തിരിച്ചടിക്കപ്പെട്ട മതങ്ങൾക്ക് സമൂഹത്തിൽ സ്ഥാനഭ്രംശം സംഭവിച്ച് വ്യക്തിയുടെ സ്വകാര്യവിശ്വാസം മാത്രമായി ചുരുങ്ങി. (ഇന്ന് മുതലാളിത്തം പുരോഗമനസ്വഭാവം നഷ്ടപ്പെട്ട് പ്രതിലോമകാരിയായി മാറിയപ്പോൾ കൂടുതൽ ഉയർന്ന ജനാധിപത്യപ്രബുദ്ധത സൃഷ്ടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ അഭാവത്തിൽ ജീർണമായ മതത്തെ തട്ടിയുണർത്തി മുതലാളിത്തം ജനങ്ങളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. സമൂഹത്തെ ഫാസിസവല്‍ക്കരിക്കാന്‍ മതത്തെയും ഉപയോഗപ്പെടുത്തുന്നു.)
ഇന്ന് ഹിന്ദു എന്നു വിളിക്കപ്പടുന്ന മതം യഥാർത്ഥത്തിൽ ഒരു മതം അല്ല. ദാർശനികമായി അനവധി മതങ്ങളുടെയും അഥവാ അനവധി ചിന്താധാരകളുടെയും ജീവിതക്രമങ്ങളുടെയും ഒരു സഞ്ചയമാണത്. സങ്കീര്‍ണ്ണമായ ഘടനയോടുകൂടിയ ഒരു സമൂഹത്തെയാണ് ഹിന്ദു എന്ന് വിളിച്ചുവരുന്നത്. പലവിധത്തിലുള്ള ദൈവസങ്കൽപ്പങ്ങൾ മുതൽ നിരീശ്വരവാദംവരെ ഉയർത്തിയിരുന്ന മതങ്ങൾ, ചിന്താപരമായും വിശ്വാസപരമായും വിഭിന്നങ്ങളായ പലതലങ്ങളിൽ വ്യവഹരിച്ചിരുന്ന മനുഷ്യർ! പ്രകൃതിയുടെയും കാലാവസ്ഥയുടെയും വൈവിധ്യങ്ങൾ, അവ ജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങൾ, ജാതി-ഉപജാതി സ്വത്വബോധങ്ങൾ! അവ സൃഷ്ടിച്ചിട്ടുള്ള സങ്കീർണതകള്‍! പ്രകൃതി ശക്തികളെയും പക്ഷി മൃഗങ്ങളെയും ക്ഷുദ്രജീവികളെയും ലൈംഗിക അവയവങ്ങളെയുംപോലും ആരാധിക്കുന്നവർ! വ്യത്യസ്ത ആരാധനാരീതികൾ, വ്യത്യസ്തമായ സദാചാരസങ്കൽപങ്ങൾ, വ്യത്യസ്ത ദായക്രമങ്ങൾ, വ്യത്യസ്ത ഭക്ഷണരീതികൾ, വ്യത്യസ്തമായ വസ്ത്രധാരണരീതികൾ, വ്യത്യസ്തമായ ഭാഷകളും ഭാഷാഭേദങ്ങളും, വ്യത്യസ്തമായ ഗൃഹനിർമ്മാണരീതികളും വ്യത്യസ്തമായ കലാരൂപങ്ങളും തുടങ്ങി ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും വൈവിധ്യങ്ങൾ നിറഞ്ഞ അതിസങ്കീർണമായ ജീവിതങ്ങളുടെ അതിബൃഹത്തായ മഹാസഞ്ചയമാണ് അഥവാ, ആയിരുന്നു ഈ ഉപഭൂഖണ്ഡം.

ജനങ്ങളെ ഏകോപിപ്പിച്ചത് ദേശീയ പ്രസ്ഥാനം


ഏകോപനത്തിന്റെ പൊതുഘടകങ്ങൾ തീരെയില്ലാതിരുന്ന ഈ സമൂഹത്തിൽ ജനങ്ങളെ ഏകോപിപ്പിച്ചത് ദേശീയ പ്രസ്ഥാനമാണ്. നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാടിൽ ഊന്നിനിന്ന് ഏകോപനത്തിന്റെ സാധ്യതകൾ വളർത്തുന്നതിനാണ് േദശീയനേതാക്കൾ പരിശ്രമിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യദശകങ്ങളിൽ ഹിന്ദുമതവിശ്വാസത്തെയും ആചാരങ്ങളെയും ദേശീയ പ്രസ്ഥാനവുമായി ഉദ്ഗ്രഥിച്ചുകൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയുണ്ടായിട്ടുണ്ട്. സ്വാഭാവികമായും ഇസ്ലാംമതവിശ്വാസികൾക്ക് അതിൽ പൂർണമായി ലയിച്ചുചേരാൻ കഴിയാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. എങ്കിലും ഒരു ഘട്ടത്തിലും ഇസ്ലാംമതവിശ്വാസികൾ ദേശീയ പ്രസ്ഥാനത്തിൽനിന്ന് മാറിനിന്നിട്ടില്ല. ജാത്യാചാരങ്ങളുടെ പേരിൽ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തപ്പെട്ടിരുന്ന അധഃസ്ഥിത ജനങ്ങൾക്ക് ദേശീയ പ്രസ്ഥാനം സ്വന്തം പ്രസ്ഥാനമായി അനുഭവപ്പെടാത്ത സാഹചര്യവുമുണ്ടായിരുന്നു. എന്നിരിക്കിലും, പരിമിതികളോടെ ഇന്ത്യയെമ്പാടും സ്വാതന്ത്ര്യസമരം കരുത്താർജ്ജിച്ചുവന്നു.
ഹിന്ദു-മുസ്ലീം ഐക്യം ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് ബ്രിട്ടീഷ് അധികാരികൾ എന്നും ഈ ജനവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞുകൊണ്ടിരുന്നു. 1904, 05 കാലയളവിലെ ബംഗാൾ വിഭജനനീക്കം അതിന്റെ ഭാഗമായിരുന്നു. 1906ൽ മുസ്ലീംലീഗ് രൂപീകരണത്തെ ബ്രിട്ടീഷുകാർ പൂർണമായി പിന്തുണച്ചതും ഇക്കാരണത്താലായിരുന്നു. അതിന്റെ ഒരു പ്രതിപ്രവർത്തനം എന്ന നിലയിലുംകൂടെയാണ് 1909ൽ പഞ്ചാബ് ഹിന്ദുമഹാസഭയും തുടർന്ന് 1915ൽ അഖിലഭാരത ഹിന്ദുമഹാസഭയും രൂപീകരിക്കപ്പെട്ടത്.
മതഭേദമില്ലാതെ ജനങ്ങളുടെ ഐക്യം സമരരംഗത്ത് ശക്തിപ്പെടുത്തി, പ്രക്ഷോഭത്തെ ദേശവ്യാപകമായി വിപുലപ്പെടുത്തുക എന്ന താൽപര്യം മുൻനിർത്തിയാണ് ഗാന്ധി ഖിലാഫത്തുമായി ചേർന്ന് 1919,21 കാലഘട്ടത്തിൽ നിസ്സഹകരണ പ്രസ്ഥാനം വളർത്തിയെടുക്കാൻ തീരുമാനിച്ചത്. അതുവഴി അതിനുമുമ്പ് ഒരിക്കലും ഉണ്ടാകാത്തവിധത്തിൽ ദേശീയ പ്രസ്ഥാനത്തിൽ ഹിന്ദു-മുസ്ലീം ഐക്യം ശക്തിപ്പെട്ടു. ദേശീയ പ്രസ്ഥാനത്തെ മതാടിസ്ഥാനത്തിൽ വിഭാവനം െചയ്തിരുന്നവർക്ക് വളരെ അസ്വസ്ഥത ഉളവാക്കിയ നീക്കം ആയിരുന്നു അത്. കോൺഗ്രസിനെ ഒരു ഹൈന്ദവസംഘടനയായാണ് അന്നുവരെ പലരും സങ്കൽപ്പിച്ചിരുന്നത്. ഗാന്ധി കോൺഗ്രസിനെ മുസ്ലീങ്ങൾക്ക് അടിയറവച്ചു എന്ന് പലരും വിമർശിച്ചു. 1897ല്‍ എഐസിസി പ്രസിഡന്റും പിൽക്കാലത്ത് ഹിന്ദുമഹാസഭയുടെ നേതാവുമായിരുന്ന സർ സി.ശങ്കരൻ നായർ 1920ൽ കോൺഗ്രസ് ഉപേക്ഷിച്ചത് ഇക്കാരണത്താലാണ്. ഗാന്ധിയെ വിമർശിച്ചുകൊണ്ട് ‘ഗാന്ധി ആന്റ് അനാർക്കിസം’ എന്ന് ഒരു പുസ്തകംപോലും അദ്ദേഹം അക്കാലത്ത് പ്രസിദ്ധീകരിച്ചു.


ജനങ്ങളിലെ സമരൈക്യം, വിശേഷിച്ച് ഹിന്ദു-മുസ്ലീം ഐക്യം എങ്ങനെ വളർത്താം എന്നുള്ള ആലോചനകളെ മുൻനിർത്തി ദേശീയ നേതാക്കൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സന്ദർഭമായിരുന്നു അത്. ഭാരതത്തിൽ എമ്പാടും ജനങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ മുഖ്യാംശത്തിൽ ഏകമുഖമായി ചലിച്ചു തുടങ്ങിയത് നിസ്സഹകരണപ്രസ്ഥാനത്തിന്റെ നാളുകളിൽ ആയിരുന്നു. (1921ലെ മലബാർ കലാപത്തെ വർഗ്ഗീയ കലാപമായി ചിത്രീകരിക്കുന്നതിലും കുറച്ചൊക്കെ വർഗീയ ഹത്യകള്‍ സൃഷ്ടിക്കുന്ന തിലും ദേശീയ നേതാക്കളെയും പുറംലോകത്തെയും ആ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നതിലും ബ്രിട്ടീഷുകാർ വിജയിച്ചതുവഴിയുണ്ടായ പ്രശ്നങ്ങളും, രാജ്യത്തിന്റെ മറ്റുചില പ്രദേശങ്ങളിലുണ്ടായ പ്രാദേശിക അസ്വസ്ഥതകളും മാറ്റിനിർത്തിയാൽ ഹിന്ദു-മുസ്ലീം ഐക്യം ദേശീയ അടിസ്ഥാനത്തിൽ കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമായിരുന്നു.) പ്രതീക്ഷാ നിർഭരമായി വളർന്നുവന്ന, ശക്തമായ ആ നിസ്സഹകരണ പ്രക്ഷോഭം 1922 ഫെബ്രുവരിയിൽ ചൗരിചൗരാ സംഭവത്തിന്റെ പേരിൽ നിർത്തിവയ്ക്കപ്പെട്ടു. തുടർന്ന് സമരരഹിതവും നിരാശാജനകവുമായ അന്തരീക്ഷത്തിലേയ്ക്ക് രാജ്യം പ്രവേശിച്ചു. ഈ ഘട്ടത്തിലാണ്, 1923ൽ ഇന്ത്യയിൽ ആദ്യമായി ദ്വിരാഷ്ട്രവാദം ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാനങ്ങള്‍ (Essentials of Hindutva)’ എന്ന കൃതിയിലൂടെ സവർക്കർ ഉന്നയിക്കുന്നത്.
അടിയുറച്ച ഹിന്ദുമത വിശ്വാസിയാണെങ്കിലും കടുത്ത വർഗീയ വിരുദ്ധനായ മഹാത്മാ ഗാന്ധിയുെട നേതൃത്വത്തിന് കോൺഗ്രസിനുള്ളിലും ജനങ്ങൾക്കിടയിലും കൈവന്ന അപ്രമാദിത്വം കലർന്ന സ്വീകാര്യത, ‘സനാതന ധർമ്മ’ത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മഹാരാഷ്ട്രയിൽ ഉയർന്നുവന്നുകൊണ്ടിരുന്ന ദളിത് മുന്നേറ്റങ്ങൾ, 1917ലെ റഷ്യൻ വിപ്ലത്തെ തുടർന്ന് ലോകമെങ്ങും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനുണ്ടായ സ്വീകാര്യതയും തൊഴിലാളി പ്രക്ഷോഭങ്ങളും ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യം – ഈ സാഹചര്യത്തില്‍ അസന്തുഷ്ടരായിരുന്ന യാഥാസ്ഥിതികർക്കും വർഗീയ വാദികൾക്കും വളരെ സ്വീകാര്യമായിരുന്നു ഹിന്ദുത്വം എന്ന ‘നവ’ രാഷ്ട്രീയ ചിന്ത. ഇറ്റലിയിൽ ജനാധിപത്യത്തെ കുഴിച്ചുമൂടാൻ കൊലവിളി നടത്തിക്കൊണ്ടിരുന്ന മുസ്സോളിനിയുടെ ഫാസിസ്റ്റ് മുന്നേറ്റത്തിൽ ആവേശഭരിതരായിരുന്ന ആ കൂട്ടർ അന്വേഷിച്ചുകൊണ്ടിരുന്ന ‘പ്രത്യയശാസ്ത്രം’ ഹിന്ദുത്വയിൽ കണ്ടെത്തി. ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന ഡോക്ടർ ബി.എസ്‌.മൂഞ്ചേ, ഡോക്ടർ ഹെഡ്ഗെവാർ എന്നിവർ ഹിന്ദുത്വത്തിൽ പ്രചോദിതരായി സവർക്കറെ നേരിൽ സന്ദർശിക്കുകയും തുടർന്ന് 1925ൽ വിജയദശമി ദിനത്തിൽ ആർഎസ്‌എസ് രൂപീകരിക്കുകയും ചെയ്തു. പിന്നീട് 1931ൽ ഡോക്ടർ ബി.എസ്‌.മൂഞ്ചേ ഇറ്റലിയിൽ പോയി മുസ്സോളിനിയെ സന്ദർശിച്ചു.


ഹിന്ദുത്വം എന്ന രാഷ്ട്രീയ ചിന്തയും ആർഎസ്എസിന്റെ പദ്ധതികളും ബ്രിട്ടീഷ് ഭരണകൂടത്തിന് യാതൊരു അസ്വസ്ഥതയും സൃഷ്ടിക്കുന്നതായിരുന്നില്ല. കാരണം, ബ്രിട്ടീഷുകാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദു-മുസ്ലീം വിഘടനത്തിന് ഏറ്റവും ഉചിതമായ പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമായിരുന്നു അത്. ആർഎസ്‌എസ് ഒരിക്കലും സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനോട് പൊരുതിയിട്ടില്ല; അങ്ങനെയൊരു ലക്ഷ്യം അവര്‍ പ്രഖ്യാപിച്ചിട്ടുമില്ല.
ഈ ഭൂമിയുടെ അവകാശം ആർക്ക് എന്നതുതന്നെയാണ് ഹിന്ദുത്വ ഉന്നയിക്കുന്ന വിഷയം. രാജ്യം ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന ശരിയായ ഉത്തരം ഉണ്ടെങ്കിലും സവർക്കർക്കും സംഘപരിവാറിനും മുന്നിൽ ഒരിക്കലും ജനങ്ങൾ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് മതങ്ങൾ മാത്രം. പശ്ചിമേഷ്യയിലെ സയണിസ്റ്റ് പ്രസ്ഥാനം ബൈബിൾ കഥകളുടേ പേരിൽ പാലസ്തീനുമേല്‍ അധികാരം അവകാശപ്പെടുന്നതുപോലെ, ഭാരതീയ പുരാണങ്ങളുടെ പേരിൽ സംഘപരിവാർ ഭാരതത്തിനുമേൽ ചോദ്യം ചെയ്യാനാകാത്തതരം അധികാരം അവകാശപ്പെടുന്നു! സവർക്കറും ഗോൾവാള്‍ക്കറും അതിനുള്ള സൈദ്ധാന്തികന്യായം കണ്ടെത്താൻ വ്യാജസിദ്ധാന്തങ്ങൾ ചമയ്ക്കുന്നു!


