സാമ്രാജ്യത്വ കൊള്ള പശ്ചിമേഷ്യയിലെ മനുഷ്യജീവിതങ്ങളെ വറചട്ടിയിലെരിക്കുന്നു

Middle-East-crises.jpg
Share

പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി കിടക്കുന്ന മദ്ധ്യേഷ്യ എന്നറിയപ്പെടുന്ന വിശാലമായ ഭൂഭാഗം അനവധി അറേബ്യന്‍ ഗോത്രങ്ങളുടെ നാടായിരുന്നു. അതിപ്പോള്‍ നിരവധി അറേബ്യന്‍ രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതീവ വികസിതമായ ചില ആദിമ മാനവ സംസ്‌കൃതികളുടെ കളിത്തൊട്ടിലുകള്‍ പേറിയ മഹദ്പാരമ്പര്യത്തിന്റെ തട്ടകവുമായിരുന്നു അത്. പരസ്പരം പോരാടിയ ഗോത്രങ്ങള്‍ നിരന്തരം ഏറ്റുമുട്ടുകയും നിണമൊഴുക്കുകയും ചെയ്ത ഭൂമിയുമാണത്. സമകാലീന ലോകത്ത് ഈ പ്രദേശം, കുതന്ത്രങ്ങളുടെയും കയ്യേറ്റങ്ങളുടെയും വസ്തുവകകളുടെ സര്‍വ്വ നാശത്തിന്റെയും മനുഷ്യദുരന്തങ്ങളുടെയും അനുബന്ധ ദുര്യോഗങ്ങളുടെയും വിളനിലമായി മാറിയിരിക്കുന്നു. ഇവയുടെ ഇരകളെന്ന നിലയില്‍ നിസ്സഹായരായ, വയോജനങ്ങള്‍ മുതല്‍ നവജാതശിശുക്കള്‍ വരെയുള്ള സാധാരണജനങ്ങളാണ് വര്‍ഷങ്ങളായി തീരാദുരിതങ്ങളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.സമീപകാല സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പ്രതിസന്ധിയുടെ സ്വഭാവത്തെയും എങ്ങനെയവ ഉടലെടുത്തുവെന്നും ആരാണ് കുറ്റവാളിയെന്നും എങ്ങിനെയത് അവസാനിക്കുമെന്നും വ്യക്തമാക്കാനാണ് ഇവിടെ ഈ ലേഖനത്തിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

അമേരിക്ക നയിക്കുന്ന  സാമ്രാജ്യത്വ ശക്തികളാണ് പ്രാദേശിക ഭാഗികയുദ്ധങ്ങൾ സൃഷ്ടിച്ചത്.

ഇപ്പോൾ തുടർന്നു വരുന്ന സംഘർഷങ്ങളെ വിവിധ മത ദേശീയ സമൂഹങ്ങൾ തമ്മിലുളള ആഭ്യന്തര-വിഭാഗീയ യുദ്ധങ്ങൾ എന്ന രീതിയിലാണ്, സ്വാധീനശേഷിയുള്ള വലിയൊരു വിഭാഗം മാദ്ധ്യമങ്ങൾ അവതരിപ്പിക്കുന്നത്. പക്ഷെ, ഈ യുദ്ധങ്ങളെല്ലാം തന്നെ, അധികാരഭ്രാന്ത് മൂത്ത, ലാഭാർത്തിപൂണ്ട, തത്വദീക്ഷയേതുമില്ലാത്ത, മനുഷ്യവംശത്തിന്റെ കൊടിയ ശത്രുവായ സാമ്രാജ്യത്വ ശക്തികൾ മനുഷ്യരാശിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങളാണെന്ന് ശ്രദ്ധയോടെ വീക്ഷിച്ചാൽ മനസ്സിലാവും. ഭ്രാതൃഹത്യാപരമായ കുടിപ്പകകളെയും വംശീയ സംഘട്ടനങ്ങളെയും വളർത്തിയെടുക്കാനും തങ്ങളുടെ ആജ്ഞകളെ അനുസരിക്കാത്ത ഭരണകൂട സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനായി കലാപങ്ങൾ കുത്തിപ്പൊക്കുവാനും സാധ്യമായ എല്ലാ കുതന്ത്രങ്ങളും മെനായാനുമായി സൈനികശക്തിയുടെ മുഷ്‌ക്ക് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാമ്രാജ്യത്ത ശക്തികൾ. ഈ കുത്തിത്തിരിപ്പുകളെല്ലാം എതിർക്കപ്പെടാതെ പോവുകയാണ്. പ്രാദേശിക, ഭാഗികയുദ്ധങ്ങളും മറ്റു അട്ടിമറിപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതും പണവും ആയുധവും, സൈനിക വിധ്വംസകപ്രവർത്തനങ്ങൾക്കുള്ള പരിശീലനമടക്കം നൽകി കൂലിപ്പട്ടാളക്കാരെ നൽകുന്നതുമെല്ലാം ഇന്നത്തെകാലത്തെ ഏറ്റവും വലിയ യുദ്ധവെറിയൻമാരായ യുഎസ് സാമ്രാജ്യത്വം നേതൃത്വം നൽകുന്ന സാമ്രാജ്യത്വശക്തികളാണ്. തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനവും നിലനിർത്താനോ വളർത്താനോ വേണ്ടിയാണ് സൈനിക ശക്തി കാട്ടിക്കൊണ്ട് അവരുടെ മേധാവിത്വം സ്ഥാപിക്കാൻ ഇതെല്ലാം ചെയ്തു കൂട്ടുന്നത്. അടുത്തിടെയായി ഒരു പദ്ധതി വ്യക്തമായി തെളിഞ്ഞുവരുന്നു, ഏതെങ്കിലും രാജ്യത്തെ ഭരണസംവിധാനങ്ങൾ യുഎസ് ഭരണാധികാരികളെ അനുസരിക്കാൻ വിസമ്മതിച്ചുകൊണ്ട് സ്വന്തം വഴി തെരഞ്ഞെടുക്കുകയാണെങ്കിൽ തങ്ങൾക്ക് വിധേയരായ മാദ്ധ്യമ വിഭാഗങ്ങളെയും സഖ്യകക്ഷികളെയും പിണിയാളുകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രാദേശിക ഏജന്റുമാരുടെ സഹായത്തോടെയോ അല്ലാതെയോ,വൻ നശീകരണായുധശേഖരത്തിന്റെയോ മനുഷ്യാവകാശധ്വംസനത്തിന്റെയോ മറ്റോ കപടവാദങ്ങളുയർത്തി മുറവിളികൂട്ടി ആ ‘വഴങ്ങാത്ത ശത്രു’വിനെ നിഷ്‌ക്കാസനം ചെയ്യാൻ നീക്കം നടത്തുന്നു. ഈ രീതിയെ പരാമർശിച്ചുകൊണ്ടാണ് ‘ തങ്ങളുടെ അന്ധരായ അനുയായികളെ അധികാരത്തിലെത്തിക്കാനാണ് യു.എസ്.നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്’ എന്ന് 2014-ൽ ഇറാന്റെ നേതാവ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം നേടാനായി, ദീർഘകാലം തുടരുന്ന, ആഭ്യന്തര-വിഭാഗീയ യുദ്ധമെന്ന് സാമ്രാജ്യത്ത നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങൾ മുദ്രകുത്തുന്ന,യുദ്ധങ്ങൾ സാമ്രാജ്യത്വം സൃഷ്ടിക്കുന്നു.

