ബിസിനസ്സ് ഭീമന്മാർക്ക് വേണ്ടി ആവിഷ്കരിച്ചകേന്ദ്ര ബജറ്റ് 2026

Untitled-design-1.png
Share

കഴിഞ്ഞ വർഷം ബിജെപി ധനമന്ത്രി, 2047ഓടെ ഒരു വികസിത ഇന്ത്യ എന്ന ആഹ്വാനം നൽകിയിരുന്നു. സ്ഥൂല സാമ്പത്തിക വിവരങ്ങളുടെ വിശകലനം വെളിപ്പെടുത്തുന്നത് 2032ഓടെ സമ്പന്നരെ കൂടുതൽ സമ്പന്നരും പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരും ആക്കുന്ന ഒരു വളർച്ചാ മാതൃകയുടെ ഏകീകരണമാണ്. വാസ്തവത്തിൽ, ഇപ്പോൾ യാഥാർത്ഥ്യത്തെക്കാൾ ഉപരിയായി ഒരു ആചാരമായി മാറിയിരിക്കുന്ന ഈ ബജറ്റും, അമിത വാഗ്ദാനങ്ങളുടെ വിവരണവും പരാജയങ്ങളിൽനിന്നുള്ള സമർത്ഥമായ ഒളിച്ചുകളിയുമാണ്.

ബജറ്റിൽ, സർക്കാരിന്റെ പക്കൽ ചെലവഴിക്കാൻ എത്ര പണമുണ്ടെന്നും ആ പണം എവിടെനിന്നാണ് വരുന്നതെന്നും ജനങ്ങൾ അറിയേണ്ടതുണ്ട്. 26-27 ബജറ്റ് 53.47 ലക്ഷം കോടി രൂപയുടേതാണ്, ഇത് കഴിഞ്ഞ വർഷത്തേക്കാൾ നേരിയ തോതിൽ (ഏകദേശം 5%) മാത്രമാണ് കൂടുതൽ. എന്നാൽ സർക്കാർ എവിടെ നിന്നാണ് വരുമാനം പ്രതീക്ഷിക്കു ന്നത്? വരുമാനത്തിന്റെ 24% വായ്പകളിൽ നിന്നായിരിക്കും. വരുമാനത്തിന്റെ 21% വ്യക്തിഗത ആദായനികുതിയിൽ നിന്നായിരിക്കും. ജിഎസ്‌ടിയും മറ്റ് പരോക്ഷ നികുതികളും 15% ആവുമ്പോൾ കോർപ്പറേറ്റ് നികുതി വരുമാനത്തിന്റെ 18% വരും. ആരാണ് ജിഎസ്‌ടിയും മറ്റ് പരോക്ഷ നികുതികളും അടയ്ക്കുന്നത്? സാധാരണ ജനങ്ങൾ. ജനസംഖ്യയിലെ താഴെത്തട്ടിലുള്ള 50% ആളുകൾ മൊത്തം ജിഎസ്‌ടിയുടെ 64% നൽകുമ്പോൾ, മുകളിലത്തെ 10% വെറും 4% മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. ബാക്കിയുള്ള വരുമാനം ഫീസ്, പിഴകൾ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള ലാഭവിഹിതം (Dividends), വായ്പകളുടെ പലിശ, റോയൽറ്റി തുടങ്ങിയ നികുതിയേതര വരുമാനത്തിൽനിന്നാണ്. അതായത്, അധ്വാനിക്കുന്ന ജനങ്ങളിൽ നിന്ന് സർക്കാർ 36% (21+15) നികുതി പിഴിഞ്ഞെടുക്കുമ്പോൾ, കോർപ്പറേറ്റുകൾ അതിന്റെ പകുതി മാത്രമേ നികുതി ബാധ്യതയായി വഹിക്കുന്നുള്ളൂ. അതിനർത്ഥം കോർപ്പറേറ്റുകൾ കൂടുതൽ ഇളവുകളും നികുതിഒഴിവാക്കലുകളും ആസ്വദിക്കുമ്പോൾ, സാധാരണ പൗരന്മാർ പൊള്ളയായ വാഗ്ദ്ധാനങ്ങൾകൊണ്ട് തൃപ്തിപ്പെടാൻ നിർബന്ധിതരാകുന്നു എന്നാണ്.