സവർക്കർ പറയുന്നു, “അന്യരാജ്യങ്ങളിൽനിന്ന് ഓടിവന്ന് അഭയം തേടിയവർ, അധികാരക്കൊതിയോ ധനമോഹമോ നിമിത്തം ഹിന്ദുമതം ഉപേക്ഷിച്ച് മറ്റുമതങ്ങളിൽ ചേർന്നവർ, അതിർത്തി കടന്ന് കയറിവന്ന് നമ്മുടെ പുണ്യഭൂമിയും ക്ഷേത്രങ്ങളും നശിപ്പിച്ച കിരാതന്മാരായ അക്രമികളുടെ അനന്തരാവകാശികൾ, ഇവരുടെകൂടെ ഇന്ത്യയുടെ അവകാശം പങ്കുവയ്ക്കുവാൻ ഹിന്ദുക്കൾ ഒരുക്കമല്ല. അവർക്ക് അവകാശപ്പെട്ടതല്ല ഇന്ത്യ. ഇപ്പറഞ്ഞവർക്ക് ഇവിടെ താമസിക്കണമെങ്കിൽ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേത് മാത്രമാണ് എന്ന് അംഗീകരിക്കണം.”(എ.ജി.നൂറാണി, സവർക്കറും ഹിന്ദുത്വവും, പേജ് 70) ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ മണ്ണിലെ ചൂടുംചൂരും ഏറ്റുവളര്‍ന്ന് ഈ മണ്ണില്‍, ഈ സമൂഹ ജീവിതത്തില്‍ ലയിച്ചുചേര്‍ന്ന ജനങ്ങളെക്കുറിച്ചാണ് ഈ അനാശാസ്യ പദപ്രയോഗങ്ങള്‍ അദ്ദേഹം നടത്തുന്നത്. തന്റെ അഭിപ്രായങ്ങൾക്ക് എന്തെങ്കിലും പിശക് ഉണ്ടാകാനുള്ള വിദൂര സാധ്യതപോലും അദ്ദേഹം സങ്കൽപ്പിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം.


സവര്‍ക്കര്‍ ചരിത്രവും
ഹിന്ദുത്വത്തിലേയ്ക്കുള്ള വഴിയും


1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ദാഗൂര്‍ ഗ്രാമത്തില്‍ ഒരു ചിത്പവന്‍ ബ്രാഹ്‌മണ കുടുംബത്തിലാണ് വിനായക ദാമോദര്‍ സവര്‍ക്കര്‍ ജനിച്ചത്. സവര്‍ക്കര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബാലഗംഗാധര തിലകിന്റെയും മറ്റും നേതൃത്വത്തില്‍ അന്ന് നടന്നുവന്നിരുന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. സായുധ സമരത്തിലൂടെ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ 1899 ല്‍ സഹോദരന്‍ ഗണേഷ് സവര്‍ക്കറുമായി ചേര്‍ന്ന് മിത്രമേള എന്ന സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ ഇറ്റാലിയന്‍ വിപ്ലവകാരി മസീനിയുടെ വിപ്ലവ ആദര്‍ശങ്ങളിള്‍ ആകൃഷ്ടനായി അവരുടെ സംഘടനയായ യംഗ് ഇറ്റലി എന്ന പേരിനോട് സാദൃശ്യപ്പെടുത്തി 1904ല്‍ മിത്രമേള എന്ന പേര് അഭിനവ് ഭാരത് സഭ എന്ന് മാറ്റി.
1906ല്‍ നിയമപഠനത്തിനായി സവര്‍ക്കര്‍ ലണ്ടനിലേയ്ക്ക് പോയി. അവിടെയും പ്രവര്‍ത്തനം തുടര്‍ന്നു. 1909 ജൂലൈ 1ന് സവര്‍ക്കറുടെ അനുയായികളിലൊരാളായിരുന്ന മദന്‍ലാല്‍ ധിന്‍ഗ്ര(പഞ്ചാബ്) എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി, ലെഫ്റ്റനന്റ് കേണല്‍ കഴ്‌സണ്‍ വില്ലി എന്ന ബ്രിട്ടീഷ് ഉദ്യോ ഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരാളും ഒപ്പം കൊല്ലപ്പെട്ടു. തുടര്‍ന്ന് മദന്‍ലാല്‍ ധിന്‍ഗ്ര തൂക്കിലേറ്റപ്പെട്ടു. ഈ സംഭവത്തിന് പിന്നില്‍ സവര്‍ക്കറായിരുന്നു. ഇതേ സമയം മഹാരാഷ‌്ട്രയില്‍ അഭിനവ് ഭാരത് സഭയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി സംഘടനയുടെ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കപ്പെടുകയും വി.ഡി.സവര്‍ക്കറുടെ സഹോദരന്‍ ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍ അറസ്റ്റിലാകുകയും ബ്രിട്ടനെതിരെ കലാപത്തിനു ശ്രമിച്ച കുറ്റത്തിന് 1909 ജൂണ്‍ 8ന് ജീവപര്യന്തം നാടുകടത്തപ്പെടുകയും ചെയ്തു. അദ്ദേഹത്തെ നാടുകടത്താന്‍ വിധി പ്രസ്താവിച്ച മജിസ്‌ട്രേറ്റ് എ.എം.ഡി.ജാക്‌സണ്‍ അതേ വര്‍ഷം ഡിസംബര്‍ 29ന് ആനന്ദ് ലക്ഷ്മണ്‍ കര്‍ക്കരേ എന്ന യുവാവിന്റെ വെടിയേറ്റ് മരിച്ചു. ആ കൊലപാതകത്തിന്റെ പിന്നിലെയും ആസൂത്രകന്‍ വി.ഡി.സവര്‍ക്കറായിരുന്നു. കഴ്‌സണ്‍ വില്ലിയുടെ വധത്തെത്തുടര്‍ന്ന് സവര്‍ക്കര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 1910 മാര്‍ച്ച് 13ന് ലണ്ടലിനെ വിക്ടോറിയാ സ്‌റ്റേഷനില്‍ വച്ച് വി.ഡി.സവര്‍ക്കര്‍ അറസ്റ്റിലായി. സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 20 തോക്കുകളില്‍ ഒന്നാണ് ജാക്‌സണെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ശേഷം അദ്ദേഹം വിചാരണ ചെയ്ത് ശിക്ഷിക്കപ്പെട്ടു.


ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. 1910 ജൂലൈ 10ന് എസ്.എസ്.മോറിയ എന്ന കപ്പലില്‍ അദ്ദേഹത്തെ കൊണ്ടുപോകുംവഴി ഫ്രാന്‍സിന്റെ തീരത്തുവച്ച് കപ്പലില്‍നിന്നും അതിവിദഗ്ദ്ധമായി രക്ഷപെട്ട സവര്‍ക്കറെ ഫ്രാന്‍സിന്റെ തന്നെ മണ്ണില്‍വച്ച് പിടികൂടി. ഈ സംഭവം അദ്ദേഹത്തില്‍ വലിയ വീരപരിവേഷം ആരോപിക്കുന്നതിന് ഇടയാക്കി. ഇന്ത്യയിലെ രാജകീയ ഗവണ്മെന്റിനെതിരെ ലഹളയ്‌ക്കൊരുങ്ങി, ആയുധം ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്തു, ജഡ്ജി ജാക്‌സണ്‍ന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടത്തി, ലണ്ടനില്‍ ആയുധ വിതരണം നടത്തി, 1906 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയിലും 1908 മുതല്‍ 1909 വരെ ലണ്ടനിലും രാജ്യ ദ്രോഹകരമായ പ്രസംഗങ്ങള്‍ നടത്തി – ഇവയായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
1911 ജൂലൈ 4ന് ആന്റമാന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍ സവര്‍ക്കറെ കൊണ്ടുവന്നു. മറ്റെല്ലാ പോരാളികളെയും പോലെ അതികഠിനമായ കഷ്്ടപ്പാടുകള്‍ അവിടെ അദ്ദേഹവും അനുഭവിച്ചു. 6 മാസം തുടര്‍ച്ചയായി ഏകാന്ത തടവ് അനുഭവിച്ചു. കഠിനമായ ജോലിയും അവിടത്തെ കാലാവസ്ഥയും മോശം ഭക്ഷണവും സാഹചര്യങ്ങളുമെല്ലാം അദ്ദേഹത്തിന് താങ്ങാവുന്നതിലും ഏറെ പ്രതികൂലമായിരുന്നു. ശാരീരിക പീഡനവും നിസ്സഹായാവസ്ഥയും അദ്ദേഹത്തെ മാനസികമായി തളർത്തി. വിപ്ലവകാരി എന്ന നിലയിലുള്ള മനോവീര്യം മുഴുവനും ചോർന്ന് നഷ്ടപ്പെട്ടു. ആറുമാസം പൂർത്തിയാകുംമുമ്പേ അതേ വർഷംതന്നെ അദ്ദേഹം ഗവൺമെന്റിലേയ്ക്ക് തന്റെ ആദ്യ ദയാഹർജി സമർപ്പിച്ചു.
1913 നവംബർ 14ന് അദ്ദേഹം രണ്ടാമത്തെ ദയാഹർജി സമർപ്പിച്ചു. തുടർന്ന് 1914 ഒക്ടോബർ, 1917 ഒക്ടോബർ 5, 1920 മാർച്ച് 20 എന്നീ തീയതികളിൽ ആവർത്തിച്ച് ദയാഹർജികൾ സമർപ്പിക്കപ്പെട്ടു. തുടർന്ന് ഇന്ത്യൻ ജയിലിലേയ്ക്ക് മാറ്റപ്പെട്ട സവർക്കറുടെ മോചനത്തിനുവേണ്ടി 1921, 22ൽ അദ്ദേഹത്തിന്റെ ഭാര്യ യമുന ദേവി രണ്ട് ദയാഹർജികൾകൂടെ നൽകുകയുണ്ടായി. സവർക്കർ സർക്കാരിന് എഴുതിയ ഹർജികളെ ദയാഹർജികളെന്നു വിളിക്കുന്നുണ്ടെങ്കിലും ഉള്ളടക്കത്തിൽ അവയൊന്നും ദയാഹർജികളല്ല; ഏറ്റവും ഹീനവും ലജ്ജാകരവുമായ സ്വരത്തിലുള്ള മാപ്പപേക്ഷകളായിരുന്നു എന്ന് വായിച്ചാൽ മനസ്സിലാകും.


1913, നവംബര്‍ 14ന് ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഹോം മെമ്പറായിരുന്ന റെജിനാള്‍ഡ് ക്രഡ്‌ഡോക്കിന് വി.ഡി.സവര്‍ക്കര്‍ സമര്‍പ്പിച്ച അഭ്യര്‍ത്ഥന:


താഴെപ്പറയുന്ന കാര്യങ്ങള്‍ താങ്കളുടെ പരിഗണനയ്ക്കായി സമക്ഷത്തുങ്കല്‍ സമര്‍പ്പിക്കുന്നു.

