ജനരക്ഷയ്ക്ക് ദേശീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുക

Jobs-Graphic_1_20190218.jpg
Share

അസമത്വത്തിന്റെ, തൊഴിൽരാഹിത്യത്തിന്റെ, വിദ്യാവിഹീനതയുടെ, വിഭജനത്തിന്റെ പന്ഥാവിൽ ഭാരതം; കൊടും ദാരിദ്ര്യത്തിലും അരക്ഷിതാവസ്ഥയിലും വെന്തുനീറുന്ന ജനകോടികൾ.

പ്രചണ്ഡമായ പ്രചാരണഘോഷങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഹിംസാത്മകമായ വാഴ്ച ഒരു ദശകം പൂര്‍ത്തിയാക്കുകയാണ്. അച്ഛേദിന്‍ മുതല്‍ അമൃതകാല്‍വരെയുള്ള കിനാവുകളില്‍ അവര്‍ ദരിദ്ര ജനകോടികളെ മയക്കിക്കിടത്തുന്നു. ആര്‍ക്കും സ്വപ്‌നംകാണാന്‍ പോലുമാകാത്ത വികസന പന്ഥാവിലൂടെ രാജ്യം കുതിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ‘ഗോദി’ മീഡിയയും അവരുടെ ഡിജിറ്റല്‍ ആര്‍മിയും. പ്രചാരണത്തിന്റെ കേന്ദ്രബിന്ദു ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയാക്കി രാജ്യത്തെ മാറ്റി എന്നതാണ്. പരിഹാസ്യജനകമായ ഈ അവകാശവാദവും ജനങ്ങളുടെ ജീവിതപുരോഗതിയും തമ്മില്‍ ഒരു ബന്ധവുമില്ല.


സാമ്പത്തികരംഗത്ത് ഇന്‍ഡ്യയുടെ പിന്നില്‍ ആറാം സ്ഥാനത്തുനില്‍ക്കുന്ന ബ്രിട്ടന്റെ ആളോഹരി വരുമാനം 45,850 ഡോളറാണ്. അഞ്ചാമത്തെ സാമ്പത്തികശക്തിയായി വളര്‍ന്നുവെന്ന് ഊറ്റംകൊള്ളുന്ന ഈ രാജ്യത്തെ ആളോഹരി വാര്‍ഷിക വരുമാനം 2389 ഡോളര്‍ മാത്രം! അതായത് യു.കെയുടെ ഇരുപതില്‍ ഒന്ന്! ഇന്‍ഡ്യയുടെ പിന്നില്‍ നില്‍ക്കുന്ന ബ്രസീലൊഴികെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ആളോഹരി വരുമാനം ഇന്‍ഡ്യയേക്കാള്‍ വളരെ മുമ്പിലാണെന്ന് കാണാം. ഏവര്‍ക്കും വികസനമെന്ന മുദ്രവാക്യമുയര്‍ത്തിയ പത്ത് വര്‍ഷത്തെ മോദി ഭരണത്തിന്റെ ബാക്കിപത്രമാണിത്. ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്ന കൊടിയ അസമത്വത്തിന്റെ ഭീകരചിത്രവും.
കോടികളുടെ സമ്പത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍, അതിനായി പണിയെടുത്ത ജനങ്ങളുടെ വരുമാനത്തില്‍ ഒരു വര്‍ദ്ധനവും ഉണ്ടാകുന്നില്ല എന്ന നഗ്നമായ യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വെളിവാകുന്നത്. രാജ്യം അഞ്ചാം സാമ്പത്തികശക്തിയാകുന്നതിലൂടെ ജനങ്ങളുടെ ജീവിതദുരിതങ്ങളില്‍ ഒരാശ്വാസവും ഉണ്ടാകുന്നില്ല. നട്ടെല്ല് പൊട്ടി പണിയെടുക്കുന്ന രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ അദ്ധ്വാനത്തെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്ത് ഉണ്ടാക്കിയ ഉല്‍പ്പാദനത്തിന്റെ ബലത്തിലാണ് ഇന്‍ഡ്യയുടെ അഞ്ചാം സ്ഥാനം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ അഞ്ചാം സ്ഥാനം ജനങ്ങളുടെ മേലുള്ള അനീതിയുടെയും ചൂഷണത്തിന്റെയും വിലയാണ്.
2025 ഓടെ രാജ്യം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് കാതടപ്പിക്കുന്ന പെരുമ്പറ. രാജ്യത്തിന്റെ ഇപ്പോഴത്തെ ആകെ ജിഡിപി 3.7 ട്രില്യണ്‍ ആണെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കണക്ക്. ഈ തുകയുടെ ആധികാരികതയെത്തന്നെ പല വിദഗ്ദ്ധരും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും വാദത്തിനുവേണ്ടി അംഗീകരിച്ചാലും ഈ തുക രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ ആകണമെങ്കില്‍ പ്രതിവര്‍ഷം ജിഡിപി കുറഞ്ഞത് 14 ശതമാനം വീതം വര്‍ദ്ധിക്കണം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ജിഡിപി നിരക്ക് രണ്ടക്കം കടന്നിട്ടില്ല എന്നോര്‍ക്കുക. അതായത് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്നത് തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി മെനഞ്ഞുണ്ടാക്കിയിട്ടുള്ള ഒരടിസ്ഥാനവുമില്ലാത്ത അവകാശവാദം മാത്രം. വ്യാജപ്രചാരണത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മോദിസംഘത്തിന്റെ പ്രചാരണഘോഷത്തിലൂടെ ജനങ്ങളുടെ ചിന്തയില്‍ അത് അടിച്ചുറപ്പിക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്.
ചൂഷണത്തിന്റെയും അസമത്വത്തിന്റെയും കാഠിന്യം വര്‍ദ്ധിച്ച് ജനങ്ങള്‍ നിലലില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്നുവെ ന്നാണ് സര്‍ക്കാരിന്റേതല്ലാത്ത എല്ലാ കണക്കുകളും സംശയരഹിതമായി സ്ഥിരീകരിക്കുന്നത്. ലോകത്തെ ദരിദ്ര സഞ്ചയത്തിലെ നല്ലൊരു പങ്കും മോദി ഭാരതത്തിന് കീഴിലാണുള്ളത്. ആഗോള പട്ടിണി സൂചികയില്‍ 2022ലെ 107ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഇപ്പോള്‍ 111-ാം സ്ഥാനത്തേക്ക് വീണിരിക്കുന്നു. നമുക്കുപിന്നില്‍ ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ മാത്രമേയുള്ളൂ. ദാരിദ്ര്യം നിമിത്തം പോഷകരഹിതരായവരുടെ എണ്ണം 14.6 ശതമാനത്തില്‍ നിന്നും 16.3 ശതമാനമായി ഉയര്‍ന്നു. 15 വയസ്സിനും 43 വയസ്സിനും മധ്യേ പ്രായമുള്ള രാജ്യത്തെ സ്ത്രീകളില്‍ 53 ശതമാനവും രക്തക്കുറവും വിളര്‍ച്ചയും നേരിടുന്നു. അവശ്യഭക്ഷണം ലഭിക്കാത്തതിനാല്‍ മെലിഞ്ഞ് എല്ലും തോലുമാകുന്നവരുടെ എണ്ണം 19 ശതമാനമായി ഉയര്‍ന്നിരിക്കുന്നു! ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം മറയ്ക്കുന്നതിനായി പ്രതിവര്‍ഷം 1800 കോടി രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ച് കള്ളപ്രചാരണം നടത്തുകയാണ് മോദി ഭരണം.


