നോട്ട് നിരോധനം: ജനങ്ങള്‍ക്ക് സ്വന്തം പണം പിന്‍വലിക്കുന്നതിനുള്ള എല്ലാ വിലക്കുകളും നീക്കുക. ജനങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുക

download.jpg
Share

രാജ്യത്ത് നിലവിലുണ്ടായിരുന്ന 500, 1000 കറൻസികൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ നവംബർ 8നായിരുന്നു. കറൻസി നിരോധനം വഴി വന്ന എല്ലാ ബുദ്ധിമുട്ടുകളും 50 ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കുമെന്നും അതിൽ പരാജയപ്പെട്ടാൽ തന്നെ തൂക്കിക്കൊന്നോളൂ എന്നുമാണ് അടുത്ത ദിവസം അദ്ദേഹം ഒരു പൊതുയോഗത്തിൽ പ്രഖ്യാപിച്ചത്. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ കാലാവധിയായ 50 ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. നോട്ട് നിരോധനം സൃഷ്ടിച്ച ഒരു പ്രശ്‌നവും പരഹരിച്ചില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ സകലമേഖലകളിലും പ്രതിസന്ധിയും തകർച്ചയും വർദ്ധിക്കുന്നതായാണ് വാർത്തകൾ വരുന്നത്.

നോട്ട് നിരോധനത്തിന്റെ 51ാം ദിവസം, പുതുവൽസരത്തലേന്ന് പ്രധാനമന്ത്രി രാഷ്ട്രത്തോടുള്ള പ്രസംഗത്തിൽ കള്ളപ്പണക്കാർക്കെതിരെയുള്ള തന്റെ കുരിശുയുദ്ധമെന്നു വിശേഷിപ്പിച്ച നോട്ട് നിരോധനം എന്തു ഫലമാണ് സൃഷ്ടിച്ചതെന്ന് വിശദീകരിക്കുമെന്ന് മാധ്യമങ്ങളും ജനങ്ങളും പ്രതീക്ഷിച്ചിരുന്നു. അതു മാത്രവുമല്ല, നോട്ട് നിരോധനത്തെത്തുടർന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നും ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ നോട്ട് നിരോധനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും ഉരിയാടാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ പതിവുപോലെ അതിവൈകാരികതയുടെ കാപട്യം മുഴുവൻ നിറച്ചുകൊണ്ട് നോട്ട് ദുരിതത്തിന്റെ പേരിൽ ത്യാഗം സഹിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയാണ് ചെയതത്. നോട്ട് നിരോധിച്ച വേളയിൽ അവതരിപ്പിച്ച തന്റെ അവകാശവാദങ്ങൾ എത്രത്തോളം ലക്ഷ്യം നേടി എന്നത് വിശദീകരിക്കാൻ ബാധ്യസ്ഥമായിട്ടും മോദി ഒന്നും മൊഴിയാതെ പോയതെന്തുകൊണ്ടാണ്? നാട്ടുകാരുടെ മുമ്പിൽ മേനി നടിക്കാൻ ഒരു കച്ചിത്തുരുമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് വലിയ വായിൽ പറയേണ്ടതായിരുന്നല്ലോ. കാരണം അത്രമേൽ സർക്കാരിനു നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയായിരുന്നു. നൊബേൽ ജേതാവ് അമർത്യാസെൻ മുതൽ സായ്‌നാഥ് വരെയുള്ള രാജ്യത്തെ ഏതാണ്ട് മുഴുവൻ സാമ്പത്തിക -സാമൂഹ്യ വിദഗ്ദ്ധരും ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു. മാധ്യമങ്ങളിൽ വലിയൊരു പങ്കും നോട്ട് നിരോധനത്തെ എതിർത്തുകൊണ്ട് മുഖപ്രസംഗമെഴുതി. ഈ പദ്ധതി നടപ്പാക്കിയതിൽ വരുത്തിയ വീഴ്ചകളെയും പിടിപ്പുകേടുകളെയും ചൂണ്ടിക്കാട്ടിക്കൊണ്ട് ഗാർഡിയൻ, ഫോർബ്‌സ്, വാൾ സ്ട്രീറ്റ് ജേർണൽ തുടങ്ങിയ എല്ലാ ലോകമാധ്യമങ്ങളും ഒറ്റക്കെട്ടായി വിമർശിച്ചു. പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ രാഷ്ട്രീയ സങ്കുചിതത്വം മൂലമാണെന്ന് ചിത്രീകരിക്കാനാവുമെങ്കിലും നിഷ്പക്ഷമതികളും രാഷ്ട്രീയമോഹങ്ങളില്ലാത്തവരുമായ നൂറുകണക്കിന് സാമ്പത്തിക – സാമൂഹ്യ പ്രതിഭകളുടെ അഭിപ്രായങ്ങളെ എങ്ങിനെ അവഗണിക്കാനാവും. എന്നിട്ടും പ്രധാന മന്ത്രി ഒന്നും പറഞ്ഞില്ല. മുങ്ങിത്താഴാതിരിക്കാൻ ഒരു കച്ചിത്തുരുമ്പുപോലുമുണ്ടായിരുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

എന്നുമാത്രവുമല്ല, 50 ദിവസങ്ങൾക്കുശേഷവും ജനങ്ങൾക്ക് സ്വന്തം പണം പിൻവലിക്കാൻ അനുവദിക്കാത്ത നിലയിലുള്ള മുഴുവൻ നിയന്ത്രണങ്ങളും ബാങ്കുകളിൽ ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്. സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാവുന്ന തുക ഇപ്പോഴും ആഴ്ചയിൽ 24,000 രൂപ മാത്രമാണ്. എടിഎംൽ നിന്നും പിൻവലിക്കാവുന്നത് വെറും 4,000 രൂപ മാത്രവും. അതാകട്ടെ 4 ഇടപടുകൾക്കുശേഷമുള്ള പിന്നീടുള്ള ഓരോ ഇടപാടിനും 25രൂപ സർവ്വീസ് ചാർജ്ജും നൽകണ്ടതുണ്ട്. നോട്ട് ദുരിതങ്ങൾ ഒരിളവുമില്ലാതെ തുടരുകയാണ് എന്നർത്ഥം. 50 ദിവസങ്ങൾ പിന്നിട്ടിട്ടും കറൻസി ക്ഷാമം തുടരുന്നുവെന്നത് മോദി സർക്കാർ ഇക്കാര്യത്തിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നതിന്റെ വ്യക്തമായ തെളിവാണ്. പ്രധാനമന്ത്രി തൂക്കുകയർ സ്വീകരിക്കേണ്ട, കുറഞ്ഞപക്ഷം രാജ്യത്തോട് മാപ്പു പറയാനുള്ളസന്മനസ്സ് കാട്ടണം.
ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയർത്തപ്പെടുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഇത്രമേൽ ദുരന്തം സൃഷ്ടിച്ച നോട്ട് നിരോധനം എന്തു പ്രയോജനമാണ് മഹാഭൂരിപക്ഷം വരുന്ന ദരിദ്രർക്കും സാധാരണക്കാർക്കും നൽകിയത്? നോട്ട് നിരോധനത്തിനുശേഷം ആകെ എത്ര കോടി രൂപയുടെ നിക്ഷേപം ബാങ്കുകളിൽ വന്നു? എത്ര കോടിയുടെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവന്നു? എത്ര കോടിയുടെ കള്ളനോട്ട് പിടികൂടാൻ കഴിഞ്ഞു? ഇത് സാമ്പത്തിക ഘടനയിൽ സൃഷ്ടിച്ച ഫലങ്ങളെന്താണ്? ജനങ്ങൾക്ക് സ്വന്തം പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ അനുവദിക്കാത്ത ഈ നിയന്ത്രണങ്ങൾ എത്ര നാളത്തേക്ക് തുടരും? എന്തുകൊണ്ടാണ് ഈ നിയന്ത്രണങ്ങൾ തുടരുന്നത്? 50 ദിവസത്തിനുശേഷവും കറൻസി ക്ഷാമം ഉണ്ടോ? എങ്കിൽ എന്തുകൊണ്ട്? കറൻസി ക്ഷാമം എന്നവസാനിക്കും? ഇവയെയൊക്കെ സംബന്ധിച്ച് നരേന്ദ്ര മോദി കുറ്റകരമായ മൗനം പാലിക്കുകയാണുണ്ടായത്. ഈ കഷ്ടപ്പാടുകൾ മുഴുവൻ നേരിട്ട ജനങ്ങൾക്ക്, 50 ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ നടപടിയുടെ ആകെ ഫലമെന്തെന്ന് അറിയാൻ അവകാശമുണ്ട്. പ്രധാന മന്ത്രിയുടെ നന്ദിയല്ല ജനങ്ങൾക്ക് വേണ്ടത്, മുകളിൽ സൂചിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരമാണ്.

നോട്ട് നിരോധനം രാജ്യത്തിന്റെ ഉൽപ്പാദന മേഖലയിൽ കനത്ത ആഘാതം ഏൽപ്പിച്ചു.
ചെറുകിട ഉൽപ്പാദനമേഖലയിലെ തൊഴിൽ നഷ്ടം 35 ശതമാനം

വിവിധ സർക്കാർ ഏജൻസികളുടെ കണക്കുകൾ പലപ്പോഴും സർക്കാരുകളുടെ സാമ്പത്തിക നയങ്ങളുടെ താൽപ്പര്യാർത്ഥം യഥാർത്ഥസ്ഥിതിയെ മറച്ചുവച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നതെന്ന് പല സന്ദർഭങ്ങളിലും വ്യക്തമായിട്ടുള്ളതാണ്. എന്നാൽ വലിയ തോതിൽ മറച്ചുവയ്ക്കാനാവാത്ത വിധം കാര്യങ്ങൾ വഷളാകുമ്പോൾ കുറെയെങ്കിലും അത് അംഗീകരിച്ചില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നതിനാൽ ചില യാഥാർത്ഥ്യങ്ങൾ പുറത്തുപറയാൻ അവർ നിർബന്ധിതരാകും. അങ്ങിനെ പുറത്തുവന്ന ചില കണക്കുകൾപ്രകാരം നോട്ട് അസാധുവാക്കൽ വരുന്നതിനു മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മുരടിപ്പിനെ നേരിടുകയാണെന്ന് വ്യക്തമായിരുന്നു. വ്യവസായിക ഉൽപ്പാദനത്തിന്റെ സൂചിക 2015ൽ 184.2 ആയിരുന്നത് 2016ൽ 175.5 ആയി താഴ്ന്നതായി വ്യവസായിക വകുപ്പിന്റെ രേഖകൾ വ്യക്തമാക്കിയിരുന്നു. വായ്പാ വളർച്ചയാകട്ടെ 2016 നവംബറിനു മുമ്പുവരെയുള്ള കണക്കനുസരിച്ച് 6.63 ശതമാനമെന്ന വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ കിട്ടാക്കടമാകട്ടെ 2015ൽ 5.1 ശതമാനമായിരുന്നത് 2016 സെപ്റ്റംബറിൽ 9.1 ആയി ഉയർന്നിരുന്നു. ഇൻഡ്യൻ പ്രസിഡണ്ട് പ്രണാബ് കുമാർ മുഖർജി കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ രാജ്യത്തെ തൊഴിൽ വളർച്ചാ നിരക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായതിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
അങ്ങിനെ തളർച്ചയെ നേരിട്ടിരുന്ന ഒരു സാമ്പത്തിക ഘടനയുടെ മേലാണ് കറൻസി നിരോധനത്തിന്റെ ആഘാതം ഏൽപ്പിക്കപ്പെട്ടത്. നോട്ട് അസാധുവാക്കലിനെത്തുടർന്ന് രാജ്യത്തെ കൃഷി, ചെറുകിട ഉൽപ്പാദനം, ചില്ലറ വ്യാപാരം, നിർമ്മാണരംഗം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തകർച്ചയുടെ വാർത്തകൾ ദിനംപ്രതി കുമിയുകയാണ്. ലക്ഷക്കണക്കിന് തൊഴിലും തൊഴിൽ ദിനങ്ങളും നഷ്ടപ്പെട്ടു. നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് 34 ദിവസംകൊണ്ട് ചെറുകിട വ്യവസായ മേഖലയിൽ 35 ശതമാനം പേർക്ക് തൊഴിലും 50 ശതമാനം വരുമാനവും നഷ്ടപ്പെട്ടതായി ആൾ ഇൻഡ്യ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ നടത്തിയ പഠനം (2017 ജനുവരി 5) വ്യക്തമാക്കി. 2017 മാർച്ച് മാസത്തോടെ ഈ തൊഴിൽ നഷ്ടം 60 ശതമാനം ആകുമെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സംഘടനയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. പുതുവർഷത്തിൽ ജനുവരി 6ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സാമ്പത്തിക വളർച്ച അരശതമാനം ഇടിഞ്ഞതായി പ്രസ്താവിച്ചു. ഇതാകട്ടെ 2016 ഒക്‌ടോബർ വരെയുള്ള കണക്കാണ്. നോട്ട് അസാധുവാക്കൽ നിലവിൽ വന്ന നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ സ്ഥിതി പരിഗണിക്കുമ്പോൾ സാമ്പത്തിക വളർച്ച ഇതിലും താഴേക്ക് പോകുമെന്ന് ഉറപ്പിക്കാം. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2016 ഡിസംബർ 7ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ദേശീയ വരുമാനം 0.5% ഇടിയുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. വിവിധ റേറ്റിംഗ് ഏജൻസികളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുള്ളത് ദേശീയവരുമാന നഷ്ടം 3 ശതമാനം വരെയാകാമെന്നാണ്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം രാജ്യത്തിനുണ്ടായതായി വിലയിരുത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ നോട്ട് നിരോധനം വഴി രാഷ്ട്രം താൽക്കാലികമായിട്ടാണെങ്കിലും ഒരു സാമ്പത്തികമാന്ദ്യത്തെ നേരിടേണ്ടി വരുമെന്ന് ഗവർണ്ണമാരുടെ യോഗത്തെ അഭിസംബോധനം ചെയ്തുകൊണ്ട് പ്രസിഡണ്ട് പ്രണാബ് മുഖർജിക്ക് പറയേണ്ടിവന്നിരിക്കുന്നു. അപ്പോൾ ആകെത്തുകയിൽ ദൃശ്യമാകുന്ന ചിത്രമെന്താണ്? ഉയർന്ന മൂല്യമുള്ള കറൻസി നിരോധിക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനം രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ വലിയ തകർച്ചയിലേക്ക് നയിക്കുകയാണ് എന്നതാണത്. എന്ത് നേട്ടമാണ് നോട്ട് നിരോധനം രാജ്യത്തിന് നൽകിയതെന്ന് മറുപടി പറയാൻ നരേന്ദ്ര മോദിയും സംഘവും ബാധ്യസ്ഥമാകുന്നത് ഈ സാഹചര്യത്തിലാണ്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് ഒരക്ഷരം പോലും ഉരിയാടാൻ അവർ തയ്യാറാകുന്നില്ല.
നോട്ട് നിരോധനം  വിലക്കയറ്റവും വരുമാനത്തകർച്ചയും  സൃഷ്ടിക്കും

റാബി വിളയിറക്കാൻ ഇപ്പോഴും കർഷകർക്ക് കഴിഞ്ഞിട്ടില്ല. ഇത് കാർഷികോല്പ്പാദനരംഗത്ത് അതീവ ഗുരുതരമായ സ്ഥിതി സൃഷ്ടിക്കും. പ്രതികൂല കാലാവസ്ഥ കാരണം ഇപ്പോൾത്തന്നെ ഗോതമ്പ് ഉൽപ്പാദനം ഇടിഞ്ഞിരിക്കുകയാണ്. രാജ്യമെമ്പാടും മഴയുടെ ലഭ്യതയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തെത്തുടർന്ന് കൃഷി വൈകുകയോ അസാധ്യമാവുകയോ ചെയ്യുന്നതിനാൽ കാർഷികോൽപ്പാദനം വൻതോതിൽ ഇടിയും. സപ്ലൈ കുറയുന്നത് രൂക്ഷമായ വിലക്കയറ്റത്തിനിടയാക്കും. വലിയ വിൽപ്പനശൃംഖലയുടെ ഉടമകളായ വൻകിടകുത്തകകൾ കാർഷികോൽപ്പന്നങ്ങൾ വാങ്ങി ശേഖരിച്ച്, വിപണിയലേക്ക് ഇറക്കാതെ കൃത്രിമമായി വിലവർദ്ധിപ്പിക്കുന്ന പതിവ് ഇത്തവണ മുൻകാലങ്ങളെ കടത്തിവെട്ടുകയും ചെയ്യും. അതോടെ വില മാനം മുട്ടം ഉയരും. തൊഴിൽ നഷ്ടം വഴി വരുമാനം തകർന്ന സാധാരണക്കാരനും കൃഷിയിലെ തകർച്ച വഴി മുടിഞ്ഞ കർഷകനും ജീവിത ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടും. നോട്ട് നിരോധനം പാവപ്പെട്ടവന് സമ്മാനിക്കുന്ന ഭാവിദിനങ്ങൾ നരകതുല്യമായ ജീവിതത്തിന്റേതായിരിക്കുമെന്ന് ഉറപ്പിക്കാം. ഉൽപ്പാദനത്തകർച്ചയും വിപണിപ്രതിസന്ധിയും താൽക്കാലികമായ മാന്ദ്യമല്ല, സ്ഥായിയായ മുരടിപ്പായിരിക്കും സൃഷ്ടിക്കുക. അതിനാൽ ഇപ്പോഴുണ്ടാക്കിയ ചില്ലറ ബുദ്ധിമുട്ടുകളെയും കടത്തിവെട്ടുന്ന സാമ്പത്തികത്തകർച്ച നോട്ട് നിരോധനം നാളെകളിൽ സൃഷ്ടിക്കും.