  1. 1911 ജൂണില്‍ ഞാന്‍ ഇവിടെ എത്തിയപ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് തടവുകാര്‍ക്കൊപ്പം എന്നെ ചീഫ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാക്കുകയുണ്ടായി. അവിടെവെച്ച് എന്നെ ഡി ഗണത്തിലെ തടവുകാരനാക്കി മാറ്റി. ഡി എന്നാല്‍ അപകടകാരിയായ തടവുകാരന്‍ എന്നര്‍ത്ഥം. മറ്റ് തടവുകാരെ ഡി ഗണത്തില്‍പ്പെടുത്തിയില്ല. അതേത്തുടര്‍ന്ന് 6 മാസം പൂര്‍ണ്ണമായും ഏകാന്തത്തടവില്‍ കഴിഞ്ഞു. മറ്റുള്ളവര്‍ അങ്ങനെയായിരുന്നില്ല. അന്നുമുതല്‍ കയര്‍ പിരിക്കുന്ന ജോലിക്ക് എന്നെ നിയോഗിക്കുകയുണ്ടായി, എന്റെ കൈകളില്‍നിന്ന് രക്തം വമിച്ചിട്ട്പോലും. പിന്നീട് എണ്ണയാട്ടുന്ന മില്ലിൽ, ജയിലിലെ ഏറ്റവും കാഠിന്യമാർന്ന ജോലിക്ക്, എന്നെ നിയോഗിക്കുകയുണ്ടായി. ഇക്കാലയളവിൽ എന്റെ പെരുമാറ്റം അസാധാരണമാംവിധം മികച്ചതായിരുന്നെങ്കിൽപോലും എന്നെ തടവിൽനിന്നും മുക്തമാക്കിയില്ല, എന്റെ കൂടെ വന്നവരോട് ചെയ്തപോലെ. ആ സമയം മുതൽ ഇന്നുവരെ എന്റെ സ്വഭാവം എനിക്ക് കഴിയുംവിധം മെച്ചപ്പട്ടതായി സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
  2. തടവിലെ സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചപ്പോൾ, ഞാനൊരു സവിശേഷ തടവുകാരനാണെന്നും അതിനാൽ സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്നുമാണ്. എന്നാൽ പ്രത്യേക ഭക്ഷണത്തിനോ പ്രത്യേക പരിചരണത്തിനോ ആവശ്യപ്പെട്ടാൽ ഞങ്ങളോട് പറയുക നിങ്ങൾ സാധാരണ തടവുകാരായതിനാൽ മറ്റുള്ളവർ കഴിക്കുന്നതുതന്നെ കഴിക്കേണ്ടതാണ് എന്നാണ്. അതിനാൽ ഞങ്ങളെ സവിശേഷ തടവുകാർ എന്ന ഗണത്തിൽപ്പെടുത്തിയത് സവിശേഷമായ അസൗകര്യങ്ങൾക്ക് വേണ്ടിയാണ് എന്ന് ബഹുമാനപ്പെട്ട അങ്ങ് കാണേണ്ടതുണ്ട്.
  3. ഭൂരിപക്ഷം തടവുകാരേയും പുറത്തേയ്ക്ക് വിട്ട അവസരത്തിൽ ഞാനും എന്റെ വിടുതലിനായി അപേക്ഷിക്കുകയുണ്ടായി. രണ്ടോ മൂന്നോ പ്രാവശ്യം എന്നെ ഏകാന്തത്തടവിന് വിധിച്ചിരുന്നു. അതേ സമയം മറ്റു ചിലരെ ഒരു ഡസനോ അതിൽ കൂടുതലോ തവണ വിട്ടയച്ചിട്ടും എന്നെ വിടുകയുണ്ടായില്ല. കാരണം ഞാൻ അവരുടെ നോട്ടപ്പുള്ളി ആയിരുന്നു. എന്നെ ഏകാന്ത തടവിൽ നിന്നും വിമോചിപ്പിക്കാനുള്ള കല്പന വന്നപ്പോഴാകട്ടെ പുറത്തുള്ള ചില രാഷ്ട്രീയത്തടവുകാർ പ്രശ്‌നങ്ങളിൽപെ ടുകയും എന്നാൽ അവരുടെ നോട്ടപ്പുള്ളി ആയതുകൊണ്ടുമാത്രം എന്നെ അതിന്റെ പേരിൽ അകത്തിടുകയും ചെയ്തു.
  4. ഇന്ത്യൻ ജയിലുകളിൽ ആയിരുന്നെങ്കിൽ ഒരുപക്ഷെ ഈ സമയംകൊണ്ട് കുറേക്കൂടി സ്വതന്ത്രനാക്കപ്പെടുകയും വീട്ടിലേക്ക് കൂടുതൽ എഴുത്തുകൾ അയയ്ക്കാനും കൂടുതൽ സന്ദർശകരെ കാണാനും കഴിയുമായിരുന്നു. ഞാൻ നാടുകടത്തപ്പെട്ടവൻ ആയിരുന്നെങ്കിൽ ഇക്കാലംകൊണ്ട് എളുപ്പത്തിൽ ഈ ജയിലിൽനിന്നും കുറ്റവിമുക്ത മായി മോചിക്കപ്പെടുകയും ടിക്കറ്റിനും അവധിക്കുംവേണ്ടി കാത്തിരിക്കുകയും ചെയ്‌തേനെ. പക്ഷെ, ഇപ്പോൾ ഇന്ത്യൻ ജയിലിലെ ആനുകൂല്യങ്ങളോ കോളനി റെഗുലേഷന്റെ ആനുകൂല്യങ്ങളോ ഫലത്തിൽ എനിക്ക് ലഭിക്കുന്നില്ല. അതേസമയം ഈ രണ്ട് നിയമങ്ങളുടെയും മോശപ്പെട്ട ഫലങ്ങൾ അനുഭവിക്കുന്നുണ്ടുതാനും.
  5. അതിനാൽ ബഹുമാനപ്പെട്ട അങ്ങേയ്ക്ക് എന്നി പ്രതിഷ്ഠിച്ചിട്ടുള്ള ഈ ദുർഘടസന്ധിക്ക് അന്ത്യം കുറിക്കാൻ ദയവുണ്ടാകണം. ഒന്നുകിൽ എന്നെ ഇന്ത്യൻ ജയിലുകളിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ മറ്റേത് തടവുകാരനെപ്പോലെയും നാടുകടത്തപ്പെട്ടവനായി എന്നെ കണക്കാക്കുകയോ ചെയ്യണം. ലോകത്തിലെ ഏത് സ്വതന്ത്ര രാജ്യത്തെയും പരിഷ്‌കൃതമായ പൊതുഭരണ സമ്പ്രദായത്തിൽനിന്ന് ഒരു രാഷ്ട്രീയ തടവുകാരൻ പ്രതീക്ഷിക്കുന്നതെന്നോ അതുപോലും ഞാൻ ആവശ്യപ്പെടുന്നില്ല. മറിച്ച് ഏറ്റവും മോശപ്പെട്ട തടവുകാർക്കും സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കും നൽകുന്ന ഇളവുകൾ മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഈ ജയിലിൽ എന്നെന്നേയ്ക്കുമായി എന്നെ തളച്ചിടാനുള്ള പദ്ധതി ജീവനും ശുഭപ്രതീക്ഷയും നിലനിർത്തുന്ന ഏതെങ്കിലും സാധ്യതയെപ്പറ്റി അങ്ങേ അറ്റത്തെ നിരാശ മാത്രമാണ് എനിക്ക് നൽകുന്നത്. ഹ്രസ്വകാല തടവുകാരെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സാർ, മുഖത്ത് തുറിച്ചുനോക്കുന്ന 50 വർഷങ്ങളാണ് എനിക്കുള്ളത്. ഏറ്റവും മോശപ്പെട്ട കുറ്റവാളികൾക്കുപോലും നൽകുന്ന അവരുടെ തടവ് ജീവിതത്തെ അയത്‌നലളിതമാക്കുന്ന ഇളവുകൾ എനിക്ക് നിഷേധിക്കപ്പെടുമ്പോൾ എങ്ങനെയാണ് ഇടുങ്ങിയ തടവറയിൽ കിടന്നുകൊണ്ട് ഇത്രയും വർഷം മറികടക്കാനാവശ്യമായ ധാർമ്മികമായ ഊർജ്ജം സംഭരിക്കാനാകുക ? അതിനാൽ ഒന്നുകിൽ എനിക്ക് (എ) മോചനം അല്ലെങ്കിൽ (ബി) നാലുമാസത്തിലൊരിക്കൽ ബന്ധുജനങ്ങളെ കാണാനുള്ള അവസരം ലഭിക്കും. ദൗർഭാഗ്യവശാൽ ജയിലിൽ ആയിപ്പോയവർക്ക് അറിയാം അവരുടെ ബന്ധുമിത്രാദികളെ ഇടക്കിടെ കാണാൻ കഴിയുന്നത് എത്രമാത്രം അനുഗ്രഹീതമായ ഒന്നാണെന്നത്. (സി) 14 വർഷത്തിനുശേഷം മോചനം ലഭിക്കുക എന്നത് ധാർമ്മികമായ, നിയമപരമായല്ലെങ്കിലും, അവകാശം കൂടിയാണ്. (ഡി) അതുപോലെത്തന്നെ കത്തുകൾ എഴുതാനും മറ്റുമുള്ള ചെറിയ അവകാശങ്ങളും. ഇനി എന്നെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് അയക്കുന്നില്ലെങ്കിൽ മറ്റേത് കുറ്റവാളിയേയുംപോലെ 5 വർഷങ്ങൾക്കുശേഷം എന്റെ കുടുംബത്തെ സന്ദർശിക്കാനായി ലീവ് അനുവദിച്ച് ശുഭാപ്തി വിശ്വാസത്തോടെ ജയിലിന് പുറത്തേക്ക് അയയ്ക്കേണ്ടതാണ്. ഇത് അനുവദിക്കുകയാണെങ്കിൽ, അവശേഷിക്കുന്ന ഒരേയൊരു പരാതി, സ്വന്തം തെറ്റുകുറ്റങ്ങൾക്ക് മാത്രമേ ഞാൻ ഉത്തരവാദിയാകുന്നുള്ളു, മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല എന്നതാണ്. ഇക്കാര്യത്തിന്-എല്ലാ മനുഷ്യരുടെയും അടിസ്ഥാന അവകാശത്തിനുവേണ്ടി അഭ്യർത്ഥിക്കുക എന്നത് തീർച്ചയായും ദയനീയമായ ഒന്നാണ്. ഒരു വശത്ത് ചെറുപ്പക്കാരും പ്രവർത്തനനിരതരും അസ്വസ്ഥരുമായ പത്തിരുപത് ചെറുപ്പക്കാരും മറുവശത്ത് ഒരു കുറ്റവാളി സമൂഹത്തിന് മേലുള്ള നിയന്ത്രണങ്ങൾ. ചിന്തയുടെയും ആവിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യങ്ങളെ സാധ്യമായ ഏറ്റവും ഇടുക്കത്തിലെത്തിക്കുക എന്ന ആ നിയന്ത്രണങ്ങളുടെ സ്വഭാവം. ഇതെല്ലാംകൊണ്ട് അവരിൽ ചിലർ ഒന്നോ രണ്ടോ നിയന്ത്രിത ചട്ടങ്ങളെ അതിലംഘിക്കുന്നതായി കാണുക അത്യന്താപേക്ഷിതമാണ്.
    അവസാനമായി ബഹുമാനപ്പെട്ട അങ്ങയോട് 1911ൽ ഞാൻ അയച്ച ദയാഹർജിയിലൂടെ കടന്നുപോകുന്നത് നന്നായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു. അത് അനുവദിച്ചുകിട്ടാൻ ഇന്ത്യൻ ഗവണ്മെന്റിന് അയച്ചുകൊടുക്കുകയുണ്ടായോ ? ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ പുതിയ വികാസങ്ങളും അവയോട് ഗവണ്മെന്റ് എടുക്കുന്ന സൗഹാർദ്ദപൂർവ്വമായ നയങ്ങളും ഭരണഘടനാപരമായ രീതികൾ ഒന്നുകൂടി തുറന്നുതരുന്നുണ്ട്. ഇന്ന് ഇന്ത്യയുടെ നന്മയും മനുഷ്യത്വവും ഉള്ളിലുള്ള ഒരാളും മുൾപ്പാതകളിലേക്ക് അന്ധമായി എടുത്തുചാടില്ല. 1906-07ലെ ആവേശോജ്ജ്വലവും അതേസമയം നിരാശാജനകവുമായ അക്കാലം ഞങ്ങളെ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിൽനിന്ന് ഞങ്ങളെ വ്യതിചലിപ്പിച്ചു. അതിനാൽ ഗവണ്മെന്റ് അതിന്റെ ഉദാരതയാലും കരുണയാലും എന്നെ വിമോചിപ്പിക്കുകയാണെങ്കിൽ ഭരണഘടനാപരമായ പുരോഗതിയുടെയും ആ പുരോഗതിയുടെ മൂൻകൂർ അവസ്ഥയായ ഇംഗ്ലീഷ് ഗവണ്മെന്റിനോടുള്ള വിധേയത്വത്തിന്റെയും ഏറ്റവും ശക്തനായ വക്താക്കളിൽ ഒരാളല്ലാതെ മറ്റാരും ആയിരിക്കില്ല ഞാൻ. ഞങ്ങൾ ജയിലിലായിരിക്കുന്നിടത്തോളം കാലം പൊന്നുതമ്പുരാന്റെ ഇന്ത്യൻ പ്രജകളുടെ നൂറുകണക്കിനും ആയിരക്കണക്കിനുമുള്ള വീടുകളിൽ ശരിയായ ആഹ്ലാദമോ സന്തുഷ്ടിയോ ഉണ്ടായിരിക്കില്ല. കാരണം രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. അതേസമയം ഞങ്ങൾ വിമോചിതരാകുകയാണെങ്കിൽ ജനങ്ങൾ സന്തോഷത്തിന്റെയും നന്ദിയുടെയും ഉദ്‌ഘോഷം, എങ്ങനെ തെറ്റുതിരുത്തിപ്പിക്കണം പൊറുക്കണം എന്നറിയുന്ന ഗവണ്മെന്റിന് നേരെ, സ്വാഭാവികമായി ഉയർത്തും. അതിലുപരിയായി ഭരണഘടനയ്ക്ക് വിധേയപ്പെടാനുള്ള എന്റെ മനംമാറ്റം എന്നെ മാർഗ്ഗദർശിയായിക്കാണുന്ന ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വഴിതെറ്റിയ ചെറുപ്പക്കാരെ മടക്കിക്കൊണ്ടുവരും. ഗവണ്മെന്റ് ആഗ്രഹിക്കുന്നതനുസരിച്ച് ഏത് തരത്തിൽ സേവിക്കാനും ഞാൻ തയ്യാറാണ്. കാരണം എന്റെ മനംമാറ്റം പരിപൂർണ്ണമാണ്. ഭാവിയിൽ എന്റെ പെരുമാറ്റവും അങ്ങനെത്തന്നെയായിരിക്കും എന്ന് ഞാൻ കരുതുന്നു. എന്നെ ജയിലിൽത്തന്നെ പിടിച്ചിടുന്ന അവസ്ഥയെ മറ്റേത് അവസ്ഥയുമായി താരതമ്യപ്പെടുത്തുന്നതിലും കാര്യമില്ല. ഞങ്ങളുടെ തമ്പുരാന് ദയാനിർഭരനായിരിക്കാൻ കഴിവുണ്ടായിരിക്കേ, മുടിയനായ പുത്രൻ ഗവണ്മെന്റിന്റെ രക്ഷാകർത്തൃത്വത്തിന്റെ വാതിലുകളിലേയ്ക്കല്ലാതെ മറ്റെങ്ങോട്ടാണ് മടങ്ങുക ? ബഹുമാന്യനായ അങ്ങ് ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കും എന്ന് പ്രത്യാശിക്കുന്നു. (പി.എന്‍.ഗോപീകൃഷ്ണന്‍, പേജ് 125)

ആന്റമാനിലെ ജയിലിലെത്തുംമുമ്പുവരെ വി.ഡി.സവര്‍ക്കര്‍ മുസ്ലീം വിരുദ്ധനായിരുന്നില്ല. മറിച്ച് കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിരുന്നു. 1907 ല്‍ അദ്ദേഹം രചിച്ച ‘ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം 1857’ എന്ന കൃതിയില്‍ ഹിന്ദുക്കളും മുസ്ലീംങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം വിശദമായി വ്യക്തമാക്കുന്നുണ്ട്. മറാത്ത ഭാഷയില്‍ രചിച്ച ആ കൃതി 1909ല്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. ഉടന്‍ തന്നെ ആ കൃതി നിരോധിക്കപ്പെടുകയും ചെയ്തു. ആ കൃതിയുടെ ആമുഖത്തില്‍ സവര്‍ക്കര്‍ പറയുന്നു ‘…മുഹമ്മദീയരോട് വിദ്വേഷ വികാരം, ശിവജിയുടെ കാലത്ത് ന്യായവും ആവശ്യവുമായിരുന്നു. എന്നാല്‍ ഇന്ന് അതേ വികാരം വച്ചുപുലര്‍ത്തുന്നത് അന്യായവും അനാവശ്യവുമാണ്. ചരിത്രത്തില്‍ നിന്ന് ആശയവും ആദര്‍ശവും ആറ്റിക്കുറുക്കിയെടുക്കണം. വെറും സംഭവങ്ങളായി അതിനെ കണ്ടാല്‍ പോര…’ (എ.ജി. നൂറാണി, പേജ് 49, ചിന്താ പബ്ലിഷേഴ്‌സ് മൂന്നാം പതിപ്പ് 2017)
1857ലെ പോരാട്ടത്തില്‍ മുസ്ലീംങ്ങള്‍ വഹിച്ച പങ്കിനെപ്പറ്റി അദ്ദേഹം പറയുന്നു: ‘… മൗലവിമാര്‍ ഉദ്‌ബോധിപ്പിച്ച ആദര്‍ശം എന്തായിരുന്നു? ബ്രാഹ്‌മണ പണ്ഡിതര്‍ ആശംസിച്ച ആശയം എന്തായിരുന്നു? ഡല്‍ഹിയിലെ പള്ളികളില്‍നിന്നും കാശിയിലെ ക്ഷേത്രങ്ങളില്‍നിന്നും അന്തരീക്ഷത്തില്‍നിന്നും ഉയര്‍ന്ന വിജയമന്ത്രം എന്തിനുവേണ്ടിയായിരുന്നു? സ്വധര്‍മ്മവും സ്വാതന്ത്ര്യവുമാണ് ആ ആദര്‍ശവും ആശയവും. ജീവനെക്കാള്‍ പ്രിയപ്പെട്ട മതം അപായത്തിലാണ് എന്നറിഞ്ഞപ്പോള്‍ അതിനെ രക്ഷിക്കാന്‍ ‘ ദീന്‍ ദീന്‍’ എന്ന മുറവിളി മുഴങ്ങി. സ്വരാജ്യം നേടാനുള്ള ആഗ്രഹത്തോടെ അടിമത്തച്ചങ്ങല ആഞ്ഞുകുലുക്കി ഹിന്ദുസ്ഥാനിലെ സന്താനങ്ങള്‍ അസ്ഥികളും മജ്ജകളും കൊണ്ട് സ്വധര്‍മ്മവും സ്വരാജ്യവും സ്ഥാപിക്കാന്‍ സന്നദ്ധരായി. (എ.ജി. നൂറാണി, പേജ് 50)
ഇങ്ങനെ മുസ്ലീംങ്ങളും ഹിന്ദുക്കളും ഒരുമിച്ച്, ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കാന്‍ ആവേശത്തോടെ ഹിന്ദുക്കളോട് പറയുന്ന സവര്‍ക്കര്‍ എന്തുകൊണ്ട്, എങ്ങനെ, കടുത്ത മുസ്ലീം വിരുദ്ധനും ബ്രിട്ടീഷുകാരോട് സഖ്യം ചേരുന്നവനുമായി മാറി? രണ്ടു സാധ്യതകളേ ഈ വിഷയത്തിലുള്ളൂ. ഒന്നുകില്‍ ജയില്‍ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മാനസിക നിലയുടെ താളം തെറ്റിച്ചു. അല്ലെങ്കില്‍ ജീവിതാസക്തിമൂലം വിപ്ലവവും രാജ്യ സ്‌നേഹവും ഉപേക്ഷിച്ച് ബ്രിട്ടീഷ് സേവകനായി ജീവിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധി തീരുമാനിച്ചു. ഇതില്‍ രണ്ടാമത്തേതിനാണ് സാധ്യത. കാരണം, അതിബുദ്ധിമാനും അനേകരെ സ്വാധീനിക്കാന്‍ കഴിയുന്നത്ര പ്രഭാവശാലിയുമായിരുന്ന അദ്ദേഹത്തിന്റെ കാര്യകാരണ വിവേചന ബുദ്ധിക്ക് മരണം വരെ തകരാറുണ്ടായിരുന്നതായി കാണപ്പെടുന്നില്ല. മാത്രമല്ല 1913 ലെഴുതിയ അദ്ദേഹത്തിന്റെ മാപ്പപേക്ഷയുടെ സ്വരവും അതിന്റെ ഭഷയും ആശയവും അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിത നിലപാടുകളുമായി പൂര്‍ണ്ണമായി ഒത്തുപോകുന്നതായിരുന്നു.
‘…1906-07 ആവേശോജ്ജ്വലവും അതേസമയം നിരാശാ ജനകവുമായ അക്കാലം ഞങ്ങളെ സാമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍നിന്ന് വ്യതിചലിപ്പിച്ചു. അതിനാല്‍ ഗവണ്മെന്റ് അതിന്റെ ഉദാരതയാലും കരുണയാലും എന്നെ മോചിപ്പിക്കുകയാണെങ്കില്‍ ഭരണഘടനാപരമായ പുരോഗതിയുടെയും ആ പുരോഗതിയുടെ മുന്നുപാധിയായ ഇംഗ്ലീഷ് ഗവണ്മെന്റിനോടുള്ള വിധേയത്വത്തിന്റെ ഏറ്റവും ശക്തമായ വക്താക്കളില്‍ ഒരാളല്ലാതെ മറ്റാരുമായിരിക്കില്ല ഞാന്‍…
…അതിലുമുപരി ഭരണഘടനയ്ക്ക് വിധേയപ്പെടാനുള്ള എന്റെ മനംമാറ്റം എന്നെ മാര്‍ഗ്ഗദര്‍ശിയായി കാണുന്ന ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വഴിതെറ്റിയ ചെറുപ്പക്കാരെ മടക്കിക്കൊണ്ടുവരും. ഗവണ്മെന്റാഗ്രഹിക്കുന്നതിനനുസരിച്ച് ഏതുതരത്തില്‍ സേവിക്കാനുംഞാന്‍ തയ്യാറാണ്.’
ഈ അവസാന വാക്യങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്? സ്വാതന്ത്ര്യ സമര പോരാളിയായി തുടരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് അതേസമയം ബ്രിട്ടീഷ് സേവ നടത്താനാകുക? നിവൃത്തികേടുകൊണ്ട് മാപ്പപേക്ഷ എഴുതിയാല്‍പ്പോലും ഉള്ളില്‍ രാജ്യസ്‌നേഹം തുടിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ബ്രിട്ടീഷ്സേവ നടത്താനാകുക? ബ്രിട്ടീഷ് സേവകനാകുന്ന ഒരാള്‍ക്ക് എങ്ങനെയാണ് വിപ്ലവകാരികളെ ബ്രിട്ടീഷനു കൂലികളാക്കാന്‍ കഴിയുക?