തൊഴിലില്ലായ്മ ഭീതിജനകമായ സാമൂഹ്യ അനിശ്ചിതത്വം സൃഷ്ടിക്കുന്നു


സാമൂഹ്യഘടനയെ ആകമാനം ഉലയ്ക്കുന്ന, സ്‌ഫോടനാത്മകമായ സ്ഥിതിയിലായിരിക്കുന്നു തൊഴിലില്ലായ്മ. എവിടെയുമില്ല തൊഴില്‍ എന്നതിനാല്‍, തൊഴില്‍ തേടിയുള്ള പരക്കംപാച്ചില്‍ കുടിയേറ്റത്തൊഴി ലാളികളുടെ എണ്ണത്തെ 45 കോടി 36 ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നു. ഇന്‍ഡ്യയിലേക്ക് ഇനി മടങ്ങിവരേണ്ടതില്ലെന്ന് തീരുമാനിച്ചുകൊണ്ട് തൊഴില്‍ തേടി പുറം നാടുകളിലേയ്ക്ക് പലായനം ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിക്കകുയാണ്. അഞ്ചാം സാമ്പത്തിക ശക്തിയായി എന്ന് മേനി നടിക്കുന്ന അതേ ഇന്‍ഡ്യാരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണ്? മനുഷ്യോചിതമായ തൊഴിലും കൂലിയും ഇന്‍ഡ്യയില്‍ ഉറപ്പില്ല എന്ന ബോധ്യമാണ് ഈ സാഹചര്യത്തിന്റെ മൂലകാരണം. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് 25 വയസ്സില്‍ത്താഴെയുള്ള 43 ശതമാനം ബിരുദധാരികളും രാജ്യത്ത് തൊഴില്‍രഹിതരാണെന്നാണ്. നഗരങ്ങള്‍ തൊഴില്‍രഹിതരുടെ മഹാ സേനകളാല്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. സെന്റര്‍ ഫോര്‍ മോനിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ പഠനപ്രകാരം 10.3 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്.


