സിൽവർ ലൈൻ: ക്രിമിനൽ മൂലധനത്തിന്റെ വൻനിക്ഷേപങ്ങൾ ജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കില്ല

Share

സിപിഐ (എം) നയിക്കുന്ന കേരളത്തിലെ ഇടതുസർക്കാരിന്റെ കാർമ്മികത്വത്തിൽ ആനയിക്കപ്പെടുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതി നൂറുശതമാനവും കോർപ്പറേറ്റുമൂലധനത്തിന്റെ താൽപ്പര്യം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. എന്നാൽ സിപിഐ(എം) നേതാക്കൾ, ഈ പദ്ധതിയുടെ മൂലധനതാൽപ്പര്യം മറച്ചുവയ്ക്കുന്നതിനായി ഇടതുരാഷ്ട്രീയത്തിനു നേർവിപരീതമായ ആശയങ്ങളും സിദ്ധാന്തങ്ങളും നുണകളും പടച്ചുവിടുകയാണ്. ദൗർഭാഗ്യകരമെന്നുപറയട്ടെ, ഇടതുവേഷം ധരിച്ച, തികഞ്ഞ വലതുരാഷ്ട്രീയത്തിന്റെ ഈ ആശയപ്രചാരവേല യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വത്തിനും യശസ്സിനും വൻതോതിൽ കളങ്കമേൽപ്പിക്കുന്നു. സ്വകാര്യമൂലധനത്തിന്റെ കണ്ണിൽച്ചോരയില്ലാത്ത ചൂഷണത്തിനെതിരെയുള്ള പ്രക്ഷോഭത്തെ അതു ദുർബ്ബലപ്പെടുത്തുന്നു. നവ ഉദാരവൽക്കരണ നയങ്ങളുടെ വർഗ്ഗപരമായ താൽപ്പര്യങ്ങൾ തുറന്നുകാട്ടി, വിട്ടുവീഴ്ചയില്ലാത്ത തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന് ആധാരമായ ആശയാടിത്തറ ബലപ്പെടുത്തേണ്ടതിന്റെ സ്ഥാനത്ത് മുതലാളിത്ത നയങ്ങളെ വെള്ളപൂശുന്ന വർഗ്ഗ വഞ്ചനയാണ് സിപിഐ(എം) കൂട്ടരും നടത്തുന്നത്.


നഗ്നമായ വലതുപക്ഷ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളുന്ന സിപിഐ(എം)


അടിസ്ഥാന സൗകര്യ വികസനത്തിന്റെ മേഖലയിൽ നടത്തുന്ന ഈ വൻമുതൽമുടക്ക് സംസ്ഥാനത്തിന്റെ വമ്പിച്ച കുതിപ്പിന് ഇട നൽകുമെന്നാണ് മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗങ്ങളിൽ ആവർത്തിച്ചത്. സാമ്പത്തിക ഘടനയ്ക്ക് ഉത്തേജനം നൽകുന്നതിനാണ് സിൽവർലൈൻ പദ്ധതി എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രസ്താവിക്കുകയുണ്ടായി. ‘ഇത്തരം വികസന പദ്ധതികൾ ഇടതുപക്ഷത്തിന്റേതല്ലെന്ന വാദവുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ വീതംവയ്ക്കലിന്റെ പ്രയോഗമല്ല, ഇടതുപക്ഷത്തിന്റേത്. അത് തൊഴിലില്ലായ്മയുടെ പങ്കുവയ്ക്കലിന്റേതുമല്ല. പശ്ചാത്തല സൗകര്യ വികാസം ഉൾപ്പടെ ഉപയോഗിച്ച് നടത്തുന്ന ഉൽപ്പാദനവളർച്ചയുടെ നേട്ടങ്ങൾ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.’ സംസ്ഥാന വ്യവസായ മന്ത്രി ദേശാഭിമാനിയിൽ ജനുവരി 22ന് എഴുതിയ ലേഖനത്തിന്റെ ഹൈലൈറ്റാണ് ഈ വാക്കുകൾ. പ്രിയപ്പെട്ട വായനക്കാർക്കെന്തു മനസ്സിലായി? ഇത്തരം വികസന പദ്ധതികൾ ഇടതുപക്ഷത്തിന്റേതാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും എല്ലാവർക്കുമായി പങ്കിടാൻ ഉദ്ദേശിക്കുന്നില്ല. പശ്ചാത്തല സൗകര്യ വികാസം ഉൽപ്പാദനവളർച്ച സൃഷ്ടിക്കും. അദ്ദേഹം പറയുന്ന ഈ വാദങ്ങളുടെ യഥാർത്ഥസ്ഥതി നമുക്ക് ഒന്ന് വിലയിരുത്താം.