മനുഷ്യരാശിയുടെ മേലുള്ള മാപ്പർഹിക്കാത്ത കുറ്റകൃത്യങ്ങൾ

ഈ യുദ്ധങ്ങൾ ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവിതത്തെ തുടച്ചുനീക്കുകയോ പിഴുതെറിയുകയോ ചെയ്യുന്നു. വസ്തുവകകൾ നശിപ്പിക്കുന്നു. രാജ്യത്തെ താറുമാറാക്കുന്നു. അവിടത്തെ ജനങ്ങൾക്ക്‌മേൽ പറഞ്ഞറിയിക്കാനാവാത്ത കഷ്ടതകൾ അടിച്ചേൽപ്പിക്കുന്നു. അതിനു പിന്നാലെ, സാമ്രാജ്യത്വശക്തികൾ തുറന്ന ആക്രമണകാരികളായി, അതല്ലെങ്കിൽ ഏറ്റവും ഹീനമായ കള്ളക്കഥകൾ സൃഷ്ടിച്ചുകൊണ്ട്, ഈ ഇരകളുടെയും താറുമാറാക്കപ്പെട്ട ഭൂഭാഗത്തിനും മേൽ, ജനാധിപത്യത്തിന്റെയും ക്രമസമാധാനത്തിന്റെയും പുനർനിർമ്മാണത്തിന്റെയും ന്യായം പറഞ്ഞുകൊണ്ട്, നാശകാരിയായ പുത്തൻ കൊളോണിയൽ ചൂഷണപദ്ധതിയുമായി പറന്നിറങ്ങുന്നു. ഈ യുദ്ധങ്ങളുടെ ഗതിയിൽ സാമ്രാജ്യത്വവും അവരുടെ വക്കാലത്തെടുത്ത മാദ്ധ്യമങ്ങളും യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നതിന്റ പേരിൽ തങ്ങൾ ചൂണ്ടിക്കാട്ടുന്ന ശത്രുവിനെ പ്രതികളാക്കി ചിത്രീകരിക്കുന്നു. പക്ഷെ, അവർ വക്കീലിന്റെയും ജഡ്ജിയുടെയും ആരാച്ചാരുടെയും റോളെടുക്കുന്നു. ഈ ഏകധ്രുവലോകത്തെ ഒരേയൊരു സാമ്രാട്ടായ യുഎസ് സാമ്രാജ്യത്വം നടത്തുന്ന മനുഷ്യരാശിക്കെതിരെയുള്ള കൊടും യുദ്ധക്കുറ്റങ്ങൾക്ക് മറുപടി പറയുന്നതിൽ നിന്ന് അവർ സ്ഥിരമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു.സാമ്രാജ്യത്വത്തിന്റെ, പ്രത്യേകിച്ചും യു.എസ്. സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ നടന്ന, ഇറാക്കിനെതിരെയുള്ള അധിനിവേശയുദ്ധത്തിലും ലിബിയയ്ക്ക് മേലുള്ള സൈനീകാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധത്തിലും സിറിയയിലെ അസ്സദ് ഭരണത്തിനെതിരെ ആസൂത്രണം ചെയ്ത കലാപത്തിലും, ലബനോണിന് മേൽ യുഎസ് പിന്തുണയോടെ സയണിസ്റ്റ് ഇസ്രായേൽ നടത്തിയ സംഹാര യുദ്ധത്തിലും, പാലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന ദീർഘകാല സായുധ ആക്രമണങ്ങളിലും, സുഡാനിലെ യുഎസ് ആസൂത്രിത വംശീയ യുദ്ധത്തിലും, തുടർന്നുള്ള വിഭജനത്തിലും യുഎസ് പിന്തുണയോടെ സൗദി അറേബ്യ യമനിൽ നടത്തിയ ബോംബാക്രമണത്തിലും, ടുണീഷ്യയിലെ കലാപത്തിലുമായി ഇക്കഴിഞ്ഞ രണ്ടു ദശാബ്ദക്കാലയളവിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളായ പൗരന്മാരുടെ മരണസംഖ്യ 5 ലക്ഷം കടന്നെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ലക്ഷ്യമിടപ്പെട്ട കലാപകലുഷിതമായ രാജ്യങ്ങളുടെ പല ഭാഗങ്ങളും അക്ഷരാർത്ഥത്തിൽ തവിടുപൊടിയാക്കപ്പെട്ടു. തോന്നിയ വിധത്തിലുളള ആകാശത്തുനിന്നുള്ള ബോംബാക്രമണങ്ങളും ഓറഞ്ച് ബി പോലുള്ള വിഷവാതകങ്ങളും ആണവ വികിരണങ്ങളുള്ള സ്‌ഫോടക വസ്തുക്കളും പ്രയോഗിക്കുമ്പോൾ, അധിനിവേശം നടത്തുന്ന യുഎസ് സൈന്യം ആശുപത്രികളോ, അനാഥാലയങ്ങളോ, സ്‌കൂളുകളോ, മതാരാധനാലയങ്ങളേയോ ഒഴിവാക്കിയില്ല. ഇത്തരത്തിലുള്ള സർവ്വ നാശകരമായ സൈനികാക്രമണങ്ങളുടെ പരിണിതിയെന്ന നിലയിൽ തങ്ങളുടെ കിടപ്പാടവും വസ്തുവകകളും ജീവിതപരിസരവും അടുത്ത ബന്ധുക്കളും നഷ്ടപ്പെട്ട ദശലക്ഷക്കണക്കായ നിരപരാധികളായ ജനങ്ങൾ തങ്ങളുടെ നാട്ടിൽ നിന്ന്, അഭയാർത്ഥികളായി അന്യ രാജ്യങ്ങളിലേയ്ക്ക് സുരക്ഷതേടി പാലായനം ചെയ്യുവാൻ നിർബന്ധിതരായിരിക്കുകയാണിപ്പോൾ. ചോരക്കൊതി പൂണ്ട ചെന്നായകളെപേടിച്ച് വിറകൊണ്ട് ഓടുന്ന ആട്ടിൻപറ്റങ്ങളെപ്പോലെയാണ് ആലംബഹീനരായ അഭയാർത്ഥികളുടെ അവസ്ഥയെന്നാണ് ഒരു പാശ്ചാത്യ മാധ്യമപ്രവർത്തകന്റെ അഭിപ്രായം. എണ്ണപ്പാടങ്ങളും മറ്റ് പ്രകൃതിവിഭവങ്ങളും തട്ടിയെടുക്കാനും തങ്ങളുടെ സ്വാധീനമേഖല സൃഷ്ടിക്കുവാനും സൈനികബലം കാട്ടിപേടിപ്പിച്ച്, മേഖലയിലാകമാനം ആധിപത്യം സ്ഥാപിക്കാനും അതുവഴി ഹീനമായ സാമ്രാജ്യത്ത അജണ്ട നടപ്പിലാക്കാനും മാത്രമായി മദ്ധ്യേഷ്യയിൽ ഇതിനോടകം യുഎസ് സാമ്രാജ്യത്വം ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളുടെ തോത് ഇത്രയൊക്കെയാണ്. എന്നിട്ടും, ഈ ലോകത്ത് ആര് നിലനിൽക്കണം, ആര് നശിക്കണം എന്ന് തീരുമാനിക്കാനുള്ള ഒരേയൊരു അധികാരി തങ്ങളാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട്, തങ്ങളാണ് ‘ഏറ്റവും വലിയ ജനാധിപത്യസംവിധാനമെന്ന്’ നാണമില്ലാതെ വീമ്പിളക്കുകയാണ്.
തകർന്നു വീഴലിന്റെയും മരണത്തിന്റെയും മാതൃഭൂമിയിൽ നിന്നുള്ള കുടിയൊഴിപ്പിക്കലിന്റെയും ദു:ഖക്കാഴ്ചയിൽ ചില രാജ്യങ്ങൾ കൂടുതൽ ദയനീയമായി മുഴച്ചുനിൽക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ സാമ്രാജ്യത്വ ശക്തികൾ ചേർന്ന് ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുകയും ഒരു സയണിസ്റ്റ് വംശവെറി ഭരണസംവിധാനം അവിടെ സ്ഥാപിക്കുകയും ചെയ്ത കാലം മുതൽ തുടങ്ങിയതാണ് പാലസ്തീൻ ജനതയുടെ ദയനീയമായ ജീവിതാവസ്ഥ. അന്നുമുതലിങ്ങോട്ട് ഫലത്തിൽ ഈ പ്രദേശത്തെ മിക്കവാറുമെല്ലാ രാജ്യങ്ങളെയും സാമ്രാജ്യത്വത്തിന്റെ ഹീനവൃത്തികൾ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിയുന്തോറും ഈ കൂട്ട സംഹാരവും നിലംപരിശാക്കലും കൂടുതൽ കൂടുതൽ ബീഭത്സമായി വരികയാണ്. ഈ പ്രക്രിയയിൽ സമീപകാലത്ത്, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഏറ്റവും കൂടുതൽ നാശം അനുഭവിച്ച രാജ്യങ്ങളെന്ന നിലയിൽ ഇറാക്കിന്റെയും ലിബിയയുടെയും സിറിയയുടെയും യെമന്റെയും പേരുകൾ ലോകജനതയ്ക്ക് പരിചിതമാണ്.
കൃത്രിമമായി ചമയ്ക്കപ്പെട്ട ആരോപണങ്ങളുമായി ഇറാക്ക് അധിനിവേശം
ഇക്കൂട്ടത്തിൽ, ഇറാക്ക് രണ്ടുതവണ സാമ്രാജ്യത്വ കടന്നാക്രമണങ്ങളാൽ നിലംപരിശാക്കപ്പെട്ടു. കഴിഞ്ഞ ശതാബ്ദത്തിന്റെ എൺപതുകളിലും പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭത്തിലും സമാനസംഭവങ്ങളിലെന്നപോലെ, ഈ രാജ്യത്തിന് മേൽ ഏറ്റവും ഭീകരമായ യുഎസ് അധിനിവേശത്തിന് വഴിയൊരുക്കുന്ന ന്യായീകരണങ്ങൾക്കും അനുകൂല ലോകാഭിപ്രായം സൃഷ്ടിച്ചെടുക്കുന്നതിനുമായി കെട്ടിച്ചമച്ച വാർത്തകൾ പടച്ചുവിട്ടുകൊണ്ട് സാമ്രാജ്യത്വത്തിന്റെ വക്കാലത്തെടുത്ത മാദ്ധ്യമങ്ങൾ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇറാക്കിനെതിരായ രണ്ടാം കടന്നാക്രമണ യുദ്ധത്തിൽ യുഎസ് സാമ്രാജ്യത്വവും അവരുടെ വിശ്വസ്തസഹജീവികളായ ബ്രിട്ടണും മറ്റും ചേർന്ന് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഏറ്റവും മാരകമായ വെടിക്കോപ്പുകൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യത്വരഹിതമായി ആ ഭൂമിയെ തകർത്തു തരിപ്പണമാക്കി. കൂട്ടനശീകരണത്തിനുപയോഗിക്കുന്ന രാസ-ജൈവായുധങ്ങൾ കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ട്, ആ പരമാധികാര രാഷ്ട്രത്തിന്റെ തലവനായ സദ്ദാം ഹുസൈനെ വേട്ടയാടിപ്പിടിക്കുകയും രാജ്യത്തിനകത്തെ തങ്ങളുടെ ഏജന്റുമാരുടെ സഹായത്തോടെ ഒരു വ്യാജവിചാരണ നടത്തി അദ്ദേഹത്തെ കൊലചെയ്യുകയും ചെയ്തു. കൂട്ടനശീകരണായുധത്തെ സംബന്ധിച്ച ആരോപണം തീർത്തും കെട്ടിച്ചമച്ചതായി ലോകത്തിനുമുന്നിൽ തെളിവുസഹിതം വെളിവാക്കപ്പെട്ടു. ഇറാക്ക് യുദ്ധം നിയമവിരുദ്ധമാണെന്നും ഒരിക്കലും കണ്ടെത്താത്ത കൂട്ടനശീകരണായുധത്തിന്റെ നിരായുധീകരണമെന്ന വാദം മുന്നിൽവച്ചുകൊണ്ട് യുഎസ്എയിലെ ബുഷ് ഭരണകൂടം തുടങ്ങിവച്ച ഇറാക്ക് അധിനിവേശം അന്തർദ്ദേശീയ നിയമങ്ങളുടെ ലംഘനമാണെന്നും വ്യക്തമാക്കാതിരിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇറാക്കിലെ മനുഷ്യാവകാശ വിഭാഗത്തിന്റെ മേധാവിക്കും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ഇറാക്കിന്റെ പ്രത്യേക പ്രതിനിധിക്കും കഴിഞ്ഞില്ല. ‘നിങ്ങളോടൊപ്പം, എന്തുതന്നെയായാലും ‘ എന്ന് 2002 ജൂലൈ 28ന് ബുഷിന് വ്യക്തിപരമായ കത്തെഴുതിയ, പാർലമെന്റിനോട് കള്ളം പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്നീട്, ‘യഥാർത്ഥത്തിൽ പ്രയോഗിക്കാൻ പറ്റുന്ന ആയുധങ്ങൾ ഇല്ലെന്ന്’ കണ്ടെത്തിയിരിക്കുകയും സദ്ദാം, ‘ഉദ്ദേശവും ശേഷിയും’ നിലനിർത്തിയെന്ന് 2004-ൽ ഹൗസ് ഓഫ് കോമൺസിൽ സമ്മതിക്കേണ്ടിവന്നു. മനഃപൂർവ്വം കെട്ടിച്ചമച്ച, തീർത്തും വ്യാജമായ ഈ വാദത്തിന്റെ പിൻബലത്തോടെ ആരംഭിച്ച യുദ്ധം ഇറാക്കിന് മേൽ വരുത്തിവച്ചതെന്താണ്? യുഎസ് കൊലയാളി സംഘം ലക്കും ലഗാനുമില്ലാതെ ബോംബിട്ടു, ആശുപത്രികളും സ്‌കൂളുകളും പാലങ്ങളും മറ്റും തകർത്തു. വൃദ്ധരും കുട്ടികളും വികലാംഗരും സ്ത്രീകളുമടക്കം 20 ലക്ഷത്തിലധികം പേരെ കശാപ്പുചെയ്തു. അതിലുമധികം പേരെ അംഗഭംഗം വരുത്തി. ഇതൊക്കെ ലക്ഷ്യം തെറ്റി സംഭവിച്ചതാണെന്നാണ് കടന്നാക്രമണകാരികൾ പറഞ്ഞത്. തങ്ങളുടെ വരുതിയ്ക്ക് നിൽക്കുന്ന സർക്കാരുകളെ യുഎസ് സാമ്രാജ്യത്വം വാഴിച്ചു. അവർക്കൊരിക്കലും ജനകീയ പിന്തുണ നേടാനായില്ല; വിജയികളായ യുഎസ് പട്ടാളക്കാർ മഹത്തായ മെസപ്പൊട്ടോമിയൻ നാഗരികതയുടെ വിലമതിക്കാനാവാത്ത മ്യൂസിയം വസ്തുവകകളും കരകൗശലവസ്തുക്കളും യുദ്ധസ്മരണികകളെന്ന നിലയിൽ കൊള്ളയടിച്ചുകൊണ്ടുപോയി; യുഎസ് ഭരണാധികാരികൾ രാജ്യത്തെ പ്രകൃതി വിഭവങ്ങൾ, പ്രധാനമായും എണ്ണ ചൂഷണം ചെയ്യുകയും, അത് നിർബാധം നടത്തുവാനായി, സൈനിക സാന്നിദ്ധ്യം നിലനിർത്തുകയും ചെയ്തു.