നോട്ട് നിരോധനം  വഴി ഒരു രൂപയുടെ പോലും കള്ളപ്പണം പിടികൂടിയില്ല

നോട്ട് നിരോധനം വഴി കള്ളപ്പണത്തെ തടയാൻ കഴിയില്ല എന്നും ഏറിപ്പോയാൽ കറൻസി രൂപത്തിൽ സൂക്ഷിച്ചുവച്ചിട്ടുള്ള 6 ശതമാനം കള്ളപ്പണം പിടികൂടുക എന്ന പരിമിതനേട്ടം മാത്രമേ സൃഷ്ടിക്കാൻ കഴിയൂ എന്നുമാണ് നവംബർ 8ന്റെ തീരുമാനം വന്ന് 10 ദിവസത്തിനുശേഷം ഞങ്ങൾ പ്രസിദ്ധപ്പെടുത്തിയ യൂണിറ്റിയുടെ പ്രത്യേക പതിപ്പിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ 50 ദിവസത്തിനുശേഷമുള്ള സാഹചര്യം വ്യക്തമാക്കുന്നത് കറൻസി രൂപത്തിൽ സൂക്ഷിച്ചുവച്ചിരുന്ന പരിമിതമായ തോതിലുള്ള കള്ളപ്പണം പോലും പിടികൂടാൻ കറൻസി നിരോധനത്തിലൂടെ കഴിഞ്ഞില്ല എന്നതാണ്. റിസർവ് ബാങ്ക് ഡിസംബർ12ന് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബർ 10 വരെ ബാങ്കുകളിൽ 12.44 ലക്ഷം കോടി രൂപയുടെ അസാധുനോട്ട് മടങ്ങി വന്നു. അതിനുശേഷമുള്ള കണക്ക് ഇതുവരെയും റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. (ഇക്കാര്യത്തിൽ വലിയൊരു തട്ടിപ്പ് നടക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഡിസംബർ 10 വരെയുള്ള കണക്ക് വെറും 2 ദിവസംകൊണ്ട് പ്രസിദ്ധപ്പെടുത്തിയ റിസർവ് ബാങ്കിന് 10 ദിവസം കഴിഞ്ഞിട്ടും ആകെ മടങ്ങി വന്ന തുകയുടെ കണക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ വാദങ്ങളെ സാധൂകരിക്കുന്ന വിധത്തിലുള്ള ഒരു കണക്ക് കൃത്രിമമായി സൃഷ്ടിക്കാൻ വേണ്ടിയുള്ള ഒരു കാലതാമസമാണോ ഇതെന്ന സംശയം പല മാധ്യമങ്ങളും ഉന്നയിച്ചു കഴിഞ്ഞു) പ്രമുഖ സാമ്പത്തിക വാർത്താ പോർട്ടലായ ബ്ലൂംബെർഗിനെ ഉദ്ധരിച്ചുകൊണ്ട് എൻഡി ടിവി ജനുവരി5ന് റിപ്പോർട്ടുചെയ്തത് സർക്കുലേഷനിലുള്ള അസാധുനോട്ടിന്റെ ആകെ തുകയായ 15.4 ലക്ഷം കോടി രൂപയുടെ 97 ശതമാനവും ബാങ്കുകളിൽ തിരികെയെത്തി എന്നാണ്. പ്രവാസികളുടെയും സഹകരണബാങ്കുകളുടെയും കൈവശമുള്ള ഇനി വരാനുള്ള അസാധു നോട്ടുകൂടി കണക്കിലെടുത്താൽ ഏതാണ്ട് 100 ശതമാനം തുകയും തിരികെ വരുമെന്ന് കണക്കാക്കാം. ബിജെപിയുടെ നേതാക്കൾ രാജ്യമെമ്പാടും ചാനലുകളിൽ അവകാശപ്പെട്ടിരുന്നത് ഏറ്റവും കുറഞ്ഞത് 3 ലക്ഷം കോടി രൂപയെങ്കിലും മടങ്ങിവരില്ല എന്നും അത്രയും തുകയുടെ കള്ളപ്പണത്തെ ചുട്ടെരിച്ചതായി കണക്കാക്കാമെന്നുമാണ്. സുപ്രീം കോടതിയിലും ഇതേ കാര്യം കേന്ദ്ര സർക്കാർ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അവകാശവാദങ്ങളെയെല്ലാം പൊളിച്ചുകൊണ്ട് സർക്കുലേഷനിലുള്ള മുഴുവൻ പണവും ഇപ്പോൾ തിരികെ വന്നിരിക്കുന്നു. ഒളിപ്പിച്ചുവച്ചിട്ടുള്ള കള്ളപ്പണത്തെ നിർവീര്യമാക്കാനോ അസാധുവാക്കാനോ നോട്ട് നിരോധനത്തിലൂടെ കഴിഞ്ഞിട്ടില്ല എന്ന് സംശയാതീതമായി ഇത് സ്ഥാപിക്കുന്നു. അതു മാത്രവുമല്ല, രാജ്യത്തിനുള്ളിലുണ്ടായിരുന്ന കറൻസി രൂപത്തിൽ നിലനിന്നിരുന്ന കള്ളപ്പണം മുഴുവൻ നോട്ട് നിരോധനത്തിലൂടെ വെളുപ്പിക്കുകയാണുണ്ടായതെന്നും ഇത് വ്യക്തമാക്കുന്നു.

കറൻസി രൂപത്തിൽ  നിലനിന്നിരുന്ന കള്ളപ്പണം കറൻസി നിരോധനത്തിലൂടെ വെളുപ്പിച്ചു

പാൻ കാർഡില്ലാതെ കറന്റ് അക്കൗണ്ടുകളിൽ രണ്ടര ലക്ഷം രൂപാ വരെ നിക്ഷേപിക്കാമെന്നുള്ള സൗകര്യം ഉപയോഗപ്പെടുത്തി, വിശ്വസ്തരായ സംഘാംഗങ്ങളുടെയും ജോലിക്കാരുടെയും സൃഹൃത്തുക്കളുടെയും അക്കൗണ്ടുകളിലൂടെ കള്ളപ്പണക്കാരും ഇരുണ്ട മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവരും കണക്കിൽപ്പെടാത്ത അവരുടെ കോടികളുടെ സമ്പാദ്യം നോട്ട് നിരോധനത്തിലൂടെ വെളുപ്പിച്ച് എടുത്തു. ഇപ്പോൾ ഈ പണമെല്ലാം നിയമവിധേയ തുകകളായി മാറിക്കഴിഞ്ഞു. കള്ളപ്പണം തടയാൻ കൊണ്ടുവന്നതെന്നു വീമ്പിളക്കപ്പെട്ട പദ്ധതി അങ്ങിനെ കറുത്ത പണത്തെ വെളുപ്പിക്കാനുള്ള മാർഗ്ഗമായി മാറ്റപ്പെട്ടു! ഗുജറാത്തിലെ ഒരു കുപ്രസിദ്ധ സ്വകാര്യപണമിടപാടുകാരൻ അയാളുടെ സൃഹൃത്തുക്കളായിട്ടുള്ള 700 വ്യക്തികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചുകൊണ്ട് സ്വന്തം കള്ളപ്പണം വെളുപ്പിച്ചതായി വാർത്ത പുറത്തുവന്നു. ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ സീറോ ബാലൻസ് അക്കൗണ്ടായ ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപം 300 ശതമാനം വർദ്ധിച്ചത് എന്തു മാന്ത്രിക വിദ്യയിലൂടെയാണ്. ചില വൻകിട നഗരങ്ങളിൽ ന്യൂ ജനറേഷൻ ബാങ്കുകളുടെ ശാഖകളിൽ 100ഉം 200ഉം വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയത് യഥാർത്ഥത്തിൽ പുതിയതായി തുറക്കപ്പെട്ട ആയിരക്കണക്കിന് വ്യാജഅക്കൗണ്ടുകളിൽ ചിലവ മാത്രമാണ്. കള്ളപ്പണക്കാരനായ ഒരു വ്യക്തിതന്നെ നൂറുകണക്കിന് വ്യാജഅക്കൗണ്ടുകൾ തുറന്ന് തന്റെ കള്ളപ്പണം മുഴുവൻ നിക്ഷേപിക്കുകയാണ് ചെയ്തത്. അങ്ങനെ നോട്ട് നിരോധനമില്ലാതെ തന്നെ തികച്ചും കാര്യക്ഷമമായ പരിശോധനകളിലൂടെയും കർശനമായ മോനിട്ടറിംഗിലൂടെയും ആദായനികുതി വകുപ്പിനും എൻഫോഴസ്‌മെന്റിനും മറ്റനേക ഏജൻസികൾക്കും കണ്ടെത്താൻ കഴിയുമായിരുന്ന കള്ളപ്പണം മുഴുവൻ ഒരു രാത്രികൊണ്ട് വെളുത്തപണമായി മാറി. അങ്ങനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച കറൻസി നിരോധനത്തിന്റെ പ്രധാന ലക്ഷ്യം – കള്ളപ്പണം പിടികൂടുക എന്ന ലക്ഷ്യം – പരിപൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്.