വിപ്ലവകാരിയായി നിലകൊണ്ടുകൊണ്ട് രക്തസാക്ഷിത്വം വരിക്കാനുള്ള ധൈര്യമോ അതല്ലെങ്കില്‍ തന്റെ മാറിയ മനസ്സ് തുറന്നുപറഞ്ഞ് ജനങ്ങളെ അഭിമുഖീകരിച്ച് നിലകൊള്ളാനുള്ള ധൈര്യമോ ഇല്ലാത്ത ഒരു പരമ ഭീരുവിന് ജനങ്ങളോടൊപ്പം നിന്ന് ഏറ്റവും കൗശലപൂര്‍വ്വം ബ്രിട്ടീഷ് ഭരണകൂടത്തിന് ചെയ്തുകൊടുക്കാന്‍ കഴിയുന്ന സേവന പ്രവര്‍ത്തനമാണ് ‘ഹിന്ദുത്വം’ എന്ന ആശയത്തിന്റെ പ്രചാരണത്തിലൂടെ സവര്‍ക്കര്‍ നിര്‍വ്വഹിച്ചത്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് സാംഗത്യമില്ലെന്നും മറ്റ് മതങ്ങള്‍‌ക്കെതിരായ പ്രക്ഷോഭമാണ് ആവശ്യമെന്നും സമര്‍ത്ഥിച്ചുകൊണ്ട് ചൂഷക ഭരണകൂടത്തിന് പിന്നില്‍ ജനങ്ങളെ അണിനിരത്തുന്ന ആശയം അതിനായി അദ്ദേഹം നിര്‍മ്മിച്ചെടുത്തു. അതാണ് ‘ഹിന്ദുത്വം’.
ദേശീയ പ്രസ്ഥാനത്തെ തുരങ്കം വയ്ക്കുവാനും ജനങ്ങളുടെ ഐക്യം തകര്‍ത്ത് നാടിനെ ആന്തരികമായി ദുര്‍ബലപ്പെടുത്താനും പറ്റിയ ഏറ്റവും നികൃഷ്ടമായ വിഷപ്രയോഗമാണ് അദ്ദേഹം ഇതിലൂടെ നടത്തിയത്. ഇതേ ആശയത്തിന്റെ വിപുലമായ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമാണ് എം.എസ്.ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ കൃതികളായ ‘We or Our Nationhood Defined’, ‘Bunch of Thought’s’ എന്നീ കൃതികളിലൂടെ നടത്തിയിട്ടുള്ളത്. ഇതേ ആശയമാണ് ‘സാംസ്‌ക്കാരിക ദേശീയത’ എന്ന പേരില്‍ ബിജെപി കാലങ്ങളായി പ്രചരിപ്പിച്ച് വരുന്നത്.
1936ല്‍ ഗോള്‍വര്‍ക്കര്‍ രചിച്ച We or our nationhood defined എന്ന കൃതിയില്‍ പറയുന്നു, …”ജര്‍മ്മന്‍കാരുടെ ഗോത്രാഭിമാനം ഇന്ന് ചര്‍ച്ചാ വിഷയമാണ്. വര്‍ഗ്ഗ മഹിമയും പരിശുദ്ധിയും നിലനിര്‍ത്താന്‍ സെമിറ്റിക് വംശജരായ ജൂതന്മാരെ പുകച്ചു പുറത്തുചാടിച്ചുകൊണ്ട് ജര്‍മ്മനി ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. കുലമഹിമ അതിന്റ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നതിന്റെ സ്പഷ്ടമായ ഉദാഹരണമാണിത്. ഇവിടെ ജര്‍മ്മന്‍കാരില്‍ നിന്നും നാം ഒരുകാര്യം ഉള്‍ക്കൊള്ളണം. അഭിപ്രായഭിന്നത അടിവേരുകളോളം എത്തിനില്‍ക്കുന്ന വ്യത്യസ്ത വര്‍ഗ്ഗങ്ങളും സംസ്‌കാരങ്ങളും സ്വാംശീകരിക്കപ്പെടും എന്ന അഭിപ്രായം സാഹസികമാണ്. ഹിന്ദുരാജ്യത്ത് ജീവിക്കുന്ന നമുക്ക് ഇതൊരു ഗുണപാഠമാണ്.”(പേജ് 35)
”അഹിന്ദുക്കള്‍ ഹിന്ദുസ്ഥാനില്‍ ഹിന്ദു സംസ്‌ക്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദു മതത്തെ ബഹുമാനിക്കാനും അതിനോട് ദയാഭക്തി (Reverence) പുലര്‍ത്താനും പഠിക്കണം. ഹിന്ദുവിന്റെ വംശീയതയെയും സംസ്‌കാരത്തെയും ഉജ്ജ്വലമായി പ്രോത്സാഹി പ്പിക്കുകയല്ലാതെ മറ്റൊരു ചിന്തയെയും പ്രോത്സാഹിപ്പിക്കരുത്. അതായത് അവര്‍ ഈ നാടിനോട് ദീര്‍ഘകാലമായി പുലര്‍ത്തി വരുന്ന അസഹിഷ്ണുതയും അനാദരവും അവസാനിപ്പിക്കുക. പകരം അതിനെ സ്‌നേഹിക്കാനും പൂജിക്കാനും തയ്യാറാകണം. ഒറ്റവാക്കില്‍ അവര്‍ വിദേശികളാണെന്ന കാര്യം മറക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ ഒരാനുകൂല്യവും അവകാശപ്പെടാതെ ഒരു പ്രത്യേക പരഗണനയും ആഗ്രഹിക്കാതെ (പൗരാവകാശംപോലും ചോദിക്കാതെ) ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമായി അവര്‍ക്കിവിടെ ജീവിക്കാം.” (We or Our Nationhood Defined, പേജ് 47, 48)
എത്ര വിദഗ്ദ്ധമായാണ് ഈ രാജ്യത്തെ ജനങ്ങളെ അവര്‍ ”വിദേശികളാണെന്ന കാര്യം മറക്കണം” എന്ന പ്രസ്താവനയിലൂടെ രാഷ്ട്രഗാത്രത്തില്‍നിന്ന് പുറത്താക്കിയത്! അവര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിലെ അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് മനസ്സിലാക്കാന്‍ ഇതു മതിയാകും. അഹിന്ദുക്കള്‍ക്ക് പൗരാവകാശം പോലും അവകാശമില്ല എന്ന് പറയുന്നവര്‍ എത്രമാത്രം ജനാധിപത്യവിരുദ്ധരാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. തുല്യതയ്ക്കും സാമൂഹ്യവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് പൗരസ്വാതന്ത്ര്യം. ജനാധിപത്യത്തിന്റ അടിസ്ഥാനമാണ് പൗരന്‍ എന്ന സങ്കല്‍പ്പം. തുല്യതയാണ് അതിന്റെ പ്രധാന സവിശേഷത. രാജാവും പ്രജകളും മാത്രമുള്ള ഫ്യൂഡല്‍ സമൂഹത്തില്‍ തുല്യത എന്ന സങ്കല്‍പ്പം അസാധ്യമാണ്. ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്യുന്ന മാതൃകാ ഹിന്ദു രാജ്യത്ത് മനുഷ്യനോടുള്ള സമീപനമെന്തായിരിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കുക! മനുഷ്യ വംശത്തില്‍പ്പെടുന്ന ഏതൊരു വ്യക്തിക്കും തുല്യത ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ജനാധിപത്യത്തിന്റെ മുദ്രാവാക്യം. ഒരു ജനാധിപത്യ റിപ്ലബ്ലിക്ക് സ്ഥാപിക്കുന്നതിനുവേണ്ടി ഇവിടെ നടന്ന സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നത് നോക്കുക.
We or Our Nationhood Defined ആമുഖത്തിൽ രണ്ടാംപേജിൽ പറയുന്നു, ”എന്തിനാണ് നമ്മള്‍ സമരം ചെയ്യുന്നത് ? എന്ത് നേടാനാണ് നമ്മുടെ സമരം? സ്വരാജ് ? സ്വാതന്ത്ര്യം ? എന്താണീ സ്വാജ്, ആരുടെ സ്വാതന്ത്ര്യമാണ് നമ്മള്‍ ലക്ഷ്യമാക്കുന്നത്? സ്വതന്ത്രവും ശ്രേഷ്ഠവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍വേണ്ടിയാണോ, അതോ ഇപ്പോഴത്തെ ഭരണാധികാരികള്‍ കൈവശം വച്ചിരിക്കുന്ന ചില സാമ്പത്തിക, രാഷ്ട്രീയ അധികാരങ്ങള്‍ കൈക്കലാക്കാന്‍ മാത്രമാണോ നമ്മള്‍ പൊരുതുന്നത് ? ജനസമൂഹവും ഭരണകൂടവും തികച്ചും വ്യത്യസ്തമായ സങ്കല്പങ്ങളാണ് എന്ന കാര്യം നമ്മള്‍ വ്യക്തമായും ഗ്രഹിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ നമ്മള്‍ ഇരുട്ടില്‍ തപ്പുകയും നമുക്കേറ്റവും പ്രിയങ്കരമായതിനെ നശിപ്പിക്കുന്നതില്‍ ചെന്നവസാനിക്കുകയുമായിരിക്കും ഫലം. അത്തരമൊരു ദുരന്തത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത് എന്നാണ് കാണുന്നത്. അത് ഒഴിവാക്കണമെങ്കില്‍ നമ്മള്‍ വ്യാമോഹം വെടിഞ്ഞ് നമ്മുടെ ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും വ്യക്തമായി മനസ്സിലാക്കണം.”