മതമൗലികവാദ- തീവ്രവാദ  ഗ്രൂപ്പുകളെ സൃഷ്ടിച്ചത് അമേരിക്ക

തങ്ങളുടെ പിടിമുറുക്കുവാനായി, പ്രധാനമായും മതേതരമായിരുന്ന ഇറാഖി ജനതയുടെ മേൽ അവർ മതവൈരം പ്രോത്സാഹിപ്പിച്ചു. മതവിഭാഗങ്ങൾക്കിടയിലും സുന്നി-ഷിയ പോലുള്ള അവാന്തരവിഭാഗങ്ങൾക്കിടയിലും അവർ അനൈക്യത്തിന്റെ വിത്തുവിതച്ചു. താലിബാൻ, അൽഖ്വെയ്ദ, അൽ നസ്ര മുന്നണിപോലെയുള്ള മതമൗലികവാദ ശക്തികളുടെ തോളിലേറി നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരശക്തികളെ അവർ പ്രോത്സാഹിപ്പിച്ചു.
അറബിക്കിൽ ദേയ്ഷ് എന്ന് ചുരുക്കപ്പേരുള്ള ഇസ്ലാമിക് സ്റ്റേറ്റ് വടക്കൻ ഇറാക്കിൽ വ്യാപിച്ച് സിറിയയുടെ ഉള്ളിലേക്ക് നീളുന്ന ഒരുഭാഗം കൈവശപ്പെടുത്തി. ഭീകരമായ മതമൗലികവാദസംഹിതകളെ അടിസ്ഥാനപ്പെടുത്തി ഒരു രാജ്യാന്തര ഖലീഫേറ്റ് രാഷ്ട്രം രൂപീകരിച്ചതായി 2014-ൽ പ്രഖ്യാപിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലെ മുൻ അംബാസഡറായിരുന്ന ജോർദ്ദാനിയൻ രാജകുമാരൻ 2014-ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണത്തെ വിശേഷിപ്പിച്ചത് ‘തക്ഫിറി അല്ലാത്തവർക്ക് അവർക്കിടയിൽ അഭയം കൊടുക്കാത്ത, കിടപ്പാടം കൊടുക്കാത്ത കർക്കശമായ അധമവാസനകളുള്ള രക്തപങ്കിലമായ കൂടാരം ‘എന്നാണ്. നൈജീരിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, യമൻ, കെനിയ, സോമാലിയ, മാലി, ലിബിയ, സിറിയ, ഇറാക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്ന തക്ഫിരി മനസ്സ് അയൽക്കാരനെ സ്‌നേഹിക്കുന്നില്ല. തങ്ങളുടെ വിശ്വാസത്തിൽ നിന്ന് വ്യത്യസ്തമായ വിശ്വാസം വച്ചുപുലർത്തുന്നവരെ വകവരുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന മാനസിക നിലയുള്ളവരാണവർ. അതിനാൽ അവർ മാദ്ധ്യമപ്രവർത്തകരുടെയും വിമർശകരുടെയും തലവെട്ടി, തങ്ങൾ സംശയിക്കുന്നവരെയും പ്രത്യേകിച്ച് തങ്ങളുടേതിൽ നിന്ന് വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളുള്ള സ്ത്രീകളെയും കുട്ടികളെയും മനുഷ്യത്വഹീനമായ ശാരീരിക പീഢനങ്ങളേൽപിച്ചു. പുരാതന സംസ്‌ക്കാരത്തിന്റെ പ്രദേശങ്ങളിലെ (ഉദാഹരണത്തിന് ഇറാക്കിലെ നിമ്രുദിലെ അസ്സീറിയൻ സിറ്റി) അമൂല്യമായ വസ്തുക്കൾ ലക്കും ലഗാനുമില്ലാതെ നശിപ്പിച്ചു. ഇവ അവരുടെ വൈവിധ്യപൂർണ്ണമായ ക്രൂരതകളുടെ ചില ഉദാഹരണങ്ങൾ മാത്രം.
ഇന്ന് മദ്ധ്യേഷ്യയിലെയും തെക്കേഷ്യയിലെയും പടിഞ്ഞാറൻ, വടക്കൻ ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ വേരുറപ്പിച്ചിട്ടുള്ള, ഇക്കാലത്തെ ഏറ്റവും അപകടകാരികളും വെറുക്കപ്പെട്ടവരുമായ ഈ ഐഎസ് മതമൗലികവാദികൾ, പക്ഷേ, സാമ്രാജ്യത്വ ആസൂത്രണത്തിന്റെ അരുമസന്താനമാണ്. ഐഎസ് ‘ഞങ്ങളുടെ ഇറാക്ക് ആക്രമണത്തിൽ നിന്നാണ് വളർന്ന’ തെന്ന് ഒടുവിൽ ഒബാമ മാദ്ധ്യമങ്ങളോട് സമ്മതിച്ചു. അതോടൊപ്പം, ഇറാക്ക് യുദ്ധം ഇല്ലായിരുന്നെങ്കിൽ ‘ഇസ്ലാമിക് സ്റ്റേറ്റും ഉണ്ടാവുമായിരുന്നില്ല”യെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണിബ്ലയർ ഒരു സിഎൻഎൻ ഇന്റർവ്യൂവിൽ പറഞ്ഞു. യുഎസ് സാമ്രാജ്യത്വത്തിന്റെയും സഖ്യകക്ഷികളുടെയും സഹായത്താൽ സിറിയയിലും അവർക്ക് സ്വാധീനമേഖല സൃഷ്ടിക്കാൻ കഴിഞ്ഞു.
ഇറാക്കിന്റെ ഭീകരനാശവും ഇറാക്കിജനത ചോരപ്പുഴയൊഴുക്കുന്നതും അത്തരത്തിൽ സമ്പൂർണ്ണമായും കൃത്രിമത്വങ്ങളിലും കെട്ടിച്ചമക്കപ്പെട്ട ആരോപണങ്ങളിന്മേലുമായിരുന്നു. ആ രാജ്യത്തെയും ജനങ്ങളെയും അന്തിമമായി ദുരിതക്കയത്തിലാഴ്ത്തിയിരിക്കുന്നു. അങ്ങനെ ആധിപത്യത്തിനും ലാഭവേട്ടയ്ക്കും അത്യാർത്തിപൂണ്ട വഞ്ചകരും ക്രൂരരുമായ യുദ്ധക്കൊതിയന്മാരെന്ന സ്ഥാനം മനുഷ്യചരിത്രത്തിൽ യുഎസ് സാമ്രാജ്യത്വത്തിന് നൽകപ്പെടും.