നോട്ട് നിരോധനത്തിന്റെ വേളയിൽ വൻപിച്ച കള്ളപ്പണ വേട്ട രാജ്യമെമ്പാടും നടക്കുന്നവെന്ന പ്രതീതി സൃഷ്ടിക്കാനായി റെയ്ഡ് നാടകത്തിലൂടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കുറച്ചു കള്ളപ്പണം പിടികൂടുകയുണ്ടായി. ഇതിന് നോട്ടുനിരോധനവുമായി എന്തുബന്ധം? നോട്ട് നിരോധനമില്ലാതെ തന്നെ ചെയ്യാവുന്ന റെയ്ഡും മറ്റും ആ കാലയളവിൽ നടത്തി, നോട്ട് നിരോധനത്തിന്റെ നേട്ടമായി അവതരിപ്പിക്കാനുള്ള ചെപ്പടി വിദ്യയാണ് നടന്നത്. ഇതിലൂടെ പിടികൂടിയതാകട്ടെ കേവലം 4000 കോടി രൂപയുടെ കള്ളപ്പണവും. ആദായനികുതി വകുപ്പിന്റെ പതിവ് പരിശോധനകളിലൂടെ സാധാരണ പിടികൂടുന്നത് ഇതിലും എത്രയോ വലിയ തുകകളാണ്. കള്ളപ്പണത്തിന്റെ യഥാർത്ഥ അളവിന്റെ ഒരു ചെറിയൊരംശം, നോട്ട് നിരോധനമില്ലാതെ തന്നെ പിടികൂടാവുന്ന വളരെ ചെറിയ ഒരു തുക പുറത്തുകൊണ്ടുവരുന്നതിനാണോ കോടിക്കണക്കിന് ജനങ്ങളെ അന്തമില്ലാത്ത ദുരിതങ്ങളിലേക്ക് തള്ളിവിട്ടത്? രാജ്യത്തിന്റെ സാമ്പത്തിക ചലനങ്ങളെ സ്തംഭിപ്പിച്ച് നേടിയതെന്താണ്? ഇത്രയൊക്കയായിട്ടും നോട്ട് നിരോധനത്തെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമായി വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുടെയും തൊലിക്കട്ടി അപാരംതന്നെ.

നോട്ട് നിരോധനം അഴിമതിയുടെ പുതിയ വാതിൽ  തുറന്നു

നോട്ട് നിരോധനം കള്ളപ്പണത്തെ തടഞ്ഞില്ലെന്നു മാത്രമല്ല, ഇന്നോളം ഈ രാജ്യത്തില്ലാതിരുന്ന മറ്റൊരു അഴിമതിയ്ക്ക് വാതിൽ തുറക്കുകയും ചെയ്തു. പുതിയ നോട്ടിന്റെ കരിഞ്ചന്ത സൃഷ്ടിച്ചുകൊണ്ട് 20 മുതൽ 30 വരെ ശതമാനം കമ്മീഷൻ വാങ്ങി അസാധു നോട്ട് മാറ്റി നൽകുന്ന സംഘങ്ങൾ രാജ്യമെമ്പാടും കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയതായി ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. അങ്ങനെ കള്ളപ്പണം തടയാൻ കൊണ്ടുവന്ന നോട്ട് നിരോധനം പുതിയ കള്ളപ്പണത്തെ സൃഷ്ടിച്ചു! പുതിയ 2000 നോട്ടിന്റെ കോടിക്കണക്കിന് രൂപ അനധികൃതമായി കൈവശം വച്ചതിന്റെ പേരിൽ രാജ്യത്ത് നൂറുകണക്കിന് കേസ്സുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരാഴ്ചക്കുള്ളിൽ പിൻവലിക്കാവുന്ന തുക 24,000 രൂപ മാത്രമായി നിയന്ത്രണം നിലനിന്ന വേളയിൽ ബാങ്കുകളുടെ കസ്റ്റഡിയിൽ മാത്രം ഉണ്ടാകേണ്ടുന്ന പുതിയ 2000 രൂപയുടെ നോട്ട് ലക്ഷക്കണക്കിന് എങ്ങിനെയാണ് ചിലരിൽ എത്തിയത്. ഇതിനും പുറമെ വലിയ മറ്റൊരു അഴിമതി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടന്നിരുന്നു. നോട്ട് നിരോധനത്തിന്റെ വിവരം മുൻകൂട്ടിയറിഞ്ഞ ബിജെപിയുടെ നേതാക്കളും ആ പാർട്ടിയുമായി ബന്ധമുള്ള കള്ളപ്പണക്കാരും കോടിക്കണക്കിനു രൂപയുടെ നിക്ഷേപം മുൻകൂറായി നടത്തി എന്നതാണത്. നവംബർ 8നുശേഷവും ഈ പ്രക്രിയ അഭംഗുരം തുടർന്നു. ബിജെപിയുടെ ദേശീയാദ്ധ്യക്ഷൻ അമിത് ഷാ നേരത്തെ ചെയർമാനും ഇപ്പോൾ ഡയറക്ടറുമായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ നവംബർ 9,10 തീയതികളിൽ 600 കോടി രൂപയുടെ നിക്ഷേപം വന്നതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. അതിൻമേൽ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. 13,860 കോടി രൂപയുടെ അനധികൃത സമ്പാദ്യം വെളിപ്പെടുത്തിയ മഹേഷ് ഷായെ അറസ്റ്റു ചെയ്ത് നിരവധി തവണ ചോദ്യം ചെയ്തിട്ടും അത് ആരുടെ പണമാണെന്ന് അദ്ദേഹം വെളിപ്പെടുത്താത്തതിനാൽ കേസ്സ് മുന്നോട്ടു പോയില്ലത്രേ! തന്റേതല്ല, ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടേതാണ് ഈ പണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആ രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള മൗനമാണോ അദ്ദേഹത്തിന്റേത്? അതോ ഭീഷണികൊണ്ട് നിശബ്ദനാക്കിയതാണോ? അഴിമതി ഇല്ലാതാക്കി രാജ്യത്തെ ശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിച്ചിട്ടുള്ള കേന്ദ്ര സർക്കർ നയിക്കുന്ന ആദായനികുതി വകുപ്പിന്റെ ‘ശുദ്ധീകരണ’മാണ് നാം ഈ കാണുന്നത്.

കറൻസി  നിരോധനത്തിന്റെ  ലക്ഷ്യമെന്ത്?

