5 ശതലക്ഷം ഡോളർ സമ്പദ്‌വ്യവസ്ഥയുടെ ഇരുണ്ടമുഖം

GDP-GDPGDP.avif
Share

ന്റർനാഷണൽ മോണിറ്ററി ഫണ്ടി(ഐഎംഎഫ്)ന്റെ പ്രവചനങ്ങൾ ഉദ്ധരിച്ച് ഇന്ത്യയുടെ ജിഡിപി വളർച്ചയെക്കുറിച്ച്  നീതി ആയോഗിന്റെ സിഇഒ, ഇന്ത്യ ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതായി അവകാശപ്പെട്ടു. പക്ഷേ യാഥാർത്ഥ്യമെന്തെന്നാൽ ഇതും ഒരു സാങ്കല്പികമായ സിദ്ധാന്തമാണെന്നതാണ്. ഇത്തരത്തിലുള്ള കണക്കുകൂട്ടലുകൾ ബിജെപി സർക്കാരിന് സ്വയം പ്രശംസിക്കാൻ സഹായിച്ചേക്കാം, പക്ഷേ ഐഎംഫ് പ്രതിനിധി വ്യക്തമാക്കിയതോടെ ആ ഊതി വീർപ്പിച്ച സംഖ്യകളുടെ കുമിള പൊട്ടിപോയി — ഇന്ത്യയ്ക്ക് 2025 അവസാനം മാത്രമേ 4 ട്രില്യൺ ഡോളറെന്ന ലക്ഷ്യം കൈവരിക്കാനാവുകയുള്ളൂ.

ജിഡിപി വളർച്ചയുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന്റെ  സമ്പദ്‌വ്യവസ്ഥ വളരുന്നുവെന്ന് കണക്കാക്കാനാവില്ല എന്ന് ഞങ്ങൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ വിതരണരീതി അതിൽ യഥാർത്ഥത്തിൽ പ്രതിഫലിക്കുന്നില്ല. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം കാരണം, രാജ്യത്തെ 10% വരുന്ന അതിസമ്പന്നർ മൊത്തം ദേശീയ സമ്പത്തിന്റെ 77% കൈവശം വെക്കുന്നു, അതേസമയം 67 കോടിവരുന്ന  അത്യന്തം ദരിദ്രരായ ജനങ്ങളുടെ സമ്പത്തിൽ വെറും 1% വർദ്ധന മാത്രമേ ഉണ്ടായിട്ടുള്ളു. അതിനാൽ ജിഡിപി വളർച്ച എന്നത് തെറ്റായ കണക്കുകൂട്ടലാണ്. അതുപോലെതന്നെ വികലവും വളച്ചൊടിക്കപ്പെട്ടതുമായ കണക്കാണ് പ്രതിശീർഷ വരുമാനമെന്നതും. അതായത്, മൊത്തം സമ്പത്തിനെ, ജനസംഖ്യയെ അടിസ്ഥാനമാക്കി കണ്ടുപിടിക്കുന്ന ശരാശരിയുടേതായ രീതി. 16 പേരുടെ സമ്പത്ത് 60 കോടി ജനങ്ങളുടെ സമ്പത്തിനു  തുല്യമാണെങ്കിൽ, ആ ശരാശരി കണക്കിന് എന്തെങ്കിലും അർത്ഥവുമുണ്ടാകുമോ?

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇന്ത്യയുടെ വിദേശകടം 174% ഉയർന്നിട്ടുണ്ട്, അതുപോലെ തന്നെ 2013–14 മുതൽ 2022–23 വരെയുള്ള കാലയളവിൽ വിദേശ കടത്തിൽ 100% വർദ്ധനവുമുണ്ടായി. വിദേശ കടം സർക്കാരിന്റെ മൊത്തം കടത്തിന്റെ ഭാഗമാണ്. 2014 മാർച്ച് 31ന് കേന്ദ്ര സർക്കാരിന്റെ കടം 58.6 ലക്ഷം കോടി രൂപയായിരുന്നു(മൊത്തം ജിഡിപിയുടെ 52.2 ശതമാനം). അത് 2024ൽ ഏകദേശം 205 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് കടത്തിന്റെയും-ജിഡിപിയുടെയും അനുപാതം 81.29%. ഇതിന്റെ അർത്ഥം, 2014 മുതൽ “വികസിത ഭാരതം” എന്ന ലക്ഷ്യത്തോടെ മുന്നേറിയ ബിജെപി സർക്കാർ ഇന്ത്യയിലെ  ജനങ്ങളെ നാലിരട്ടി കടബാധ്യതയിലേക്ക് ചവിട്ടി താഴ്ത്തിയിരിക്കുന്നു എന്നതാണ്.