ലിബിയയ്ക്കുമേലുള്ള കുറ്റകരമായ  അധിനിവേശയുദ്ധം

യുഎസ് സാമ്രാജ്യത്തത്തിന്റെ കൃത്രിമത്വവും വഞ്ചനാത്മകതയും ക്രൗര്യവുമാണ് ഇറാക്ക് അധിനിവേശത്തിന്റെ മുഖമുദ്രയെങ്കിൽ, അവരുടെ ‘ലിബിയൻ ചൂതാട്ടം’ എന്ന് അവരുടെ തന്നെ മാദ്ധ്യമങ്ങൾ( ന്യൂയോർക്ക് ടൈംസ്, ഫെബ്രുവരി 28-29,2016) വിശേഷിപ്പിച്ച അധിനിവേശത്തെ അടയാളപ്പെടുത്തുന്നത് യുഎസ് നയങ്ങളുടെ ധാർഷ്ട്യത്തിന്റെയും വീണ്ടുവിചാരമില്ലായ്മയുടെയും മറ്റൊരു ഉദാഹരണമായാണ്. അവരുടെ സൈനിക നയത്തിന്റെയും അധിനിവേശ തന്ത്രങ്ങളുടെയും അവിഭാജ്യഭാഗവുമാണവ. വീറുറ്റ യുഎസ് വിരുദ്ധ നിലപാടുകളുടെ കാര്യത്തിൽ വിഖ്യാതനായ മുഹമ്മർ ഗദ്ദാഫി നയിക്കുന്ന ലിബിയൻ ഗവൺമെന്റിനെ മാറ്റി ആ രാജ്യത്ത് ഒരു പാവഭരണ സംവിധാനത്തെ സ്ഥാപിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു യുഎസ് യുദ്ധവെറിയന്മാരും അവരുടെ നാറ്റോ സഖ്യശക്തികളും ലിബിയൻ യുദ്ധം അഴിച്ചുവിട്ടത്. ആ രാജ്യത്തെ സമ്പന്നമായ എണ്ണശേഖരത്തോടുള്ള അടങ്ങാത്ത സാമ്രാജ്യത്ത ആർത്തി ശമിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കങ്ങളെല്ലാം. ഗദ്ദാഫിയുടെ നേതൃത്വത്തിൽ, 60 ലക്ഷം ജനങ്ങൾ മാത്രമുള്ള ലിബിയ വിഭാഗീയതകളൊന്നുമില്ലാതെ സമൃദ്ധമായ എണ്ണയുടെ സമ്പത്തോടെ ആഫ്രിക്കയിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിലൊന്നായി വളർന്നിരുന്നു. അതിനാൽ യുഎസ് നിയന്ത്രണത്തിലുള്ള ഒരു പാവ സർക്കാരിനെ അവരോധിക്കാനും ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ശേഖരത്തിന്മേൽ വിലപേശലില്ലാതെ, തടസ്സമേതുമില്ലാതെയുള്ള അവകാശം ഉറപ്പിക്കാനും മാത്രം ലക്ഷ്യംവച്ചായിരുന്നു ഗദ്ദാഫിയെ പുറത്താക്കിയത്. യുഎസ്-നാറ്റോ സഖ്യം നടത്തിയ തീർത്തും കുറ്റകരമായ, ഒരു രാഷ്ട്രത്തെയാകെ തച്ചുടച്ച യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സമാധാനപരമായി പരിഹരിക്കുന്നതിനുവേണ്ടിയുള്ള എല്ലാ നിർദ്ദേശങ്ങളും യുഎസ് യുദ്ധ വെറിയന്മാർ തള്ളിക്കളഞ്ഞിരുന്നു. തന്നെയുമല്ല, അവർ അൽഖൈ്വദ, ഐഎസ,് ബൊക്കോ ഹറാം തുടങ്ങിയവരുമായി നേരിട്ട് ബന്ധമുളള, കറകളഞ്ഞ മതമൗലികവാദശക്തികളായ സർക്കാർ വിരുദ്ധ മിലിഷ്യക്കു ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2011-ൽ മുഹമ്മർ ഗദ്ദാഫിയെയും മകനെയും (രണ്ടുവർഷം മുമ്പ് മാത്രം ഇദ്ദേഹത്തിന് യുഎസ് ഭരണകൂടം ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു) യുഎസ് പിന്തുണയുള്ള മതമൗലികവാദ റെബലുകളുടെ കൊലയാളിക്കൂട്ടം പരസ്യമായി കൊന്നു. ഈ കൊല ഒരു വീഡിയോവഴി കണ്ടുകൊണ്ടിരിക്കെ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൻ കൊലപാതകത്തെ സ്വാഗതം ചെയ്തുകൊണ്ട് അത്ഭുതത്തോടെ പറഞ്ഞു ‘ഞങ്ങൾ വന്നു, ഞങ്ങൾ കണ്ടു, അയാൾ മരിച്ചു’. ലിബിയൻ സർക്കാരിൽ നിന്ന് പിടിച്ചെടുത്ത ആയുധകൂമ്പാരത്തെ ലിബിയയിലെ സിഐഎയുടെ മേൽനോട്ടത്തിൽ ഇസ്ലാമിക് പോരാളികളോടൊപ്പം സിറിയയിലേക്ക് കടത്തി. അവർ ബങ്കാസിയിലും തെക്കൻ തുർക്കിയിലും രഹസ്യകേന്ദ്രം സ്ഥാപിച്ചു.
അന്തർദ്ദേശീയ, ഭരണഘടനാപരമായ, നിയമങ്ങളെയും യുഎസ് സ്റ്റാറ്റിയൂട്ട് നിയമങ്ങളെയും പ്രകടമായി ലംഘിച്ചുകൊണ്ടു നടത്തിയ ഈ നീക്കങ്ങളെല്ലാം ചേർന്ന് ഒരിക്കൽ സമ്പൽസമൃദ്ധമായിരുന്ന ഒരു രാജ്യത്തെ അവസാനിക്കാത്ത ഹിംസകളുടെ വറചട്ടിയാക്കി മാറ്റി. രോഗികളും വൃദ്ധരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യർക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ നൽകി. യുദ്ധത്തിന് ശേഷം കേന്ദ്രീകൃത അധികാര ഘടനയില്ലാത്ത ഒരു രാജ്യമായി മാറി ലിബിയ. സായുധ മിലിഷ്യകൾ നിയന്ത്രണാവകാശങ്ങൾക്ക് മല്ലടിച്ചുകൊണ്ട് തെരുവുകൾ തോറും റോന്തുചുറ്റി. രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗം ജനങ്ങൾ അതിർത്തികടന്ന് ടുണീഷ്യയിലേക്ക് പാലായനം ചെയ്തു. മറ്റുള്ളവർ യൂറോപ്പിലേക്ക് പാലായനം ചെയ്തു.അവിടെ അവർ അവജ്ഞയോടെയാണ് സ്വാഗതം ചെയ്യപ്പെട്ടത്. കോൺസൺട്രേഷൻ ക്യാമ്പിന് സമാനമായ സാഹചര്യത്തിലാണ് അവരെ തടവിൽ പാർപ്പിച്ചത് (ഗ്ലോബൽ റിസർച്ച്, 04.08.16). 2012 സെപ്റ്റംബറിൽ ബങ്കാസിയിലെ യുഎസ് കേന്ദ്രം ആക്രമിക്കപ്പെടുകയും യുഎസ് അംബാസിഡറും മൂന്ന് സുരക്ഷാഭടന്മാരും കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ സാഹചര്യങ്ങളെത്തി. ലിബിയൻ യുദ്ധത്തെ ലിബിയയ്ക്ക്‌മേലുളള യുഎസ് നാറ്റോ യുദ്ധമെന്ന് വിളിക്കുന്നെങ്കിലും’യഥാർത്ഥ മനുഷ്യചരിത്രത്തിൽ യുഎസ് ഭരണാധികാരികളുടെയും അതിന്റെ ആകമാനരാഷ്ട്രീയ സംവിധാനത്തിന്റെയും അധഃപതിച്ച സ്വഭാവത്തിന്റെ പൂർണ്ണാവസ്ഥയിലുളള ഒരു പ്രതിഫലനമാണ്’ (വേൾഡ് സോഷ്യലിസ്റ്റ് വെബ്‌സൈറ്റ്) എന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് ഭരണാധികാരികൾക്ക് അവർ തുറന്ന് ആഗ്രഹിച്ചതുപോലെ അധിനിവേശം നടത്താനും ലിബിയയെ താറുമാറാക്കാനും കഴിഞ്ഞു. പക്ഷേ അവർക്കും അവരുടെ നയങ്ങൾക്കുമെതിരെ സ്വന്തം ജനങ്ങളടക്കമുള്ള ലോകജനതയുടെ അഭിപ്രായം വളരെവേഗം വളരുന്നതിനെ തടയാനവർക്കായില്ല. അതിനാൽ യുഎസ് സാമ്രാജ്യത്വം വേറൊരു രാജ്യത്ത്, സിറിയയിൽ മറ്റേതെങ്കിലും രീതികൾ പരീക്ഷിക്കാൻ പുറപ്പെട്ടു.