ഇത്തരം പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ ഇടതുപക്ഷത്തിന്റേതാണെങ്കിൽ അവ എങ്ങിനെയാണ് ബിജെപിയുടെയും പദ്ധതികളായിരിക്കുന്നത്? എക്‌സ്പ്രസ്സ് ഹൈവേകളും അതിവേഗ റെയിൽ പാതകളും സെൻട്രൽ വിസ്തയുമെല്ലാം കേന്ദ്രത്തിന്റെയും താരപദ്ധതികളാണല്ലോ. ബിജെപി ഇടതുപക്ഷമായതാണോ അതോ സിപിഐ(എം) വലതുപക്ഷമായതാണോ? ആദ്യത്തേതിന് ഒരു സാധ്യതയുമില്ലെന്ന് ഇടതുസുഹൃത്തുക്കളും പറയുമല്ലോ. അപ്പോൾ രണ്ടാമത്തേതാണ് സംഭവിച്ചിരിക്കുന്നത്. ഈ വികസന മാതൃകകൾ ഇടതുപക്ഷത്തിന്റേതാണെന്ന് അവകാശപ്പെടാൻ ഒരു ലജ്ജയുമില്ലാത്ത വിധം സിപിഐ(എം)ഉം സിപിഐയും വലതുപക്ഷമായിരിക്കുന്നു. കോർപ്പറേറ്റ് ശക്തികൾ ഇന്ന് ഭ്രാന്തമായി പരിശ്രമിക്കുന്നത് പശ്ചാത്തല സൗകര്യ വികസന രംഗത്ത് പരമാവധി മൂലധനനിക്ഷേപത്തിന് വഴിയൊരുക്കുക എന്നതിനാണ്. അതേ തീവ്രതയോടെ, പിടിവാശിയോടെ സിപിഐ(എം)ഉം പരിശ്രമിക്കുന്നത് ഇതേ ലക്ഷ്യത്തിനുവേണ്ടിയാണ്. അങ്ങിനെ അവരുടെ ലക്ഷ്യങ്ങൾ ഒരു മറയുമില്ലാതെ ഒന്നായിക്കഴിഞ്ഞതിനുശേഷവും സിപിഐ(എം) നേതാക്കൾ അവകാശപ്പെടുന്നത് ഈ വികസന പദ്ധതികൾ ഇടതുപക്ഷത്തിന്റേതാണ് എന്നാണ്!


‘വികസനം അരിച്ചിറങ്ങും’ ആഗോളവൽക്കരണ
കുറിപ്പടിയുടെ ഇടതുഭാഷ്യം


ദാരിദ്ര്യവും തൊഴിലില്ലായ്മയും വീതം വയ്ക്കാനുദ്ദേശിക്കുന്നില്ല എന്നതിൽ നിന്നും നാമെന്താണ് മനസ്സിലാക്കേണ്ടത്. നിലവിലുള്ള സമ്പത്ത് വീതംവച്ച് ദാരിദ്ര്യം എല്ലാവർക്കുമായി വീതം വയ്ക്കാനുദ്ദേശിക്കുന്നില്ല. തൊഴിലിന്റെയും കാര്യം അങ്ങനെതന്നെ. ദരിദ്രർക്ക് സബ്‌സിഡികളോ, ആശ്വാസമോ നൽകുകയല്ല വേണ്ടുന്നത്. ദരിദ്രരും തൊഴിൽരഹിതരും നിലനിൽക്കുമ്പോൾത്തന്നെ വികാസം മുകൾത്തട്ടിൽ ഉറപ്പാക്കും. ഈ സമ്പ്രദായത്തിന് ആഗോളവൽക്കരണത്തിന്റെ പണ്ഡിതന്മാർ നൽകിയ പേരാണ് ട്രിക്കിൾ ഡൗൺ ഡവലപ്പ്‌മെന്റ്. സമ്പത്തുള്ളവരിൽനിന്ന് പ്രത്യേകമായ നികുതി പിരിക്കരുത്. ഖജനാവിലെ പണമുൾപ്പടെ ഉപയോഗിച്ച് ധനികരുടെ മൂലധനവികാസത്തിന് വേണ്ടുന്ന നയങ്ങൾ നടപ്പാക്കുക. അവരുടെ ക്രയവിക്രയങ്ങളും സാമ്പത്തികവ്യവഹാരങ്ങളും മൂലധനവികാസവും സൃഷ്ടിക്കുന്ന നേട്ടങ്ങൾ സമൂഹത്തിലേക്ക്, ദരിദ്രരുടെ ഇടയിലേക്ക് ക്രമേണ ട്രിക്കിൾ ഡൗൺ ചെയ്യും. അതായത് അരിച്ചിറങ്ങും. അങ്ങിനെ സമൂഹം പുരോഗതിയുടെ പാതയിലേക്ക് വരും. ധനികർ ശതകോടീശ്വരന്മാരായി ഉയരുമ്പോൾ, അതിന്റെ സദ്ഫലങ്ങൾ സമൂഹത്തിന് ഒന്നാകെ ലഭിക്കും. നവ ഉദാരവൽക്കരണത്തിന്റെ ഈ കുറിപ്പടി കേന്ദ്രസർക്കാരിന്റെ ബജറ്റ് രേഖകളിൽ, ഇടതുവ്യവസായ മന്ത്രി അവതരിപ്പിച്ചിരിക്കുന്ന അതേ ഭാഷയിൽ നമുക്ക് വായിക്കാൻ കഴിയും. എന്നിട്ടും നമ്മൾ ഇതിനെ ഇടത് സിദ്ധാന്തമെന്നു വിളിക്കണമത്രെ!