ജിഎസ്ടിയുടെ നുകത്തിന്‍ കീഴില്‍ ജനങ്ങള്‍ ഞെരിഞ്ഞമരുന്നു


എല്ലാത്തരം സേവനങ്ങളെയും നികുതിവലയിലേക്ക് കൊണ്ടുവന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജിഎസ്‌ടിയുടെ ഭാരം ഇടത്തരം കുടുംബങ്ങള്‍ക്കുപോലും പേറാനാകുന്നില്ലെങ്കില്‍ പരിമിതവരുമാനക്കാരുടെ ദുരിതം വിവരിക്കേണ്ടതില്ലല്ലോ. വര്‍ഷംതോറും പെരുകിക്കൊണ്ടിരിക്കുന്ന ജിഎസ്‌ടി വരുമാനത്തെ രാജ്യപുരോഗതിയുടെ അളവുകോലായി ചിത്രീകരിക്കുകയാണ് കേന്ദ്ര ഭരണസംഘവും മുതലാളിത്ത മാധ്യമങ്ങളും. അന്തിമഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന ഭീമമായ പരോക്ഷനികുതിയാണ് ജിഎസ്‌ടി. 2022-23 മാത്രം ജനങ്ങളില്‍ നിന്ന് 18 ലക്ഷം കോടി രൂപ ജിഎസ്‌ടി ഇനത്തില്‍ പിരിച്ചെടുത്തുവെന്നും അത് തലേവര്‍ഷത്തേക്കാള്‍ 22 ശതമാനം കൂടുതലാണെന്നും സര്‍ക്കാര്‍ അഭിമാനിക്കുമ്പോള്‍ ഈ രാജ്യത്തെ പട്ടണിപ്പാവങ്ങളില്‍ നിന്നുള്‍പ്പടെ കൊള്ളയടിച്ച തുകയാണിതെന്ന് നാം ഓര്‍ക്കുക. മുതലാളിമാരില്‍ നിന്നും പിരിക്കേണ്ടുന്ന കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 22 ശതമാനമാക്കി വെട്ടിക്കുറയ്ക്കുന്ന ബിജെപി ഭരണത്തിന്‍ കീഴിലാണ് ദരിദ്രനാരായണന്മാരില്‍ നിന്നും ജിഎസ്‌ടിഇനത്തില്‍ ഇത്രയും ഭീമാമായ തുക പിടിച്ചുപറിയ്ക്കുന്നത്. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്നത് കുത്തകമുതലാളിമാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ സംവിധാനമാണ്. ഒരു നിശ്ചിത കേന്ദ്രത്തില്‍ നികുതി അടച്ച് രാജ്യം മുഴുവന്‍ വ്യാപാരം നടത്താന്‍ കുത്തകമുതലാളിമാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന നികുതിഘടനയാണ് ജിഎസ്‌ടി. കൂറ്റന്‍ വ്യാപാരശൃംഖലകളുടെ മുതലാളിമാരും വന്‍വ്യവസായികളും ജിഎസ്‌ടിയെ ആനന്ദാതിരേകത്തോടെ സ്വാഗതം ചെയ്തു. എന്നാല്‍ ചെറുകിടവ്യാപാരികളും സാധാരണജനങ്ങളും അതിന്നിരകളായി തകര്‍ന്നടിഞ്ഞു. രാജ്യം അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ അഗ്നിയില്‍ എരിഞ്ഞടങ്ങി. വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും ദരിദ്ര ജനവിഭാഗങ്ങളെ ഫലത്തില്‍ യാചകരാക്കി മാറ്റി. പോഷകാഹാരക്കുറവിന്റെയും കൊടും ദാരിദ്ര്യത്തിന്റെയും പിടിയില്‍ അമര്‍ന്ന രാജ്യത്തെ ഗ്രാമങ്ങള്‍ പട്ടിണി മരണങ്ങളെ നേരിടുന്നു.
കോവിഡ് മഹാമാരിയും ജിഎസ്‌ടിയും നോട്ട് നിരോധനവും കൂടിച്ചേര്‍ന്ന് സാധാരണ ജനങ്ങളുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളഞ്ഞു. ചെറുകിട വ്യാപാരങ്ങളെയും വ്യവസായങ്ങളെയും അതിവേഗത്തില്‍ മരണക്കയത്തിലേക്ക് തള്ളിവിടുകയാണ് അത് ചെയ്തത്.


കുത്തകമുതലാളിമാരുടെ താല്‍പ്പര്യ സംരക്ഷണം മാത്രമാണ് മോദി
ഭരണത്തിന്റെ കര്‍ത്തവ്യനിര്‍വ്വഹണം


രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ മോദി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാറില്ല. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിവരങ്ങളെന്തും പൂഴ്‌ത്തുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഓക്‌സ്‌ഫാം പോലെയുള്ള ഏജന്‍സികള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതി പുറത്തുവന്നിട്ടുണ്ട്. ഇന്‍ഡ്യയില്‍ അസമത്വം കൊടികുത്തി വാഴുകയാണ്. 70 കോടി ഭാരതീയ ജനതയുടെ ദേശീയ സ്വത്ത് വിഹിതം കേവലം ആറു ശതമാനം മാത്രമാണ്. ഏറ്റവും മുകളിലുള്ള 10% ആളുകള്‍ ദേശീയ സമ്പത്തിന്റെ 45% കൈയാളുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 100 ശത കോടീശ്വരന്മാരുടെ സഞ്ചിത സമ്പത്ത് 957 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതിന്റെ തന്നെ അഞ്ചിലൊന്ന് വിഹിതവും ഗൗതം അദാനി ചെയര്‍മാനായുള്ള ഭീമന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ കൈകളിലാണ്. നരേന്ദ്രമോദിയുടെ കീഴില്‍ ശതകോടിശ്വരനായ അദാനിയുടെ ബിസിനസ് സാമ്രാജ്യം 341 ശതമാനമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയ 14.5 ലക്ഷം കോടി രൂപയില്‍ 8 ലക്ഷം കോടി രൂപയും വന്‍കിട വ്യവസായികളുടെയും കുത്തകകളുടേതുമാണ്.
രാജ്യത്തിന്റെ പൊതുമേഖലാ സംരംഭങ്ങളില്‍ വലിയൊരു പങ്കും ഏതാണ്ട് പൂര്‍ണ്ണമായും സ്വകാര്യമുതലാളിമാര്‍ക്കു വിറ്റുകഴിഞ്ഞു. കാര്‍ഷികരംഗം, ബാങ്കിംഗ് മേഖല, ടെലികോം, പ്രതിരോധം, റോഡ്, റെയില്‍വേ, ഇന്‍ഷുറന്‍സ്, തപാല്‍, ഊര്‍ജ്ജം, തുറമുഖം, വ്യോമയാനരംഗം, കല്‍ക്കരി, വൈദ്യുതി, എണ്ണ, വാതക പൈപ്പ് ലൈന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത മണ്ഡലങ്ങളൊക്കെയും മൂലധന ശക്തികള്‍ക്ക് തുറന്നുകൊടുക്കുന്ന ജനദ്രോഹ നീക്കങ്ങളുടെ കൊടുമുടിയിലാണ് ഇപ്പോള്‍ രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. നൂറു കണക്കിന് റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍ തുടങ്ങിയവ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ് ഇന്‍ഡ്യന്‍ റെയില്‍വേ.
വന്‍കിട കോര്‍പ്പറേറ്റുകളുടെ മൂലധനനിക്ഷേപത്തിനായുള്ള വഴിയൊരുക്കല്‍ മാത്രമായി ഭരണം മാറി. ഭരണപരമായ നിഷ്പക്ഷത എന്ന ജനാധിപത്യധാരണ കുഴിച്ചുമൂടിക്കൊണ്ട് ചങ്ങാത്ത മുതലാളിത്തം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന അദാനിയുടെ ഓഹരിക്കൊള്ളയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തി ന്റെയും മാധ്യമങ്ങളുടെയും ആവശ്യത്തെ ബിജെപി സര്‍ക്കാര്‍ പുഛത്തോടെ തള്ളിക്കളഞ്ഞത് അദാനിയുമായുള്ള വഴിവിട്ട ചങ്ങാത്തത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്. ഓഹരി വിപണിയുടെ വിശ്വാസ്യത നിലനിര്‍ത്തുക എന്ന മുതലാളിവര്‍ഗ്ഗത്തിന്റെ ആകമാനതാല്‍പ്പര്യത്തെപ്പോലും അദാനിക്കുവേണ്ടി ബലികഴിക്കാന്‍ പ്രധാനമന്ത്രിക്ക് ഒരു മടിയുമുണ്ടായില്ല. വിമാനത്താവളങ്ങളുടെ ഓപ്പറേഷന്‍, സ്വകാര്യമുതലാളിമാര്‍ക്കുവേണ്ടി കൈമാറാനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടുന്നതിന്റെ തലേന്ന് വ്യവസ്ഥകളില്‍ വന്‍മാറ്റം വരുത്തിക്കൊണ്ട് അദാനിക്കുവേണ്ടി വഴി തെളിക്കുന്നതും നാം കണ്ടു. അങ്ങിനെ ഒറ്റ രാത്രികൊണ്ട് അദാനി രാജ്യത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററാകുന്നതും നാം കണ്ടു. കോര്‍പ്പറേറ്റുകളുമായുള്ള ഈ ചങ്ങാത്തമാണ് കേന്ദ്രസര്‍ക്കാരിന്റെ അതിഭീമമായ അഴിമതി. ഒരു തെളിവും അവശേഷിപ്പിക്കാതെ നടന്നുകൊണ്ടിരിക്കുന്ന ഈ അഴിമതിയാണ് ലിബറൈസ്ഡ് എക്കണോമി കാലഘട്ടത്തിന്റെ മുഖമുദ്ര. പൊതുമേഖലാ ബാങ്കുളെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കി രാജ്യംവിട്ട വമ്പന്മാര്‍ക്ക് ഒരു മറയുമില്ലാതെ ഒത്താശ ചെയ്തതും മോദി സര്‍ക്കാര്‍ തന്നെ ആയിരുന്നല്ലോ. എന്നാല്‍, ചെങ്കോട്ടയിലെ ഒടുവിലത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അഴിമതിക്കെതിരായ പോരാട്ടത്തില്‍ തന്നോടൊപ്പം രാജ്യം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു! എത്ര വലിയ അപഹാസ്യമാണത്, അളക്കാനാവാത്ത കാപട്യവുമാണത്!
കോര്‍പ്പറേറ്റ് അധീനതയിലുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളുടെയും തൊഴിലവകാശങ്ങളുടെയും ശ്മശാന ഭൂമിയായി മാറി. തൊഴില്‍ നിയമ ദേദഗതികളിലൂടെ സ്ഥിരം തൊഴില്‍ എന്ന അവകാശത്തെ തന്നെ സര്‍ക്കാര്‍ കുഴിച്ചുമൂടി. ഫാക്ടറി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ 70% ത്തോളം ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ നിഷേധിച്ചു കളഞ്ഞു. കരാര്‍, ദിവസക്കൂലി, പുറം കരാര്‍ സമ്പ്രദായം വ്യാപകമാക്കി തൊഴിലാളികളെ അടിമകളാക്കി മാറ്റുന്ന പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് കേന്ദ്ര മോദി സര്‍ക്കാര്‍. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം വീറുറ്റ പോരാട്ടങ്ങളിലൂടെ സ്ഥാപിച്ചെടുത്ത തൊഴില്‍ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന 44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ തകര്‍ത്തുകൊണ്ടാണ് പുത്തന്‍ ലേബര്‍ കോഡുകള്‍ മുതലാളിമാര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയത്. നിശ്ചിത തൊഴില്‍ എന്ന സങ്കല്‍പ്പത്തെ പോലും അവര്‍ പിച്ചിച്ചീന്തി. എന്തിനേറെ പെന്‍ഷന്‍ എന്ന മനുഷ്യാവകാശത്തെ പോലും നിഷ്‌ക്കരുണം അവസാനിപ്പിച്ചു കളഞ്ഞു. പകരം പങ്കാളിത്ത പെന്‍ഷന്‍ സ്‌കീമുകള്‍ ആവിഷ്‌കരിച്ചു. തൊഴിലവകാശങ്ങളുടെ ശവപ്പറമ്പായി രാജ്യം മാറി.


ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത് തലമുറകള്‍
നീണ്ടുനില്‍ക്കുന്ന ആഘാതം


ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും അടിസ്ഥാന ധാരണകള്‍ നിഷേധിച്ചുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കുംവേണ്ടി വിദ്യാഭ്യാസത്തെ നൈപുണി വികസനമാക്കി ചവിട്ടിത്താഴ്ത്തി. ഒരു മേഖലയിലും സൈദ്ധാന്തികജ്ഞാനം ആര്‍ജ്ജിക്കാനിട വരാത്തവിധം ചിന്താപ്രക്രിയത്തത്തന്നെ തകര്‍ക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഭാരതീയ ജ്ഞാനവ്യവസ്ഥ പഠിപ്പിക്കുന്നുവെന്ന പേരില്‍ മധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വേദഭാഷയും ആശയങ്ങളും അടിച്ചേല്‍പ്പിക്കുന്നു. രാജ്യാതിര്‍ത്തികളില്ലാത്ത യഥാര്‍ത്ഥ മനുഷ്യവിജ്ഞാനത്തെ നിരാകരിക്കുന്നു. അങ്ങിനെ ശാസ്ത്ര വികാസത്തെ മാത്രമല്ല, ശാസ്ത്രീയ സമീപനവും മനോഭാവവും വളരുന്നതും തടയുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും ആവര്‍ത്തനപ്പട്ടികയും പഠിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും ഇതിഹാസരചനകള്‍ ചരിത്രപാഠങ്ങളാകുന്നതുമെല്ലാം ഈ നയത്തിന്റെ ഭാഗമാണ്.
അക്ഷര പഠനത്തെ പ്രോത്സാഹിപ്പി ക്കാത്ത ഡിപിഇപി മാതൃകയിലുള്ള പുതിയ ദേശീയ കരിക്കുലം മാതൃഭാഷാ പരിജ്ഞാനം പോലും വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നു. ഒരുവശത്ത്, പ്രാചീന ഭാഷയായ സംസ്‌കൃതത്തെ കുടിയിരുത്തുന്നു, മറുഭാഗത്ത് ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചം നിഷേധിക്കാന്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നു. ചരിത്രപാഠപുസ്തകങ്ങളില്‍നിന്ന് ഇന്ത്യയുടെ നവോത്ഥാന സ്വാതന്ത്ര്യ സമരചരിത്രം ക്രമേണ പടിയിറങ്ങുകയാണ്. സര്‍വ്വകലാശാലകളെയും കോളേജുകളെയും ഘട്ടം ഘട്ടമായി ഡിസ്അഫിലിയേറ്റ് ചെയ്യാനും സ്വകാര്യവല്‍ക്കരിക്കാനും വാണിജ്യവല്‍ക്കരിക്കാനും നിര്‍ദ്ദേശിക്കുന്ന നയങ്ങള്‍ നടപ്പാക്കാന്‍ ഫെഡറല്‍ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി വിദ്യാഭ്യാസ നടത്തിപ്പിന്റെ സര്‍വ്വമാന അധികാരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കാല്‍ക്കീഴിലേക്ക് കേന്ദ്രീകരിക്കുന്നു പുതിയ നയം. ജനജീവിതത്തെ നെടുകെ പിളര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ തടയാനുള്ള ഒരു മുന്‍കൂര്‍ ഫാസിസ്റ്റ് നീക്കമാണ് വിദ്യാഭ്യാസത്തെ ചിട്ടപ്പെടുത്തുന്നതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.