ചെലവ് പദ്ധതി


ചെലവ് വശം പരിശോധിച്ചാൽ, നികുതി വരുമാനത്തിന്റെ 22% സംസ്ഥാനങ്ങളിലേക്ക് പോകുന്നു. കൂടാതെ, 20% (14 ലക്ഷം കോടി രൂപ) വായ്പകളുടെ പലിശയായി ചെലവഴിക്കുന്നു. ബാക്കി 58% മാത്രമാണ് സർക്കാരിന്റെ പക്കൽ ചെലവഴിക്കാൻ ലഭ്യമായിട്ടുള്ളത്. ഈ വർഷം പ്രതീക്ഷിക്കുന്ന 17 ലക്ഷം കോടി രൂപയുടെ കടമെടുപ്പിലൂടെ, മൊത്തം കടം 214 ലക്ഷം കോടി രൂപയായി (ജിഡിപിയുടെ 55.6%) മാറും, കഴിഞ്ഞ വർഷം ഇത് 184.56 ലക്ഷം കോടി രൂപയായിരുന്നു. ധനപരമായ മാനേജ്‌മെന്റ് എത്രത്തോളം വിവേകശൂന്യമാണെന്ന് ഇത് കാണിക്കുന്നു! പ്രതിമാസം 20 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് 1% അധിക നികുതി ചുമത്തുകയാണെങ്കിൽ, സർക്കാരിന്റെ വരുമാനം 15,000 കോടി രൂപ വർദ്ധിപ്പിക്കാൻ കഴിയും. മറുവശത്ത്, കോർപ്പറേറ്റ് നികുതി നേരിയതോതിൽ, അതായത് 2% മുതൽ 2.5% വരെ വർദ്ധിപ്പിക്കുകയാണെങ്കിൽ, സർക്കാരിന് ഏകദേശം 1.2 ലക്ഷം കോടി രൂപ അധിക വരുമാനം ലഭിക്കും. പിന്നെ എന്തുകൊണ്ടാണ് സമ്പന്നരുടെമേൽ കൂടുതൽ നികുതി ചുമത്താത്തതും, അനിയന്ത്രിതമായ വിലക്കയറ്റത്താലും വരുമാന മാർഗ്ഗങ്ങളുടെ അഭാവത്താലും നട്ടെല്ല് ഒടിഞ്ഞ സാധാരണക്കാർക്ക് അല്പമെങ്കിലും ആശ്വാസം നൽകാത്തതും? എങ്കിൽ മാത്രമേ “പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടിയുള്ള പരിഗണന” എന്ന അവകാശവാദത്തിന് എന്തെങ്കിലും സാരമുണ്ടാകൂ. എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ല, കാരണം സർക്കാരിന്റെ ലക്ഷ്യം വ്യത്യസ്തമാണ്. വ്യക്തമായി പറഞ്ഞാൽ, കുത്തക സ്ഥാപനങ്ങളെയും വിദേശ നിക്ഷേപകരെയും ആശ്വസിപ്പിക്കുന്നതിനും സൊവറിൻ റേറ്റിംഗുകളെ പിന്തുണയ്ക്കുന്നതിനും തങ്ങൾ അവരുടെ കഴിവുള്ള സാമ്പത്തിക മാനേജർമാരാണെന്ന സർക്കാരിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ഏർപ്പാടായിട്ടാണ് ഇപ്പോൾ ധനപരമായ ഏകീകരണം പ്രവർത്തിക്കുന്നത്.


