പലസ്തീൻ ലോകമെമ്പാടും വംശഹത്യക്കെതിരെ പ്രതിഷേധമുയരുന്നു

Gaza-CLT.webp
Share

മനഃസാക്ഷിയുള്ള മനുഷ്യരുടെയെല്ലാം ഹൃദയത്തെ മരവിപ്പിക്കുന്ന കാഴ്ച്ചകളും വാർത്തകളുമാണ് പലസ്തീനിലെ ഗസയിൽ നിന്നും ദിനംപ്രതി നമ്മൾ കേൾക്കുകയും കാണുകയും ചെയ്തുകൊണ്ടിരിക്കുന്നത്. 2023 ഒക്ടോബ‍ർ 7ന് ആരംഭിച്ച ഹമാസ് – ഇസ്രയേൽ സംഘർഷം, ഇസ്രയേൽ വളരെ ഏകപക്ഷീയമായി, മനുഷ്യത്വത്തെ ചവിട്ടിയരച്ച് മുന്നോട്ടു കൊണ്ടുപോവുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ഹീനമായ ആക്രമണങ്ങളിലൊന്നാണ് പലസ്തീനിലെ നിസ്സഹായരായ ജനങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സംഘർഷത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടങ്ങൾ വളരെ ചെറുതാണ്. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 65,000ലധികം പേരാണ് പലസ്തീനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആയിരങ്ങൾ കുടുങ്ങിക്കിടപ്പുണ്ടാകും എന്നും പറയപ്പെടുന്നു. ഇതിൽ 147 കുഞ്ഞുങ്ങളടക്കം 440 പേർ പട്ടിണി മൂലമാണ് മരിച്ചത് എന്ന കണക്ക് എതൊരുമനുഷ്യന്റെയും ഹൃദയം നുറുക്കുന്നതാണ്. യുദ്ധത്തിന്റെ പേരിൽ മരുന്നും ഭക്ഷണവുമടക്കം ഗസയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര സഹായവും തടയുകയാണ് ഇസ്രയേൽ. സ്ക്കൂളുകൾ, ആശുപത്രികൾ, ഭക്ഷണവിതരണകേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളെ തിരഞ്ഞുപിടിച്ചാണ് ഇസ്രയേൽ ആക്രമിക്കുന്നത്. നൂറുകണക്കിനുപേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ട അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും അടക്കമുള്ളവരെയും ആക്രമണം ലക്ഷ്യംവെയ്ക്കുന്നു. ഗസയിലെ ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച്, ഇതുവരെ കൊല്ലപ്പെട്ടവരിൽ 9,735 വനിതകളും 18,430 കുട്ടികളുമുണ്ട്. പരിക്കേറ്റവരുടെ കണക്ക് പതിനായിരക്കണക്കിനാണ്. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യം കൂടി ഗസയിൽ ഇസ്രയേൽ മനഃപൂർവം സൃഷ്ടിക്കുമ്പോൾ ഒരു ജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനുള്ള വംശഹത്യ തന്നെയാണ് അവർ നടപ്പാക്കുന്നതെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും നിസ്സംശയം മനസ്സിലാക്കാം. കുട്ടികളെ പ്രത്യേകം ലക്ഷ്യം വയ്ക്കുന്നതും വംശഹത്യ ഉന്നംവെച്ചാണ്
ഗസയിൽ വളരെ ആസൂത്രിതമായ കൂട്ടക്കൊലയാണ് നടത്തുന്നതെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ അങ്ങേയറ്റം അപലപനീയമായ ആക്രമണത്തിൽ നൂറുകണക്കിന് നിരപരാധികളായ ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കി പിടിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് അന്ന് ഹമാസിനു നിയന്ത്രണമുണ്ടായിരുന്ന ഗസക്കുമേൽ ഇസ്രയേൽ ആക്രമണമഴിച്ചുവിട്ടത്. എന്നാൽ, സ്വയംപ്രതിരോധം, ബന്ദികളെ മോചിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളല്ല ഇസ്രയേൽ തുടരുന്ന ആക്രമണത്തിനു പ്രചോദനമെന്ന് ഇന്ന് വളരെ വ്യക്തമാണ്. ബന്ദികളുടെ മോചനത്തിനായി നിലവിൽവന്ന വെടിനിർത്തൽപോലും ഏകപക്ഷീയമായി ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ ആക്രമണങ്ങൾ തുടരുന്നത്. വെടിനിർത്തൽ അവസാനിപ്പിച്ച 2025 മാർച്ച് മുതൽ സെപ്റ്റംബർ വരെ 12,000ലധികം പലസ്തീൻകാർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗസ നഗരത്തിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ ഭക്ഷ്യക്ഷാമമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അഞ്ചു ലക്ഷത്തിലധികമാളുകൾ ഇവിടെ കൊടുംപട്ടിണിയിലായിരിക്കുന്നു. അവശേഷിക്കുന്നവരും കടുത്ത ഭക്ഷണദൗർലഭ്യത്തെ നേരിടുന്നുണ്ട്. അതേസമയം ഗസയിലേക്കുള്ള ഭക്ഷണവും മരുന്നും ഇന്ധനവും കുടിവെള്ളവും ഇസ്രയേൽ തടയുന്നത്, പ്രതിസന്ധി രൂക്ഷമാക്കുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും കാറ്റിൽപ്പറത്തി അവരിതുചെയ്യുന്നത്, ബലമായി പലസ്തീൻ ജനതയെ പുറത്താക്കി ഗസ പിടിച്ചടക്കാനുള്ള ഹീനനീക്കത്തിന്റെ ഭാഗമാണ്. ഗസയിലെ ആശുപത്രികൾ, സ്ക്കൂളുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവയെയൊക്കെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഇസ്രയേൽ വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്രനിയമങ്ങളെ വെല്ലുവിളിച്ചുള്ള ഇത്തരം ആക്രമണങ്ങൾ ഏത് ശത്രുവിനെതിരെയുള്ള സ്വയംപ്രതിരോധത്തിന്റെ ഭാഗമാണ്? ഭക്ഷണത്തിനായി യാചിച്ചുനിൽക്കുന്ന പലസ്തീൻകാരുടെമേൽ ഒരു മടിയുമില്ലാതെ നിറയൊഴിക്കുകയും ബോംബുകൾ വർഷിക്കുകയുമാണ് ഇസ്രയേൽ എന്നത് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളും ഗർഭിണികളുമുള്ള ആശുപത്രികളിൽ ബോംബിടുന്നു. ഇത് വംശഹത്യയല്ലാതെ മറ്റെന്താണ്?


തിരിച്ചടിക്കാൻ ശേഷിയില്ലാത്ത ജനതയ്ക്കുമേൽ നിരന്തരം ആക്രമണം നടത്തുകയും അവർക്ക് വേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യത്വപരമായ സഹായം കൂടി നിഷേധിക്കുകയും ചെയ്തുകൊണ്ട് തികഞ്ഞ തെമ്മാടിരാഷ്ട്രമായി ഇസ്രയേൽ മുന്നോട്ടുപോകുമ്പോൾ ഇസ്രയേലിനുള്ളിലും ലോകത്ത് എല്ലായിടത്തും മനഃസാക്ഷിയുള്ള ജനങ്ങൾ അവർക്കെതിരെ ശബ്ദമുയർത്തുകയാണ്. പക്ഷേ, അതൊന്നും കൂസാതെ അവർ മുന്നോട്ടുപോകുന്നു. അതിനൊപ്പം തന്നെ, ഇറാനിലും ലെബനനിലും സിറിയയിലും ഇപ്പോൾ ഖത്തറിലും വരെ, മറ്റ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ലോകമനഃസാക്ഷിയെയും വെല്ലുവിളിച്ചുകൊണ്ട് അവർ തുടരെ ആക്രമണങ്ങൾ നടത്തുന്നു. അറബ് മേഖലയിലൊന്നടങ്കം അവർ അശാന്തി പടർത്തുന്നു. ഇത്രയും അതിക്രമങ്ങൾ നടത്തിയിട്ടും അതു തടയാനോ ഇസ്രയേലിനെ പിന്തിരിപ്പിക്കാനോ ഐക്യരാഷ്ട്രസഭയ്ക്കോ ലോകരാഷ്ട്രങ്ങൾക്കോ കഴിയുന്നില്ല. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്ക ഉറച്ച പിന്തുണയുമായി ഇസ്രയേലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രോത്സാഹനമരുളുന്നു. സ്വന്തം നാട്ടിലെ ജനങ്ങൾ തന്നെ എതിർപ്പുമായി തെരുവിലിറങ്ങിയിട്ടും പലസ്തീനെതിരെ ഹീനമായ ആക്രമണങ്ങൾ ഓരോ ദിവസവും ആവർത്തിക്കുകയാണ് നെതന്യാഹുവും അയാളുടെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ തീവ്രവലതുപക്ഷശക്തികളും. മനുഷ്യരാശിയ്ക്കെതിരേയുള്ള കുറ്റകൃത്യം എന്നു വിലയിരുത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഗസയിലെ ആക്രമണങ്ങൾ കൂടാതെ വെസ്റ്റ്ബാങ്കിലും ഇസ്രയേലികളുടെ അനധികൃത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിച്ച് സംഘർഷമുണ്ടാക്കി പലസ്തീൻ ജനതയെ അവരുടെ മണ്ണിൽനിന്നും നിഷ്കാസനം ചെയ്യുന്നു. തനിക്കെതിരെ കോടതിവിധികൾ ഉണ്ടാകുമ്പോഴും, ജനം തെരുവിലിറങ്ങുമ്പോഴും അതിനെ മറികടക്കാനായി പലസ്തീനിലും മറ്റ് രാജ്യങ്ങളിലും ആക്രമണം നടത്തി യുദ്ധാന്തരീക്ഷം നിലനിർത്തുക എന്നത് ഒരു ശൈലിയായി നെതന്യാഹു സ്വീകരിക്കുന്നു എന്നത് കാണാതിരുന്നുകൂടാ. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ-മുതലാളിത്ത ക്യാമ്പാകട്ടെ ഇതിനൊപ്പം നിൽക്കുന്നു. ഇസ്രയേലിനുവേണ്ട ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് അമേരിക്കയും ജർമ്മനിയും പോലെയുള്ള രാജ്യങ്ങൾ യാതൊരു കുറ്റബോധവുമി ല്ലാതെ ഇപ്പോഴും തുടരുന്നു. കാലങ്ങളായി പലസ്തീൻ ജനതയ്കൊപ്പം അടിയുറച്ചുനിന്ന നീതിപൂർവ്വമായ നിലപാടിനെ തിരുത്തിക്കൊണ്ട്, ഇന്ത്യയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  സർക്കാർ സ്വീകരിച്ചുവന്ന ഇസ്രയേൽ അനുകൂല നിലപാടും വ്യാപാര-സൈനിക ബന്ധവും ഈ സാഹചര്യത്തിലും തുടരുന്നു എന്നതും കാണേണ്ടതുണ്ട്. യുഎന്നിന്റെ പൊതുസഭയിൽ പങ്കെടുക്കുന്നതിന് വന്നെത്താനായി പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് യുഎസ് വിസ നൽകിയില്ല. ഇതേ സമ്മേളനത്തിൽ പ്രസംഗിക്കാൻ വന്ന നെതന്യാഹുവിനെ ബഹിഷ്കരിച്ചുകൊണ്ട് ഇറങ്ങിപ്പോവുകയാണ് മിക്ക രാജ്യങ്ങളുടെയും പ്രതിനിധികൾ ചെയ്തത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുന്ന ഈ സാഹചര്യത്തിലും പുതുതായി 600 കോടി ഡോളറിന്റെ ആയുധങ്ങൾ അവർക്ക് വിൽക്കാനുള്ള പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ട്രംപ് ഗവൺമെന്റ്. ഈ ആയുധങ്ങൾ, പലസ്തീനിലെ അവശേഷിക്കുന്ന നിസ്സഹായരായ കുഞ്ഞുങ്ങളുടെ മേലാകും പതിക്കുക എന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. മനുഷ്യന്റെ വേദനകളേക്കാളും ജീവനേക്കാളും, തങ്ങൾ സേവിക്കുന്ന ദുഷിച്ച മുതലാളിത്തയജമാനന്മാരുടെ വർഗ്ഗതാത്പര്യങ്ങൾ മാത്രം ഉയർത്തിപ്പിടിക്കുന്ന ഇത്തരം ഭരണാധികാരികൾ സൃഷ്ടിക്കുന്ന വിനാശം കൂടിയാണ് നാമിപ്പോൾ കൺമുന്നിൽ കാണുന്നത്. കുട്ടികളേയും സ്ത്രീകളേയും ബോധപൂർവ്വം ലക്ഷ്യമിട്ട് തികച്ചും വംശഹത്യ തന്നെ നടത്തിയിട്ടും ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിർത്താൻ ലോകത്തിനാകുന്നില്ല എന്നതിലും ഓരോ മനുഷ്യനും ലജ്ജിക്കേണ്ടിയിരിക്കുന്നു.