പശ്ചാത്തല വികസനം വഴി വരുന്ന ഉൽപ്പാദനവളർച്ചയുടെ നേട്ടങ്ങൾ, മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്നാണല്ലോ വ്യവസായ മന്ത്രി പറയുന്നത്. മുതലാളിത്തഭരണകൂടങ്ങൾ എവിടെയും ഇതുതന്നെയാണ് ആവർത്തിക്കുന്നത്. ഉൽപ്പാദനവളർച്ചയെ സംബന്ധിച്ച ഈ അവകാശവാദങ്ങൾ മിഥ്യയോ അല്ലെങ്കിൽ ഊതിപ്പെരുപ്പിച്ചവയോ മാത്രമാണെന്ന് രാജ്യത്തിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ അനുഭവം തെളിയിക്കുന്നു. ഉൽപ്പാദനമാന്ദ്യം മാത്രമല്ല, നെഗറ്റീവ് ഗ്രോത്ത് പോലും നാം ദർശിച്ചു. രാജ്യമാകെ അടിസ്ഥാന സൗകര്യവികസനരംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മുടക്കിയിട്ടുള്ള 7 ലക്ഷം കോടി രൂപ എന്ത് ഉൽപ്പാദനവളർച്ചയാണ് കൊണ്ടുവന്നത്? ഈ രംഗത്ത് മുടക്കുന്ന ഭീമമായ മൂലധനത്തിന് ആനുപാതികമായി തൊഴിലുകൾ, നിർമ്മാണവേളയിൽപ്പോലും സൃഷ്ടിക്കാത്ത പദ്ധതികളാണ് ഇവയൊന്നാകെ. പെരുകുന്ന ദാരിദ്ര്യവും ഇടിയുന്ന ക്രയശേഷിയും സൃഷ്ടിക്കുന്ന വിപണിമാന്ദ്യം രാജ്യത്തെ സാമ്പത്തിക ചലനങ്ങളെയാകെ നിശ്ചലമാക്കിയിരിക്കുന്നു. കൃത്രിമകണക്കുകൾകൊണ്ടുപോലും രക്ഷപെടുത്താനാവാത്തവിധം ജിഡിപി താഴോട്ടുപോകുന്നു. പശ്ചാത്തല സൗകര്യ വികസന രംഗത്ത് മുടക്കുന്ന മൂലധനം കൃത്രിമ ശ്വാസം നൽകൽ മാത്രമാണ്. രോഗത്തിനുള്ള പ്രതിവിധിയേയല്ല. നമ്മുടെ രാജ്യം മാത്രമല്ല, ലോകമെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങൾ അത് തെളിയിക്കുന്നു. വികസനത്തെയും വളർച്ചയെയും സംബന്ധിക്കുന്ന മുതലാളിത്തത്തിന്റെ തലതിരിഞ്ഞ സിദ്ധാന്തം, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ മാത്രമാണ്. ഇടതാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുന്ന സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങൾ ഒരു ഉളിപ്പുമില്ലാതെ അത് ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.


പശ്ചാത്തല സൗകര്യ വികസനം സൃഷ്ടിക്കുന്ന ഉൽപ്പാദന വളർച്ച- മോദിയും പിണറായിയും കാണുന്നത് ഒരേ സ്വപ്‌നം