25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തി എന്ന അവകാശവാദം


ഇനി “എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച”(Inclusive Growth) എന്ന അവകാശവാദം പരിശോധിച്ചാൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സർക്കാരിന്റെ പരിശ്രമഫലമായി ഏകദേശം 25 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽ (Multidimensional Poverty) നിന്ന് പുറത്തുവന്നതായി ധനമന്ത്രി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉന്നതമായ നേട്ടം! എന്നാൽ ഈ അവകാശവാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ? ബഹുമുഖ ദാരിദ്ര്യം എന്നാൽ കേവലം കുറഞ്ഞ വരുമാനത്തിനപ്പുറം ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ വിടവുകൾ വിലയിരുത്തി ദാരിദ്ര്യം തിരിച്ചറിയുക എന്നതാണ്. ശുദ്ധജലത്തിന്റെ അഭാവം, മോശം പോഷകാഹാരം, ആരോഗ്യപരിരക്ഷ, ശരിയായ വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ ഘടകങ്ങൾ സമൂഹം എങ്ങനെ അനുഭവിക്കുന്നു തുടങ്ങിയവയാണ്. ഇനി നമുക്ക് യാഥാർത്ഥ്യത്തിലേക്ക് തിരിയാം. വിദഗ്ധരുടെ സംഘം പടച്ചുവിടുന്ന മിനുക്കിയ കണക്കുകൾ എന്തുതന്നെയായാലും, പണപ്പെരുപ്പം ആകാശംമുട്ടുകയാണെന്ന് ആർക്കാണ് അറിയാത്തത്? കണക്കുകളിൽ കൂടുതൽ കൃത്രിമം കാണിക്കാൻ കഴിയാതെ വന്നതോടെ, വിപണിയിലെ  പണപ്പെരുപ്പം വർദ്ധിച്ചതായി സർക്കാരിന് ഈയിടെ സമ്മതിക്കേണ്ടിവന്നു. എന്നാൽ വർദ്ധനവിന്റെ നിരക്ക് പതിവ് കണക്കുകൂട്ടൽ വിദ്യകളിലൂടെ 1.33% ആയി നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ഭക്ഷ്യ പണപ്പെരുപ്പം 8% ആണെന്ന് പ്രസ്താവിക്കപ്പെടുന്നു. അതിനാൽ, ഉയർന്ന ഭക്ഷ്യ പണപ്പെരുപ്പം, കുറയുന്ന യഥാർത്ഥ വേതനം, വർദ്ധിച്ച കടബാധ്യത എന്നിവ കാരണം, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉപഭോഗ ചെലവ് കുറയുകയാണ്. ഇത് സാധാരണക്കാരായ ഇന്ത്യക്കാരുടെ ജീവിതനിലവാരത്തിൽ എന്തെങ്കിലും പുരോഗതിയെ സൂചിപ്പിക്കുന്നുണ്ടോ?


80 കോടി പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകാനുള്ള സർക്കാരിന്റെ തീരുമാനംതന്നെ സൂചിപ്പിക്കുന്നത് 60 ശതമാനത്തിലധികം ദരിദ്രർക്ക് മിനിമം ഭക്ഷണംപോലും വാങ്ങാനുള്ള മാർഗ്ഗമില്ലെന്നാണ്. ആഗോള വിശപ്പ് സൂചികയിൽ 127 രാജ്യങ്ങളിൽ ഇന്ത്യ 105-ാം സ്ഥാനത്താണ്. യൂണിസെഫ് റിപ്പോർട്ട് പ്രകാരം അടുത്ത വർഷങ്ങളിൽ അഞ്ച് വയസ്സിൽ താഴെയുള്ള 8.8 ലക്ഷം കുട്ടികൾക്ക് പട്ടിണി മൂലം ജീവൻ നഷ്ടപ്പെട്ടു. 20 കോടിയിലധികം ഇന്ത്യക്കാർ ദിവസവും പട്ടിണി കിടക്കുന്നു. വിശപ്പുമൂലം പ്രതിദിനം 7,000ത്തിലധികം ഇന്ത്യക്കാർ മരിക്കുന്നു. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കാരണം ദിവസവും 500ലധികം കുട്ടികൾ മരിക്കുന്നു. ഓരോ ദിവസവും 48 കർഷകർ ആത്മഹത്യ ചെയ്യുന്നു. ജനസംഖ്യയുടെ 50 ശതമാനത്തിലധികം ആളുകൾക്കും ഇപ്പോഴും സുരക്ഷിതമായ കുടിവെള്ള ലഭ്യതയില്ല. 66% ഗ്രാമീണ ഇന്ത്യക്കാർക്കും മിനിമം ആരോഗ്യപരിരക്ഷയും അത്യാവശ്യ മരുന്നുകളും ലഭ്യമല്ല, 31% ആളുകൾ പ്രാഥമിക ചികിത്സയ്ക്കായി 30 കിലോമീറ്ററിലധികം യാത്രചെയ്യുന്നു. 1.55 ലക്ഷം ഹെൽത്ത് സബ് സെന്ററുകളിൽ വെറും 3.4% മാത്രമാണ് ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (IPHS) പ്രകാരം പ്രവർത്തിക്കുന്നത്. 24,918 പ്രൈമറി ഹെൽത്ത് സെന്ററുകളിൽ വെറും 13 ശതമാനവും (3278), ചൈൽഡ് ഹെൽത്ത് സെന്ററുകളിൽ 8.4 ശതമാനവും മാത്രമേ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നുള്ളൂ. ഏകദേശം 90 കോടി ജനങ്ങൾക്ക് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് മതിയായ സാമ്പത്തിക സംരക്ഷണം ലഭിക്കുന്നില്ല. ഏകദേശം 70% വരുന്ന ഗ്രാമീണ ജനതയ്ക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? പാവപ്പെട്ടവർക്ക് ചികിത്സയ്ക്കായി ചെലവേറിയ സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ, എങ്ങനെയാണ് 25 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്നത്? ഇത് വെറും പൊള്ളയായ വാക്കുകളല്ലേ!