ഇന്ത്യ മതാടിസ്ഥാനത്തിലുള്ള രണ്ട് ദേശീയതകളാണ്. അവ ഒരിക്കലും ഒരുമിച്ച് പോകുകയില്ല എന്നും ബ്രിട്ടനെതിരായ പോരാട്ടമല്ല സ്വാതന്ത്ര്യസമരമെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് സവർക്കറെപ്പോലെ ഗോൾവാൾക്കറും തന്റെ രചനകളിലൂടെ നടത്തിയിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് അധീനതയിലുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിശാല ജനവിഭാഗങ്ങളല്ല രാഷ്ട്രം. അഞ്ച് പൊതുഘടകങ്ങളാൽ കോർത്തിണക്കപ്പെടുന്ന ഒരു ജനതയെയാണ് രാഷ്ട്രം(Nation)എന്ന് അവർ വിവക്ഷിക്കുന്നത്. എന്നാല്‍ ഈ അഞ്ച് കാര്യങ്ങള്‍പോലും ഈ ജനതയെ കോര്‍ത്തിണക്കുന്നില്ല എന്നതാണ് വാസ്തവം. ഈ അഞ്ച് പൊതു ഘടകങ്ങളാല്‍ കോര്‍ത്തിണക്കുവാനുള്ള വിഫലശ്രമങ്ങളാണ് ഈ കൃതികളിലുടനീളം.
ഭൂമിശാസ്ത്രപരം(country), വംശം(race, സയൻസ് വിശദീകരിക്കുന്ന വംശമല്ല ഇത്), മതം(religion), സംസ്കാരം(culture), ഭാഷ(language) എന്നിവയാണ് അവ. അതായത്, ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന ഒരേവംശപാരമ്പര്യമുള്ള, ഒരേ മതത്തിൽ വിശ്വസിക്കുന്ന, ഒരേ സാംസ്കാരിക പാരമ്പര്യമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് ഒരു ദേശീയ ജനവിഭാഗമായി പരിഗണിക്കപ്പെടേണ്ടവർ എന്നാണ് അവരുടെ ഭാഷ്യം.
മേൽപ്പറഞ്ഞ അഞ്ച് പൊതുഘടകങ്ങൾ ഒരു കാരണവശാലും കണ്ടെത്താൻ കഴിയാത്ത സാമൂഹ്യഘടനയാണ് ഇന്ത്യയുടേത്. ഇവരുടെ മാനദണ്ഡമനുസരിച്ചുതന്നെ വിവിധ ദേശീയതകളുടെ ഒരു വലിയ മിശ്രിതമാണ് ഇന്ത്യ. ഹിന്ദു എന്നൊരു മതത്തെയും സംസ്കൃതഭാഷയെയും ഹിന്ദുസ്ഥാൻ എന്ന ദേശത്തെയും മുൻനിർത്തി ഒരു ജനതയെ നിർദ്ധാരണം ചെയ്ത് വേർതിരിച്ചെടുക്കാൻ വേണ്ടിയുള്ള, ‘സൈദ്ധാന്തിക’ കസർത്തുകളാണ് ഈ ‘ധുരന്ധരന്മാർ’ അവരുടെ രചനകളിലൂടെ നടത്തിയിട്ടുള്ളത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒഴികെയുള്ളവരെയെല്ലാം ഉൾക്കൊള്ളാനും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാഷ്ട്രശത്രുക്കളായി ചിത്രീകരിക്കാനും അവർക്കെതിരെ വിപരീതോർജ്ജം വളർത്തി അതിനെ ഏകോപിപ്പിച്ച് രാഷ്ട്രീയശക്തിയാക്കി മാറ്റി അധികാരത്തിലേറുക എന്ന പദ്ധതി മാത്രമാണ് ഇവർക്കുള്ളത്. ഏതായാലും മതമെന്ന സാമാന്യ വിവക്ഷയില്‍ ഒതുങ്ങുന്ന ഒന്നല്ല ഇവര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുമതം. അത് വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും ഒരു കൂട്ടമാണ്.
”ഹിന്ദു എന്നൊരു മതമേ ഇല്ലല്ലോ”, എന്നാണ് വലിയ മതപണ്ഡിതനും അദ്വൈതവാദിയുമായ ശ്രീനാരായണ ഗുരു പറഞ്ഞത്. അങ്ങനെ ഒരു മതമുണ്ടെങ്കിൽ അത് വിവിധ മതങ്ങളുടെ പൊതുവായ ഒരു വിളിപ്പേര് മാത്രമാണെന്നും, സ്ഥലകാല ഭേദങ്ങൾക്കനുസരിച്ച് സമൂഹതാൽപര്യം മുൻനിർത്തി ആചാര്യന്മാർ ആവിഷ്ക്കരിച്ച ആശയങ്ങളാണ് വിവിധ മതങ്ങളെന്നും ഭാരതത്തിൽ ജനിച്ച മതങ്ങളെയെല്ലാം ചേർത്ത് ഹിന്ദു എന്ന ഒരുപേരിട്ട് വിളിക്കാൻ കഴിയുമെങ്കിൽ ക്രിസ്തുമതവും ഇസ്ലാം മതവും ഉൾപ്പെടെയുള്ള എല്ലാ മതങ്ങളിലെയും നല്ല അംശങ്ങളെയും കൂട്ടിച്ചേർത്ത് ഒരു വിശ്വമാനവമതം ഉണ്ടാക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. സി.വി.കുഞ്ഞിരാമനുമായി നടന്ന ചർച്ചയിൽ ഈ വിഷയം ഗുരു വിശദമായി ചർച്ച ചെയ്യുന്നുണ്ട്. (എം.കെ.സാനു, നാരായണഗുരുസ്വാമി, പേജ് 353) അദ്വൈത ദർശനത്തെ മുൻനിർത്തി എല്ലാ പ്രതിഭാസങ്ങളിലും ഏകത്വം കണ്ടെത്താൻ ശ്രമിച്ച ഗുരുവിനെപ്പോലെയുള്ള യഥാർത്ഥ മനുഷ്യസ്നേഹികളുടെ ദർശനങ്ങളിൽനിന്നും എത്ര അകലെയാണ് ഹിന്ദുത്വം എന്നത് ഇതിൽ നിന്നും മനസ്സിലാകും.
സംസ്കൃതം ഇന്ത്യയിലെ ഭാഷകളുടെയെല്ലാം പൊതുവായ അടിസ്ഥാനമാണെന്നും ഇന്ത്യൻ ഭാഷകളെല്ലാം സംസ്കൃതജന്യമാണെന്നും അതിനാൽ ഇന്ത്യയിലാകെ ഒരു ഭാഷയാണ് ഉള്ളത് എന്നുമാണ് ഗോൾവാൾക്കറുടെ വിശദീകരണം. എന്നാൽ ബഹുഭൂരിപക്ഷം ഇന്ത്യൻ ഭാഷകളുടെയും ഉറവിടം സംസ്കൃതമല്ല. പാലിയും തമിഴും സംസ്കൃതത്തെക്കാൾ പഴക്കമുള്ള ഭാഷകളാണ്. ദക്ഷിണേന്ത്യൻ ഭഷകളായ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഇവയൊന്നും സംസ്കൃതത്തിൽനിന്നും ഉണ്ടായിട്ടുള്ളതല്ല. ഇന്ത്യയിലെ ആദിമ നിവാസികളായ ജനവിഭാഗങ്ങളെല്ലാം സംസ്കൃതവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാഷകളാണ് സംസാരിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിൽ മത സങ്കുചിത വാദികളെ വിശേഷിപ്പിക്കുവാൻ സൂചിപ്പിക്കുന്ന കിണറ്റിലെ തവളകളുടെ ഉദാഹരണം ഏറ്റവും യോജിക്കുന്നത് ഇക്കൂട്ടർക്കാണ്. ‘ഹിന്ദുത്വ’ പ്രകാശനം ചെയ്തപ്പോൾ ‘ഒരു മറാത്ത’ എന്ന പേരിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ‘ഒരു ഭാരതീയൻ’ എന്ന പേരിലായിരുന്നില്ല.
വംശ(Race)പരമായി ഈ രാജ്യത്തെ ജനങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളാണ്. ഒരേ പാരമ്പര്യവും ചരിത്രവും ഈ ജനങ്ങള്‍ക്ക് ആകെയില്ല. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും ജീവിത രീതികളും പുലര്‍ത്തുന്ന ഈ ജനങ്ങളെ ഒരേ സംസ്കാരമുള്ളവരെന്നും വിളിക്കാനാവില്ല.
അങ്ങനെ കൽപ്പിതമായ ഒരു ദേശീയതാ ധാരണ ‘ഹിന്ദുത്വം’ എന്ന പേരിൽ നിർമ്മിച്ചെടുത്ത് അതിന് സാധൂകരണം കണ്ടെത്താൻ ന്യായങ്ങൾ പടച്ചുണ്ടാക്കുകയും യുക്തിസഹവും ചരിത്രപരവുമായ ന്യായങ്ങൾ കണ്ടെത്താനാകാതെ വരുമ്പോഴെല്ലാം പുരാണങ്ങളെ ആശ്രയിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഈശ്വരവിശ്വാസത്തെയും മതബോധത്തെയും ദുരുപയോഗം ചെയ്ത് മതവികാരമാക്കി മാറ്റകയും മതവികാരത്തെ മതഭ്രാന്താക്കി മാറ്റുകയും ചെയ്യുന്ന അതിതീവ്രമായ രാജ്യദ്രോഹമാണ് ഇവർ നടപ്പാക്കുന്നത്.


” ഒരു രാഷ്ട്രമെന്നത് ഒരു പൊതുസംസ്കാരത്തില്‍ പ്രത്യക്ഷീഭവി ക്കും വിധം ഒരു പൊതു ഭാഷയുടെയും ഭൂപ്രദേശത്തിന്റെയും സാമ്പത്തക ജീവിതത്തിന്റെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ രൂപംകൊണ്ടിട്ടുള്ള, ചരിത്രപരമായി രൂപപ്പെട്ടുവന്ന ഒരു സുസ്ഥിര ജനസമൂഹമാണ്.”(സ്റ്റാലിന്‍) വിശാലമായ സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രനിർമ്മാണത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലും ലോകമെമ്പാടുമുള്ള ആധുനിക രാഷ്ട്രങ്ങളുടെ ചരിത്രത്തിന്റെ വെളിച്ചത്തിലും ദ്വന്ദാത്മകഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലും സഖാവ് സ്റ്റാലിൻ ദേശീയതയെ നിർവചിക്കുന്നത് ഇപ്രകാരമാണ്. ദേശീയതയെ സംബന്ധിക്കുന്ന ഈ നിർവചനം മുൻനിർത്തിയായാലും ഗോൾവാൾക്കറും സവർക്കറും പറയുന്ന മാനദണ്ഡങ്ങൾ മുൻനിർത്തിയായാലും ഇന്ത്യ ചരിത്രപരമായി ഒരു ദേശീയത ആയിരുന്നില്ല എന്ന് കാണാം. ഈ അഞ്ചുഘടകങ്ങളിൽ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങളെയാകെ കോർത്തിണക്കുന്ന പൊതുഘടകങ്ങൾ ആയിരുന്നില്ല എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. ഈ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പ്രസ്ഥാനം ഭാഷാടിസ്ഥാനത്തിൽ അതിന്റെ പ്രാദേശിക ഘടകങ്ങൾ നിർണയിച്ചുകൊണ്ട് 1920കളിൽത്തന്നെ പ്രവർത്തിച്ചുതുടങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിന്റെയും ദേശീയ മാർക്കറ്റിന്റെയും വിപുലമായിക്കൊണ്ടിരുന്ന ഗതാഗത സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ സർവോപരി ദേശീയ പ്രസ്ഥാനത്തിലൂടെ ഇവിടെ ഒരു ദേശീയ ബോധം രൂപപ്പെട്ടുവന്നു കൊണ്ടിരുന്നു. ഭാഷയുടെയും പ്രദേശത്തിന്റെയും പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നമായിരുന്നു എങ്കിൽപ്പോലും അതിലുപരിയായ ഒരു ദേശീയ ബോധം വികസിച്ചുവന്നു. വസ്തുപ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും മാറ്റത്തിന് വിധേയമാണ് എന്ന പൊതുതത്വം ദേശീയബോധത്തിന്റെ കാര്യത്തിലും ബാധകമാണ് എന്ന് കൃത്യമായി തെളിയിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളിലും എല്ലാ വിഭാഗീയതകളെയും പിന്നിലാക്കിക്കൊണ്ടുള്ള ഒരു ഏകാത്മക ഇന്ത്യ എന്ന പൊതുബോധം ശക്തിപ്പെട്ടുവന്നുകൊണ്ടിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ആശയം അക്ഷരാർത്ഥത്തിൽ ഇവിടെ യാഥാർത്ഥ്യമാകുകയായിരുന്നു.


ഇതിനുമേൽ കനത്ത ആഘാതം ഏൽപ്പിച്ചുകൊണ്ടാണ് ഈ വിശാലമായ രാഷ്ട്രതാൽപര്യത്തിനുനേരെ ഹിന്ദുത്വ എന്ന വിഷപ്രയോഗത്തിലൂടെ ആക്രമണം ആരംഭിച്ചത്. അത് എളിയതോതിൽ പ്രവർത്തിച്ച് ഇന്ന് ഒരു അർബുദംപോലെ രാഷ്ട്രശരീരത്തിലാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ മതാടിസ്ഥാനത്തിലുള്ള രണ്ട് ദേശീയതകളാണ് നിലനിൽക്കുന്നത് എന്നും മതങ്ങൾ തമ്മിലുള്ള ഭിന്നതയാണ് എല്ലാത്തിലും മൗലികമായ പ്രശ്നമെന്നും വിശ്വസിച്ചുതുടങ്ങുമ്പോൾ മതമാണ് രാഷ്ട്രമെന്ന് വിചാരിക്കുമ്പോൾ, ഇതരമതങ്ങൾ രാഷ്ട്രഗാത്രത്തിൽ കടന്നുകൂടിയ ദോഷകരമായ ഘടകങ്ങൾ ആണെന്ന അപകടകരമായ ധാരണയിൽ എത്തിച്ചേരുന്നു.

സംസ്കാരവും പാരമ്പര്യവും മുമ്പ് എപ്പോഴോ രൂപീകരിക്കപ്പെട്ടിട്ടുള്ളതും മാറ്റമില്ലാതെ സംരക്ഷിക്കപ്പെടേണ്ടതും അങ്ങനെ സംരക്ഷിക്കാൻ കഴിയുന്നതുമാണ് എന്നൊക്കെയുള്ള വികല ധാരണയുമായി ഈ പ്രശ്നത്തെ സമീപിക്കുമ്പോൾ, സ്വന്തം മതവുംസംസ്കാരവും യാഥാസ്ഥിതികമായി സംരക്ഷിക്കപ്പെടുന്നത് മാത്രമാണ് രാഷ്ട്രതാൽപര്യമെന്നും മറ്റുമതങ്ങളും ആശയങ്ങളും രാഷ്ട്രവിരുദ്ധമാണെന്നും അവയ്ക്കെതിരായ നശീകരണഭാവത്തോടെയുള്ള പോരാട്ടമാണ് സ്വാതന്ത്ര്യസമരമെന്നും വിശ്വസിക്കേണ്ടിവരുന്നു!
അങ്ങനെ, രാജ്യത്തെയാകെ നൂറ്റാണ്ടുകളായി അടിച്ചമർത്തി ചൂഷണം ചെയ്ത് ഭരിക്കുന്നവർ രാഷ്ട്രശത്രുക്കളല്ലാതാകുകയും അവർ ഈ നിഴൽയുദ്ധത്തിലെ മിത്രമായി മാറുകയുംചെയ്യുന്നു. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസത്തിനും എതിരായ പോരാട്ടം പരമപ്രധാനമാകുമ്പോൾ കാലങ്ങളായി മതത്തിന്റെപേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരുടെ കൈയിലെ ഏറ്റവും നല്ല ആയുധമായി മാറാൻ ഹിന്ദുത്വത്തിന് കഴിഞ്ഞു. സ്വാഭാവികമായും ബ്രിട്ടീഷുകാരുടെ പ്രിയങ്കരരായി മാറാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.
ലോകമുതലാളിത്തത്തെ വിറളി പിടിപ്പിച്ചുകൊണ്ട് സോവിയറ്റ് യൂണിയൻ പിറവിയെടുത്ത കാലമായിരുന്നു അത്. ഒന്നാംലോകയുദ്ധാനന്തരം കൊടിയ ദാരിദ്ര്യവും തൊഴിലാളി പ്രക്ഷോഭങ്ങളും ലോകത്തെ പിടിച്ചുലച്ചു. അവയെ നേരിടാനുള്ള മാർഗങ്ങൾ ആലോചിച്ചിരുന്ന മുതലാളിത്ത ലോകത്തിനുമുന്നിൽ തെളിഞ്ഞുവന്ന പ്രതിവിധിയായിരുന്നു ഫാഷിസം. കമ്മ്യൂണിസത്തെ നേരിടാൻ കമ്മ്യൂണിസത്തിനെതിരെ പറയുകയല്ല; കമ്മ്യൂണിസ്റ്റ് ആശയം സ്വീകരിക്കാനാകാത്തവിധം ജനങ്ങളെ ചിന്താപരമായും സാംസ്കാരികമായും പിന്നാക്കം കൊണ്ടുപോകുകയാണ് വേണ്ടത് എന്ന് അവർ തിരിച്ചറിഞ്ഞു. ജനാധിപത്യ പ്രബുദ്ധത ഇല്ലാതെയാക്കണം, ഫ്യൂഡൽ ഗോത്ര മനോഘടനയിലേയ്ക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകണം. അതിന് ഏറ്റവും ഉചിതമായ ആശയമാണ് ഫാഷിസം എന്ന മനസ്സിലാക്കലിലൂടെയാണ് അന്ന് വളരെ പ്രക്ഷുബ്ധമായ ഇടതുപക്ഷ സമരമുഖങ്ങളിലേയ്ക്ക് വളർന്നുകൊണ്ടിരുന്ന ഇറ്റലിയിലും ജർമ്മിനിയിലും സ്പെയിനിലും മറ്റും ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ പരീക്ഷിച്ച് വിജയിപ്പിച്ചത്.