മറ്റൊരു വശത്ത്, ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യ അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ച കൈവരിച്ചുകൊണ്ടിരിക്കുമ്പോഴും 130 കോടി ജനങ്ങളിൽ 60 ശതമാനവും ദിനംപ്രതി 250 രൂപയിൽ താഴെയുള്ള വരുമാനത്തിലാണ് കഴിയുന്നത് (ലോകബാങ്കിന്റെ മധ്യനിര ദാരിദ്ര്യ രേഖ(midline poverty line) പ്രകാരം). അതുപോലെതന്നെ 21 ശതമാനം, അതായത് 25 കോടി ആളുകൾ, ദിവസവും 166 രൂപയിൽ താഴെ വരുമാനത്തിലാണ് കഴിയുന്നത്. തൊഴിലില്ലായ്മ എത്രയോ ഉയരത്തിലാണ്. രാജസ്ഥാനിൽ 53,749 പ്യൂൺ തസ്തികകളിലേക്കായി 24.76 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്, അതിൽ പിഎച്ഡി, എംബിഎ, നിയമ ബിരുദധാരികളെ കൂടാതെ സിവിൽ സർവീസിലേക്കായി തയ്യാറെടുക്കുന്നവരും ഉൾപ്പെടുന്നു. ഒരു മാധ്യമ റിപ്പോർട്ട് പ്രകാരം, ഉത്തർപ്രദേശ് പോലീസിലെ മെസഞ്ചർ തസ്തികയിലേക്ക് 3,700 പിഎച്ഡി ബിരുദധാരികൾ, 50,000 ബിരുദധാരികൾ, 28,000 പിജി ബിരുദ ധാരികൾ ഉൾപ്പടെയുള്ളവരാണ് അപേക്ഷിച്ചത്. ആ തസ്തികയ്ക്ക് ആവശ്യമായ യോഗ്യത അഞ്ചാം ക്ലാസ് മാത്രമാണ് എന്നോർക്കണം. പശ്ചിമബംഗാളിൽ പോസ്റ്റ് ഗ്രാജുവേറ്റുകൾ വരെ മോർച്ചറി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. 

സാധാരണ ജനങ്ങളുടെ വാങ്ങൽശേഷി മണിക്കൂർതോറും കുറഞ്ഞുകൊണ്ടേ യിരിക്കുന്നു. അതിനാൽ, 4 ട്രില്യൺ ഡോളറുള്ള സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനതയുടെ യാതൊരു അടിസ്ഥാന പ്രശ്നവും പരിഹരിച്ചിട്ടില്ല. മറിച്ച് അവരുടെ അവസ്ഥ കൂടുതൽ വഷളാക്കുകയാണ്. അപ്പോൾ ജിഡിപി വളർച്ചയിലോ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള മത്സരത്തിലോ എന്താണ് സന്തോഷിക്കാനുള്ളത്? 

ഭരണകൂടത്തിന്റെ ഭാവനയിൽ സാമ്പത്തികരംഗം സ്വർഗ്ഗതുല്യമാകുമ്പോഴും ദേശീയ സ്‌റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ കണക്കുപ്രകാരം വ്യവസായ ഉത്പാദന നിരക്ക് 2.7% ആയി താഴ്ന്നിട്ടുണ്ട്. വിപണിയുടെ ആവശ്യത്തിനനുസരിച്ചാണ് വ്യവസായ ഉൽപ്പാദനം നടക്കുന്നത്. എന്നാൽ ജനങ്ങൾക്ക് വാങ്ങാനുള്ള ശേഷിയില്ലാത്തതുകൊണ്ട് ആവശ്യവും കുറഞ്ഞു. ഇന്ത്യയിലെ വിദേശ നിക്ഷേപം (എഫ്ഡിഐ) വലിയ ഒരു ഭീഷണി തുറന്നുകാണിക്കുന്നു, കാരണം വിദേശ വ്യവസായികൾക്ക് ഇന്ത്യയിൽ സാധ്യതകളില്ലെന്ന് അവർ നിരീക്ഷിക്കുന്നു. ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് പോലും പുതിയ നിക്ഷേപം ചെയ്യാൻ താത്പര്യമില്ല.