സിൽവർലൈൻ ഒരു വിധത്തിലും ഇടതുരാഷ്ട്രീയത്തിന്റെ ധാരണക്കു നിരക്കുന്ന പദ്ധതിയല്ല. കെ റെയിൽ സിൽവർലൈനെന്നല്ല, ഒരു പദ്ധതിയെയും ഇന്നത്തെ വർത്തമാന സാമ്പത്തിക വ്യവഹാരങ്ങളിൽ നിന്ന് അടർത്തിമാറ്റി വിലയിരുത്താനാവില്ല. നമ്മുടെ രാജ്യത്ത് നടപ്പാക്കുന്ന മൂലധന – സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനസമീപനങ്ങളിൽ നിന്നും കെ റെയിൽ പദ്ധതി എവിടെയാണ് ഭിന്നമാകുന്നത്. കേന്ദ്ര ബിജെപി സർക്കാർ പിൻതുടരുന്ന നയങ്ങളിൽ ഒന്നാണ് അടിസ്ഥാന സൗകര്യ വികസനരംഗത്ത് പരമാവധി മൂലധനനിക്ഷേപമെന്നത്. രാജ്യമെമ്പാടുമായി 21 മെട്രോറെയിൽ പദ്ധതികളും സെൻട്രൽ വിസ്തയും മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് റെയിലും മുംബൈ ട്രാൻസ് ഹാർബർ പാലവും എക്‌സ്പ്രസ്സ് ഹൈവേകളും തുടങ്ങി നിരവധിയായ പദ്ധതികളെല്ലാം ഈ നയത്തിന്റെ അടിസ്ഥാനത്തിൽ വന്നിട്ടുള്ളവയാണ്. സിൽവർലൈൻ സംസ്ഥാനത്തിനു കുതിപ്പ് നൽകുമെന്ന് അവകാശപ്പെടുന്നതുപോലെതന്നെ ഇവയും രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്ക് ഉത്തേജനം നൽകുമെന്നാണ് മോദിയും കൂട്ടരും അവകാശപ്പെടുന്നത്. സാധാരണജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിപരമായ ഒരു നേട്ടവും സൃഷ്ടിക്കാത്ത ഈ പദ്ധതികളെ രാജ്യത്തിന്റെ വികസനമായി ചിത്രീകരിച്ച് വൻകിട മുതലാളിമാരുടെ ഉരുക്കും സിമന്റും കൂറ്റൻ യന്ത്രങ്ങളും വിറ്റഴിക്കാനുള്ള കൃത്രിമവിപണി സൃഷ്ടിക്കുകയാണ് ഇവർ. സർക്കാർ തന്നെ ക്രേതാവായി മാറുകയാണ്. വമ്പൻ റിയൽ എസ്റ്റേറ്റ് – നിർമ്മാണ കമ്പിനികൾ സർക്കാരുകളോട് വീണ്ടും വീണ്ടും നിർമ്മാണ പദ്ധതികൾ പ്രഖ്യാപിക്കാൻ ആവശ്യപ്പെടുന്നു. വൻകിട കോർപ്പറേറ്റുകളുടെ മൂലധനതാൽപ്പര്യം മാത്രമാണ് പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ പിറകിലുള്ളത്. ഹുണ്ടിക -ഫിനാൻസ് മൂലധനത്തിന്റെ ശക്തികളും (വായ്പയെന്ന പേരിൽ മൂലധനം ഒഴുക്കുന്നവർ) കൂറ്റൻ നിർമ്മാണ കമ്പിനികളും ഉന്നത ബ്യൂറോക്രാറ്റുകളും രാഷ്ട്രീയനേതൃത്വവും ഒന്നുചേർന്നുള്ള ഗൂഢസംഘമാണ് ഈ പദ്ധതികളൊന്നാകെ രൂപകൽപ്പന ചെയ്യുന്നത്. ഈ പദ്ധതികൾ ജനങ്ങൾക്ക് എന്തു പ്രയോജനം നൽകുന്നുവെന്നത് അവർക്ക് മാനദണ്ഡമേയല്ല. പ്രാണവായു കിട്ടാതെ ദില്ലിയിൽ ജനങ്ങൾ പിടഞ്ഞുമരിക്കുമ്പോഴും സെൻട്രൽ വിസ്തയുടെ പണി നിർത്തിവയ്ക്കാതിരുന്നതും കൂടതൽ തുക വീണ്ടും അനുവദിച്ചതും കോടതി അതിനുകൂട്ടുനിന്നതും മുതലാളിത്തത്തിന് നിർമ്മാണവും പശ്ചാത്തലവികസനവും പ്രാണവായു പോലെയായിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.


പശ്ചാത്തല സൗകര്യ വികസന രംഗത്തുള്ള മൂലധന നിക്ഷേപത്തിനായി ലോകമെമ്പാടും കോർപ്പറേറ്റുകൾ പരക്കം പായുന്നു


കെട്ടിക്കിടക്കുന്ന മൂലധനം പ്രവഹിപ്പിക്കുന്നതിനായുള്ള പുതിയ മേഖലകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മരണപ്പാച്ചിൽ നടത്തുകയാണ് മൂലധനഭീമന്മാരും അവരുടെ കാര്യസ്ഥന്മാരായ മുതലാളിത്തഭരണകൂടങ്ങളും. ഉദാരവൽക്കരണ നയങ്ങളുടെ മൂന്നാം ഘട്ടത്തിൽ മൂലധന നിക്ഷേപത്തിനായി അവർ ഏറ്റവുമധികം സാധ്യത കണ്ടെത്തിയിട്ടുള്ള മേഖലകളിലൊന്ന് പശ്ചാത്തല സൗകര്യ വികസനമാണ്. അതിനാലാണ് ഇന്ന് നിർമ്മാണമേഖലയിലേക്ക് കോടാനുകോടിയുടെ മൂലധനം പ്രവഹിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനോടകം ലോകമെമ്പാടും പണിതുയർത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിർമ്മിതികൾ ആരെയും അത്ഭുതപ്പെടുത്തുന്നവയാണ്. ഈ നിർമ്മിതികളിൽ ഏറിയവയും അതാത് രാജ്യങ്ങളിലെ ഭൂരിപക്ഷം വരുന്ന സാധാരണജനങ്ങൾക്ക് ഒരു വിധപ്രയോജനവും ചെയ്യുന്നില്ലെങ്കിലും നിർമ്മിച്ചുകൂട്ടുക എന്ന ഒരൊറ്റ അജണ്ടയിലാണ് ഭീമന്മാരായ നിർമ്മാണകമ്പിനികളും സർക്കാരുകളും പ്രവർത്തിക്കുന്നത്. ലോകഫുട്‌ബോൾ മൽസരത്തിന് വേദിയാകാൻ പോകുന്ന ഖത്തറിൽ ഒരു പതിറ്റാണ്ടായി നടക്കുന്ന നിർമ്മാണങ്ങൾ 220 ബില്യൺ ഡോളറിന്റേതാണ് (16.5 ലക്ഷം കോടി രൂപ). അതായത് തെക്കേ ആഫ്രിക്കയിൽ നടന്ന വേൾഡ്കപ്പിനുവേണ്ടി ചെലവഴിച്ചതിന്റെ 60 മടങ്ങ്! ലോകഫുട്‌ബോളിൽ കേവലം 113-ാം റാങ്ക് മാത്രമുള്ള, യോഗ്യതാ മൽസരത്തിൽപ്പോലും വിജയിച്ചിട്ടില്ലാത്ത ഖത്തർ, ഫുട്‌ബോളിനോടോ സ്‌പോർട്‌സിനോടോ ഉള്ള പ്രതിബദ്ധത കൊണ്ടല്ല ലോകഫുട്‌ബോളിന്റെ വേദിയായിരിക്കുന്നത്. ലോകകപ്പിന്റെ പേരിൽ കൂറ്റൻ നിർമ്മാണപ്രവർത്തനങ്ങളിലൂടെ മൂലധനനിക്ഷേപത്തിന്റെ സാധ്യത സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം. ഖത്തറിന് ലോകകപ്പ് സമ്മാനിക്കാൻ സംഘടിതമായി ചരട്‌വലിച്ച യൂറോപ്യൻ രാജ്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ സർവ്വകരാറും കൈവശപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സൗകര്യത്തിന്റെ പേരിലുള്ള വികസനത്തിന്റെ പിറകിലെ രഹസ്യഅജണ്ട വ്യക്തമാക്കാൻ ഖത്തറിന്റെയോ ഗ്രീസിന്റെയോ അനുഭവം മാത്രം വിലയിരുത്തിയാൽ മതി.
ഋണബാധ്യതയിൽ മുങ്ങിത്താഴ്ന്നിരുന്ന ഗ്രീസ് എന്ന രാജ്യം, 2004ലെ ഏതൻസ് ഒളിമ്പിക്‌സിനുവേണ്ടി 168 ബില്യൺ യൂറോയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടത്തിയത്.