കൃഷിയും കർഷകരും


കര്‍ഷകരുടെ ദുരിതമോര്‍ത്ത് സദാ മുതലക്കണ്ണീര്‍ ഒഴുക്കുന്ന മോദി കാര്‍ഷികരംഗത്തേക്ക് വമ്പൻ ബഹുരാഷ്ട്ര കമ്പനികളുടെയും കുത്തക സ്ഥാപനങ്ങളുടെയും അനിയന്ത്രിതമായ പ്രവേശനം സുഗമമാക്കുന്നതിന് നാല് കറുത്ത കാർഷിക നിയമങ്ങൾ കൊണ്ടുവന്നു. അതിനെതിരെ  കർഷകർ ദില്ലിയുടെ അതിർത്തിയിൽ നടത്തിയ ഒരു വർഷം നീണ്ടുനിന്ന ചരിത്രപരമായ സമരം അടിച്ചമർത്താൻ ചതുരുപായങ്ങളും മെനഞ്ഞു. 700ലധികം കര്‍ഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. സമരത്തിന്റെ സമ്മർദ്ദംമൂലം ആ നിയമങ്ങൾ പിൻവലിക്കേണ്ടിവന്നെങ്കിലും, പിൻവാതിലിലൂടെ അവ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളും സജീവമാണ്. C2 + 50 എന്ന ശാസ്ത്രീയ ഫോർമുലയെ അടിസ്ഥാനമാക്കിയുള്ള മിനിമം താങ്ങുവില (MSP) നിയമവിധേയമാക്കണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിന് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വിള സംഭരണ വിപണി ഇതിനകംതന്നെ സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിക്കഴിഞ്ഞു, അവർ കർഷകർക്ക് ന്യായമായ വില നൽകാതെ ചൂഷണം ചെയ്യുന്നു. ഇപ്പോൾ പുതിയ സീഡ് ആക്ട് (വിത്ത് നിയമം) വഴിയും മറ്റ് നടപടികളിലൂടെയും കാർഷിക വിപണി മുഴുവൻ ലാഭക്കൊതിയുള്ള അഗ്രി-കോർപ്പറേറ്റുകൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാർഷിക മേഖല ഇപ്പോൾ സ്വകാര്യ കൈകളിലാണ്, കാർഷിക വരുമാനത്തിന് നികുതിയുമില്ല. അതിനാൽ, കോർപ്പറേറ്റ് ഭീമന്മാർക്ക് ഇതൊരു ലാഭകരമായ വേട്ടയാടൽ കേന്ദ്രമാണ്.


ഈ പശ്ചാത്തലത്തിൽ ബജറ്റ് കണക്കുകൾ നോക്കുക. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് 25-26ൽ കണക്കാക്കിയ 1,58,838 കോടി രൂപയിൽ നിന്ന് 1,51,853 കോടി രൂപയായി കുറച്ചു. അടുത്ത വർഷത്തേക്ക് ഇത് ഏകദേശം 2% മാത്രമാണ് വർദ്ധിപ്പിച്ചത്, ഇത് പണപ്പെരുപ്പത്തെപ്പോലും നേരിടാൻ പര്യാപ്തമല്ല. ഗ്രാമവികസനത്തിനായി 2025-26ൽ 2,65,817 കോടി രൂപ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ചെലവഴിക്കൽ 20% കുറഞ്ഞ് 2,12,750 കോടി രൂപയായി. അടുത്ത വർഷത്തേക്ക് ഇത് 2,73,108 കോടി രൂപയായി ഉയർത്തി – വെറും 3% വർദ്ധനവ് മാത്രം.
മാത്രമല്ല, മുതലാളിത്ത നിയമത്തിന് അനുസൃതമായി ഭൂമി ക്രമാതീതമായി ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച NSSO ഡാറ്റ പ്രകാരം, ആന്ധ്രാപ്രദേശിൽ 54.4%, ബീഹാറിൽ 49.3%, പഞ്ചാബിൽ 46.3%, തെലങ്കാനയിൽ 42.5% എന്നിങ്ങനെ ഭൂമിയില്ലാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. NSSO ഡാറ്റ വ്യക്തമാക്കുന്ന മറ്റൊരുകാര്യം ഗ്രാമീണ മേഖലയിൽ മുകൾതട്ടിലുള്ള 20 ശതമാനം ആളുകൾ 76 ശതമാനം ഭൂമിയും കൈവശം വച്ചിരിക്കുന്നു എന്നാണ്. ഈ കണക്കുകൾ തുടർന്നുള്ള വർഷങ്ങളിൽ പലമടങ്ങ് വർദ്ധിച്ചുവെന്ന് എളുപ്പത്തിൽ അനുമാനിക്കാം.