സിറിയയിൽ പാവസർക്കാരിനെ  അവരോധിക്കാനുള്ള ഹീനമായ പദ്ധതി

യുഎസ് സാമ്രാജ്യത്വവും ഇസ്രായേലിനെപ്പോലുള്ള പിണിയാളുകളും സൗദി അറേബ്യയിലെയും ജോർദ്ദാനിലെയും ഖത്തറിലെയും യുഎഇയിലെയും രാജഭരണങ്ങളും സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ-അസ്സദിനെ പുറത്താക്കിക്കൊണ്ട് ഒരു ഭരണമാറ്റത്തിന് ആഗ്രഹിച്ചു. ഈ ശപഥത്തോടെ അസ്സദ് വിരുദ്ധ റെബൽ ഗ്രൂപ്പുകളെയും ഫ്രീ സിറിയൻ ആർമിയെന്ന തട്ടിക്കൂട്ടിയ ഒരു സേനയെയും ധനസഹായം ചെയ്ത് ആയുധം കൊടുത്ത് പരിശീലനം നൽകി വളർത്തിയെടുത്തു. സ്വേഛാധിപത്യപരമായ, ജനാധിപത്യവിരുദ്ധമായ ഭരണാധികാരിയാണെങ്കിലും അസ്സദിന് യുഎസ് പദ്ധതിയ്‌ക്കെതിരെ ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാൻ കഴിഞ്ഞത് കൊണ്ട് മേൽപ്പറഞ്ഞ ശക്തികൾക്ക് ഒരിക്കലും അവരുടെ ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. മതമൗലികവാദശക്തികൾക്ക് തലപൊക്കാൻ നിലമൊരുക്കുന്ന വിധത്തിൽ രാജ്യത്തിനകത്ത് കലാപവും സംഘർഷവും സൃഷ്ടിക്കുന്ന കാര്യത്തിൽ മാത്രം റെബൽ ശക്തികൾ വിജയിച്ചു. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ഐഎസിന് സിറിയയ്ക്കകത്ത് സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞു. അസ്സദ് വിരുദ്ധ ശക്തിയെന്ന നിലയ്ക്ക് എല്ലാവിധ സാധനസാമഗ്രികളും നൽകി അനുഗ്രഹിച്ചുകൊണ്ട് സാമ്രാജ്യത്തം നിലകൊണ്ടു. യുഎസ് പിന്തുണയോടെ ഐഎസും സിറിയൻ റെബൽ ഗ്രൂപ്പുകളും തട്ടിക്കൊണ്ടുപോകലും പീഢനങ്ങളും പിടികൂടി ഉടൻ വധിക്കലും പോലുള്ള അന്തർദ്ദേശീയ നിയമലംഘനങ്ങൾ നടത്തുകയാണെന്ന് ആനംസ്റ്റി ഇന്റർനാഷണൽ പറയുന്നു. യുദ്ധക്കുറ്റങ്ങളിൽ കുറ്റം ചുമത്തപ്പെട്ടവരും മറ്റു ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നവരും അന്തർദ്ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘകരുമായ സായുധസംഘങ്ങൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും സാധനസാമഗ്രികളും സാമ്പത്തിക സഹായങ്ങളും നൽകുന്നത് ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്റനാഷണൽ സിറിയ സപ്പോർട്ട് ഗ്രൂപ്പിൽപ്പെട്ട യുഎസ്, സൗദി അറേബ്യ,ഖത്തർ, തുർക്കി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളോട് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെടുന്നു. മറുവശത്ത് റഷ്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ പിന്തുണയോടെ സിറിയൻ സൈന്യം റെബൽ സംഘങ്ങൾ നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഈ ആക്രമണങ്ങളോടെ ഐഎസിനും യുഎസ് പിന്തുണയുള്ള റെബൽ സംഘങ്ങൾക്കും തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കെ, മനുഷ്യാവകാശങ്ങളുടെ പേരുപറഞ്ഞ് ഈ മുന്നേറ്റങ്ങളെ തടയാനായി യുഎസ് സാമ്രാജ്യത്വവും സഖ്യശക്തികളും വല്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ്എ യും റഷ്യയും തമ്മിൽ എണ്ണസമ്പന്നമായ, തന്ത്രപ്രധാനമായ ഈ ഭൂഭാഗത്ത് തങ്ങളുടെ മേധാവിത്വം സ്ഥാപിക്കുന്നത് ഉറപ്പാക്കാനായി ചിലപ്പോൾ ഹിംസാത്മകമായിപ്പോലും പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകമിപ്പോൾ കാണുന്നത്.
ഇതിന്റെയെല്ലാം ഫലമായി ഈ ഗുരുതരമായ, നീണ്ടുനിൽക്കുന്ന യുദ്ധം ലക്ഷക്കണക്കിന് സിറിയൻ ജനങ്ങളെ കശാപ്പുചെയ്തു. (ചില റിപ്പോർട്ടുകൾ അത് മൂന്നുലക്ഷമെന്നും മറ്റുചില റിപ്പോർട്ടുകൾ പത്തുലക്ഷമെന്നും പറയുന്നു). കൂടാതെ നിരവധി ദശലക്ഷങ്ങളെ അത് തങ്ങളുടെ കിടപ്പാടം ഉപേക്ഷിച്ച് പാലായനം ചെയ്യിപ്പിച്ചു. വാസ്തവത്തിൽ സാമ്രാജ്യത്വം സൃഷ്ടിച്ചെടുത്ത യുദ്ധത്തിന്റെ ഇരകളായ, സിറിയയിൽ നിന്നും ഇറാക്കിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് തങ്ങളുടെ ഭൂമി ഉപേക്ഷിച്ചു പാലായനം ചെയ്യാനും ബോട്ടുകളിൽ കയറി മെഡിറ്ററേനിയൻ കടൽകടക്കാനുള്ള അപകടകരമായ ശ്രമം നടത്തുകയുമല്ലാതെ മറ്റൊരു മാർഗ്ഗവും കാണുന്നില്ല. അനിതര സാധാരണമായ രീതിയിൽ യൂറോപ്പിൽ ഉടലെടുത്ത അഭയാർത്ഥിപ്രശ്‌നത്തിന്റെ ഉത്തരവാദികൾ എന്ന് സാമ്രാജ്യത്വവും അവരുടെ പിണിയാളുകളായ മാദ്ധ്യമങ്ങളും മുദ്രകുത്തുന്ന നിരപരാധികളായ ആലംബഹീനരായ വൻ ജനസഞ്ചയത്തിൽപ്പെടുന്നവരാണിവർ. സ്വന്തം ഹീനമായ പ്രവൃത്തികളിൽ നിന്ന് രക്ഷപ്പെടാനായി ഇറാക്കിന്റെയും സിറിയയുടെയും മേൽ ഇതിന്റെ ഉത്തരവാദിത്വം ചാർത്തുകയും നല്ലവരായ രക്ഷകരായി സ്വയം ചമയുകയും ചെയ്യുന്നു. സത്യത്തിന്റെ എത്ര വാചാലമായ വളച്ചൊടിക്കൽ!

സിറിയയെപ്പറ്റി കുറച്ചുകൂടി

സാമ്രാജ്യത്വ കടന്നാക്രമണങ്ങളുടെ സമകാലിക ഘട്ടത്തെ ഫലത്തിൽ നിർവ്വചിക്കുന്ന യുദ്ധമായ സിറിയയെക്കിതിരായ യുദ്ധം യുഎസും സിഐഎയും സാമ്രാജ്യത്ത ബിനാമികളും അവരുടെ സഖ്യശക്തികളും നടത്തുന്ന യുദ്ധമാണ്. ഒരു രഹസ്യ സൈക്‌സ്-പിക്കോട്ട് 2.0 കരാറിന്റെ അടിസ്ഥാനത്തിൽ യുഎസ്‌സാമ്രാജ്യത്തശക്തികൾ മദ്ധ്യേഷ്യയെയും വടക്കൻ ആഫ്രിക്കയെയും പുനർവിഭജനം നടത്തിക്കൊണ്ടിരിക്കുയാണെന്ന് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. തെക്ക് പടിഞ്ഞാറൻ ഏഷ്യയിൽ പരസ്പരം സമ്മതിച്ച പ്രകാരം സ്വാധീനമേഖലകളും നിയന്ത്രണമേഖലകളും നിർവ്വചിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടനും ഫ്രാൻസും (സാറിസ്റ്റ് റഷ്യയും അതിൽ പങ്കാളിയായിരുന്നു.) 1916-ൽ ഉണ്ടാക്കിയ രഹസ്യകരാറാണ് സൈക്‌സ്-പിക്കോട്ട്. സ്വതന്ത്രരാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും സ്വാതന്ത്ര്യത്തിന്റെ ഏതെങ്കിലുമൊരംശം നേടിയെടുക്കുന്നതിൽ നിന്ന് ഏതൊരുശക്തിയെയും തടയുകയുമായിരുന്നു അതിന്റെ ലക്ഷ്യം. ഇറാക്കിന്റെ തകർച്ചയും അഫ്ഗാനിസ്ഥാനിലെ തുടർച്ചയായ അധിനിവേശവും ലിബിയയുടെ സമ്പൂർണ്ണ നാശവുമില്ലാതെ സിറിയയ്‌ക്കെതിരെയുള്ള യുദ്ധം അസാധ്യമായിരുന്നു. കുർദ്ദുകൾക്കും ക്രിസ്ത്യാനികൾക്കും ദ്രൂസുകൾക്കും ഷിയാകൾക്കും സുന്നികൾക്കുമെതിരെ അറുപിന്തിരിപ്പൻ മരണ സ്‌ക്വാഡുകൾ കൂട്ടക്കുരുതി നടത്തുകയാണെങ്കിലും അവർ കീഴടങ്ങില്ല. സിറിയയിലെ യുദ്ധനടപടികളെന്നതിനുപരി നാറ്റോയുടെ മദ്ധ്യ കിഴക്കേഷ്യൻ ആണവയുദ്ധകേന്ദ്രമായ തുർക്കിയും സിറിയയ്‌ക്കെതിരായ യുദ്ധത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. തുർക്കി ഒരു ആഭ്യന്തരയുദ്ധത്തിന്റെ വഴിയിൽ സ്വന്തം തെരുവുകളിൽ കാലിടറുമ്പോൾ, അതേസമയം തന്നെ സിറിയയിലും ഇറാക്കിലും തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങളുമായി മുന്നോട്ടുപോവുകയാണ്. യുദ്ധ മേഖല വിപുലപ്പെടുത്തിക്കൊണ്ട് സിറിയയിലുള്ള നാറ്റോ താല്പര്യങ്ങൾ വികസിപ്പിക്കുവാനായി തുർക്കിയെ ഉപയോഗപ്പെടുത്തുമെന്നത് ഏതാണ്ട് ഉറപ്പായകാര്യമാണ്.