ഹിന്ദു ദേശീയതയുടെയും മതത്തിന്റെയും സംരക്ഷണത്തിനുവേണ്ടി 1925ൽ രൂപീകരിക്കപ്പെട്ട ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. അഖില ഭാരത ഹിന്ദുമഹാസഭ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എങ്കിൽപോലും ഗാന്ധി നേതൃത്വംനൽകിയിരുന്ന കോൺഗ്രസിന്റെ പ്രക്ഷോഭങ്ങൾക്ക് പൂർണ പിന്തുണ നൽകിയിട്ടില്ല. 1930,34 കാലത്ത് ഇന്ത്യയാകെ വളർന്നുവന്ന സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ ഹിന്ദു മഹാസഭയും ആർഎസ്എസും പങ്കെടുത്തിട്ടില്ല. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാർ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതായി അവകാശപ്പെട്ടുകൊണ്ട് അവർ വ്യാപകമായി നുണപ്രചാരണം നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച് ആർഎസ്എസിന്റെ രണ്ടാം സർസംഘ ചാലക് ആയിരുന്ന ഗോൾവാൾക്കർ രചിച്ച, ശ്രീ ഗുരുജി സാഹിത്യ സർവസ്വം (പേജ് 107, ഡോ.ഹെഡ്ഗേവാർ ജന്മശതാബ്ദി സേവാ സമിതി, അയോധ്യാ പ്രിന്റേഴ്സ്, കുരുക്ഷേത്ര പ്രകാശൻ വിതരണം) എന്ന കൃതിയിൽ പറയുന്നു,(അതിൽതന്നെ സംഘശിക്ഷാവർഗ് 1955ലെ പ്രസംഗം) …”സ്വാതന്ത്ര്യസമരകാലഘട്ടം. നാഗ്പൂരിലെ കുറച്ചു യുവവക്കീലന്മാർ വളരെ ആവേശത്തോടെ ഡോക്ടർജിയുടെ അടുത്തെത്തി പറഞ്ഞു, ഈ സമയത്ത് പ്രക്ഷോഭം ശക്തമാക്കിയാൽ സ്വാതന്ത്ര്യം ലഭിക്കുക തന്നെചെയ്യും എന്നു തോന്നുന്നു. നമുക്ക് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുക തന്നെവേണം.
ഡോക്ടർജി പറഞ്ഞു, സംഗതി കൊള്ളാം എന്നാൽ നിങ്ങൾ പൂർണമായും ചിന്തിച്ചുനോക്കിയോ. എത്രനാളത്തെ ശിക്ഷ കിട്ടും? കുറെ പിഴയും ഒടുക്കേണ്ടിവരാം. ജയിലിലായിരിക്കുമ്പോൾ വീടിനെക്കുറിച്ചുള്ള ചിന്ത ഉണ്ടാകും. വീട്ടിലെ ബുദ്ധിമുട്ടുകൾകണ്ട് മാപ്പ് അപേക്ഷിക്കാനുള്ള ആഗ്രഹം ഉണ്ടാകും. അതൊക്കെ ചിന്തിച്ചിട്ടാണോ തയ്യാറായിട്ടുള്ളത്.
ഒരാൾ പറഞ്ഞു, എല്ലാം ചിന്തിച്ചുകഴിഞ്ഞു. രണ്ടുവർഷത്തേയ്ക്ക് വീട് ഭംഗിയായി പുലരാനുള്ള എല്ലാ വ്യവസ്ഥയും ചെയ്തുകഴിഞ്ഞു.
ഈ സമയം ഡോക്ടർജി പറഞ്ഞു, അതിനർത്ഥം നിങ്ങൾക്ക് രണ്ടുവർഷംവരെ വീടുവിട്ട് താമസിക്കാൻ സാധിക്കും. എങ്കിൽ സത്യാഗ്രഹത്തിന്റെ കാര്യംവിട്ട് സംഘവിസ്താരകനായി പോകൂ.” (ആ യുവാവ് വീട്ടിലേയ്ക്ക് പോയശേഷം ജയിലിൽ പോകുകയോ സംഘംപ്രവർത്തനത്തിന് എത്തുകയോചെയ്തില്ല. ഇതേ വിഷയം ഗുരുജി സമഗ്രദർശൻ, നാലാം വാല്യത്തിലും പ്രതിപാദിക്കുന്നുണ്ട്.)


1955ൽ സംഘശിക്ഷാവർഗിൽ എം.എസ്.ഗോൾവാൾക്കർ നടത്തിയ പ്രസംഗത്തിൽ ഡോ.ഹെഡ്ഗേവാർ 1931ൽ ജയിലിൽ പോകാനിടയായ സംഭവത്തെക്കുറിച്ച് അദ്ദേഹം സ്വയം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ജയിലിൽപോയത് സ്വാതന്ത്ര്യസമരത്തോടുള്ള അഭിനിവേശംകൊണ്ടല്ല സംഘപ്രചാരണാർത്ഥമാണെന്നാണ് സംഭാഷണത്തിന്റെ ചുരുക്കം.
“ബീറാർ നമ്മുടെ സമീപപ്രദേശമാണ്. അവിടെ സംഘകാര്യം നടക്കേണ്ടതുണ്ട്. ബീറാർ പ്രദേശത്തെ ദേശഭക്തരെല്ലാം ഈ സത്യാഗ്രഹത്തിൽവരും. കൂടെ താമസിച്ച് അവരുടെ ഹൃദയത്തിൽ സംഘത്തെ നിറയ്ക്കാൻ ഇതിലും നല്ല സ്ഥാനവും സമയവും വേറെ എപ്പോൾ കിട്ടും. അങ്ങനെ കുറച്ചു നല്ല സംസ്കാരം നൽകാൻ അനുകൂലമായ സ്ഥാനമാണെന്ന് കണ്ട് സംഘകാര്യത്തിന്റെ അടിത്തറ പണിയാൻ തന്നെയാണ് ജയിലിൽ പോയത്.”
ധാരാളം ഹൈന്ദവവിശ്വാസികൾ ഉള്ള ഈ രാജ്യത്ത് സ്വാതന്ത്ര്യസമരയോദ്ധാക്കളെത്തന്നെ സ്വാതന്ത്ര്യസമരത്തിൽനിന്ന് പിന്തിരിപ്പിച്ച് സംഘത്തിൽ ചേർക്കണമെന്ന താൽപര്യം എന്തുകൊണ്ടാണ്? അത് സ്വാതന്ത്ര്യസമരത്തെ ദുർബലപ്പെടുത്താൻ വേണ്ടിത്തന്നെയാണ് എന്ന് വ്യക്തം.


ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന വിമർശനത്തെ നേരിടാൻ അവർ പലപ്പോഴും ഉദ്ധരിക്കുന്ന കാര്യങ്ങളിലൊന്നാണ് ഹെഡ്ഗെവാറിന്റെ 1931ലെ അറസ്റ്റും ജയിൽവാസവും. അതിന്റെ വാസ്തവം എന്താണെന്ന് ഇതുവഴി അവർതന്നെ വ്യക്തമാക്കുന്നു. ഹെഡ്ഗെവാർ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ പ്രാരംഭത്തിൽ 1923ന് മുമ്പ് ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഡോ.മൂഞ്ചേയുമായി ചേർന്ന് സവർക്കറെ സന്ദർശിച്ചതിനുശേഷം അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. ആർഎസ്എസ് ഔദ്യോഗികമായി അങ്ങനെ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടും ഇല്ല. അങ്ങനെ സവർക്കർ ബ്രിട്ടീഷുകാർക്ക് ജയിലിൽവച്ച് മാപ്പപേക്ഷയിൽ നൽകിയ വാക്ക് സത്യസന്ധമായി പാലിച്ചു.
1935ല്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവില്‍ വന്നതിനുശേഷം 1937ൽ നടന്ന തെരഞ്ഞെടുപ്പില്‍ മറാത്ത പ്രവിശ്യയിൽ കോൺഗ്രസ് വൻവിജയം നേടി. ബി.ജി.ഖേറിന്റെ നേതൃത്വത്തിൽ ഭരണംനടത്തുന്ന വേളയില്‍ പ്രവിശ്യാ ഗവണ്മെന്റിന്റെ തീരുമാനപ്രകാരമാണ് സവർക്കർ പൂർണമായി ശിക്ഷാവിമുക്തനാകുന്നത്. ആന്തമാനിലെ സെല്ലുലാർ ജയിലിലെ 9വർഷവും 10 മാസവും തടവ് കഴിഞ്ഞ് 1921 മെയ് 2ന് ഇന്ത്യയിലെ രത്നഗിരി ജയിലിലെത്തിക്കുകയും 1924 ജനുവരി 4ന് ജയിൽ മോചിതനായി വീട്ടുതടങ്കലിലേയ്ക്കും തുടർന്ന് ജില്ലവിട്ടുപോകരുതെന്ന ഉപാധിയോടെ മോചനവും ലഭിച്ചു. 1937ൽ പരിപൂര്‍ണ മോചനം. തുടര്‍ന്ന് അദ്ദേഹം ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. പിന്നീട് പൂർവ്വാധികം ശക്തിയോടെ, അഥവാ ബ്രിട്ടീഷുകാരോടുള്ള നന്ദിയോടെ തന്റെ ദ്വിരാഷ്ട്രവാദം പ്രചരിപ്പിച്ചുതുടങ്ങി.
ഹിന്ദുരാഷ്ട്രദർശൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസംഗങ്ങളുടെ സംഗ്രഹത്തിൽ പറയുന്നു, ”യാഥാർത്ഥ്യത്തോടുള്ള പ്രതികരണം ആകണം ഒരു നിർവചനം. ഇന്ത്യയിലെ മുഹമ്മദീയരെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും പാഴ്സികളെയും മറ്റും ഹിന്ദുക്കളായി കാണാൻ പറ്റില്ല. പുണ്യഭൂമിയുടെ കാരണത്താലാണത്. അതുപോലെ ജപ്പാൻകാരെയും ചൈനക്കാരെയും പൊതുപുണ്യഭൂമിയുടെ അവകാശം ഉണ്ടെങ്കിലും ഹിന്ദുക്കളായി ഗണിച്ചുകൂട. കാരണം ഹിന്ദുസ്ഥാൻ അവരുടെ പിതൃഭൂമി അല്ലല്ലോ.”(പേജ്, 9)
എ.ജി.നൂറാണിയുടെ സവർക്കറും ഹിന്ദുത്വവും എന്ന കൃതിയിൽ, പേജ് 85, ഉദ്ധരിക്കുന്നു, ”ഹിന്ദുരാഷ്ട്രത്തിന് മുഹമ്മദീയർ അപകടകാരികളാണ് എന്ന് ഹിന്ദുക്കൾക്ക് മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ട് ഇവിടംവിട്ട് പോയാൽ പൊതുഇന്ത്യൻ ഭരണകൂടം നിലനിൽക്കാൻ മുഹമ്മദീയർ അനുവദിക്കില്ല. ഇന്ത്യയിൽ മുസ്ലീംഭരണം സ്ഥാപിക്കാൻ അവർ വർഗീയോന്മത്തമായ പദ്ധതികൾ ഒരു സമുദായം എന്ന നിലയിൽ തുടർന്നും പരിപോഷിപ്പിക്കാൻ ശ്രമിക്കും. ഇതിനെപ്പറ്റി നാം പൂർണമായ അന്ധതയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണം. നാം ഹിന്ദുക്കൾക്ക് ഈ സൗരയൂഥത്തിൽ സ്വന്തമായി ഒരു രാജ്യം വേണം. ഹിന്ദുക്കൾ എന്ന നിലയിൽ സ്വന്തമായി അഭിവൃദ്ധിപ്പെടാനുള്ള സൗകര്യംവേണം. ശക്തമായ ഒരു ജനതയുടെ പിന്മുറക്കാരാണ് നാം. ശുദ്ധിപ്രസ്ഥാനത്തിന്(മതപരിവർത്തനം) മതാത്മകമായ അർത്ഥം മാത്രമല്ല ഉള്ളത്. അതിന് ഒരു രാഷ്ട്രീയവശംകൂടെയുണ്ട്. ഹിന്ദുക്കളുടെ അവകാശങ്ങൾ അന്യായമായി അപഹരിക്കപ്പെട്ടിട്ടുണ്ട്. അവ തിരിച്ചുപിടിക്കുക എന്ന അടിയന്തര കർത്തവ്യത്തിന്റെ പൂർത്തീകരണമാണ് സംഘപ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇപ്പോഴത്തെ ഭരണപരിഷ്ക്കാര നിയമം ഉപയോഗപ്പെടുത്തി ഹിന്ദുക്കൾ രാഷ്ട്രീയ ശക്തി പിടിച്ചുപറ്റണം.(ഹിന്ദു രാഷ്ട്ര ദർശൻ, പേജ് 27, സവർക്കറും ഹിന്ദുത്വവും പേജ് 86, എ.ജി.നൂറാണി)


രത്നഗിരി ജയിലില്‍നിന്ന് മോചിതനായ ശേഷം അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ വാര്‍ഷികത്തില്‍ പ്രസംഗിക്കവെ സവര്‍ക്കര്‍ പറഞ്ഞു: ”ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമായിരിക്കുന്നുവെന്ന് നമ്മള്‍ തെറ്റിദ്ധരിക്കരുത്. ഈ വിശാലമായ ഉപഭൂഖണ്ഡത്തില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും രണ്ട് രാഷ്ട്രങ്ങള്‍ ഉണ്ട് എന്ന കാര്യം നമ്മള്‍ അംഗീകരിക്കണം.”(നാഷണല്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍, ദത്താത്രേയ ധബോല്‍ക്കര്‍, 4-1-22, 4.08pm)
1923ലെ എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന കൃതിയിലൂടെയും ഹിന്ദുമഹാസഭയുെടയും ആർഎസ്എസിന്റെയും നിലപാടുകളിലൂടെയും നിരന്തരമായി, മുസ്ലീങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമല്ല എന്നും ഇത് രണ്ടു രാഷ്ട്രമാണ് എന്നും പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ആ ഘട്ടത്തിലൊന്നും മുസ്ലീംലീഗ് പാകിസ്ഥാൻ വാദം ഉന്നയിച്ചിരുന്നില്ല. 1939 ലാണ് മുസ്ലീംലീഗ് ആദ്യമായി ദ്വിരാഷ്ട്രവാദം അവതരിപ്പിച്ച് പാകിസ്ഥാൻ എന്ന സ്വതന്ത്രരാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് നടന്നുകൊണ്ടിരുന്ന നിരന്തരമായ മുസ്ലീംവിരുദ്ധ ജൽപ്പനങ്ങളുടെ പിൻബലത്തിലാണ് മുസ്ലീംലീഗിന് അങ്ങനെ ഒരു ആവശ്യം ഉന്നയിക്കാൻ കഴിയുന്ന രാഷ്ട്രീയ പശ്ചാത്തലം ഒരുങ്ങിയത്. ചുരുക്കത്തിൽ സംഘപരിവാറും മുസ്ലീംലീഗും ദ്വിരാഷ്ട്രവാദത്തിന്റെ കാര്യത്തിൽ ഒരേ നിലപാടിലാണ് എത്തിയത്.


ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവും സംഘപരിവാറും


ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽവന്ന േശഷം ഫെഡറൽ സമ്പ്രദായത്തിന്റെ കീഴിൽ പരിമിതമായ അധികാരങ്ങളുള്ള ഗവൺമെന്റുകൾ രൂപീകരിക്കാനുള്ള സാഹചര്യം ഒരുങ്ങി. 1937ൽ ഈ നിയമത്തിൻ കീഴിൽ തെരഞ്ഞെടുപ്പുകൾ നടത്തി ഗവൺമെന്റുകൾ സ്ഥാപിതമായി. ലീഗിനെയും ഹിന്ദുമഹാസഭയെയും തറപറ്റിച്ചുകൊണ്ട് കോൺഗ്രസ് പതിനൊന്നിൽ എട്ട് പ്രവിശ്യകളിലും വൻവിജയം നേടി.
1939 സെപ്റ്റംബർ 1ന് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. സെപ്റ്റംബർ 3ന് ബ്രിട്ടൻ യുദ്ധത്തിൽ പങ്കുചേർന്നു. തുടർന്ന് ഇന്ത്യൻ നേതാക്കളോടോ പ്രവിശ്യാ ഗവൺമെന്റുകളോടോ ആലോചിക്കാതെ ഇന്ത്യ യുദ്ധത്തിൽ പങ്കാളിയായതായി ബ്രിട്ടൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അതിൽ പ്രതിഷേധിച്ച് 1939 ഒക്ടോബറിൽ കോൺഗ്രസ് അംഗങ്ങളെല്ലാം പ്രവിശ്യാ ഭരണപദവികളും പ്രതിനിധി സഭാ അംഗത്വങ്ങളും രാജിവച്ചു.
ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി സവർക്കർ വൈസ്രോയിയെ സന്ദര്‍ശിച്ച് ബ്രിട്ടനുള്ള പിന്തുണ ഉറപ്പുനൽകുകയും 1939 ഒക്ടോബർ9ന് ബ്രിട്ടീഷ് ഗവൺമെന്റും ഹിന്ദുമഹാസഭയുമായി ഒരു കരാർ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഹിന്ദുമഹാസഭയും മുസ്ലീംലീഗും സഖ്യത്തിലാകുകയും മുസ്ലീംലീഗ് നേതാവ് ഫസൽ ഉൽ ഹക്ക് മുഖ്യമന്ത്രിയും ഹിന്ദുമഹാസഭയുടെ വലിയ നേതാവ് ശ്യമപ്രസാദ് മുഖർജി ഉപമുഖ്യമന്ത്രിയും ആയിക്കൊണ്ടുള്ള ഒരു ഗവൺമെന്റ് ബംഗാൾ പ്രവിശ്യയിൽ അധികാരത്തിൽവരികയും ചെയ്തു. മുസ്ലീംലീഗ് നേതാവ് ഗുലാം ഹുസൈൻ ഹിദായത്തുള്ളയുടെ നേതൃത്വത്തിൽ സിന്ധ് പ്രവിശ്യയിൽ രൂപംകൊണ്ട മന്ത്രിസഭയിലും വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ സർദാർ ഔറംഗസീബ്ഖാന്റെ ഗവൺമെന്റിലും ഹിന്ദുമഹാസഭ പങ്കാളിയായി അധികാരത്തിന്റെ ഭാഗമായി. 1943ൽ സിന്ധ് പ്രവിശ്യയിലെ ഗവൺമെന്റ് വിഭജനത്തിനും പാകിസ്ഥാൻ രൂപീകരണത്തിനും അനുകൂലമായി പ്രമേയം പാസ്സാക്കി. എന്നിട്ടും ആ സഖ്യം ഉലഞ്ഞില്ല. നാമമാത്രമായ വിയോജിപ്പ് പ്രകടിപ്പിച്ച് അവർ സഖ്യത്തിൽ ഉറച്ചുനിന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭമായിരുന്നു ക്വിറ്റ്ഇന്ത്യ പ്രക്ഷോഭം. അത്രയും വീറുറ്റ, വിട്ടുവീഴ്ചയില്ലാത്ത ഒരു പോരാട്ടം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നിട്ടില്ല. ആബാലവൃദ്ധം ജനങ്ങൾ രംഗത്തിറങ്ങി. അസാധാരണമായ ഒരു സമരവ്യഗ്രതയും സ്വാതന്ത്ര്യവാഞ്ഛയും എവിടെയും ദൃശ്യമായി. ഭീകരമായ അടിച്ചമർത്തലിനെ നിര്‍ഭയമായി നേരിടല്‍, ഒളിപ്പോർ, രഹസ്യപ്രവർത്തനം, പ്രാദേശിക വിമോചിത മേഖലകൾ സൃഷ്ടിച്ച് ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കൽ എന്നിങ്ങനെ അസാധാരണമായ ഒരു മുഖം രാജ്യം പ്രദർശിപ്പിച്ച നിർണായകഘട്ടമായിരുന്നു അത്. അക്കാലത്ത് ഗോൾവാൾക്കർ ആ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞത് നോക്കുക, ”1942ലും പലരുടെയും മനസില്‍ കടുത്ത വികാരമുണ്ടായിരുന്നു. ആ കാലയളവിലും സംഘത്തിന്റെ ദൈനന്തിന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോന്നു. സംഘം നേരിട്ടൊന്നും പറഞ്ഞില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുകയെന്നത് അവരുടെ കാര്യപരിപാടിയുടെ ഭാഗമല്ലെന്ന് ആര്‍എസ്എസ് തത്വസംഹിത വ്യക്തമായിത്തന്നെ പറയുന്നുണ്ട്. മതത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നാണ് നമ്മുടെ പ്രതിജ്ഞയില്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ ഇവിടംവിട്ട് പോകുന്നതിനെക്കുറിച്ച് അതില്‍ ഒരു പരാമര്‍ശവുമില്ല എന്നകാര്യം നമ്മള്‍ ഓര്‍ക്കണം.”(ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍ വാല്യം 4, പേജ് 40)


രാജ്യം ഒന്നടങ്കം അടിമത്തത്തിനെതിരെ ആഞ്ഞടിച്ചപ്പോൾ അതിനെതിരെ ഈ ‘നിതാന്തവൈരികൾ’ ദേശദ്രോഹകരമായി ഒത്തുചേർന്നു. തങ്ങളാണ് ഇന്ത്യയിൽ വിഘടനവാദത്തിന്റെ വിത്തുപാകിയതും മുളപ്പിച്ചതും വളർത്തിയതും എന്ന ചരിത്ര വസ്തുത മൂടിവച്ചുകൊണ്ട് അതിന്റ പാപഭാരംമുഴുവൻ കോൺഗ്രസിന്റെയും ലീഗിന്റെയും മേൽ കെട്ടിവയ്ക്കത്തക്കവിധം ഗീബൽസിയൻ മാതൃകയിൽ ഇന്നും നിരന്തരം നുണപ്രചാരണം നടത്തുകയാണ് സംഘപരിവാർ.
ദുഷ്ടലാക്കോടെ അവർ നടത്തിയ അവിശുദ്ധ നീക്കങ്ങളുടെ ഫലമായിരുന്നു ഇന്ത്യാവിഭജനം. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ശ്യാമപ്രസാദ് മുഖർജി പറയുന്നു, “ബംഗാളിൽ കോൺഗ്രസിന്റെ ഈ പ്രസ്ഥാനത്തെ എങ്ങനെ നേരിടണം എന്നതാണ് പ്രശ്നം. കോൺഗ്രസ് എത്ര കിണഞ്ഞു ശ്രമിച്ചാലും പ്രവിശ്യയിൽ അത് വേരുപിടിക്കാതിരിക്കാൻ പറ്റിയ തരത്തിൽ അവിടെ ഭരണകൂടം പ്രവർത്തിക്കണം. കോൺഗ്രസ് ഇപ്പോൾ ഏതു് സ്വാതന്ത്ര്യത്തിനാണോ സമരം തുടങ്ങിയിരിക്കുന്നത് അത് ഇപ്പോൾത്തന്നെ ജനപ്രതിനിധികൾക്ക് കിട്ടിയിരിക്കുന്നു എന്ന് നമ്മുടെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ ജനങ്ങളെ ബോധ്യപ്പെടുത്തണം.”(എസ്.പി.മുഖർജി, ഒരു ഡയറിയിലെ ഏടുകൾ, എ.ജി.നൂറാണി, സവർക്കറും ഹിന്ദുത്വവും, പേജ് 88)
ബംഗാൾ ഗവർണർ സർ ജോൺ ഹെർബർട്ടിന് ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമർത്തണം എന്നാവശ്യപ്പെട്ട്, അന്ന് മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖർജി അയച്ച കത്തിൽ പറയുന്നു. “നിലവിലുള്ള പ്രതിസന്ധി ഘട്ടത്തിൽ ഗവർണർ എന്ന നിലയിൽ താങ്കളും സഹപ്രവർത്തകരും തമ്മിൽ തികഞ്ഞ പരസ്പരധാരണ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. കോൺഗ്രസ്സുകാർ സംഘടിപ്പിച്ചേക്കാവുന്ന ഏതെങ്കിലും പ്രക്ഷോഭത്തിന്റെ ഫലമായി സംസ്ഥാനത്തിൽ എന്തെങ്കിലും സംഭവവികാസം സംജാതമാകുമോ എന്നതിനെപ്പറ്റി സൂചനതരാൻ ഞാൻ ഉദ്ദേശിക്കുന്നു. യുദ്ധകാലത്ത് ബഹുജനവികാരം ഇളക്കിവിടാൻ ആരെങ്കിലും പരിപാടിയിട്ടാൽ അത് ആഭ്യന്തര അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. അത് തടയേണ്ടത് നിലവിലുള്ള ഗവൺമെന്റിന്റെ ചുമതലയാണ് “(എസ്.പി.മുഖർജി, ഒരു ഡയറിയിലെ ഏടുകൾ, എ.ജി.നൂറാണി, സവർക്കറും ഹിന്ദുത്വവും എന്ന ഗ്രന്ഥം, പേജ് 87)
രണ്ട് മുട്ടനാടുകൾ തമ്മിലിടിക്കുമ്പോൾ ഇറ്റുവീഴുന്ന ചോര നുകരുവാൻ ശ്രമിക്കുന്ന കൗശലക്കാരനും ക്രൂരനുമായ കുറുക്കനെയാണ് അവിടെ ഹിന്ദുമഹാസഭയിൽ നാം കാണുന്നത്. കോൺഗ്രസിനെ അടിച്ചമർത്തി ഇല്ലാതെയാക്കിക്കഴിഞ്ഞാൽ ദേശീയ പ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരുമായി ഏറ്റവും അടുപ്പത്തിൽ വർത്തിക്കുന്നവരായ ഇവർക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും മതാടിസ്ഥാനത്തിൽ രാജ്യം വിഭജിച്ച് ഒരു ഭാഗം മുസ്ലീങ്ങൾക്ക് നല്കിയാൽ മറുഭാഗം സ്വാഭാവികമായും ഹിന്ദുപ്രതിനിധികൾ എന്ന നിലയിൽ തങ്ങൾക്ക് വന്നുചേരും എന്നുമവർ കണക്കുകൂട്ടി.


ദേശീയ പ്രസ്ഥാനത്തിൽ ഹിന്ദുത്വ അജണ്ടനടപ്പാക്കുന്നതിനും സ്വാധീനമുറപ്പിക്കുന്നതിനും സംഘപരിവാറിന് തടസ്സമായി നിന്നത് ഗാന്ധിജിക്ക് രാജ്യത്ത് കൈവന്ന അസാധാരണമായ സ്വീകാര്യതയാണ്. തികഞ്ഞ മതവിശ്വാസിയും സനാതന ഹിന്ദുവുമായിരുന്ന ഗാന്ധിജി മുസ്ലീങ്ങളെ ശത്രുവായി കണ്ടില്ല, മറിച്ച് മിത്രമായി കാണുകയും ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ വലിയ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ശൈലിയും പദാവലിയും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുള്ള ഗാന്ധിയുടെ നിലനിൽപ്പ് സാധാരണഹിന്ദുക്കളിൽ സ്വാധീനം ചെലുത്തി. മതത്തെ നേരിട്ട് എതിർക്കുന്ന നിരീശ്വരവാദിയോ ഇതരമതസ്ഥരോ വിചാരിച്ചാൽ ഇത്തരമൊരു പ്രതിരോധം സൃഷ്ടിക്കുവാൻ അന്നത്തെ സാഹചര്യത്തിൽ കഴിയുമായിരുന്നില്ല. ഹിന്ദു ചേരിയിൽനിന്ന് മുസ്ലീങ്ങളോട് അനുഭാവപൂർവ്വം പ്രവർത്തിക്കുന്ന ഒരു മതവഞ്ചകനായി ഹിന്ദുവര്‍ഗ്ഗീയവാദികള്‍ ഗാന്ധിജിയെ ചിത്രീകരിച്ചു. ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഗാന്ധിയുടെ ആധികാരികതയും സ്വീകാര്യതയും എന്ന് അവർ തിരിച്ചറിഞ്ഞു. അവരുടെ സങ്കൽപ ഹിന്ദു രാഷ്ട്രത്തിൽ മതവഞ്ചകന് കൊടുക്കാൻ നിശ്ചയിച്ചിട്ടുള്ള നിർദ്ദയമായ വധശിക്ഷതന്നെ 1948 ജനുവരി 30ന് അവർ ഗാന്ധിജിക്ക് നൽകി. രാജ്യത്തിനുവേണ്ടി ബ്രിട്ടനോട് പൊരുതിയവരെല്ലാം അവരുടെ ശത്രുസ്ഥാനത്തായി.
വിചാരധാരയുടെ 412-413 പേജുകളിൽ, രക്തസാക്ഷികൾ ആദർശപുരുഷന്മാർ ആകുന്നില്ല എന്ന തലക്കെട്ടിൽ രക്തസാക്ഷികളെക്കുറിച്ച് അവമതിപ്പ് ഉണ്ടാകത്തക്കവിധം കാര്യങ്ങൾ വിശദീകരിക്കുന്നത് നോക്കുക: “ദുർബലന്മാർ വാവിട്ട് നിലവിളിക്കുകയും നിലംപറ്റിക്കിടക്കുകയും ചെയ്യുമ്പോൾ കുറച്ചെങ്കിലും ചൈതന്യമുള്ളവർ നിലവിളിക്കാനും നിലംപറ്റാനും കൂട്ടാക്കാതെ സ്വയം നശിക്കുന്നു. ത്യാഗത്തിന്റെ മിന്നൽപ്പിണരിൽ അത്തരം ആത്മാനുഭൂതിയുടെ മിന്നലേറ്റു കണ്ണുമഞ്ഞളിച്ച സാധാരണക്കാരൻ പറയും “ഇവർ എന്തൊരു കത്തിജ്വലിക്കുന്ന ആത്മാവായിരുന്നു! ഉടഞ്ഞുവീണുവെങ്കിലും അവൻ ഉലഞ്ഞില്ല”. അവനെ ജനങ്ങൾ രക്തസാക്ഷി എന്നുവിളിക്കുകയും അവന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു… നമ്മുടെ ഭാരതീയ സംസ്കൃതിയൊഴിച്ച് മറ്റെല്ലാവരും രക്തസാക്ഷിത്വത്തെ ആരാധിക്കുകയും ആദർശമാക്കുകയും രക്തസാക്ഷികളെ അവരുടെ വീരപുരഷന്മായി അവരോധിക്കുകയും െചയ്തിട്ടുണ്ട്….എന്നിരുന്നാലും അത്തരം വീരന്മാരെ നാം നമ്മുടെ സമാജത്തിനുമുന്നിൽ ആദർശപുരുഷന്മാരായി ഉയർത്തിക്കാട്ടാറില്ല. മനുഷ്യൻ അഭിലഷിക്കേണ്ട പരമോന്നത മാതൃകയായി നാം അവരുടെ രക്തസാക്ഷിത്വത്തെ പരിഗണിച്ചിട്ടില്ല. കാരണം എന്തുതന്നെ ആയാലും അവർ അവരുടെ ആദർശത്തെ സാക്ഷാത്ക്കരിക്കുന്നതിൽ പരാജയപ്പെട്ടവരാണ്. പരാജയം സൂചിപ്പിക്കുന്നത് അവരിൽ എന്തോ പിശകുണ്ടായിരുന്നുവെന്നും ആകുന്നു.”
രാജ്യത്തിനുവേണ്ടി വിവരണാതീതമായ ത്യാഗങ്ങളും രക്തസാക്ഷിത്വവും വരിച്ച യഥാർത്ഥ രാജ്യസ്നേഹികളെ അവർ വെറുത്തു. ആ മഹത്തായ ചരിത്രത്തെ തമസ്കരിക്കുവാൻ ശ്രമിച്ചു. ജനാധിപത്യ റിപ്പബ്ലിക്കിനുവേണ്ടി പോരടിച്ചവരെ ഒഴിവാക്കി ശിവജിയെയും റാണാപ്രതാപിനെയുംപോലെയുള്ള ഫ്യൂഡൽ പ്രതിനിധികളെ വാഴ്ത്തിപ്പാടി. മനുസ്മൃതിയും ശാങ്കരസ്മൃതിയും പുരാണേതിഹാസങ്ങളും അനുശാസിക്കുന്ന കാര്യങ്ങളെ ശ്രേഷ്ഠമായി കൊണ്ടാടുന്ന, ജന്മിത്തവും ജാതിവ്യവസ്ഥയും നിലനിൽക്കുന്ന സാമൂഹ്യക്രമത്തെ മാതൃകാസമൂഹമായി താലോലിച്ചു.