അടുത്തതായി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ MGNREGA ഇപ്പോൾ VB-G RAM G എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, ഒപ്പം 60:40 എന്ന കേന്ദ്ര-സംസ്ഥാന ഫണ്ടിംഗ് അനുപാതത്തിലേക്ക് മാറുകയും ചെയ്തു. ഇത് ഫണ്ടിംഗിന്റെ പ്രധാന ഉത്തരവാദിത്തം വിഭവ ദരിദ്രമായ സംസ്ഥാനങ്ങളിലേക്ക് മാറ്റുകയും നിയമപരമായ ഗ്യാരണ്ടിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. MGNREGA പണ്ടേ ഘടനാപരമായും സാമ്പത്തികമായും കൃഷിയുമായി ബന്ധിക്കപ്പെട്ടിരുന്നു. 2014 മുതൽ, കുറഞ്ഞത് 60% പ്രവൃത്തികളും കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായിരിക്കണം എന്ന നിബന്ധനയിലാണ് ഇത് പ്രവർത്തിക്കുന്നത്. കൃഷിയോടുള്ള സമീപനത്തിൽ VB-G RAM Gയെ MGNREGAയിൽനിന്ന് വ്യത്യസ്തമാക്കുന്നത് ജോലിയുടെ സ്വഭാവമല്ല, മറിച്ച് ജോലിയുടെ സമയമാണ്. ജലസംരക്ഷണം, ഭൂമി വികസനം തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ ഇതിനകം MGNREGAയുടെ ഭാഗമായിരുന്നു. കാർഷിക തൊഴിലാളികൾ ഏറ്റവും കൂടുതൽ ആവശ്യം വരുന്ന സമയത്ത് തൊഴിൽ ഗ്യാരണ്ടി പിൻവലിക്കുന്നതിലാണ് നിർണ്ണായകമായ വ്യത്യാസം ഇരിക്കുന്നത്. പുതിയ നിയമം വാസ്തവത്തിൽ വരുമാന സുരക്ഷയേക്കാൾ തൊഴിലാളികളുടെ ലഭ്യതയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. VB-G RAM G നിയമം കൂടുതൽ കേന്ദ്രീകൃതമാണെന്നും ജോലിയുടെ നിയമപരമായ ഗ്യാരണ്ടി നൽകുന്നില്ലെന്നും വിദഗ്ധർ പറയുന്നു. കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമേ ഇത് ബാധകമാകൂ എന്ന് നിയമത്തിലെ സെക്ഷൻ 5 പ്രസ്താവിക്കുന്നു. ഇതോടെ MGNREGAയുടെ സവിശേഷതയായ സാർവത്രിക സ്വഭാവം അവസാനിക്കുന്നു. 2020-21ൽ 1.1 ലക്ഷം കോടി രൂപ തൊഴിലുറപ്പിന് അനുവദിച്ചിരുന്നു. എന്നാൽ 2025-26ൽ അത് 86,000 കോടി രൂപയായി കുറഞ്ഞു. ഇപ്പോൾ ജി റാം ജി (G RAM G)ക്ക് 95,692 കോടി രൂപ ലഭിച്ചു, ഇത് ദുരിതമനുഭവിക്കുന്ന ഗ്രാമീണ തൊഴിലില്ലാത്തവർക്ക് മിനിമം ജീവിതം നയിക്കാൻ ആവശ്യമായ വേതനം നൽകുന്നതിന് അങ്ങേയറ്റം അപര്യാപ്തമാണ്. അസംഘടിത മേഖലയിൽ കരാർ തൊഴിലാളികളായി തുച്ഛമായ കൂലിക്ക് ജോലി ചെയ്യാൻ ഭൂമിയില്ലാത്ത കർഷകരും കാർഷിക തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുകയാണ്. ഇപ്പോൾ കാർഷിക വിപണി അമേരിക്കക്കായി തുറന്നുകൊടുക്കുന്നതോടെ ഇന്ത്യൻ കർഷകർ രംഗത്തുനിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെടും. ഇത്തരത്തിലാണ് സർക്കാർ കർഷകർക്കായി മുതലക്കണ്ണീർ ഒഴുക്കുന്നത്.