സാമ്പത്തികവ്യവസ്ഥയെ ചലിപ്പിക്കാൻ വളരെ സഹായകരമെന്നു പറഞ്ഞുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളൊന്നാകെ ഗ്രീസിന്റെമേൽ സമ്മർദ്ദം ചെലുത്തി പശ്ചാത്തലസൗകര്യ വികസനം നടപ്പാക്കി. സാമ്പത്തികഘടനയെ ചലിപ്പിച്ചില്ലെന്നു മാത്രമല്ല, ഗ്രീസ് ആഴമാർന്ന പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്തു. അതിഭീമമായ വായ്പ എടുത്ത്, പടുത്തുയർത്തിയ കൂറ്റൻ സ്റ്റേഡിയങ്ങളും അനുബന്ധസംവിധാനങ്ങളും ഇന്ന് സംരക്ഷിക്കാൻ പോലുമുള്ള സാമ്പത്തികസ്ഥിതി ഗ്രീസിനില്ലാതായി ക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രം തന്നെ പാപ്പരാകുന്ന അപൂർവ്വഅനുഭവത്തിന് ലോകം സാക്ഷിയായി. 20 കോടി ദരിദ്രരുള്ള ബ്രസീൽ, റിയോ ഒളിമ്പിക്‌സിനുവേണ്ടി നടത്തിയ വികസനവും ഇതേ ഫലമാണ് സൃഷ്ടിച്ചത്.


കെ റെയിൽ കേരളത്തിന്റെ കുതിപ്പിനെ ശക്തിപ്പെടുത്തുമെന്നത് കെട്ടുകഥ


‘കെ റെയിൽ വഴി അസംസ്‌കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും അധ്വാനശക്തിയുടെയും വേഗതയേറിയ സഞ്ചാരം ഉറപ്പുവരുത്തുന്നത് പുതിയ കേരളത്തിലേക്കുള്ള കുതിപ്പിന്റെ പരിസരം ശക്തിപ്പെടുത്തും’ (പി.രാജീവ്, വ്യവസായ മന്ത്രി – ദേശാഭിമാനി, ജനുവരി 22). വടക്കുനിന്ന് തെക്കോട്ടോ തിരികെയോ എന്ത് അസംസ്‌കൃതവസ്തുവിന്റെ നിരന്തരമായ ചരക്ക്‌നീക്കമാണ് കേരളത്തിൽ നടക്കുന്നത്? സംസ്ഥാനത്തിനുള്ളിലെ നാമമാത്രമായ വ്യവസായങ്ങൾക്കുള്ള എന്ത് അസംസ്‌കൃതവസ്തുവാണ് ഇവിടെ ലഭ്യമായിട്ടുള്ളത്? നമ്മുടെ ചരക്ക് നീക്കത്തിൽ വെറും 4 ശതമാനമാണ് അസംസ്‌കൃതവസ്തുക്കൾ. അവയിൽ ഏറിയപങ്കും പുറമെനിന്നു വരുന്നവയുമാണ്. ദിവസേന സംസ്ഥാനത്തിനകത്ത് ചലിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്വന്തം ഉൽപ്പന്നങ്ങളാകട്ടെ ആകെ ചരക്ക് നീക്കത്തിന്റെ വളരെ പരിമിതമായ അളവാണുതാനും. ചുരുക്കത്തിൽ സംസ്ഥാനത്തിനുള്ളിൽ സിൽവർലൈനിലൂടെ ചരക്ക് നീക്കമെന്നു പറയുന്നത് ഒരു കെട്ടുകഥ മാത്രമാണ്.