ജാധിപത്യ ഇന്ത്യ സൃഷ്ടിച്ചെടുത്ത സകലതിനെയും അവർ തിരസ്കരിച്ചു. ദേശീയ പതാകയെ അവർ തളളിപ്പറഞ്ഞു. ഗോൾവാൾക്കർ വിചാരധാര(പേജ് 349)യിൽ പറയുന്നു,”…നമ്മുടെ നേതാക്കന്മാർ രാഷ്ട്രത്തിന് പുതിയ പതാക സൃഷ്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്തു. എങ്ങോട്ടെന്നില്ലാതെ നീങ്ങുന്നതിനും അനുകരണത്തിനും ഉത്തമോദാഹരണമാണത്. ഈ പതാക പിറവികൊണ്ടതെങ്ങനെയെന്നറിയാമോ. ഫ്രഞ്ച് വിപ്ലവകാലത്ത്, ത്രിവിധാശയങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ പ്രകാശിപ്പിക്കാൻവേണ്ടി അവരുടെ പതാകയിൽ മൂന്ന് ദീർഘഖണ്ഡങ്ങൾ തുന്നിച്ചേർത്തു. ഈ ആശങ്ങളാൽത്തന്നെ പ്രേരിതമായ അമേരിക്കക്കാരും അൽപസ്വൽപം വ്യത്യാസത്തോടെ ഇത് ഏറ്റെടുത്തു. നമ്മുടെ നേതാക്കന്മാർക്കും ഈ ദീർഘ ഖണ്ഡങ്ങളോട് എന്തോ ആകർഷണം തോന്നി. അങ്ങനെ അത്തരം കൊടി കോൺഗ്രസ് സൃഷ്ടിച്ചു. വിവിധ മതക്കാരുടെ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നതാണിത്. ഹിന്ദുക്കളെ കുങ്കുമനിറവും മുസ്ലീങ്ങളെ പച്ചനിറവും മറ്റെല്ലാവരെയുംകൂടെ വെള്ളനിറവും പ്രതിനിധാനം ചെയ്യുന്നുഎന്ന വ്യാഖ്യാനം പുറകേ വന്നു. അഹിന്ദുക്കളായ മറ്റുമതസ്ഥരുടെ കൂട്ടത്തിൽ മുസ്ലീങ്ങളെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അന്നത്തെ തലമുതിർന്ന നേതാക്കളിൽ മിക്കവരുടെ മനസ്സിലും മുസ്ലീങ്ങൾ പൊങ്ങിനിന്നിരുന്നു. അവരെ പ്രത്യേകമായെടുത്ത് പറയാതെ നമ്മുടെ ദേശീയ നേതൃത്വത്തിന് പൂർണത ലഭിക്കുമെന്ന് അവരാരും കരുതിയില്ല. ഈ വീക്ഷണം വർഗീയമാണെന്ന് ആരോ ചൂണ്ടിക്കാട്ടി. ഉടനെ വേറെ വ്യാഖ്യാനം മുന്നോട്ടുവച്ചു. കുങ്കുമം ത്യാഗത്തിന്റെയും വെള്ളനിറം പരിശുദ്ധിയുടെയും പച്ചനിറം ശാന്തിയുടെയും പ്രതീകമാണെന്നായിരുന്നു പുതിയ വ്യാഖ്യാനം. അക്കാലത്ത് നടത്തുന്ന കോൺഗ്രസ് സമ്മേളനങ്ങളില്‍ ഈ വ്യാഖ്യാനങ്ങളെല്ലാം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത് ശുദ്ധവും ആരോഗ്യകരവുമായ ദേശീയ വീക്ഷണമാണെന്ന് അവകാശപ്പെടാൻ ആർക്ക് സാധിക്കും. രാഷ്ട്രീയമായ നിലനില്‍പ്പിനായി രാഷ്ട്രീയക്കാരൻ നടത്തിയ ഓട്ടയടപ്പ് തന്ത്രം മാത്രമായിരുന്നു ഇത്. ദേശീയ ചരിത്രത്തിലെയോ പാരമ്പര്യത്തിലേയോ വസ്തുതകളുടെ അടിസ്ഥാനം അതിലില്ല. ഇന്ന് ഇതേവരെ ചിലചില്ലറ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് ഭരണകൂടത്തിന്റെ കൊടി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത്യന്തം വൈഭവപൂർണ്ണമായ ചരിത്രത്തോടുകൂടിയ പുരാതന രാഷ്ട്രമാണ് നമ്മുടേത്. അന്നൊന്നും നമുക്ക് സ്വന്തം പതാക ഉണ്ടായിരുന്നില്ലേ. സംശയാതീതമായും നമുക്ക് ഉണ്ടായിരുന്നു. പിന്നെ, നമ്മുടെ മനസ്സിൽ ഈ വിടവ്, ഈ ശൂന്യത എങ്ങനെ വന്നു. “
ഈ രാഷ്ട്രത്തിന് പുരാതന കാലംമുതലേ സ്വന്തമായി പതാക ഉണ്ട് എന്നാണ് ഗോൾവാൾക്കർ അവകാശപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനവിഭാഗങ്ങൾ വിവിധ കാലഘട്ടങ്ങളിൽ വിവിധതരം പതാകകൾ ഉപയോഗിച്ചിട്ടുള്ളതാണ് ചരിത്രം. ഇന്ത്യയുടെ ദേശീയ പതാകയാകേണ്ടത് എന്ന് അവർ അവകാശപ്പെടുന്ന ‘ഓം, സ്വസ്തിക, ഖഡ്ഗം’ ഇവ ആലേഖനം ചെയ്ത കുങ്കുമപതാക ഏതു കാലത്താണ് ഇന്ത്യയെന്ന ഈ വിശാല ഹാജ്യത്തെ ജനങ്ങളുടെയാകെ പതാകയായിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ പ്രദേശത്തെയും ജനങ്ങൾ ഉപയോഗിച്ചിട്ടുള്ള ഒരു പൊതുവായ പതാക 1947നുമുമ്പ് നമുക്ക് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയെ സംബന്ധിച്ച് ഗോൾവാൾക്കർ വിചാരധാര(പേജ് 350)യിൽ പറയുന്നു, ” നമ്മുടെ ഭരണഘടനതന്നെയും ഇങ്ങനെ ക്ലിഷ്ടവും ഭിന്നാത്മകവുമായ വിവിധ തുണ്ടുകൾ ചേർത്തുണ്ടാക്കിയതാണ്. പാശ്ചാത്യ നാടുകളുടെ ഭരണഘടനകളിലെ വിവിധ വകുപ്പുകൾ എടുത്തു ചേർത്താണ് അത് ഉണ്ടാക്കിയത്. അതിൽ നമ്മുടേത് എന്നു പറയാവുന്ന ഒന്നുമില്ല. നമ്മുടെ ദേശീയ ദൗത്യത്തെക്കുറിച്ചോ, നമ്മുടെ ജീവിതത്തിലെ മുഖ്യആദർശത്തെപ്പറ്റിയോ ഒരു സൂചനപോലും അതിന്റെ നിർദ്ദേശക തത്വങ്ങളിൽ എങ്ങുമില്ല. ഐക്യരാഷ്ട്ര സമിതിയുടെയും മുമ്പത്തെ സർവരാഷ്ട്ര സമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തൻ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേർത്തുണ്ടാക്കിയ വികൃത സൃഷ്ടിയാണത്.” ദേശീയ പതാകയെയും ഭരണഘടനയെയും പരാമർശിക്കുമ്പോൾ ഉള്ള പ്രകടമായ പുച്ഛവും പരിഹാസവും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജനാധിപത്യ ആദർശങ്ങളെ സ്വീകരിക്കേണ്ടിവരുന്നതിലെ അസഹിഷ്ണുത തുറന്നുപറയാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല. ജനാധിപത്യത്തോടുള്ള ഈ അനാദരവ് നിറഞ്ഞ സമീപനം തന്നെയാണ് ഭരണഘടനയോടുള്ള അവരുടെ അനാദരവിനും കാരണം. ഇതിലെ ആശയങ്ങൾ പാശ്ചാത്യമാണ് എന്നതാണ് അദ്ദേഹത്തിന്റെ വിമർശനം. ജനാധിപത്യ ആദർശങ്ങൾ ആവിർഭവിച്ചത് പാശ്ചാത്യ രാജ്യങ്ങളിലാണ് എന്നതുകൊണ്ട് അത് സ്വീകാര്യമാകേണ്ടതില്ല എന്ന് അവർ കരുതുന്നുണ്ടാകണം. എന്നാൽ അവർ സ്വീകരിച്ചിട്ടുള്ള ആധുനിക ജീവിതത്തിലെ സമസ്ത കാര്യങ്ങളും പാശ്ചാത്യമോ വൈദേശികമോ ആണെന്നിരിക്കെ ആ പുച്ഛത്തിന്റെ സാംഗത്യം എന്താണ്. ഈ ഭരണഘടനയുടെ പരിമിതിയായി അദ്ദേഹം പറയുന്നത് അതിൽ ഭാരതീയമായി യാതൊന്നും ഇല്ല എന്നതാണ്. ഗോത്രകാലഘട്ടത്തിലെ സാമൂഹ്യ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന മനുസ്മൃതിയിലെയും ശാങ്കരസ്മൃതിയിലെയും മറ്റും ആശയങ്ങൾ ഇതിൽ ഇല്ല എന്നതാണ് പ്രശ്നം. 1939 നവംബർ30ലെ ‘ഓർഗനൈസർ’ എന്ന ആർഎസ്എസ് പ്രസിദ്ധീകരണത്തിൽ പറയുന്നു, ” എന്നാൽ നമ്മുടെ ഭരണഘടനയിൽ പ്രാചീനഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെക്കുറിച്ച് പരാമർശമൊന്നും ഇല്ല. സ്പാർട്ടയിലെ ലിക്കുർ ഗസിനും പേർഷ്യയിലെ സോലോണിനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഇന്നും ആ നിയമങ്ങൾ ലോകത്തിന്റെ ആഹ്ലാദത്തിനും ആദരവിനും പാത്രീഭവിക്കുകയും സ്വാഭാവികമായ അനുസരണയും യുക്തതയും ഉളവാക്കുകയും ചെയ്യുന്നു.” (ഷംസുൾ ഇസ്ലാം, Know the RSS)
ആധുനിക ജീവിതത്തെ നിർണയിക്കാനും നിയന്ത്രിക്കാനും പ്രാചീനനിയമങ്ങൾ ഉൾപ്പെടുത്തിയില്ല എന്നതാണ് ആർഎസ്എസിന്റെ പരിഭവം. സമത്വം എന്നത് സങ്കൽപ്പിക്കാനാകാത്ത കാലത്ത് നിലനിന്നിരുന്ന സ്മൃതികളിലെയും ശ്രുതികളിലെയും വ്യവസ്ഥകളെ പരിഗണിക്കാനാകാത്തവിധം ആധുനിക സമൂഹം വളർന്നതിനാലാണ് ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ നിർമ്മാണ സഭയുടെ പരിഗണനയിൽപ്പോലും അതൊന്നും വരാതിരുന്നത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കരുതെന്നും ശുദ്രന് അക്ഷരം നിഷേധിക്കണം എന്നും വേദം ഉച്ചരിക്കുന്ന ശൂദ്രന്റെ നാക്ക് അറുക്കണമെന്നും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നുമൊക്കെ അനുശാസിക്കുന്ന നിയമസംഹിതകളാണ് സംഘപരിവാറിന്റെ മാതൃകാഭരണഘടന!
മഹാകവി രവീന്ദ്രനാഥ ടാഗോർ രചിച്ച ദേശീയ ഗാനമല്ല, വന്ദേമാതരമാണ് അവരുടെ ദേശീയ ഗാനം. മഹാത്മാഗാന്ധിയല്ല; സവർക്കറാണ് അവരുടെ രാഷ്ട്രപിതാവ്. ജനാധിപത്യ മതേതര ഉള്ളടക്കമുള്ള സകലതിനെയും എതിർക്കുകയും ഫ്യൂഡൽ മൂല്യങ്ങളുള്ള സകലതിനെയും സ്വാംശീകരിക്കുകയും ചെയ്യുക ! ഇന്ത്യ ഇന്നു കാണുന്നതുപോലെ ഒരു ഏകോപിത രാഷ്ട്രമാകണമെന്ന താൽപര്യംപോലും ഹിന്ദുത്വവാദികൾക്ക് ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ പാകിസ്ഥാൻ വാദം ഉന്നയിച്ച് പിളർന്നു മാറുമ്പോൾ സ്വാഭാവികമായും അവശേഷിക്കുന്ന ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന ‘യുക്തി’ ഗാന്ധി, നെഹ്റു തുടങ്ങിയ നേതാക്കളുടെ നിലപാടുമൂലം പരാജയപ്പെട്ടപ്പോൾ നാട്ടുരാജ്യങ്ങളുടെ സ്വയംഭരണാധികാരം നിലനിർത്തി മതേതര ജനാധിപത്യ രാജ്യം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണമെന്ന് സവർക്കറും കൂട്ടരും ആഗ്രഹിച്ചു. ബ്രിട്ടൻ ഭരണം ഒഴിഞ്ഞ് പിന്മാറുമ്പോൾ, ഹിന്ദുക്കളായ തങ്ങൾക്ക് ഭരണം ലഭിക്കുന്നില്ല എങ്കിൽ മുമ്പുള്ള നാട്ടുരാജ്യങ്ങളിലേയ്ക്ക് മടങ്ങണം എന്നതായിരുന്നു അവരുടെ താൽപര്യം. അതിനുവേണ്ടിയുള്ള ശ്രമമാണ് സ്വതന്ത്ര തിരുവിതാംകൂറിനും സ്വതന്ത്ര കാശ്മീരിനും പിന്തുണ നൽകിക്കൊണ്ട് ഇന്ത്യൻ യൂണിയനെ തകർക്കാൻ സവർക്കർ നടത്തിയ നീക്കങ്ങൾ. അതുകൊണ്ട് യഥാർത്ഥ ചരിത്രം ഇനിയും ഇനിയും നാട് തിരിച്ചറിയേണ്ടിയിരിക്കുന്നു. സംഘപരിവാർ ശക്തികൾക്ക് ആധുനിക ഇന്ത്യ രൂപപ്പെടുത്തിയതിൽ ഒരു പങ്കുമില്ല. ബ്രിട്ടീഷുകാരിൽനിന്നുള്ള മോചനം അവർ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനുവേണ്ടി പോരാടിയിട്ടുമില്ല. മറിച്ച് അതിനെയെല്ലാം തുരങ്കം വയ്ക്കുകയാണ് ചെയ്തത്.

Share this post

scroll to top