തൊഴിലാളികളും സമാനമായ ദുരിതത്തിലാണ്


സ്ഥിരം ജോലി എന്നത് ഒരു കെട്ടുകഥയായി മാറിയിരിക്കുന്നു. ഇപ്പോൾ ഇത് കരാർ, കാഷ്വൽ, നിശ്ചിത കാലയളവ് തൊഴിൽ എന്നിവയുടെ കാലമാണ്. സ്ഥിരം സ്വഭാവമുള്ള ജോലികൾ ഏറ്റെടുക്കുന്നതിനു പോലും കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെയും ജീവനക്കാരെയും സർക്കാർ നിയമിക്കുന്നു. 2025 ഡിസംബറിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ നൽകിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി (FY21 മുതൽ FY25 വരെ) ഇന്ത്യയിൽ 2.04 ലക്ഷത്തിലധികം (2,04,268) സ്വകാര്യ കമ്പനികൾ അടച്ചുപൂട്ടി. തൽഫലമായി വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെ (CPSEs) സ്ഥിരം ജീവനക്കാരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ 1.08 ലക്ഷം കുറഞ്ഞു (2019-20ൽ 9.2 ലക്ഷത്തിൽ നിന്ന് 2023-24ൽ 8.12 ലക്ഷമായി). പുതിയ ലേബർ കോഡുകൾ തൊഴിലാളികൾക്കുണ്ടായിരുന്ന ചെറിയ സംരക്ഷണങ്ങൾപോലും ഇല്ലായ്മചെയ്യാനും ഉടമകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ—തൊഴിലാളികളെ യഥേഷ്ടം നിയമിക്കാനും പിരിച്ചുവിടാനും, നിലവിലുള്ള സംരക്ഷണങ്ങൾ തട്ടിയെടുക്കാനും, അവരുടെ സമരത്തിനുള്ള അവകാശത്തെ ലംഘിക്കാനും—കൈയയച്ച് സ്വാതന്ത്ര്യം നൽകുന്നതുമാണ്. മറുവശത്ത്, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്ന മറവിൽ ലാഭക്കൊതിയുള്ള കോർപ്പറേറ്റ് സ്രാവുകൾക്കായി ഈ കോഡുകൾ ചുവപ്പ് പരവതാനി വിരിക്കുന്നു.


തൊഴിലില്ലായ്മ കുതിക്കുന്നു


ഇന്ത്യയുടെ ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 6%-8% ഇടയിലാണെന്ന് പറയപ്പെടുന്നു. ഇതും ശ്രദ്ധാപൂർവം നെയ്തെടുത്ത ഒരു കപടാവരണമാണ്. 90% തൊഴിലാളികളും കുറഞ്ഞകൂലിയുള്ള, സുരക്ഷിതമല്ലാത്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അസംഘടിത തൊഴിൽമേഖലയാണ് വലിയ പ്രശ്നം. നഗരത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിൽ 18% തൊഴിലില്ലായ്മയുണ്ട്. കാർഷിക മേഖലയിലെ പ്രച്ഛന്ന തൊഴിലില്ലായ്മയും ഇന്ത്യ നേരിടുന്നു. തൊഴിൽ വിപണിയിൽ 92% തൊഴിലാളികളും അസംഘടിത ജോലികളിലാണ്, പലപ്പോഴും മിനിമം വേതനത്തിന് താഴെ ജോലി ചെയ്യുന്നു, അവർക്ക് തൊഴിൽ സുരക്ഷയുമില്ല. ഏറ്റവും പുതിയ സാമ്പത്തിക സർവേ തൊഴിലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബജറ്റിൽ അത് പൂർണ്ണമായും അവഗണിക്കപ്പെട്ടു.
അതിനിടെ, 2024 ബജറ്റിൽ ധനമന്ത്രി ‘പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം’ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച 500 കമ്പനികളിൽ യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനായിരുന്നു ഇത്. എന്നാൽ തുടർന്നുള്ള രണ്ട് ബജറ്റുകളിലും ഈ പദ്ധതിയുടെ ഫലത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. പാർലമെന്റിൽ നൽകിയ വിവരങ്ങൾ പ്രകാരം, 2025 നവംബർ അവസാനംവരെ ഏകദേശം 16,000 ഉദ്യോഗാർത്ഥികൾ മാത്രമാണ് ഇന്റേൺഷിപ്പിൽ ചേർന്നത് (5 വർഷത്തിനുള്ളിൽ 1 കോടി പേരെ നിയമിക്കുമെന്നായിരുന്നു അവകാശവാദം). 2023 പകുതിയോടെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി ഏകദേശം 9.64 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ആ തസ്തികകളിൽ ഭൂരിഭാഗവും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയോ അല്ലെങ്കിൽ നിർത്തലാക്കുകയോ ചെയ്തിരിക്കുന്നു. ഇന്ത്യൻ റെയിൽവേയിൽ മാത്രം 2.74 ലക്ഷത്തിലധികം നോൺ-ഗസറ്റഡ് ഗ്രൂപ്പ് സി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ആർടിഐ മറുപടി നൽകുന്നു. ഇതിൽ സുരക്ഷാ വിഭാഗത്തിൽ മാത്രം 1.7 ലക്ഷത്തിലധികം ഒഴിവുകളുണ്ട്. ബജറ്റിൽ റെയിൽവേയ്ക്ക് 2.9 ലക്ഷം കോടി രൂപ വകയിരുത്തി. എന്നാൽ ഇത് സ്ഥിരം ഒഴിവുകൾ നികത്തുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമോ അതോ സമ്പന്നർക്ക് മാത്രം താങ്ങാൻ കഴിയുന്ന അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകൾക്കായി ചെലവഴിക്കുമോ?