പാവപ്പെട്ട യെമനി ജനതയുടെ മേലുള്ള കിരാതമായ കടന്നാക്രമണങ്ങൾ

മദ്ധ്യ കിഴക്കേഷ്യയിലെ ഏറ്റവും ദരിദ്രമാക്കപ്പെട്ട രാജ്യമായ ചെങ്കടൽ തീരത്തെ യമനിൽ വിനാശത്തിന്റെയും മരണത്തിന്റെയുമായ മറ്റൊരങ്കം നടമാടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ യുഎസ് മോഡലിലുള്ള ഭരണമാറ്റ നാടകം റിവേഴ്‌സ് രീതീയിലാണ് നടന്നു വരുന്നത്. ഇന്നത്തെ പ്രസിഡന്റായ റബ്ബൂ മൻസൂർഹാദിയെ 2014-ന്റെ അവസാനത്തിൽ യെമനി ജനത നാടുകടത്തിയതാണ്. ഒരു ചെറിയ പിന്തുണാടിത്തറയേ ഉള്ളൂവെങ്കിൽ പോലും യുഎസ് സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത സഖ്യ കക്ഷിയായ സൗദി അറേബ്യൻ രാജകുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഹാദിയെ അധികാരത്തിൽ അവരോധിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന നിർദ്ദേശത്തെ നിരസിക്കാൻ പോലുമുള്ള ധൈര്യം ഈ പിന്തുണ ഹാദിക്ക് നൽകി. സമാധാന നീക്കങ്ങളെ സൗദി അറേബ്യ തുരങ്കം വയ്ക്കുകയും അതിന് യുഎസ് ഭരണകൂടം പരോക്ഷ പിന്തുണയുമായി നിലകൊള്ളുകയും ചെയ്തു. യമനിനുമേൽ ഏവ്വിധമെങ്കിലും ഹാദിയുടെ നിയന്ത്രണം ഉറപ്പിക്കാനും അങ്ങിനെ സൗദിയുടെയും യുഎസ്എയുടെ മറ്റ് സഖ്യകക്ഷികളുടെയും സാമ്പത്തിക -രാഷ്ട്രീയ താൽപര്യങ്ങൾ ഉറപ്പിക്കാനുമായി 2015 മാർച്ച് മുതൽ ഷിയ റെബലുകളുടെയും മുൻപ്രസിഡന്റ് അലി അബ്ദുളള സലെ യെ പിന്തുണയ്ക്കുന്നവരടക്കമുളള അവരുടെ സഖ്യശക്തികളുടെയും നേർക്ക് വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. വിശ്വസ്തനും സഹായിയും ഗുരുവുമായ യുഎസ് സാമ്രാജ്യത്വം ആക്രമണകാരികൾക്ക് സാധന സാമഗ്രികളും എണ്ണ നിറയ്ക്കാനുളള സൗകര്യങ്ങളും മറ്റും നൽകി സഹായിക്കുകയാണ.് ഇതിൽ നിന്നെല്ലാം ഊർജ്ജം ശേഖരിച്ചും ധൈര്യം സംഭരിച്ചും സൗദി അറേബ്യയും സഖ്യ ശക്തികളും ബോധപൂർവ്വം ഈ പാവപ്പെട്ട രാജ്യത്തിലെ വൈദ്യുത കേന്ദ്രങ്ങളേയും ജലവിതരണസംവിധാനങ്ങളേയും ആശുപത്രികളിൽ ഒട്ടുമിക്കവയേയും മറ്റുസുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും തകർത്തു നശിപ്പിച്ചു. ഇതെല്ലാം വൻതോതിലുള്ള മനുഷ്യക്കുരുതിയും ഭീകരനാശങ്ങളുമുണ്ടാക്കി. വിനാശകരമായ രീതിയിൽ കോളറയും പൊട്ടിപ്പുറപ്പെട്ടു. അടുത്തിടെയുണ്ടായ ഹീനമായ ഒരു നടപടിയിൽ, 2016 ഒക്‌ടോബറിൽ, ഒരു ശവസംസ്‌കാര യാത്രയുടെ മേൽ അമേരിക്കൻ പിന്തുണയുള്ള സൗദി സേന അമേരിക്കൻ നിർമ്മിത 500 പൗണ്ട് ലേസർഗൈഡഡ് ബോംബ് പതിപ്പിച്ചു. ഇതിനോടകം തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ട 140 ലധികം പേരെ കൊന്നൊടുക്കുകയും 525 ഓളംപേരെ പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രകടമായ യുദ്ധക്കുറ്റമെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് ഗ്രൂപ്പ് ഈ സംഭവത്തെ വിശേഷിപ്പിക്കുകയുണ്ടായി. (ഗാർഡിയൻ 15.10.16) ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ഹൗത്തി റെബലുകൾ തങ്ങളുടെ പക്കലുണ്ടായിരുന്ന സോവിയറ്റ് കാല മിസൈലുകൾ വിക്ഷേപിക്കുകയും നാശമുണ്ടാക്കാതെ അവ വെളളത്തിൽ പതിക്കുകയും ചെയ്തു. ഇതിന് മറുപടിയായി തങ്ങളുടെ രാഷ്ട്രത്തിന്റെ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന യുഎസ് നാവികപ്പട തങ്ങളുടെ ഡിസ്‌ട്രോയർ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈലുകൾ ഹൗത്തി നിയന്ത്രിത മേഖലകളിലെ റഡാർ സ്റ്റേഷനുകളെ ലക്ഷ്യം വച്ച് വിക്ഷേപിച്ചു. ‘ഞങ്ങളുടെ ആളുകളെയും ഞങ്ങളുടെ കപ്പലുകളെയും ഈ സുപ്രധാന കടൽപ്പാതയിൽ ഞങ്ങളുടെ സ്വതന്ത്രമായ കപ്പലോട്ടത്തെയും സംരക്ഷിക്കാനുള്ള ചുരുങ്ങിയ തോതിലുള്ള സ്വയം സംരക്ഷണ നടപടി’യായിരുന്നു അതെന്ന് പറഞ്ഞ് പെന്റഗൺ മാദ്ധ്യമ സെക്രട്ടറി ന്യായീകരിച്ചു. ഒരു തെമ്മാടിയുടെ ലജ്ജയില്ലാത്ത കുറ്റസമ്മതം!

അമേരിക്കൻ യുദ്ധനയത്തെ  സ്വന്തം ജനത ചോദ്യം ചെയ്യുന്നു

യുഎസ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന കുഴപ്പങ്ങളിൽ പെട്ടുപോകുന്ന മദ്ധ്യേഷ്യയിലെയും ചുറ്റുപാടുമുളള രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താൻ, പാകിസ്ഥാൻ, ലെബനോൺ, ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. അവരൊക്കെ ഒന്നുകിൽ അഫ്ഗാനിസ്താനെപ്പോലെ യുഎസിന്റെ നിഷ്ഠൂരമായ അധിനിവേശത്തിനിരയാവുകയോ അല്ലെങ്കിൽ (സൗദിയിൽ പിറവിയെടുത്ത അൽഖൈദയാവട്ടെ അഫ്ഗാനിസ്ഥാനിൽ പിറന്ന താലിബാനാവട്ടെ, അടുത്തയിടെയുണ്ടായ ഐഎസ്‌ഐഎസ് ആവട്ടെ) യുഎസ് സാമ്രാജ്യത്വം സൃഷ്ടിച്ച് വളർത്തിയെടുക്കുന്ന മതമൗലികവാദികളുടെ പ്രവർത്തനങ്ങളുടെ ഇരയാവുകയോ ചെയ്യും. ഒരിക്കൽ ഇറാക്കിന്റെ ബദ്ധശത്രുവായിരുന്ന ഇറാന്റെ ഉയർന്ന നേതാവ് ‘ ഇറാക്കിന്റെ ആഭ്യന്തരകാര്യങ്ങളിൽ യുഎസും മറ്റുള്ളവരും ഇടപെടുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. തങ്ങളെ അന്ധമായി പിന്തുണയ്ക്കുന്നവരെ അധികാരത്തിൽ കൊണ്ടുവരാനാണ് യുഎസ് ലക്ഷ്യം വയ്ക്കുന്നത്’, എന്ന് പറയുന്നിടത്തോളം യുഎസ് ഇടപെടലും അധിനിവേശവും ചെന്നെത്തിനിൽക്കുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. യുദ്ധോന്മുഖരായ ആക്രമണകാരികളെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും രക്ഷകരായും, മറിച്ച്, ഇവയൊക്കെ ലംഘിക്കുന്നത് അവർ ലക്ഷ്യം വയ്ക്കുന്ന രാജ്യത്തിലെ ഒന്നല്ലെങ്കിൽ മറ്റൊരു ഭരണാധികാരിയാണെന്നും വരുത്തിക്കൊണ്ട് ചിത്രീകരിക്കാനായി കുത്തകകളും സാമ്രാജ്യത്വവും നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങൾ എല്ലാവിധ മാർഗങ്ങളും ഉപാധികളും പ്രയോഗിക്കുന്നുണ്ട്. പക്ഷേ, എത്രമാത്രം മേൽനോട്ടം വഹിച്ചും സെൻസർ ചെയ്തും വ്യാജമായിപ്പോലും വാർത്തകൾ സൃഷ്ടിച്ചാലും സത്യം സ്ഥിരസ്വഭാവത്തോടെ പുറത്തുവരുന്നുണ്ട്. കൂട്ട നശീകരണായുധം കൈവശം വച്ചുവെന്നും ഉപയോഗിച്ചെന്നുമുള്ള വാദം അനിഷേധ്യമായ തെളിവുകളുടെയും രേഖകളുടെയും വെളിച്ചത്തിൽ തീർത്തും വ്യാജമായിരുന്നുവെന്നും ഗദ്ദാഫിയുടെ കൊലപാതകവും ലിബിയയെ സർവ്വനാശത്തിലെത്തിച്ചതും ക്രിമിനൽ നടപടിയാണെന്നും സിറിയയിൽ പാവഭരണകൂടത്തെ പ്രതിഷ്ഠിക്കാനായി വെപ്രാളപ്പെട്ടു നടത്തിയ ശ്രമം മദ്ധ്യേഷ്യയിൽ യുഎസ് സാമ്രാജ്യത്തിനെതിരെയുള്ള അവസാനത്തെ ഒരു മുഖ്യ എതിരാളിയെ പിഴുതെറിയാനുള്ള തന്ത്രമായിരുന്നെന്നും മിനിമം ബോധമുളള ഏതൊരാൾക്കും ഇന്ന് വ്യക്തമായി മനസ്സിലാവും. യുഎസ് സാമ്രാജ്യത്വം നടത്തിയ വിയറ്റ്‌നാം യുദ്ധക്കാലത്ത് യുഎസ്എയിലെ ജനങ്ങൾ ഉയർത്തിയ ചോദ്യങ്ങളെക്കാൾ കൂടുതൽ സൂക്ഷ്മമായ ചോദ്യങ്ങൾ അവർ ഇന്നുയർത്തുന്നുണ്ട്. വാൾ സ്ട്രീറ്റ് പിടിച്ചെടുക്കൽ പ്രക്ഷോഭണത്തിൽ പ്രതിഫലിച്ചതു പോലെയുള്ള ശക്തമായ പ്രതിഷേധങ്ങൾ തങ്ങളുടെ ഭരണാധികാരികൾക്കെതിരെ ഉയർത്തുന്നതിന് പുറമേ, യുദ്ധത്തിന് എതിരായും സമാധാനത്തിന് വേണ്ടിയുമുളള വമ്പിച്ച ജനപങ്കാളിത്തത്തോടെയുളള റാലികളും അവർ സംഘടിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് കിലോമീറ്റർ അകലെ മദ്ധ്യേഷ്യയിലോ ആഫ്രിക്കയിലോ ഉളള മരുഭൂമികളിൽ കിടന്ന് യുഎസ്എ യിലെ ജനങ്ങൾ എന്തിനാണ് മരണം വരിക്കുന്നതെന്ന് അവർ ചോദിക്കുന്നു. മുതലാളിത്തം സ്വന്തം മണ്ണിൽ അവരെ പിഴിഞ്ഞൂറ്റുമ്പോൾ, തൊഴിലില്ലായ്മയും കിടപ്പാടമില്ലായ്മയും പട്ടിണിയും കൊടിയരീതിയിൽ ഉയരുമ്പോൾ, സ്വന്തം താല്പര്യത്തിന് വേണ്ടിയല്ലാതെ സ്വന്തം രാജ്യത്ത് നിന്ന് വളരെ ദൂരെ നടത്തുന്ന യുദ്ധങ്ങളിൽ വമ്പിച്ച സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്നതിനെ യുഎസ് ജനത ചോദ്യംചെയ്യുകയാണ്.
സിറിയയിൽ യുഎസ് യഥാർത്ഥത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയോ അൽഖൈദയ്‌ക്കെതിരെയോ യുദ്ധം ചെയ്യുന്നുണ്ടോയെന്ന് സംശയംപോലും ഉയർന്നുവരുന്നുണ്ട്. അല്ലായെങ്കിൽ, കഴിഞ്ഞ 15 വർഷമായി തീവ്രവാദികൾക്കെതിരെ യുദ്ധം നടത്തുന്നുവെന്ന് സാമ്രാജ്യത്വശക്തികൾ അവകാശപ്പെടുമ്പോഴും ഈ തീവ്രവാദികൾ ആയിരം മടങ്ങ് ശക്തരും ആയിരം മടങ്ങ് ക്രൂരരുമായി മാറുന്നതെങ്ങനെ? ലഭ്യമായ വസ്തുതകളും വസ്തു നിഷ്ടവിശകലനവും വച്ചുനോക്കുമ്പോൾ ഈ അറുപിന്തിരിപ്പൻ തീവ്രവാദഗ്രൂപ്പുകൾ സാമ്രാജ്യത്വ ശക്തികളുടെ ബിനാമികളാണെന്നാണ് മനസ്സിലാവുക. സാമ്രാജ്യത്വ ശക്തികൾ തുടർച്ചയായി ഈ ബിനാമികൾക്ക് ഭൗതിക പിന്തുണ നൽകുകയും ഈ മേഖലയിലാകെയുള്ള അവരുടെ ലക്ഷ്യങ്ങളോട് പങ്ക് ചേരുകയും ചെയ്യുന്നു.