കൂട്ടിച്ചേർത്ത മൂലധനം ഊഹാപോഹ സ്റ്റോക്ക് മാർക്കറ്റിലേക്കാണ് തള്ളിവിടുന്നത്, അതിലൂടെ ഒരു കൃത്രിമ കുതിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇത് സാമ്പത്തിക വളർച്ചയുടെ സൂചനയല്ല, മറിച്ച് ഒരു രോഗലക്ഷണമാണ്. 2016ലെ നോട്ടുനിരോധന സമയത്ത് കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നും, വ്യാജ നോട്ടുകൾ അസാധുവാക്കപ്പെടുമെന്നും, ഭീകരവാദ ഫണ്ടിംഗ് അവസാനിക്കുമെന്നും പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നു. ഇവയൊന്നും യാഥാർത്ഥ്യമായില്ല. കള്ളപ്പണം ഇപ്പോഴും ആധിപത്യം പുലർത്തുന്നു. മുൻ ആർബിഐ ഡയറക്ടറുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ മൊത്തം കള്ളപ്പണം ഏകദേശം  500 ബില്യൺ യുഎസ് ഡോളർ(₹43.5 ലക്ഷം കോടി) ആണ്. റിസർവ് ബാങ്കിന്റെ 2024–25ലെ വാർഷിക റിപ്പോർട്ട് പ്രകാരം, ബാങ്കിങ് സംവിധാനത്തിൽ കണ്ടെത്തിയ 500 രൂപ മുഖവിലയുള്ള വ്യാജനോട്ടുകളുടെ എണ്ണം 2023–24 ലെ 85,711ൽ നിന്ന് 2024–25-ൽ 1,17,722 ആയി, വർഷാനുസൃതമായി 37.35 ശതമാനം വർദ്ധിച്ചു — കഴിഞ്ഞ ആറുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണിത്(2020 സാമ്പത്തിക വർഷം മുതൽ).  2023 ആഗസ്റ്റ് 9ന് ലോക്‌സഭയിൽ ആഭ്യന്തരകാര്യ ഉപമന്ത്രി പ്രഖ്യാപിച്ചതുപ്രകാരം, കാശ്മീരിൽ മാത്രം 2018 മുതൽ 2023 ജൂലൈ 31 വരെയുള്ള കാലയളവിൽ 793 തീവ്രവാദ അക്രമ സംഭവങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെ എങ്കിൽ, 105ലധികം വിലയേറിയ ജീവന്‍ നഷ്ടപ്പെട്ടിട്ടും 99 ശതമാനം നോട്ടുകളും ബാങ്കിലേക്ക് തിരികെ വന്നിട്ടും, തകൃതിയായി പ്രഖ്യാപിച്ച നോട്ടുനിരോധനംകൊണ്ട് എന്ത് ഗുണം ലഭിച്ചു?

അങ്ങനെ, വ്യവസായ ഉത്പാദനം താഴ്ന്നിരിക്കുന്നു, തൊഴിലില്ലായ്മ ഉയർന്നിട്ടുണ്ട്, ജനങ്ങളുടെ വരുമാനം ഇടിഞ്ഞിരിക്കുകയാണ്. നോട്ടുനിരോധനം പരാജയമായി, അത് ഒരു നാടകമായിരുന്നു എന്നും പറയാം. വിപുലീകരിക്കപ്പെട്ട 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ യാത്രയിൽ വളർന്നത് ചില വ്യവസായ ഭീമന്മാരുംചില കോടീശ്വരന്മാരും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടുകളുമാണ്. ഭരണകൂടത്തോടും പ്രധാനമന്ത്രി മോദിയോടും അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ചില തട്ടിപ്പുകാരായ വ്യവസായികൾ 69,000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യം വിടുകയും, വിദേശത്ത് ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു. ആ തുക വീണ്ടെടുക്കാനുള്ള പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടതായി ആർബിഐ ഇപ്പോൾ അറിയിക്കുന്നു. യഥാർത്ഥത്തിൽ, കഴിഞ്ഞ 11 വർഷത്തിനിടെ ₹6,36,992 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് — ഇത് തട്ടിപ്പിലെ 416% വളർച്ചയാണ്. അതിനാൽ, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ‘തിളങ്ങിത്തിളങ്ങി മുന്നേറുന്നു’ എന്ന വീമ്പുപറച്ചിലിൽ നിന്നെന്താണ് നാം മനസ്സിലാക്കേണ്ടത്? അതൊരു യാഥാർത്ഥ്യ ബോധമില്ലാത്ത പുലമ്പൽ മാത്രമാണെന്നോ?

Share this post

scroll to top