പക്ഷേ, ഗസ ഒരു നൊമ്പരമായി ലോകത്തെ അദ്ധ്വാനിക്കുന്ന തൊഴിലാളികളുടേയും സാധാരണക്കാരുടേയും ഉള്ളിൽ കത്തുന്നു എന്ന യാഥാർത്ഥ്യമുണ്ട്. ഇക്കഴിഞ്ഞ ദിവസം, ഇറ്റലിയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ പലസ്തീൻ ജനതയ്ക്ക് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങിയത് നാം കണ്ടു. യുകെ, കാനഡ, ആസ്ട്രേലിയ, ഫ്രാൻസ്, ബൽജിയം, പോർച്ചുഗൽ തുടങ്ങി നിരവധി രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നു. അഥവാ, തങ്ങളുടെ ജനങ്ങളെ ഭയന്ന് അവർ അതിനു നിർബന്ധിതരാകുന്നു. യുഎന്നിൽ നെതന്യാഹുവിനെതിരെയുണ്ടായ പ്രതിഷേധവും ഒരു സൂചനയാണ്. പക്ഷേ, ലോകത്ത് വിവിധ രാജ്യങ്ങളിൽ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ താത്പര്യാ‍ർത്ഥം, അവ‍ർ ശക്തി പകർന്നു വളർത്തിക്കൊണ്ടുവരുന്ന തീവ്ര വലതുപക്ഷ ശക്തികളുടെയാകെ പ്രതിനിധിയെന്ന നിലയിൽ തുടർന്നും ലോകമനഃസാക്ഷിയെയും മനുഷ്യരാശിയേയും വെല്ലുവിളിക്കുകയാണ് ഇസ്രയേൽ ഭരണനേതൃത്വം.
ഗസയിൽ അവശേഷിക്കുന്ന നിസ്സഹായരായ മനുഷ്യരെയെങ്കിലും രക്ഷിക്കാനും വംശഹത്യക്കു തടയിടാനും മേഖലയിൽ സമാധാനം തിരികെക്കൊണ്ടുവരാനും ഐക്യരാഷ്ട്രസംഘടനയുടെ സംയുക്ത സമാധാനസേനയെ ഉടനെ ഇവിടെ നിയോഗിച്ച് ഇസ്രയേൽ ഭീകരതയ്ക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. ഈ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ഇന്ത്യ, ഇസ്രയേലുമായുള്ള എല്ലാ സൈനിക സഹകരണവും നിർത്തിവെക്കണം. ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ-സൈനിക കയറ്റുമതിയും അവസാനിപ്പിക്കാനുള്ള നടപടികളുണ്ടാകണം. ഗസയിലെ യുദ്ധബാധിതരായ ജനങ്ങൾക്ക് അടിയന്തരമായി ഭക്ഷണവും വൈദ്യസഹായവുമെത്തിക്കാൻ ഐക്യരാഷ്ട്ര സംഘടനതന്നെ മുൻകൈയെടുക്കണം. ഇതിനായി ലോക രാജ്യങ്ങളെയും സംഘടനകളെയും നിർബന്ധിതരാക്കാൻ മനഃസാക്ഷിയുള്ള നാമോരോരുത്തരും സാധ്യമായ രീതിയിലെല്ലാം ശബ്ദമുയർത്തണം. ഇറ്റലിയിലടക്കം നിരവധി രാജ്യങ്ങളിലെ തൊഴിലാളികൾ കാണിച്ചുതന്ന മാതൃക നമുക്കും ഏറ്റെടുക്കാം.

Share this post

scroll to top