കറൻസി നിരോധനത്തിലൂടെ കള്ളപ്പണം തടയുകയും വ്യാജനോട്ട് ഇല്ലാതാക്കുകയും ചെയ്തില്ല എന്ന് നമ്മൾ കണ്ടു. എങ്കിൽപ്പിന്നെ, സർക്കാർ ഇത്ര തിരക്കുപിടിച്ച്, ഒരു തയ്യാറെപ്പും നടത്താതെ, വൻപ്രതിസന്ധിയെ വിളിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും, ഇതിന് മുതിർന്നതെന്തുകൊണ്ട്? അതിന് സർക്കാരിനെ അത്രമേൽ നിർബന്ധിച്ച സാഹചര്യമെന്ത്? ജനങ്ങളുടെ ന്യായമായ താൽപ്പര്യങ്ങളെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമേയല്ല എന്ന് നമുക്ക് അനുഭവങ്ങളിലൂടെ അറിയാം. കേരളത്തിലെ ജനങ്ങളുടെ റേഷൻ ഏതാണ്ട് പൂർണ്ണമായി ഇല്ലാതാക്കിയത് കേന്ദ്രസർക്കാരാണ്. സേവന നികുതി, വിദ്യാഭ്യാസ സെസ്സ് എന്നിവ വർദ്ധിപ്പിച്ചും സ്വഛ് ഭാരത് സെസ്സും കൃഷി കല്യാൺ സെസ്സും തൂടങ്ങിയ നികുതികൾക്ക് തുടക്കം കുറിച്ചും ജനങ്ങളെ ദ്രോഹിക്കുന്നത് മോദി സർക്കാരാണ്. പെട്രോളിന്റെ വിലയും റെയിൽവേ ചാർജ്ജും കൂട്ടിക്കൊണ്ടേയിരിക്കുകയാണ് ഈ സർക്കാർ. മറുവശത്ത് കോർപ്പറേറ്റുകൾക്കുള്ള സഹായങ്ങൾ അണമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ വിജയ് മല്യക്ക് സഹായമൊരുക്കിയത് മോദി സർക്കാരാണ്. വൻകിട വ്യവസായികളുടെ വായ്പ എഴുതിത്തള്ളുന്ന നടപടി അനവരതം മുന്നേറുകയാണ്. മോദിയുടെ അനുഗ്രഹാശിസ്സുകളോടെ അംബാനിയും അദാനിയും തടിച്ചുകൊഴുക്കുകയാണ്. അങ്ങിനെയുള്ള ഒരു സർക്കാർ, കള്ളപ്പണത്തെ തടഞ്ഞ് ജനങ്ങളെ രക്ഷിച്ചുകളുയം എന്നു വിചാരിക്കാൻ ഒരു വഴിയുമില്ല. പിന്നെ എന്താണ് നോട്ട് അസാധുവാക്കൽ നടപടിയുടെ പിന്നിലുള്ള ലക്ഷ്യം?
ഈ അസാധുവാക്കൽ നടപടിയുടെ ഫലങ്ങളെന്തെന്ന് വിലയിരുത്തിയാൽ ഇതിന്റെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാൻ കഴിയും. കറൻസി റദ്ദാക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ 11 ദിവസംകൊണ്ട് രാജ്യത്തെ ബാങ്കുകളിലേക്ക് 7 ലക്ഷം കോടി രൂപ നിക്ഷേപമായി ഒഴുകിയെത്തി. ഇപ്പോഴത് ഏതാണ്ട് 14 ലക്ഷം കോടിയുമായി. ഈ ലേഖനത്തിന്റെ തുടക്കത്തിൽ, ജനങ്ങളുടെ സമ്പാദ്യം എവ്വിധവും ബാങ്കിലെത്തിക്കാനുള്ള ഒരു നിർബന്ധബുദ്ധി ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളിലും കാണാമെന്നു വ്യക്തമാക്കുകയുണ്ടായല്ലോ. ഈ സർക്കാർ ഭരണം തുടങ്ങിയതു തന്നെ ജനങ്ങളെ മുഴവൻ ബാങ്ക് അക്കൗണ്ട് ഉള്ളവരാക്കി മാറ്റാൻ വേണ്ടി ജൻ ധൻ യോജന പദ്ധതി കൊണ്ടുവന്നുകൊണ്ടാണ്. അതിനു ശേഷമാണ് ഇൻഡ്യയിലെ പ്രമുഖ ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കിയത്. ഇതിനിടയിൽ ആധാറിനെ എല്ലാ ഇടപാടുകൾക്കും നിർബന്ധമാക്കി. ഒപ്പം പലിശ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം റിസർവ് ബാങ്കിൽ നിന്നും നീക്കം ചെയ്ത് സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ നടപടികകളെല്ലാം ഒരു നിശ്ചിതമായ ലക്ഷ്യത്തെ മുൻനിർത്തിയാണ് കൈക്കൊണ്ടത്. ബാങ്കിംഗ് മൂലധനത്തെ ഇന്നുള്ളതിനേക്കാൾ കൂടുതൽ കാര്യക്ഷമമായ നിലയിൽ കോർപ്പറേറ്റുകളുടെ ദാസ്യത്തിലേക്ക് കൊണ്ടുവരികയെന്നതാണത്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ അതിഭീമമായി ഉയർന്ന കിട്ടാക്കടം മൂലം തകർച്ചയുടെ വക്കിലാണ്. എസ്ബിഐയുടെ ലാഭത്തിന്റെ ഇടിവ് 2015ൽ 62 ശതമാനമാണ്. പഞ്ചാബ് നാഷനൽ ബാങ്ക്, ദേനാ ബാങ്ക്, അലഹാബാദ് ബാങ്ക്, സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, ഐഓബി തുടങ്ങി നിരവധി ബാങ്കുകൾ 2015ൽ കനത്ത നഷ്ടം നേരിട്ടു. ബാങ്ക് ഓഫ് ബറോഡയുടെ 2015ലെ മാത്രം നഷ്ടം 3342 കോടി രൂപയാണ്. ഈ തകർച്ചയ്ക്കുള്ള കാരണങ്ങളിൽ പ്രധാനം, കിട്ടാക്കടത്തിന്റെ ഭാരമാണ്. 62 വൻകിട കമ്പനികളിൽ നിന്നും രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാനുള്ള ഭീമമായ വായ്പാത്തുകയിൽ 8 ലക്ഷം കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി ഗണിക്കപ്പെട്ടിരിക്കുന്നു. 2009നും 2015നുമിടയിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയാണ്. (ഇപ്പോൾ ഈ നോട്ട് റദ്ദാക്കൽ പ്രതിസന്ധിക്കിടയിലും വിജയ് മല്യയുടെ ഉൾപ്പടെ 7000 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയതിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവരികയുണ്ടായി) ഈ എഴുതിത്തള്ളൽ പരിഗണിച്ച് 2014 -2015 കാലയളവിൽ കേന്ദ്ര ഗവൺമെന്റ് 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് സഹായം നൽകി. എന്നിട്ടും പ്രതിസന്ധിയിൽ നിന്നും കര കയറാൻ ബാങ്കുകൾക്ക് കഴിഞ്ഞില്ല. അത്രമേൽ ആഘാതമാണ് വൻകിട മുതലാളിമാർ ബാങ്കുകൾക്ക് ഏൽപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി കഴിഞ്ഞ ഒന്നര മാസം മുമ്പ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഉടനടി ഒന്നേകാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തണമെന്ന് നിർദ്ദേശിച്ചത്. പക്ഷേ അതും ഫലം ചെയ്തില്ല. അങ്ങിനെ ഒടുവിൽ കോർപ്പറേറ്റുകൾ സൃഷ്ടിച്ച പ്രതിസന്ധിയുടെയും ദുരന്തത്തിന്റെയും ഭാരം സാധാരണജനങ്ങളുടെ ശിരസ്സിലേക്ക് ഇറക്കി വയ്ക്കാൻ സർക്കാർ തീരുമാനിച്ചു. അതാണ് മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം. ജനങ്ങളുടെ സമ്പാദ്യം ബലംപ്രയോഗിച്ച് ബാങ്കുകളിൽ നിക്ഷേപമാക്കി മാറ്റുക എന്നതാണ് നോട്ട് റദ്ദാക്കൽ തീരുമാനത്തിന്റെ പ്രത്യക്ഷത്തിലുള്ള ഒരു ലക്ഷ്യം. നിക്ഷേപിക്കുന്നതിനു നിയന്ത്രണമില്ലാതാക്കുകയും പിൻവലിക്കുന്നതിനു കർശനമായി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തത് ജനങ്ങളുടെ സമ്പാദ്യം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. പഴയ കറൻസിക്കു പകരം പുതിയവ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. കറൻസിക്ക് ക്ഷാമം നിലനിർത്തിയതിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് പകരമായി പൂർണ്ണമായും പുതിയ കറൻസി നൽകിയാൽ ബാങ്കിൽ നിക്ഷേപം നിലനിൽക്കാത്ത സാഹചര്യം വരും. അതിനാൽ പുതിയ കറൻസി അച്ചടിക്കേണ്ടതില്ലെന്ന് ബോധപൂർവ്വം തീരുമാനിച്ചു. അച്ചടിച്ചതാകട്ടെ 2000 രൂപയുടെ ഉയർന്ന മൂല്യമുള്ള നോട്ടും. വ്യാജനോട്ട് തടയാൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചവർ അതിലും ഉയർന്ന മൂല്യമുള്ള നോട്ട് അച്ചടിച്ച് വ്യാജനോട്ടുകാർക്ക് സൗകര്യം ചെയ്തുകൊടുത്തു! യഥേഷ്ടം പിൻവലിക്കാവുന്ന സ്വന്തം സമ്പാദ്യം പിൻവലിക്കുന്നത് ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ തടഞ്ഞു. അങ്ങിനെ ഏറ്റവും കുറഞ്ഞത് മാർച്ച് അവസാനം വരെയും ജനങ്ങളുടെ സമ്പാദ്യമായ 14 ലക്ഷം കോടി രൂപ ബാങ്കിൽ കിടക്കാൻ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചു.

ജനങ്ങളെ  കൊള്ളയടിക്കാനായി  കറൻസിരഹിത വിപണി  സൃഷ്ടിക്കുകയാണ്
നോട്ട് നിരോധനത്തിന്റെ  ലക്ഷ്യം

കള്ളപ്പണം തടയുക, കള്ളനോട്ട് പിടിച്ചെടുക്കുക, ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങൾ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുകയും അതിന്റെ മേൽ വലിയ പ്രചാരണം നടത്തുകയും ചെയ്ത നരേന്ദ്ര മോദി പിന്നീട് നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായി അവതരിപ്പിച്ചത് കറൻസിരഹിത സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു. ആദ്യഘട്ടത്തിൽ അവതരിപ്പിച്ച ലക്ഷ്യങ്ങൾ പാളിയപ്പോൾ പുതിയൊരു മുദ്രാവാക്യം കൊണ്ടുവന്നതല്ല. ക്യാഷ്‌ലെസ്സ് എക്കോണമി എന്ന മുദ്രാവാക്യം അന്നും ഉയർത്തിയിരുന്നു. എന്നാൽ ആദ്യ ലക്ഷ്യങ്ങൾ ഊന്നിപ്പറയാൻ പറ്റാത്തവിധം യാഥാർത്ഥ്യങ്ങൾ സമർത്ഥിക്കപ്പെട്ടപ്പോൾ കറൻസി രഹിത സമൂഹമെന്നത് ആവർത്തിച്ചത് ആസൂത്രിതമായിരുന്നു.