സാമ്രാജ്യത്വം മനുഷ്യ രക്തമൂറ്റി, യുദ്ധം കൊണ്ട് നിലനിൽക്കുന്നു

ഇത്തരമൊരു സാഹചര്യത്തിൽ സത്യത്തിലെത്താനായി ആഴത്തിൽ കാര്യങ്ങൾ ഗ്രഹിക്കേണ്ടതുണ്ട്. ഇത് ഇനിമേൽ അനിഷേധ്യമായ മാർക്‌സിസ്റ്റ് -ലെനിനിസ്റ്റ് ധാരണമാത്രമല്ല, ഇത് തീവ്രമായ യാഥാർത്ഥ്യമായി വെളിപ്പെട്ടുവന്നിട്ടുണ്ട്. ഈ ഏകധ്രുവലോകമെന്ന് വിളിക്കപ്പെടുന്നിടത്ത് ജനങ്ങളുടെ നിത്യജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം. സോഷ്യലിസ്റ്റ് ക്യാമ്പ് നിലവിലില്ലെങ്കിൽപോലും മുതലാളിത്ത-സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നതിൽ നിന്ന് പിന്തിരിയുന്നില്ല. കാരണം മുതലാളിത്തം അതിന്റെ നിലനിൽപ്പിനായി അനിവാര്യമായും യുദ്ധം സൃഷ്ടിക്കുന്നു. നിഷ്‌ക്കരുണമായ ചൂഷണത്തിന് പുറമേ മുതലാളിത്തം സമ്പദ് വ്യവസ്ഥയുടെ സൈനികവൽക്കരണം എന്ന മറ്റൊരു ക്രൂരമായ നടപടിയിലേക്ക് പോകുന്നു. മുതലാളിത്തം ജനങ്ങളെ ചൂഷണം ചെയ്യുകയും പാപ്പരാക്കുകയും അങ്ങനെ കമ്പോള പ്രതിസന്ധിയും വ്യാവസായിക മാന്ദ്യവും സൃഷ്ടിക്കുകയും ചെയ്യുന്നു. മരിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്തത്തിൽ അനിവാര്യമായി പ്രത്യക്ഷപ്പെടുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാനാവാതെ സമ്പദ് വ്യവസ്ഥയുടെ വ്യാപകമായ സൈനികവൽക്കരണത്തിലേക്ക് പോകുന്നു. മുതലാളിത്തകുത്തകകൾ പരിഹരിക്കാനാകാത്ത കമ്പോള പ്രതിസന്ധിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുമ്പോൾ എവ്വിധമെങ്കിലും അവരെ രക്ഷപ്പെടുത്തിയെടുക്കാനായി ബൂർഷ്വാ സർക്കാരുകൾ ജനങ്ങളുടെ പണം പിടിച്ചെടുത്ത് വമ്പിച്ച സാമ്പത്തിക ആനുകൂല്യങ്ങളും സംഭാവനകളും സൗജന്യങ്ങളും എന്തിന് സാമ്പത്തിക കുറ്റങ്ങളിൽ നിന്ന് രക്ഷിക്കാനായി വൻതോതിലുളള രക്ഷാ പാക്കേജുകൾ പോലും അനുവദിച്ച് നൽകുന്നു.

ജനങ്ങളുടെ വാങ്ങൽ ശേഷി വൻതോതിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതു കാരണം വ്യാവസായികോല്പാദനത്തിനുള്ള കമ്പോളമില്ലാതിരിക്കുന്നതു കൊണ്ട് മുതലാളിത്ത-കുത്തകകൾ ലാഭം പരമാവധി വർദ്ധിപ്പിക്കാൻ കമ്പോളത്തെ കൃത്രിമമായി ഉത്തേജിപ്പിക്കാനായി സൈനിക ഉപകരണങ്ങളുടെ വൻതോതിലുള്ള ഉല്പാദനം നടത്തുന്നു. കുത്തകകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ആയുധ നിർമ്മാണത്തിനായി സർക്കാർ തന്നെ, പൊതുഖജനാവിൽ നിന്ന് സാമ്പത്തികം നൽകുന്നു.പലപ്പോഴും പാവങ്ങൾക്കുള്ള സബ്‌സിഡികൾ വെട്ടിക്കുറച്ചും പൊതുജനക്ഷേമത്തിനുള്ള വിഹിതം വെട്ടിക്കുറച്ചുമാണ് ഇതിനുള്ള ധനസമാഹരണം നടത്തുന്നത്. വീണ്ടും പൊതുഖജനാവിൽ നിന്നുളള പണമെടുത്ത് സർക്കാർ തന്നെ ഈ ആയുധങ്ങൾ വാങ്ങുന്നവരായി മാറുന്നു. ആയുധ വ്യവസായം മുന്നോട്ടുപോകാനായി,കുന്നു കൂടിയിരിക്കുന്ന പഴയ ആയുധങ്ങൾ ഒഴിവാക്കി പുതിയവ വാങ്ങിക്കൂട്ടുന്ന ലോക ആയുധകമ്പോളത്തിൽ അവ വിറ്റഴിക്കുന്നു. അങ്ങനെ ബൂർഷ്വാ ഗവൺമെന്റ് ആയുധ ഉല്പാദനത്തിന്റെയും ആയുധ-വെടിക്കോപ്പുവ്യാപാരത്തിന്റെയും പങ്കാളിയാവുന്നു. പക്ഷേ സമ്പദ് വ്യവസ്ഥയുടെ വർദ്ധിച്ച തോതിലുളള സൈനികവൽക്കരണത്തിലൂടെയുള്ള ആയുധ ഉല്പാദനം നിലനിൽക്കാനായി ആയുധങ്ങളുടെ ഉപഭോഗത്തിനുള്ള മാർഗ്ഗം തേടേണ്ടതും അനിവാര്യമാണ്. പ്രാദേശികമോ മേഖലാധിഷ്ഠിതമോ വർഗ്ഗീയമോ മതമൗലികവാദപരമോ ആകട്ടെ, കെട്ടടങ്ങാത്ത, അതുപോലെ തുടർച്ചയായുള്ള യുദ്ധമില്ലെങ്കിൽ അത് അസാധ്യമാണ്. യുദ്ധം അവരുടെ വ്യവസായത്തെ ചലിപ്പിക്കുന്നു. മറിച്ചാണെങ്കിൽ അവ തലകുത്തി താഴെവീഴും. അതിനാൽ ഏറ്റവും വെറിയന്മാരായ യുഎസ് സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ യുദ്ധക്കൊതിയന്മാരായ സാമ്രാജ്യത്വം ഒന്നിനു പിറകെ മറ്റൊന്നായി യുദ്ധങ്ങൾ കുത്തിപ്പൊക്കുകയും ഊതിക്കത്തിക്കുകയും തുറന്നുവിടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരാനും സൈനികവൽക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കാനുമായി മുതലാളിത്ത സാമ്രാജ്യത്വത്തിന് ഏതൊരു നിമിഷത്തിലും യുദ്ധത്തിലേക്ക് എടുത്തുചാടാനുള്ള സാഹചര്യമൊരുക്കാനായി ദേശ ഭ്രാന്തും വർഗ്ഗീയ ജ്വരവും ശത്രുതയും കൂടെ ജനങ്ങളിൽ സൃഷ്ടിക്കേണ്ട ആവശ്യകതയുണ്ട്. അതിനാൽ ആയുധങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും ഇടതടവില്ലാത്ത കച്ചവടവും വ്യാപാരവും, അതിനു വേണ്ടി ജനാധിപത്യത്തിന്റെയോ മനുഷ്യാവകാശങ്ങളുടേയോ പേരുപറഞ്ഞ് ഒരു ശത്രുവിനെതിരെ ഏതു നിമിഷവും ചാടിവീഴാൻ അനുകൂലമായ പ്രചാരണഘോഷങ്ങൾ വേണം. അങ്ങനെയൊരു ശത്രു യഥാർത്ഥത്തിൽ ഉണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്‌നമേയല്ല. സാമ്രാജ്യത്വ ശക്തികൾ ആയുധങ്ങൾ വൻതോതിൽ ഉല്പാദിപ്പിക്കുന്നു. അവ തങ്ങളെക്കാൾ കുറഞ്ഞ ശക്തിയുള്ള രാഷ്ട്രങ്ങൾക്ക് ഉദാരമായി വിൽക്കുന്നു. ഇവ വാങ്ങുന്ന മുതലാളിത്ത രാഷ്ട്രങ്ങളും അവരുടെ സ്വന്തം ജനതയെ നിരന്തരം ചൂഷണം ചെയ്യുന്നുണ്ട്. അതുവഴി ജനങ്ങളിൽ വളർന്നുകൊണ്ടേയിരിക്കുന്ന അസംതൃപ്തിയും സൃഷ്ടിക്കുന്നുണ്ട്. ജനങ്ങളുടെ അസംതൃപ്തിയെ തണുപ്പിച്ച് നിർത്തേണ്ടതുണ്ട്. ജനങ്ങളുടെ പ്രതിഷേധമെന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ, നിലവിലുള്ള ഭരണസംവിധാനത്തിനെതിരെ ജനരോഷമുണ്ടാവുകയാണെങ്കിൽ അവയെ മറ്റേതെങ്കിലും വഴിയെ ചാലുതിരിച്ച് വിടേണ്ടതുണ്ട്. അതിനാൽ മുതലാളിത്ത രാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്ക്, അവ ചെറുതോ, വലുതോ, ശക്തരോ, അല്ലയോ എന്ന വ്യത്യാസമില്ലാതെ സകലർക്കും ജനങ്ങളിൽ പിരിമുറുക്കമുണ്ടാക്കാനായി ഉമ്മാക്കി കഥകൾ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒന്നല്ലെങ്കിൽ മറ്റൊരുകാരണം പറഞ്ഞ് യുദ്ധത്തിന് വേണ്ടി തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവർ പ്രതിരോധ സൈനിക ചെലവുകൾ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. അങ്ങനെ ചെറിയ, അല്ലെങ്കിൽ ശക്തി കുറഞ്ഞ മുതലാളിത്ത രാജ്യങ്ങൾ പോലും വലിയ സാമ്രാജ്യത്ത ശക്തികളുടെ യുദ്ധക്കളിയിലെ പങ്കാളികളായി മാറുകയും ചെയ്യും. ശക്തരായ കൂട്ടാളികളോടൊപ്പം അവരും ഈ യുദ്ധഭ്രാന്ത് സൃഷ്ടിക്കുന്ന പ്രചാരണസംഘത്തിൽ ചേരുന്നു. ഇതെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ നിന്ന് ഏതൊരു നിമിഷവും ഭരണവർഗ്ഗത്തിന് പരമാവധി നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങൾ മാത്രമാണ്.
മുകളിൽ വിവരിച്ച അതേ വിധത്തിൽ തന്നെയാണ് മദ്ധ്യകിഴക്കേഷ്യയിലേയും ചുറ്റുപാടുമുള്ള, യുദ്ധത്തിൽ തകർക്കപ്പെട്ട രാജ്യങ്ങളിലെ അവസ്ഥ. സാമ്രാജ്യത്വത്തിന്റെ ഈ കുത്സിത പദ്ധതിയാണ് അന്തമില്ലാത്ത മരണങ്ങളും അംഗഭംഗങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികൾ കൊടിയ യുദ്ധം കണ്ടും അനുഭവിച്ചും നിൽക്കകള്ളിയില്ലാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ച് സുരക്ഷിതമായ ഇടമന്വേഷിച്ച് തിങ്ങിഞെരുങ്ങിയ ബോട്ടിൽകയറി കടൽകടക്കാനുള്ള അസാമാന്യ അപകടസാധ്യതയെപ്പോലും സ്വീകരിക്കാൻ നിർബന്ധിതമാകുന്നു. ഒരു വിദേശ രാജ്യത്ത് അഭയാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനെപ്പറ്റിയും അവരുടെ വിലകുറഞ്ഞ അധ്വാനത്തെ ചൂഷണം ചെയ്യുന്നതിനെ സംബന്ധിച്ചും തലനാരിഴകീറിയുള്ള വിശകലനങ്ങളിലാണ് ശക്തരായ രാജ്യങ്ങളും അവരുടെ കുത്തക മാധ്യമങ്ങളും ഊർജ്ജസ്വലതയോടെ മുഴുകിയിരിക്കുന്നത്. ലോകത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്ന് സങ്കൽപ്പിക്കപ്പെടുന്ന ഐക്യരാഷ്ട്ര സഭയാകട്ടെ ഇന്നിപ്പോൾ സാമ്രാജ്യത്വ ശക്തികളുടെ പ്രത്യേകിച്ച് യുഎസ് സാമ്രാജ്യത്വത്തിന്റെ കാവൽ നായായി മാറിയിരിക്കുന്നു. അസ്വസ്ഥതയൊന്നുമില്ലാതെ സമ്മേളനങ്ങൾ തുടർച്ചയായി കൂടിക്കൊണ്ടിരിക്കുന്നു. യാതൊരു പരിഹാരവും കണ്ടെത്തുന്നില്ലെന്നുമാത്രം. മനുഷ്യരാശിയാകെ അന്തംവിട്ടിരിക്കുകയാണ്. ഈ കിരാതമായ കൃത്യങ്ങൾ ശിക്ഷയേതുമില്ലാതെ തുടർന്നുപോകുന്നതെന്തുകൊണ്ടാണ്?