കേരളത്തിനുള്ളിലെ വ്യവസായികോൽപ്പാദനം വളരെ പരമിതമാണെന്നതുകൊണ്ടാണല്ലോ ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ 80 ശതമാനം ഉൽപ്പന്നങ്ങൾക്കുമായി ഇതര സംസ്ഥാനങ്ങളെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്. പുറമെ നിന്ന് കേരളത്തിലേക്ക് 36 പ്രമുഖ ചെക്ക് പോസ്റ്റുകൾ വഴി റോഡ് മാർഗ്ഗം പ്രവേശിക്കുന്ന ചരക്കുകൾ 76 ശതമാനമാണ്. ഇവയിൽ തലപ്പാടി ഒഴികെ 35 പ്രവേശന കവാടങ്ങളും സിൽവർലൈനിൽ നിന്നും അകലെയാണ് ഉള്ളത്. ഇതിൽ തലപ്പാടി വഴി കാസർകോട് എത്തുന്ന ചരക്ക് വാഹനങ്ങൾ സിൽവർലൈൻ ഉപയോഗിക്കുമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും അത് ആകെ ചരക്ക് നീക്കത്തിന്റെ 4 ശതമാനമേവരൂ. ഗണ്യമായ അളവിലുള്ള വാളയാർ വഴിയുള്ള ചരക്ക് കടത്തിൽ ഏറിയപങ്കും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളിലേക്കുള്ളതാണെന്നതിനാൽ അവയാകട്ടെ സിൽവർലൈൻ ഉപയോഗിക്കുകയുമില്ല. കേരളത്തിനു പുറത്തുനിന്ന് റോഡ് മാർഗ്ഗം വരുന്ന വാഹനങ്ങൾ, സംസ്ഥാനത്തിനുള്ളിലെ ഹൃസ്വദൂരം താണ്ടാൻ സിൽവർലൈനിന്റെ സ്റ്റേഷനുകളിൽ നിന്ന് റോ റോ സർവീസിലേക്ക് കയറുമെന്ന് പറയുന്നതിന് ഒരു ശാസ്ത്രീയപഠനത്തിന്റെയും അടിസ്ഥാനമില്ല. സിൽവർ ലൈനിന്റെ സ്റ്റേഷനുകളിലെത്തുന്ന വാഹനങ്ങൾ ദൂരനഗരങ്ങളിലേക്കോ പട്ടണങ്ങളിലേക്കോ എത്തിക്കാൻ വീണ്ടും റോഡ് മാർഗ്ഗത്തെ ആശ്രയിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടവും ചരക്കുകൂലിയും പരിഗണിക്കുമ്പോൾ കേരളത്തിനുപുറത്തുനിന്നുവരുന്ന ചരക്ക് വാഹനങ്ങൾ നേരെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരിക്കും ഉത്തമം. സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തിന്റെ പ്രത്യേകതകൾ പഠിച്ചാൽ ഇത് ബോധ്യപ്പെടും. നിലവിലുള്ള ചരക്ക് നീക്കത്തിന്റെ 10 ശതമാനം പോലും സിൽവർലൈനിലേക്ക് മാറാൻ സാധ്യതയില്ലാത്തപ്പോഴാണ് ഈ പദ്ധതി കേരളത്തിന്റെ കുതിപ്പിനെ സഹായിക്കുമെന്ന നിലയിൽ പ്രചരിപ്പിക്കു ന്നത്. സർക്കാരിന്റെ വാദങ്ങൾ സമർത്ഥിക്കുന്നതിനായി അവതരിപ്പിക്കുന്നത് മുഴുവൻ കള്ളക്കണക്കുകളോ കൃത്രിമ അവകാശവാദങ്ങളോ മാത്രമാണ്.