നോട്ട് നിരോധനത്തിന്റെ വളരെ സുപ്രധാനമായ ലക്ഷ്യങ്ങളിലൊന്ന് പേപ്പർ കറൻസിക്ക് മുൻതൂക്കമുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്നും കറൻസിരഹിതസമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു. ധനമൂലധന ശക്തികളുടെ നിക്ഷേപത്തിന്റെ പുതിയ മേച്ചിൽപ്പുറമെന്ന നിലയിൽ വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് പണം ചരക്കാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇടപടിന്റെ ലോകം. ഇൻഡ്യ പോലൊരു രാജ്യത്ത് സമ്പൂർണ്ണമായും കറൻസിരഹിതമായ ഒരവസ്ഥ തീർത്തും അസാധ്യമെങ്കിലും 20 കോടി പേരെങ്കിലും ഡിജിറ്റൽ പണമിടപാടിന്റെ ലോകത്തേക്ക് വന്നാൽ അത് യൂറോപ്പിലെ ഏതൊരു രാജ്യത്തേക്കാളും വിപുലമായ വിപണിയായിരിക്കുമെന്നതിൽ സംശയമില്ല. ഇൻഡ്യൻ ജനസംഖ്യയയുടെ ആറിലൊന്ന് ഇതിന്റെ ഉപഭോക്താക്കളായാൽ മാത്രം ഏതാണ്ട് പ്രതിവർഷം 36,000 കോടി രൂപ ലാഭമാണ് ഡിജിറ്റൽ പണമിടപാട് മേഖലയിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ്സ് കൺസൾട്ടന്റുകളായ ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പ് 2016 ജൂലൈ 27ന് വാൾ സട്രീറ്റ് ജേർണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനത്തിൽ 2020 ആകുമ്പോൾ ഇൻഡ്യയുടെ ഡിജിറ്റൽ ഇടപടുകൾ 10 മടങ്ങായി വർദ്ധിക്കുമെന്നും അതിനനുസൃതമായി നിയമനിർമ്മാതാക്കൾ(റഗുലേറ്റേഴ്‌സ്) ചെയ്യേണ്ട കാര്യങ്ങളെന്തെന്നും വിശദീകരിക്കുന്നുണ്ട്. പേപ്പർ കറൻസിയ്ക്ക് മുൻതൂക്കമുള്ള സാമ്പത്തിക ഘടനയുടെ പ്രാമുഖ്യം കുറയ്ക്കാൻ പ്രൊമോട്ട് ചെയ്യേണ്ട കാര്യങ്ങളെന്തെന്നും ഇൻഡ്യയിൽ കൊണ്ടുവന്ന ആധാർ ഇക്കാര്യത്തിൽ വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇൻഡ്യക്കുള്ളിൽ റിസർവ് ബാങ്കും ധനകാര്യ വകുപ്പും നടത്തിയിട്ടുള്ള പഠനങ്ങളും കറൻസിരഹിത ഇടപാടുകളെ വർദ്ധിപ്പിക്കാനായി ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് വിശദീകരിക്കുന്നുണ്ട്. ഡിജിറ്റൽ രംഗത്തെ അമേരിക്കൻ കമ്പനികളായ മാസറ്റർ കാർഡിനും വിസയ്ക്കും ഈ രംഗത്തേക്ക് വരാനായി തയ്യാറെടുക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ് കമ്പനികൾക്കും സഹായകമാകും വിധം ഡിജിറ്റൽ ഇടപാടുകളിലേക്ക് ഇൻഡ്യയെ ആനയിക്കുന്നിനു പിന്നിൽ അമേരിക്കൻ സർക്കാരിന്റെ വികസന ഏജൻസിയായ യുഎസ് എയ്ഡാണെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാറ്റലിസ്റ്റ് എന്ന പേരിൽ ഒരു പദ്ധതി ഇൻഡ്യാ ഗവൺമെന്റും ചേർന്ന് അമേരിക്ക നടപ്പാക്കുകയാണ്. അതിന്റെ രണ്ടാം ഘട്ടത്തിൽ നിർദ്ദേശിച്ചിരുന്ന പ്രധാനമായ ഒന്നാണ് പേപ്പർ കറൻസിയുടെ മേധാവിത്വം കുറച്ചുകൊണ്ടുവരികയെന്നത്. വൻകിട കോർപ്പറേറ്റുകൾക്കും ഡിജിറ്റൽ രംഗത്തെ ഭീമന്മാർക്കും വേണ്ടി അത് നടപ്പാക്കുകയാണ് നരേന്ദ്ര മോദിയും സംഘവും ചെയ്തത്. ചുരുക്കത്തിൽ വലിയൊരു നിധികുംഭമായ ഇൻഡ്യയുടെ ഇ-ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, കാർഡ് പേമെന്റ് വിപണി രംഗത്തേക്ക് ലോകോത്തര കുത്തകകളെ ഉൾപ്പടെ കുടിയിരുത്താൻ വേണ്ടിയുള്ള മുന്നൊരുക്ക പ്രവർത്തനമാണ് കൃത്രിമമായ ദേശഭക്തിയുടെ മറവിൽ നരേന്ദ്ര മോദിയും സംഘവും നോട്ട് നിരോധനത്തിലൂടെ നിർവ്വഹിക്കുന്നത്.
കറൻസിക്ക് അസാധുവാക്കൽ തീരുമാനത്തോടൊപ്പം ഇലക്‌ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്ക് ഒരു വിധ നിയന്ത്രണവും ഉണ്ടായിരിക്കില്ല എന്ന് തീരുമാനിച്ചിരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇനിയുള്ളത് കറൻസിരഹിത ഇടപാടുകളുടെ നാളുകൾ ആയിരിക്കുമെന്നും പ്രഖ്യാപിച്ചു. വൻതോതിൽ ജനങ്ങളെ ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും നോട്ട് നിരോധനത്തിന്റെ പിറകിൽ ഉണ്ടെന്ന് ഈ തീരുമാനങ്ങൾ വ്യക്തമാക്കുന്നു. ചെറിയ നോട്ടുകൾ കിട്ടാനില്ലാതെ വന്നപ്പോൾ ജനങ്ങളിൽ ഒരു വിഭാഗം ഇ-ബാങ്കിംഗിലേക്ക് മാറാൻ നിർബന്ധിതരായി. 11 ശതമാനമായിരുന്ന ഇ-ബാങ്കിംഗ് അസാധുവാക്കൽ തീരുമാനം വന്നതിനു ശേഷം 26 ശതമാനമായി വർദ്ധിച്ചു. കേരളത്തിൽ സൈ്വപ്പിംഗ് 400 ശതമാനമാണ് വർദ്ധിച്ചത്. ഇപ്രകാരം പണമിടപാട് രംഗത്ത് ഇ പേമെന്റ് ഭീമന്മാർ പിടിമുറുക്കുന്നതോടെ ജനങ്ങളിൽ നിന്നും സർവ്വീസ് ചാർജ്ജ് എന്ന കൂത്തക്കവർച്ചയ്ക്ക് കളമൊരുങ്ങും. ഇപ്പോൾത്തന്നെ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് സംവിധാനം പ്രവർത്തിപ്പിക്കുന്ന ഐ.ആർ.സി.റ്റി.സി സർവ്വീസ് ചാർജ്ജിലൂടെ ഒരു വർഷം ജനങ്ങളിൽ നിന്ന് കവരുന്നത് ശരാശരി 1080 കോടി രൂപയാണ്! ഈ തോതിലുള്ള കൊള്ള എല്ലാ രംഗത്തേക്കും വ്യാപിപ്പിക്കുന്നതുവഴി ജനങ്ങൾക്ക് കോടിക്കണക്കിനു രൂപയുടെ ഭാരം വന്നുചേരും. ദളിതർക്കും പാവപ്പെട്ടവർക്കും വേണ്ടി എന്ന പരസ്യവാചകത്തോടെ മോദി കൊണ്ടുവരുന്ന നോട്ട് നിരോധനത്തിന്റെ യഥാർത്ഥഫലം ഇതുമാത്രമാണ്.