ദരിദ്രകോടികള്‍ക്ക് ആധുനിക ചികില്‍സ നിഷേധിക്കുന്നു


പൊതുജനാരോഗ്യമേഖലയ്ക്കുള്ള കേന്ദ്രവിഹിതം ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിക്കാത്തത്, പ്രസ്തുത തുക വെട്ടിക്കുറയ്ക്കുന്നതിനു തുല്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ജീവന്‍ രക്ഷാ മരുന്നുകള്‍പോലുമോ ലഭ്യമല്ല എന്നാണ് 2017-ലെ സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ആധുനികചികില്‍സാ മേഖല വമ്പന്‍ കച്ചവടശക്തികള്‍ക്ക് തീറെഴുതിക്കഴിഞ്ഞു. ആധുനിക മെഡിക്കല്‍ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ചികില്‍സാ സമ്പ്രദായത്തെ പാരമ്പര്യ ചികില്‍സയും നാട്ടുചികില്‍സയുമായി അശാസ്ത്രീയമായി കൂട്ടിക്കലര്‍ത്തി രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണപൗരന്മാര്‍ക്ക് ആരോഗ്യസംരക്ഷണത്തിനുതകാത്ത സങ്കരചികില്‍സ നല്‍കുകയാണ് ആരോഗ്യമേഖലയിലെ കേന്ദ്രപരിഷ്‌കാരങ്ങളുടെ ആകെത്തുക. പാവപ്പെട്ടവര്‍ക്ക് ആധുനിക ചികില്‍സ നിഷേധിക്കുന്നുവെന്നു മാത്രമല്ല, ആധുനിക മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ശാസ്ത്രീയമായ അതിന്റെ വികാസത്തെയും ഇതിലൂടെ തകര്‍ക്കുന്നു. ആരോഗ്യ മേഖലയെ കഴുത്തറുപ്പന്‍ സ്വകാര്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കാനായാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത്. എന്‍എംഎസിയുടെ നയങ്ങള്‍ രാജ്യത്തിന്റെ ആരോഗ്യപരിപാലന രംഗത്തെ തകര്‍ച്ചയുടെ പടുകുഴിയിലെത്തിച്ചിരിക്കുന്നു.
മതിയായ ചികിത്സ കിട്ടാതെ വര്‍ഷംതോറും മരിക്കുന്ന മനുഷ്യര്‍ക്ക് കണക്കുകള്‍ ഉണ്ടോ? മാതൃമരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് 178 എന്ന നിലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന അനുപാതത്തിലാണ്. ചികില്‍സാസൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളിലെ അമ്മമാരാണ് പ്രസവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിക്കുന്നത്.


ഇന്ധനവിലവര്‍ദ്ധനവ് മോദി സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയില്‍ ഒന്നാം സ്ഥാനത്ത്


2014ല്‍ യുപിഎ അധികാരമൊഴിയുമ്പോള്‍ ലോകവിപണയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 110 ഡോളറായിരുന്നു. അന്ന് ഇന്‍ഡ്യയില്‍ പെട്രോളിന്റെ വില ലിറ്ററിന് 72 രൂപയും. മോദി സര്‍ക്കാരിന്റെ ആദ്യത്തെ 8 വര്‍ഷക്കാലവും ലോകവിപണയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞ് ബാരലിന് ശരാശരി 60 ഡോളര്‍ മാത്രമായി. കോവിഡ് വേളയില്‍ ക്രൂഡിന്റെ വില പൂജ്യത്തിന് താഴേക്കുപോലും പോയി. എന്നാല്‍ ഈ വിലയിടിവിന്റെ ആനുകൂല്യവും ആശ്വാസവും ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ നിരന്തരം നികുതി കുത്തനെ കൂട്ടിക്കൊണ്ട് ഇന്ധനത്തിന്റെ വില വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ മോദി സര്‍ക്കാര്‍ അധികമായി സൃഷ്ടിച്ച വരുമാനം 12 ലക്ഷം കോടി രൂപയാണ്. ക്രൂഡിന്റെ വില ബാരലിന് 70 ഡോളറായിരിക്കുമ്പോഴും പെട്രോളിന്റെ വില ഇപ്പോള്‍ ഇന്‍ഡ്യയില്‍ ലിറ്ററിന് 106 രൂപയാണ്. പാചകവാതകത്തിന്റെ വിലയാകട്ടെ സിലിണ്ടറിന് 450 രൂപയായിരുന്നത് പടിപടിയായി ഉയര്‍ത്തി 1000 രൂപ പിന്നിട്ടു. ഉജ്വല്‍ യോജന പദ്ധതി നടപ്പാക്കി, ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ സൃഷ്ടിച്ച് അവരെയും ഈ പകല്‍ക്കൊള്ളയുടെ ഇരകളാക്കി. പുതിയ വിപണി സൃഷ്ടിച്ച്, ഭീമമായ തുകയുടെ എല്‍പിജി വിറ്റഴിക്കുക എന്ന തന്ത്രം മാത്രമായിരുന്നു സൗജന്യകണക്ഷന്റെ പേരില്‍ നടന്ന ഉജ്വല്‍ പദ്ധതി. സൗജന്യഇന്റര്‍നെറ്റ് നല്‍കി ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സൃഷ്ടിച്ച അംബാനിയുടെ വാണിജ്യതന്ത്രത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഉജ്വല്‍ യോജന. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ഈ പിടിച്ചുപറിയും ജനങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമായി ആഘോഷിക്കപ്പെട്ടു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായപ്പോള്‍് സിലിണ്ടറിന് 200 രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ ജനങ്ങളില്‍ നിന്ന് അധികമായി 200 രൂപ വീതം കൊള്ളയടിക്കുകയായിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.