55 ലക്ഷം കണ്ടെയ്‌നർ പ്രതിവർഷം കൈകാര്യം ചെയ്യുമെന്ന് പദ്ധതിരേഖയിൽ അവകാശപ്പെട്ട വല്ലാർപാടം പദ്ധതിയിൽ ഇന്ന് വെറും 6.2 ലക്ഷം കണ്ടെയ്‌നർ നീക്കമാണ് നടക്കുന്നത്. പ്രതീക്ഷിക്കപ്പെട്ടതിന്റെ വെറും 11 ശതമാനം! മൂന്നൂറിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് തെരുവാധാരമാക്കിയ പദ്ധതിയുടെ റെയിൽവേ ലൈനിലൂടെ പ്രതിദിനം ഒരു ചരക്ക് ട്രെയിൽ പോലും ഓടുന്നില്ല. വല്ലാർപാടം പദ്ധതി ദയനീയമായി പരാജയപ്പെട്ടെങ്കിലും ഡിപി വേൾഡ് എന്ന സ്വകാര്യഭീമന് സർക്കാർ തുറമുഖമായ കൊച്ചിൻ പോർട്ട് ദാനമായി നൽകുക എന്ന ‘വികസനം’ ഉറപ്പാക്കാൻ കഴിഞ്ഞു.
കൊച്ചി നഗരവാസികളുടെ എണ്ണം 6 ലക്ഷമായിരിക്കുമ്പോൾ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ ഡിപിആറിൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 4.68 ലക്ഷമായിരുന്നു. ഒന്നാം ഘട്ടം പൂർത്തിയാകാൻ വളരെ കുറച്ചുമാത്രം അവശേഷിക്കെ യാത്രക്കാരുടെ എണ്ണം ശരാശരി 40,000 മാത്രമാണ്. അവകാശപ്പെട്ടതിന്റെ വെറും 9 ശതമാനം മാത്രം! വികസനത്തിന്റെ പേരിൽ എഴുന്നള്ളിക്കുന്ന വിനാശപദ്ധതികൾക്കെതിരെ ഉയരുന്ന ജനരോഷത്തെ നിശബ്ദമാക്കാൻ എല്ലാക്കാലത്തും ഭരണകർത്താക്കൾ ഇത്തരം കണക്കുകൾ പ്രചരിപ്പിക്കാറുണ്ട്. എന്നാൽ പദ്ധതികൾ പ്രയോഗത്തിൽ വരുമ്പോൾ ഇവയെല്ലാം പച്ചനുണയാണെന്ന് സ്ഥാപിക്കപ്പെടുമെങ്കിലും ഒരു ഭരണാധികാരിയും അതിന്റെപേരിൽ ചോദ്യം ചെയ്യപ്പെടുന്നില്ല. അവർ അടുത്ത പദ്ധതിയെ സംബന്ധിച്ച വ്യാമോഹം പടർത്താൻ നുണപ്രചാരണം തുടങ്ങിക്കഴിഞ്ഞിരിക്കും.


ആദ്യം തൊഴിൽ തരൂ, എന്നിട്ടാകാം വേഗതയേറിയ സഞ്ചാരം


വ്യവസായമന്ത്രിയുടെ ലേഖനം ചർച്ചചെയ്യുന്ന ‘അധ്വാനശക്തിയുടെ വേഗതയേറിയ സഞ്ചാരം’ എന്നത് ക്രൂരമായ പരിഹാസം മാത്രമാണ്. സ്വന്തം അധ്വാനശക്തി വിൽക്കാൻ മാർഗ്ഗമൊന്നും കാണാതെ തൊഴിൽ യാചിച്ചു നടക്കുന്ന അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ നാടാണ് കേരളം. തൊഴിലില്ലായ്മയാണ് കേരളത്തിന്റെ ദുർഗ്ഗതി. തൊഴിൽ ലഭിച്ചിട്ട് വേണ്ടേ, തൊഴിലെടുക്കാൻ സഞ്ചരിക്കേണ്ടി വരുന്നത്. തൊഴിലുമില്ല അതിനാൽ സഞ്ചരിക്കേണ്ടതുമില്ല എന്ന ദുർവിധി നേരിടുന്ന നിസ്സഹായരായ മനുഷ്യരുടെ മുഖത്തുനോക്കി നിങ്ങൾക്ക് അതിവേഗം സഞ്ചരിക്കേണ്ടതില്ലേ എന്ന പുണ്ണിൽ കുത്തുന്ന വർത്തമാനം ദയവ്‌ചെയ്ത് അവസാനിപ്പിക്കണമെന്ന് ഇടതുനേതാക്കന്മാരോട് അഭ്യർത്ഥിക്കുന്നു. ഏതിനം അധ്വാനശക്തിയാണ് കേരളത്തിൽ അതിവേഗപാതയിൽ യാത്രചെയ്യാൻ കാത്തിരിക്കുന്നത്? നിർമ്മാണമേഖലയിലും കച്ചവട -സ്വകാര്യ സ്ഥാപനങ്ങളിലും സേവനരംഗങ്ങളിലും പണിയെടുക്കുന്ന, പാസഞ്ചർ ട്രെയിനുകളിൽ കുത്തിനിറയ്ക്കപ്പെട്ട് ദിനംപ്രതി യാത്രചെയ്യുന്ന പതിനായിരക്കണക്കിന് സാധാരണതൊഴിലാളികളുടെ പ്രതിദിന വരുമാനം, സിൽവർലൈനിലെ അതിവേഗയാത്രയ്ക്ക് ഒരു ദിനം വേണ്ടിവരുന്ന തുകയുടെ നാലിലൊന്നുപോലുമില്ലെന്ന് നേതാക്കന്മാർ അറിഞ്ഞിരിക്കുക. കേരളത്തിന്റെ അധ്വാനശക്തിയുടെ അഞ്ച് ശതമാനംപോലും സിൽവർലൈനിൽ യാത്രചെയ്യാൻ തക്ക സാമ്പത്തികശേഷിയുള്ളവരല്ല എന്നിരിക്കെ, അതിൽ എത്ര പേരാണ് കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കോ തിരികെയോ യാത്ര ചെയ്യാനുണ്ടാവുക. ശാസ്ത്രീയയുക്തിയുടെ ഒരടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങൾ വലിയ സിദ്ധാന്തങ്ങളെന്ന മട്ടിൽ അവതരിപ്പിച്ച്, സ്വന്തം നിലപാടുകളുടെ പാപ്പരത്തം വെളിവാക്കുകയാണ് ഈ നേതാക്കൾ.