ഡിജിറ്റൽ പണമിടപാട് ചില്ലറ വ്യാപാര മേഖലയെ തളർത്തും

കറൻസി രഹിത സമൂഹം സൃഷ്ടിക്കാനിറങ്ങിയവർ ഗ്രാമങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ നയാപൈസ കൈവശമില്ലാത്തവരാക്കി മാറ്റി. വൻകിട വ്യാപാരശൃംഖലയുടെ മുന്നേറ്റത്തിന് അനുകൂലമായവയാണ് ഇ-കൊമേഴ്‌സും സൈ്വപ്പിംഗും ഓൺലൈൻ ബാങ്കിഗും. എന്നാൽ അവ ചെറുകിട വ്യാപാരത്തിന് അന്യമായ കാര്യങ്ങളുമാണ്. ചില്ലറ വിൽപ്പന മേഖലയിലെ വൻ വ്യാപാര ശൃംഖലകൾ ശക്തിപ്പടുമ്പോൾ ചെറുകിട ഉൽപ്പാദനവും വ്യാപാരവും തളരുമെന്നതിൽ സംശയമില്ല. അങ്ങിനെ ചെറുമീനുകളെ ഭക്ഷിച്ച് വലിയ മീനുകൾ വളരുന്ന മുതലാളിത്തത്തിന്റെ നിയമപ്രകാരം ചില്ലറവ്യാപാരമേഖലയിൽ കുത്തകകൾ പിടിമുറുക്കും. ചില്ലറവ്യാപാരമേഖലയിൽ നൂറ് ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ച മോദിസർക്കാർനയം അതിന് ഇതിനകം കളമൊരുക്കിയിട്ടുമുണ്ട്.
ചെറുകിട ഉൽപ്പാദനത്തെയും വാണിജ്യത്തെയും തളർത്തി,
മൂലധന കേന്ദ്രീകരണത്തിനായി ശ്രമിക്കുന്നു. അതിലൂടെ ഫാസിസവൽക്കരണത്തിന് വേഗതയേറ്റുന്നു.
നോട്ട് അസാധുവാക്കൽ നടപടി പ്രത്യക്ഷത്തിൽ ചെറുകിട ഉൽപ്പാദനത്തെയും വ്യാപാരത്തെയും വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. കറൻസി രൂപത്തിലുള്ള പണം ഉപയോഗപ്പെടുത്തി ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടത്തി നിലനിൽക്കുന്നവരാണ് രാജ്യത്തെ ഒട്ടു മിക്ക ചെറുകിട ഉൽപ്പാദകരും. നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് സാധാരണ ജനങ്ങളുടെ ക്രയശേഷിയിൽ പൊടുന്നനെ ഇടിവുണ്ടായതുമൂലം ചെറുകിട ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നിരിക്കുന്നു. തന്മൂലം ചെറുകിട ഉൽപ്പാദനവും ചെറുകിട വ്യാപാരവും പ്രതിസന്ധിയിലായിരിക്കുന്നു. ചെറുകിട ഉൽപ്പാദനത്തെ തകർക്കുന്നതിലൂടെ സംഭവിക്കുന്ന വൻതോതിലുളള മൂലധനകേന്ദ്രീകരണം ഫാസിസത്തിന് ഉറച്ച സാമ്പത്തികാടിത്തറ സൃഷ്ടിക്കും. മരണാസന്നമായ മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കാനായി രാജ്യത്തെ സമ്പൂർണ്ണഫാസിസത്തിലേയ്ക്ക് നയിക്കാൻ ഭരണവർഗ്ഗമായ മുതലാളിവർഗ്ഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ നീക്കത്തിന് വസ്തുനിഷ്ഠമായ വിഘാതം സൃഷ്ടിക്കുന്ന ഒരു ഘടകമാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥിതിയിൽ ചെറുകിട മൂലധനത്തിന് ഇപ്പോഴുമുള്ള മുൻതൂക്കം. അതിനാൽ, ചെറുകിട മൂലധനത്തെ തകർക്കുന്ന നോട്ട് അസാധുവാക്കൽ നടപടി, ഫലത്തിൽ രാജ്യത്തെ സമ്പൂർണ്ണഫാസിസത്തിലേയ്ക്ക് നയിക്കാനുള്ള ഭരണവർഗ്ഗപദ്ധതിക്ക് അനുരോധമായ ഒരു നീക്കമാണെന്ന് കാണാം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കേട്ടാൽ രാജ്യത്തെ രക്ഷിക്കാനായി അദ്ദേഹം ഒറ്റയ്ക്ക് കൈക്കൊണ്ട ധീരസാഹസിക പ്രവൃത്തിയാണിതെന്ന് തോന്നും. അതുകൊണ്ടാണല്ലോ അതിൽ പരാജയമുണ്ടായാൽ തന്നെ തൂക്കിക്കൊന്നുകൊള്ളാൻ അദ്ദേഹം പറയുന്നത്. അപകടകരമായ ചില സൂചനകൾ ആ വാക്കുകളിലുണ്ട്. ഒന്നാമത്, നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു വ്യക്തിയെയും രാജ്യത്തിന്റെ പരമാധികാരിയായി ജനങ്ങൾ നിയോഗിച്ചിട്ടില്ല. മറിച്ച് ജനപ്രതിനിധിസഭയായ പാർലമെന്റിനെയാണ് അധികാരമേല്പിച്ചിട്ടുള്ളത്. പാർലമെന്റിനോട് ഉത്തരവാദിത്തപ്പെട്ട മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രിയുടെ അധികാരവും ചുമതലയും കൂട്ടായ അധികാരവും ചുമതലയുമാണ്. അതിനാൽ, പാർലമെന്റിന്റെ അംഗീകാരത്തോടെ മന്ത്രിസഭയിൽ കൂടിയാലോചിച്ചെടുക്കുന്ന തീരുമാനങ്ങളനുസരിച്ച് നടക്കുന്ന ഭരണനിർവഹണത്തിന് നേതൃത്വം കൊടുക്കുക എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ അധികാരം. അതിന് പകരം എല്ലാ കാര്യങ്ങളിലും ഞാൻ ഞാൻ എന്ന് മാത്രം പറഞ്ഞ് പ്രഖ്യാപനങ്ങളും വെല്ലുവിളികളും നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെയ്തികൾ ഏകാധിപത്യപ്രവണതകളാണ് പ്രദർശിപ്പിക്കുന്നത്. നമ്മുടെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ അവശേഷിക്കുന്ന ജനാധിപത്യാംശങ്ങളെക്കൂടി ദുർബ്ബലപ്പെടുത്തുന്നതും, ആ അർത്ഥത്തിൽ ഫാസിസത്തിന് വഴിയൊരുക്കുന്നതുമായ പ്രവണതയാണിത്.

മരണാസന്ന മുതലാളിത്തമാണ് കള്ളപ്പണവും സാമ്പത്തിക അരാജകത്വവും സൃഷ്ടിക്കുന്നത്.
മുതലാളിത്ത വ്യവസ്ഥയുടെ വേരറുത്തുകൊണ്ടുമാത്രമേ കള്ളപ്പണം അവസാനിപ്പിക്കാൻ കഴിയൂ.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അതല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എന്തെങ്കിലും ചെപ്പടിവിദ്യയിലൂടെ തുടച്ചുനീക്കാവുന്ന പ്രശ്‌നമല്ല കള്ളപ്പണത്തിന്റെ പ്രശ്‌നം. അടിമുടി ജീർണ്ണമായ മുതലാളിത്ത സാമൂഹ്യ-സാമ്പത്തിക ക്രമത്തിന്റെ സൃഷ്ടിയാണ് അഴിമതിയും അതിന്റെ ഭാഗമായ കള്ളപ്പണവും. മുതലാളിത്തം ഒരു സാമൂഹ്യവ്യവസ്ഥിതിയെന്ന നിലയിൽ, കാലഹരണപ്പെട്ടിരിക്കുന്നു. മഹാനായ ലെനിൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ വസ്തുതയാണത്. സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെത്തിയ ഈ മുതലാളിത്തത്തെ അദ്ദേഹം മരണാസന്ന മുതലാളിത്തം എന്നാണ് വിശേഷിപ്പിച്ചത്. മരണാസന്ന മുതലാളിത്ത ജീവിതത്തിന്റെ സർവ്വമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ എല്ലാ മണ്ഡലങ്ങളിലും.

മുതലാളിത്ത രാജ്യമായ ഇൻഡ്യയിലും, സാമ്പത്തികമേഖലയിലെ പ്രതിസന്ധിയുടെ മാത്രമല്ല, അഴിമതിയും സ്വജനപക്ഷപാതവുമുൾപ്പെടെ സാമൂഹ്യജീവിതത്തിൽ കാണപ്പെടുന്ന തിന്മകളുടെയും പ്രഭവകേന്ദ്രം മരണാസന്ന മുതലാളിത്തമാണ്. അതിനാൽ, മുതലാളിവർഗ്ഗത്തിന്റെ താല്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഏതൊരു പ്രസ്ഥാനവും ആ ജീർണ്ണമായ മുതലാളിത്ത സംസ്‌കാരത്തിന്റെ ഇരകളായി മാറുന്നു. മഹനീയമായ കമ്മ്യൂണിസ്റ്റ് ആദർശത്തിന് അധരസേവ ചെയ്യുന്നുവെങ്കിലും യഥാർത്ഥത്തിൽ മുതലാളിത്ത താല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്കും അവയുടെ നേതാക്കൾക്കും ഈ ദുർഗ്ഗതി സംഭവിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോൾപ്പിന്നെ, വാക്കിലും പ്രവൃത്തിയിലും മുരത്ത പിന്തിരിപ്പന്മാരായ ബിജെപിയെപ്പോലുള്ള പാർട്ടികളുടെയും അവയുടെ നേതാക്കളുടെയും കാര്യം പറയേണ്ടതുണ്ടോ! ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥിതിയുടെ വിശ്വസ്ത കാര്യദർശികളായിരിക്കുന്ന അവർക്ക് അഴിമതിയും അതിന്റെ ഭാഗമായ കള്ളപ്പണവും ഇല്ലാതാക്കാൻ എങ്ങനെ സാധിക്കും? സാധിക്കുകയില്ല. അതുകൊണ്ടാണ്, മേൽ വിശദീകരിച്ചതുപോലെ നരേന്ദ്രമോദിയുടെ ഗവണ്മെന്റും മുൻ ബൂർഷ്വാ ഗവണ്മെന്റുകളെപ്പോലെ അഴിമതിയെയും കള്ളപ്പണത്തെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ രാജ്യസ്‌നേഹത്തെ കൗശലപൂർവ്വം മുതലെടുക്കാനായി നടത്തുന്ന അതിവൈകാരിക പ്രഖ്യാപനങ്ങളിലൂടെയും, ഗീബൽസിയൻ ശൈലിയിലുളള പ്രചാരണകോലാഹലത്തിലൂടെയും ഈ സത്യം മൂടിവയ്ക്കാനാണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ നിലപാട്  മുതലാളിവർഗ്ഗ അജണ്ടയെ  സഹായിക്കുന്നു