പ്രതിരോധ ചെലവ് വർദ്ധിപ്പിച്ചു, സാമൂഹ്യക്ഷേമ വിഹിതം
വെട്ടിക്കുറച്ചു


ബജറ്റ് 2026 ഭക്ഷ്യ, വളം, ഇന്ധന സബ്‌സിഡികൾ 4.47% കുറച്ചു. എന്നാൽ സൈനിക ചെലവ് 7.85 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു, ഇത് എല്ലാ മന്ത്രാലയങ്ങളിലുംവെച്ച് ഏറ്റവും ഉയർന്നതാണ്. അത്യാസന്ന നിലയിലായ മുതലാളിത്തത്തിന് സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണത്തിലേക്ക് മാത്രമേ പോകാൻ കഴിയൂ എന്ന് ഇത് ഒരിക്കൽകൂടി തെളിയിച്ചു. മറുവശത്ത്, സാമൂഹികക്ഷേമ പദ്ധതികൾക്കുള്ള വിഹിതം കുറച്ചു. ഉദാഹരണത്തിന്, ജൽ ജീവൻ മിഷനിൽ 67,000 കോടി രൂപയ്ക്ക് പകരം 17,000 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്. ഭവന പദ്ധതിയിൽ (PMAY) 54,832 കോടിക്കു പകരം 32,500 കോടി രൂപ ചെലവഴിച്ചു. വിദ്യാഭ്യാസ ബജറ്റും ഇടിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനായി നിർദ്ദേശിച്ചപ്പോൾ, കേന്ദ്രസർക്കാരിന്റെ ചെലവ് ജിഡിപിയുടെ 0.6% മാത്രമാണ്. അതോടൊപ്പം ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടിൽ 92% വെട്ടിക്കുറവ് രേഖപ്പെടുത്തി.


ഡെലിവറി ടൈംലൈൻ – മാറിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങൾ


മറ്റൊരു കാര്യം ശ്രദ്ധേയമാണ്. 2014ൽ പ്രധാനമന്ത്രി മോദി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ച് വർഷങ്ങൾ ആവശ്യപ്പെട്ടു. 2016ൽ നോട്ട് നിരോധനത്തിനുശേഷം അനുകൂല ഫലങ്ങൾ കാണിക്കാൻ അദ്ദേഹം 50 ദിവസം ആവശ്യപ്പെട്ടു. 2017ൽ അഞ്ച് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2023ൽ വീണ്ടും 5 വർഷം ചോദിച്ചു. അദ്ദേഹത്തിന്റെ സമയപരിധി എപ്പോഴും മാറിക്കൊണ്ടിരുന്നു. ഇപ്പോൾ അത് 2047ലേക്ക് നീട്ടിയിരിക്കുന്നു. അതിനാൽ അടുത്ത 20 വർഷത്തേക്ക് വാഗ്ദാനലംഘനങ്ങൾക്ക് അദ്ദേഹത്തെ ഉത്തരവാദിയാക്കാൻ ആർക്കും കഴിയില്ല.
കേന്ദ്ര മൂലധന ചെലവ് (Capital Expenditure) 12 ലക്ഷം കോടി കവിഞ്ഞു എന്നതാണ് ബജറ്റിലെ ഒരു പ്രധാന സവിശേഷത. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇതിൽ മുൻഗണന. സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ ഉൽപ്പാദിപ്പിക്കുന്നവ ആഭ്യന്തര വിപണിയിൽ വിൽക്കാൻ ഈ ബജറ്റ് അനുവദിച്ചു. ആർക്കാണ് ഇതിന്റെ പ്രയോജനം? കരാറുകൾ ലഭിക്കുന്ന കുത്തകകൾക്കും വലിയ കരാറുകാർക്കും. എന്നാൽ ഫ്ലൈ ഓവറുകൾക്ക് താഴെ താമസിക്കുന്നവരുടെ കാര്യമോ? ഉത്തരമുണ്ടാകില്ല. ഉപഭോഗത്തിലൂടെ ഡിമാന്റ് വർദ്ധിപ്പിക്കുന്നതിനു പകരം സർക്കാർ വിഭവങ്ങൾ ഭൗതിക ആസ്തികളിലേക്ക് തിരിച്ചുവിടുന്നു.