സിൽവർലൈൻ: കോർപ്പറേറ്റ് വികസനത്തിനുവേണ്ടിയുള്ള പദ്ധതി


പർവ്വതീകരിക്കപ്പെടുന്ന കണക്കുകളുടെ സ്ഥിതി ഇതായിരിക്കെ സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രി അവകാശപ്പെടുന്ന ‘അസംസ്‌കൃതവസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും അധ്വാനശക്തിയുടെയും വേഗതയേറിയ സഞ്ചാരം വഴി സൃഷ്ടിക്കപ്പെടുന്ന കേരളത്തിന്റെ കുതിപ്പിന്റെ’ യഥാർത്ഥ സ്ഥിതി എന്തെന്ന് ഊഹിക്കാം.
പദ്ധതി അടിച്ചേൽപ്പിക്കുന്നതിനായി കണക്കുകളും പ്രതീക്ഷകളും അവതരിപ്പിക്കുന്നവരാരും പദ്ധതിയുടെ പരാജയം ഏറ്റെടുക്കാൻ ഉണ്ടാവില്ല. പദ്ധതി സൃഷ്ടിക്കുന്ന സാമ്പത്തികബാധ്യത സാധാരണക്കാരായ ജനലക്ഷങ്ങളുടെ നടുവൊടിക്കുമ്പോഴും അതിന്റെ ഉത്തരവാദിത്തം ചുമക്കാൻ ലേഖനമെഴുത്തുകാർ ആരുമുണ്ടാവില്ല. രാഷ്ട്രീയ നേതൃത്വത്തിന് ഒരു ലക്ഷ്യമേയുള്ളൂ. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ധനികവർഗ്ഗത്തിന്റെ ലാഭവേട്ടക്കായി സുഗമമായ മാർഗ്ഗങ്ങൾ നിർമ്മിക്കുക അത്രമാത്രം. ദേശീയപാതാ വികസനത്തിന്റെ മുമ്പിലെ വിഘ്‌നങ്ങൾ നീക്കിയവരെന്നു നാണമില്ലാതെ സാക്ഷ്യപ്പെടുത്തുന്ന ഇടതുകൂട്ടർ, ഈ വികസനം ഭീമമായ ചുങ്കപ്പിരിവിന് വഴി തുറക്കുകയാണെന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നു. റോഡ് ഉൾപ്പടെയുള്ള എല്ലാ മേഖലകളും തീറെഴുതി, വൻമൂലധനനിക്ഷേപത്തിന് കണക്കറ്റ സാധ്യത വളർത്തുന്നതിനെയാണ് വികസനം എന്നു വിളിക്കുന്നത്.
ക്രിമിനൽ മൂലധനത്തിന്റെ വൻനിക്ഷേപങ്ങൾ ജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിച്ചതിന്റെ ഒരു ദൃഷ്ടാന്തമെങ്കിലും സിപിഐ(എം)ന് കാട്ടാൻ കഴിയുമോ? മറിച്ച് നാം കാണുന്നത് മുതലാളിത്ത ചൂഷണത്താൽ ചോരവാർന്നൊഴുകുന്ന വർത്തമാനലോകത്തിന്റെ ഭീതിദമായ ദൃശ്യമാണ്. ഇടതെന്ന് മേനി നടിച്ച് മുതലാളിത്ത വികസനത്തിന്റെ നിർലജ്ജമായ വായ്ത്താരികൾ ഒരു ഉളിപ്പുമില്ലാതെ സിപിഐ(എം), സിപിഐ പ്രസ്ഥാനങ്ങൾ ഏറ്റുപാടുന്നു. മൂലധനനിക്ഷേപമെന്നാൽ വികസനമെന്നാണ് അവർ ഉറച്ചുവിശ്വസിക്കുന്നത്. തങ്ങൾ പറയുന്നത് നഗ്നമായ വലതുരാഷ്ട്രീയമാണെന്ന് തിരിച്ചറിയാൻ പോലുമാവാത്തവിധം അവർ നിപതിച്ചുകഴിഞ്ഞു.
മുതലാളിത്തവികസനത്തിനുവേണ്ടി അവർ ഇത്രയും ഘോരമായി നിലകൊള്ളുന്നത് അതിനാലാണ്. സാധാരണകൃഷിക്കാർക്കുനേരെ നിറയൊഴിച്ചും നന്ദിഗ്രാമിലും സിംഗൂരിലും മുതലാളിത്ത വികസനത്തിന്റെ ഈ നയം നടപ്പാക്കാനാണ് അവർ പരിശ്രമിച്ചത്. ഇടതുരാഷ്ട്രീയത്തിന്റെ വിശകലനശേഷി പേരിനെങ്കിലും ഇല്ലാതായിരിക്കുന്നു എന്നതിനാലാണ്, നന്ദിഗ്രാമിൽ നിന്നും ഒരു പാഠവും ഉൾക്കൊള്ളാൻ അവർക്കുകഴിയാതെ പോകുന്നത്.

Share this post

scroll to top