കുത്തിക്കവര്‍ച്ച നടത്തുന്ന റെയില്‍വേ


കോവിഡിനെത്തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനുകളെല്ലാം എക്‌സ്‌പ്രസ്സ് ട്രെയിനുകളാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചാര്‍ജ്ജ് ഇളവ് റദ്ദാക്കി. സ്ലീപ്പര്‍ കോച്ചുകളെല്ലാം എസികോച്ചുകളാക്കി മാറ്റി. ജനറല്‍ ടിക്കറ്റുകള്‍ തല്‍ക്കാല്‍ ടിക്കറ്റുകളും പ്രീമിയം തല്‍ക്കാല്‍ ടിക്കറ്റുകളുമാക്കി. ഇതിനു പുറമെ ഡൈനാമിക് പ്രൈസിംഗും ഏര്‍പ്പെടുത്തി. കാന്‍സലേഷന്‍ ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടി. വെയ്റ്റിംഗ് റൂമുകള്‍ക്കുപോലും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. സാധാരണക്കാരായ കോടിക്കണക്കിന് യാത്രക്കാരെ കൊള്ളയടിക്കുകയും അവരുടെ സൗകര്യങ്ങള്‍ റദ്ദാക്കുകയും ചെയ്ത സര്‍ക്കാര്‍, മറുവശത്ത് ഭീമമായ ചാജ്ജ് ഈടാക്കാനായി വന്ദേഭാരത് ട്രെയിനുകള്‍ തുടങ്ങി.
പുതിയ വൈദ്യുതി ഭേദഗതി നിയമം 2020 പ്രകാരം പ്രതിദിനം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് അധികാരം കൈവരുന്നു. അതിനായി നിലവിലുള്ള ഇലക്ട്രോണിക് മീറ്റര്‍ മാറ്റി പകരം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അത് സ്വകാര്യവല്‍ക്കരണത്തിലേക്കുളള പാതയൊരുക്കല്‍ മാത്രമാണ്.


ഇന്‍ഡ്യയെന്ന ജനാധിപത്യ-മതേതര റിപ്പബ്ലിക് തകരുന്നു


ജനാധിപത്യം, മതേതരത്വം എന്നീ സംജ്ഞകള്‍ മോദിഭരണത്തിന്‍ കീഴില്‍ വെറുക്കപ്പെട്ടവയായി മാറ്റപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളും ദളിത് ജനവിഭാഗവും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്തവിധം രാജ്യത്തിന്റെ മണ്ണില്‍ അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ആത്മാഭിമാനം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഔദാര്യമോ ദയയോ യാചനയിലൂടെ നേടി ജീവിക്കേണ്ടവരാണ് ന്യൂനപക്ഷവും ദളിത് ജനവിഭാഗവുമെന്ന അലിഖിതകല്‍പ്പന തലയ്ക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്നു. അനീതിയോ വിവേചനമോ ചോദ്യം ചെയ്യാന്‍ ഒരുമ്പെട്ടാല്‍ ഭരണകൂട ബുള്‍ഡോസറിന് ഇരയാവുകയേ തരമുള്ളൂ. ഗ്യാന്‍വാപി മുതല്‍ മാഥുര വരെ ആരാധനാലയങ്ങളില്‍ കയറി പരിശോധിച്ച് അതിന്റെ ചരിത്രം കണ്ടെത്താന്‍ കോടതികള്‍ കല്‍പ്പിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും തെററാണെങ്കിലും അതു തിരുത്തേണ്ടതില്ലെന്നു പരമോന്നത കോടതി വിധിക്കുന്നിടം വരെയെത്തിയിരിക്കുന്നു ജനാധിപത്യത്തിന്റെ നല്ലനടപ്പ്. മധ്യകാലത്തെ ഇരുണ്ട നാളുകളിലേക്ക് രാജ്യം വലിച്ചിഴക്കപ്പെടുന്ന ദാരുണമായ സ്ഥിതി. മാനവ സാഹോദര്യത്തിലും മതേതര സൗഹാര്‍ദ്ദത്തിലും വിള്ളല്‍ വീണിരിക്കുന്നു. സാംസ്‌കാരിക – ഭരണരംഗങ്ങളില്‍ ഫാസിസത്തിന്റെ പദ്ധതി വിജയകരമായി പരീക്ഷിക്കപ്പെടുകയാണ്.
ഇന്‍ഡ്യയെന്ന ജനാധിപത്യ റിപ്പബ്ലിക് സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 400ല്‍ അധികം ഇന്റനെറ്റ് ഷട്ട്ഡൗണുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഒട്ടനവധി മാധ്യമപ്രവര്‍ത്തകര്‍ തുറുങ്കിലടയ്ക്കപ്പെട്ടു. മണിപ്പൂര്‍ ഉണങ്ങാത്ത വ്രണമായി തുടരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ ശരിവച്ചുകൊണ്ടുള്ള പരമോന്നതകോടതിയുടെ വിധി, ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റി. കാശ്മീരിജനതയോടുള്ള വാഗ്ദാനലംഘനമായി അതു മാറി. ഡാനിഷ് അലിമാരെ വംശീയപുലഭ്യം പറയുന്ന എം.പിമാര്‍ അകത്തളങ്ങളില്‍ സുരക്ഷിതരായിരിക്കു മ്പോള്‍ പാര്‍ലിമെന്റിനുള്ളില്‍ പ്രതിഷേധിക്കുന്ന എം.പിമാരെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കുന്നു. പുകഴ്‌പെറ്റ ജനാധിപത്യ വ്യവസ്ഥയുടെ നെടുംതൂണുകള്‍ ഓരോന്നായി പൊട്ടിത്തകരുന്ന കാഴ്ച ഹൃദയഭേദകമാണ്.