നരേന്ദ മോദി സർക്കാർ അടിച്ചേൽപ്പിച്ച കറൻസി അസാധുവാക്കൽ പദ്ധതിയെ സംബന്ധിച്ച സിപിഐ, സിപിഐ(എം) നിലപാട് ഇടതുരാഷ്ട്രീയത്തിന് നിരക്കാത്തതാണെന്ന് ഈ സന്ദർഭത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്. നോട്ട് നിരോധനം ശരിയായ ദിശയിലുള്ള നീക്കമാണെന്നും നടപ്പാക്കിയതിലുള്ള വീഴ്ചകളും പിടിപ്പുകേടുമാണ് പ്രശ്‌നമെന്നുമാണ് ഈ പ്രസ്ഥാനങ്ങളുടെ നിലപാട്. പിന്നെയുള്ള ഒരു വിയോജിപ്പ് സഹകരണമേഖലയോടുള്ള കേന്ദ്രനിലപാടിനോടാണ്. കോൺഗ്രസ്സ് ഉൾപ്പടെയുള്ള മുതലാളിവർഗ്ഗ പാർട്ടികളും ഇതേ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. തങ്ങളുടെ നോട്ട് നിരോധന പദ്ധതിയ്ക്ക് എല്ലാവരും അനുകൂലമാണെന്ന് ബിജെപി നേതാക്കൾ പാർലമെന്റിലും പുറത്തും പറഞ്ഞത് ഇക്കാരണത്താലാണ്. നോട്ട് നിരോധനം പോലുള്ള ഒരു കോർപ്പറേറ്റ് പദ്ധതിയുടെ പിറകിലുള്ള വർഗ്ഗ താൽപ്പര്യം തുറന്നുകാണിക്കുന്നതിനും ആ വിധത്തിലുള്ള രാഷ്ട്രീയവിദ്യാഭ്യാസം നൽകി ജനങ്ങളെ പ്രക്ഷോഭരംഗത്ത് അണിനിരത്തുന്നതിനും പകരം തരംതാണ വോട്ട് രാഷ്ട്രീയത്തിന്റെ ലക്ഷ്യത്തോടെയുള്ള സമരമാണ് വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്യുന്നത്. ഇത് ഫലത്തിൽ മുതലാളിവർഗ്ഗത്തിന്റെ ഹീനമായ അജണ്ടയെ ശക്തമായ സഹായിക്കുന്ന നിലാപാടാണ്. ഇത് തിരുത്താൻ ഇടതുനേതൃത്വങ്ങൾ തയ്യാറാകണം. അതിനായി അണികൾ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ശരിയായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ജനകീയ സമരക്കമ്മിറ്റികളിൽ  സംഘടിക്കുക

കള്ളപ്പണവും അഴിമതിയും പോലെ ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന വ്യാധികളെ നിർമ്മാർജ്ജനം ചെയ്യാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ജനങ്ങൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കണം. മരണാസന്ന മുതലാളിത്തം ഇന്ന് അനിവാര്യമായും അഴിമതി സൃഷ്ടിക്കുന്നു. അതിനാൽ, മുതലാളിത്ത വിരുദ്ധമായ രാഷ്ട്രീയത്തിന് മാത്രമേ അഴിമതിയെ പ്രതിരോധിക്കാൻ സാധിക്കൂ. അഴിമതിപോലുളള തിന്മകളിൽ നിന്ന് മുക്തമായിരിക്കാനും അത്തരം രാഷ്ട്രീയത്തിന് മാത്രമേ സാധിക്കൂ. സമുന്നത മാർക്‌സിസ്റ്റ് ചിന്തകനും തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവുമായ സഖാവ് ശിബ്ദാസ്‌ഘോഷ് കെട്ടിപ്പടുത്ത സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇൻഡ്യ (കമ്മ്യൂണിസ്റ്റ്) — എസ്‌യുസിഐ(സി) — ഉയർത്തിപ്പിടിക്കുന്നത് ആ സമര രാഷ്ട്രീയത്തെയാണ്. കുത്തക മൂലധനത്തിന്റെ താല്പര്യാർത്ഥം അദ്ധ്വാനിക്കുന്ന ജനങ്ങളെ ദ്രോഹിക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ജനാധിപത്യ ബഹുജനസമരങ്ങൾ വളർത്തിയെടുക്കാൻ വേണ്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉന്നതമായ തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിലും പ്രബുദ്ധതയിലുമധിഷ്ഠിതമായ ജനകീയ സമരക്കമ്മിറ്റികളിൽ അണിനിരന്നുകൊണ്ട് ഈ ദിശയിൽ മുന്നേറാൻ ജനങ്ങൾക്ക് കഴിയുമ്പോൾ മാത്രമേ അഴിമതിയെയും കള്ളപ്പണത്തെയും തുടച്ചുനീക്കാനും സാധിക്കുകയുള്ളു.
എല്ലാ ജനദ്രോഹനടപടികൾക്കും ദേശസ്‌നേഹത്തിന്റെ മുദ്ര ചാർത്തി ജനപിന്തുണ ഉറപ്പാക്കുന്നത് മുതലാളിവർഗ്ഗത്തിന്റെ ദുഷ്ടബുദ്ധിയാണ്. ബിജെപി സർക്കാരാകട്ടെ ഫാസിസ്റ്റ് ശൈലിയിലാണ് ഈ തന്ത്രം ആവിഷ്‌കരിക്കുന്നത്. ജനജീവിതം താറുമാറാക്കുന്ന സാമ്പത്തികാക്രമണം അഴിച്ചുവിട്ട് കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന സർക്കാർ ഈ ഹീനപദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി അതിന്റെ പിറകിൽ ജനങ്ങളെ അഥവാ ഇരകളെത്തന്നെ അണിനിരത്താനായി അവതരിപ്പിക്കുന്ന വഞ്ചനയാണ് ദേശസ്‌നേഹത്തിന്റെ ഭാഷണം. ഒരു വശത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സങ്കുചിത ദേശീയ വികാരം വളർത്തിയും മറുവശത്ത് അവരിൽ ഭീതിയും നിസ്സഹായതയും സൃഷ്ടിച്ചും ഭരണകൂടം തന്നെ നടത്തുന്ന ഈ ആക്രമണത്തിന് ഇപ്പോൾ തലകുനിച്ചുകൊടുത്താൽ, നട്ടെല്ല് നിവർത്തി നിന്ന് ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ നമുക്ക് കഴിയാതെ പോകുമെന്ന് ഒരു നിമിഷനേരത്തേക്കു പോലും നാം വിസ്മരിക്കരുത്.

നോട്ട് അസാധുവാക്കൽ നടപടിയുടെ യഥാർത്ഥ ഉന്നമെന്തെന്ന് മുകളിൽ വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്നയുടൻ തന്നെ അതിന്റെ ജനവിരുദ്ധ സ്വഭാവം വ്യക്തമാക്കിക്കൊണ്ട് എസ്‌യുസിഐ(സി) ആ നടപടി പിൻവലിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. പാർട്ടിക്ക് ഘടകങ്ങളുള്ള ഇൻഡ്യയിലെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളിലും ജനങ്ങളുടെ യോജിച്ച പ്രതിഷേധസമരങ്ങൾ വളർത്തിയെടുക്കാൻ വേണ്ടി യത്‌നിച്ചുകൊണ്ടിരിക്കുന്നു. കുത്തകകളുടെ താല്പര്യാർത്ഥം ജനങ്ങളെ ദ്രോഹിക്കുന്ന ഈ നടപടിയെ ചെറുത്തുതോല്പിക്കേണ്ടത് അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഏവരുടെയും ആവശ്യകതയാണ്. അതിനാൽ, സങ്കുചിത കക്ഷിരാഷ്ട്രീയ ജാതി-മത പരിഗണനകൾക്കതീതമായി ജനങ്ങളുടെ സ്വന്തം സമരക്കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ഈ ആക്രമണത്തെ പ്രതിരോധിക്കാനായി മുന്നിട്ടിറങ്ങണമെന്ന് ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top