ചിലർക്ക് സൗഭാഗ്യം, മറ്റുള്ളവർക്ക് ദുരിതം


സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം നൂറുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 248 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് ഏകദേശം 98 ലക്ഷം കോടി രൂപയാണ്, അതായത് ജിഡിപിയുടെ മൂന്നിലൊന്ന്. ജനസംഖ്യയിലെ മുകളിലെ 10% ദേശീയ വരുമാനത്തിന്റെ 57% കൈവശം വച്ചിരിക്കുന്നു. കോർപ്പറേറ്റ് ലാഭം മൂന്നിരട്ടിയായി വർദ്ധിച്ചു. ഗുജറാത്തിൽ നിന്നുള്ളവരുൾപ്പെടെ 100 കോർപ്പറേറ്റ് ഭീമന്മാരുടെ 16.50 ലക്ഷം കോടി രൂപയുടെ വായ്പ ബിജെപി സർക്കാർ എഴുതിത്തള്ളി. ഈ ബജറ്റിലും നികുതി വെട്ടിപ്പുകാരെ ക്രിമിനൽ കുറ്റത്തിൽനിന്ന് ഒഴിവാക്കി ഇളവുകൾ നൽകി.
2030ഓടെ 7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുമെന്ന ‘അമൃതകാല’ വളർച്ചാപാത ബിസിനസ്സ് ഭീമന്മാർക്കു വേണ്ടിയുള്ളതാണ്. അംബാനിയുടെയും അദാനിയുടെയും ആസ്തി യഥാക്രമം 9.10 ലക്ഷം കോടിയും 8.14 ലക്ഷം കോടിയുമാണ്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളും അദാനി ഗ്രൂപ്പിന് ലഭിക്കുന്ന പ്രോജക്റ്റുകളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ്, ഇസ്രയേൽ, ടാൻസാനിയ, കെനിയ, ഈജിപ്ത്, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം ഇത് കാണാം. അപ്പോൾ ബിജെപി സർക്കാർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്? ദുരിതമനുഭവിക്കുന്ന ബഹുഭൂരിപക്ഷത്തിനോ അതോ ഒരുപിടി ബിസിനസ്സ് ഭീമന്മാർക്കോ?


വളർച്ചയും സമൃദ്ധിയും വെറും ജല്പനങ്ങൾ മാത്രം


ഈ രണ്ട് വിരുദ്ധ സാഹചര്യങ്ങൾ എന്ത് നിഗമനത്തിലേക്കാണ് നയിക്കുന്നത്? അവസരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങൾ നിലനിൽക്കുന്നിടത്തോളം വർദ്ധിച്ചുവരുന്ന അസമത്വത്തിൽ സർക്കാർ തികച്ചും സംതൃപ്തരാണ്. ബിജെപി നേതാക്കൾ ആവർത്തിക്കുന്ന ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം അപഹാസ്യമാവുകയാണ്. നിറവേറ്റാൻ ഉദ്ദേശമില്ലാത്ത  സ്വപ്നങ്ങൾ മാത്രമാണ് ബജറ്റ് വിൽക്കുന്നത്.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞതുപോലെ, “പൗരന്മാരുടെ ‘ജീവിത സൗകര്യങ്ങളെ’(Ease of Living) പരിഗണിക്കുന്നതിനേക്കാൾ ബിസിനസ്സ് ചെയ്യാനുള്ള സൗകര്യത്തിനാണ് (Ease of Doing Business) മുൻഗണന നൽകിയിരിക്കുന്നത്”. ഈ പശ്ചാത്തലത്തിൽ, ഈ കാല്പനിക ബജറ്റിലെ ‘വളർച്ചയും സമൃദ്ധിയും’ എന്ന വലിയ വാക്കുകൾ വെറും ജല്പനങ്ങൾ മാത്രമാണ്.

Share this post

scroll to top