ഫാസിസ്റ്റ് പദ്ധതിയെ ചെറുക്കാന്‍ ശക്തവും സുദീര്‍ഘവുമായ ജനകീയപ്രക്ഷോഭം മാത്രമാണ് മാര്‍ഗ്ഗം


ആഴം വെച്ചു വരുന്ന സാമ്പത്തിക തകര്‍ച്ചയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ജനകോടികളുടെ രാജ്യമായി ഇന്ത്യ മാറിത്തീര്‍ന്നിരിക്കുന്നു. തെരുവുകള്‍ ശ്മശാനമൂകതയിലാണ്. രാജ്യമെങ്ങും ഫാസിസ്റ്റ് നടപടികളുടെ ഇരുട്ടു പരക്കുന്നു. ജീവിതമാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍, ആഹ്ലാദവും പരസ്പരവിശ്വാസവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ ശൈഥില്യത്തിലാണ്. ആത്മഹത്യകളുടെ എണ്ണം ദിനംപ്രതി പെരുകുന്നു. വിഷാദ രോഗം പടരുന്നു. ലോക തൊഴില്‍ കമ്പോളത്തില്‍ അധ്വാനം വില്‍ക്കാനായി രാജ്യം വിട്ടോടുന്ന ജനലക്ഷങ്ങളുടെ നെടുവീര്‍പ്പുകള്‍ കൊണ്ടു നിറഞ്ഞ നമ്മുടെ രാജ്യം അതിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നു.
ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കും ഫാസിസ്റ്റ് പദ്ധതിക്കുമെതിരെ രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം അനുവര്‍ത്തിക്കുന്നില്ല എന്നത് അതീവ ഖേദകരമാണ്. അവസരവാദ പാര്‍ലമെന്ററി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി എങ്ങിനെയും തെരഞ്ഞെടുപ്പ് വിജയം സൃഷ്ടിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി ബിജെപി അവതരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്‍പറ്റുന്ന ആപല്‍ക്കരമായ സമീപനം പോലും ഇക്കഴിഞ്ഞ സംസ്ഥാനതെരഞ്ഞെടുപ്പുകളില്‍ നാം കണ്ടു. ബിജെപി ഭരണത്തിന്റെ അടിച്ചമര്‍ത്തലിനും നയങ്ങള്‍ക്കുമെതിരെ സ്വഭാവികമായി ഉയര്‍ന്നു വന്ന ജനകീയസമരങ്ങളെ പിന്തുണച്ചുകൊണ്ട്, അതിനെ ഒരു ദേശീയ പ്രക്ഷോഭത്തിന്റെ മാനത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ ഗൗരവപൂര്‍വ്വം പരിശ്രമിച്ചതേയില്ല.


കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അതിനു പ്രക്ഷോഭത്തിന്റെ രൂപം നല്‍കി, ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടത്. ബിജെപി അവതരിപ്പിക്കുന്ന അതീവ ആപല്‍ക്കരമായ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ഉയര്‍ന്ന ജനാധിപത്യ പ്രബുദ്ധതയെ ആധാരമാക്കിയ ജനകീയ സമരങ്ങള്‍ക്കു മാത്രമേ കഴിയൂ. മതവിശ്വാസത്തിന്റെ പേരില്‍ ആളിക്കത്തിക്കപ്പെടുന്ന ക്ഷണിക വികാരത്തേക്കാള്‍, മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളുടെ പരിഹാരമാണ് പരമപ്രധാനമെന്ന വിദ്യാഭ്യാസം ജനാധിപത്യ – രാഷ്ട്രീയപോരാട്ടങ്ങളിലൂടെ മാത്രമേ സൃഷ്ടിക്കപ്പെടൂ. ബിജെപിയുടെ രാഷ്ട്രീയപിന്തുണയുടെ അടിത്തറ വര്‍ഗ്ഗീയതയും അന്യമതവിദ്വേഷവും മാത്രമാണ്. അവ അവസാനിക്കുമ്പോള്‍ ബിജെപി ഒറ്റപ്പെടുത്തപ്പെടും. അതിനായി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. എന്തുവില നല്‍കിയും പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക. ഞങ്ങള്‍ അത് ആവര്‍ത്തിക്കുന്നു.
ഈ സാഹചര്യത്തില്‍,കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും ഫാസിസ്റ്റ് പദ്ധതികള്‍ക്കുമെതിരെ ശക്തമായ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. പാര്‍ലമെന്റിന് മുന്നിലും വിവിധ രാജ്ഭവനുകള്‍ക്ക് മുന്നിലും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം. രാഷ്ട്രപതിക്കു സമര്‍പ്പിക്കാനുള്ള ഭീമഹര്‍ജിയില്‍ ജനലക്ഷങ്ങളുടെ ഒപ്പുശേഖരിച്ചുകൊണ്ട് പ്രക്ഷോഭത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് കൈമാറും. കേരളത്തില്‍ ഫെബ്രുവരി 21 ന് രാജഭവന് മുന്നിലേക്ക് ആയിരങ്ങള്‍ മാര്‍ച്ച് ചെയ്യും. ജനജീവിതം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളും ഫാസിസ്റ്റ് നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുവാന്‍ മനുഷ്യ നന്മ പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരോടും ഞങ്ങള്‍ അഭ്യര്‍ത്ഥി ക്കുന്നു.


Share this post

scroll to top