ശരിയായ നേതൃത്വത്തിന്റെ അഭാവമാണ്  സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ  ചെറുക്കാനാവാത്തതിന് കാരണം.

മദ്ധ്യേഷ്യയിലെ ചില രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വലിയ വളർച്ച ഉണ്ടായിരുന്നുവെങ്കിലും പര്യാപ്തമായ രീതിയിൽ മാർക്‌സിസം-ലെനിനിസത്തെ അടിസ്ഥാനപ്പെടുത്തിയ വിപ്ലവമുന്നേറ്റങ്ങൾ ഈ രാജ്യങ്ങളിൽ വളർന്നു വന്നില്ലെന്ന കാര്യം നമ്മളോർക്കണം. ആധുനിക തിരുത്തൽ വാദത്തിന്റെ പിടിയിലമർന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദുർബ്ബലമാണ്. ഒരു വീറുറ്റ സമാധാന പ്രസ്ഥാനമോ യഥാർത്ഥ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനമോ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത വല്ലാതെ നിലനിൽക്കുന്നുവെങ്കിൽ പോലും അതിന് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. മദ്ധ്യേഷ്യയിലാകട്ടെ കമ്മ്യൂണിസത്തിന്റെ ബാനറുള്ള പാർട്ടികൾ ഫലത്തിൽ ശേഷിയറ്റവരായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, മദ്ധ്യേഷ്യയിലും ചുറ്റുപാടുമുള്ള ജനങ്ങൾ അതിഭീകരമായ ദുരിതങ്ങൾ നേരിടുന്നുവെങ്കിൽ പോലും അന്യായ ഇടപെടലുകൾക്കും അധിനിവേശത്തിനുമെതിരെ അവരെ അണിനിരത്താനും യുദ്ധവെറിയന്മാരായ സാമ്രാജ്യത്വത്തിനെതിരെ പോരാടാനും അവരെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടുത്താനുമായി അവരെ സംഘടിപ്പിക്കാനോ നയിക്കാനോ ഒരു നേതൃത്വവുമില്ലാത്ത അവസ്ഥയാണിന്ന്. അതിനാൽ സാമ്രാജ്യത്വാക്രമണങ്ങൾ ഒഴിവാക്കാനോ എതിർത്ത് പരാജയപ്പെടുത്താനോ സാധിച്ചില്ല. അതേ സമയം കമ്മ്യൂണിസ്റ്റുകാർ കേന്ദ്രസ്ഥാനത്തുളള, നീണ്ടുനിൽക്കുന്ന, സംഘടിതമായ സമരത്തിനായി ആശയപരവും സാംസ്‌കാരികവുമായി സജ്ജമാക്കപ്പെട്ട ഒരു വീറുറ്റ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനമാണ് ഇന്നത്തെ ആവശ്യകത. അത്തരത്തിലുള്ള ഒരു പ്രസ്ഥാനം ലോകമാകെ അടിയന്തരമായി വളർത്തിയെടുക്കേണ്ടതുണ്ട്.

ഇവിടെയാണ് ഈ വിഷയത്തിലെ പ്രധാനമായ മറ്റൊരു വശം. ലോകജനതയാകെയും മദ്ധ്യേഷ്യയിലെയും ചുറ്റുപാടുമുള്ള ജനങ്ങൾ പ്രത്യേകിച്ചും പ്രശ്‌നങ്ങളെ സൂഷ്മതയോടെയും ശ്രദ്ധയോടെയും മനസ്സിലാക്കുകയും മുൻവിധികളില്ലാതെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയും വേണം. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ കാര്യങ്ങൾ നടന്നുപോകാൻ കഴിയില്ലായെന്ന കാര്യം അംഗീകരിക്കേണ്ടതുണ്ട്. എല്ലാ കാലത്തേക്കും അത് അനുവദിക്കാനാവില്ല. വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലതന്നെ. അതിനാൽ ആശയപരവും സംഘടനാപരവും ധാർമ്മികവുമായ കരുത്ത് പകർന്നു നൽകി ചെറുത്ത് നിൽക്കാനായി ഉണർന്നെണീക്കാൻ ജനങ്ങളെ സജ്ജരാക്കണം. അവർ ശരിയായ പാത കണ്ടെത്തണം. അവരെ എല്ലാവിധത്തിലും സജ്ജരാക്കാൻ പര്യാപ്തമായ നേതൃത്വത്തെ സ്വയം സൃഷ്ടിക്കണം. ഒന്നോ രണ്ടോ പ്രക്ഷോഭണത്തിൽ അത് അവസാനിക്കില്ല. ലക്ഷ്യത്തിലെത്തുന്നതുവരെ അത് മുന്നേറേണ്ടതുണ്ട്. യുഎസ് സാമ്രാജ്യത്വം നേതൃത്വം നൽകുന്ന ചോരക്കൊതിയന്മാരായ, ലാഭാർത്തി പൂണ്ട, ക്രൂരന്മാരും വഞ്ചകന്മാരുമായ സാമ്രാജ്യത്വ ശക്തികളെ, അവരുടെ കിരാതമായ ആക്രമണ പദ്ധതികളെ ശിക്ഷയേതുമില്ലാതെ അധികകാലം മുന്നോട്ടുപോകാൻ അനുവദിക്കില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കേണ്ട സമയമാണിപ്പോൾ. ഒരു അവസാനമുണ്ടായേ തീരൂ. സുബോധമുള്ള ലോകജനത ഈ ശബ്ദമുയർത്താൻ മുന്നോട്ടുവരികയും ചെറുത്തുനിൽപ്പിന്റെ ശക്തമായ കേന്ദ്രങ്ങൾ സൃഷ്ടിക്കാനായി മദ്ധ്യേഷ്യയിലെ ജനങ്ങളെ സഹായിക്കുകയും വേണം.

Share this post

scroll to top